1 Tuesday
July 2025
2025 July 1
1447 Mouharrem 5

യു എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം സഹായം മറക്കരുതെന്ന് നെതന്യാഹുവിനോട് ബൈഡന്‍


യു എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ പ്രസിഡന്റ് ബിന്യമിന്‍ നെതന്യാഹു ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ സഹായങ്ങള്‍ ഓര്‍മപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹുവിന്റെ അട്ടിമറി നീക്കങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ബൈഡന്‍, അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും തുറന്നടിച്ചു. തന്റെ ഭരണകൂടത്തെ പോലെ മറ്റൊരാളും നെതന്യാഹുവിനെ സഹായിച്ചിട്ടില്ല. അക്കാര്യം അദ്ദേഹം ഓര്‍ക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെതന്യാഹു ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ വൈകിപ്പിക്കുന്നതെന്ന് കണേറ്റിക്കട്ടില്‍നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മെര്‍ഫിയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.
ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഏതുതരത്തില്‍ ആക്രമിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുന്നതിന് പകരം ബദല്‍ സാധ്യതയെക്കുറിച്ച് ആലോചിക്കുമായിരുന്നു. ഇറാന് തിരിച്ചടി നല്‍കുന്നതിനെക്കുറിച്ച് ഇസ്രായേല്‍ തീരുമാനത്തിലെത്തുമ്പോള്‍ നെതന്യാഹുമായി ചര്‍ച്ച നടത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി. നവംബറില്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ബൈഡന്‍ സംസാരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കും തെരഞ്ഞെടുപ്പെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ബൈഡന്‍, സമാധാനപരമായിരിക്കുമോയെന്ന് അറിയില്ലെന്നും അഭിപ്രായപ്പെട്ടു.

Back to Top