യു എസ് കോണ്‍ഗ്രസില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച് റാഷിദ തലൈബ്
യു എസ് സന്ദര്‍ശനത്തിന് എത്തിയ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കവെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗം റാഷിദ തലൈബ്. ‘യുദ്ധക്കുറ്റവാളി’, ‘വംശഹത്യാ കുറ്റവാളി’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് റാഷിദ സഭയിലെത്തിയത്. കഫിയ്യ ധരിച്ചെത്തിയ അവര്‍ ഫലസ്തീന്‍ പതാകയുടെ ചെറിയ ബാഡ്ജും വസ്ത്രത്തില്‍ പിന്‍ ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീനിയന്‍- അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമാണ് റാഷിദ. ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേലിനുള്ള പിന്തുണയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളായ തലൈബ് കൂസലില്ലാതെയാണ് നെതന്യാഹുവിനെ നേര്‍ക്കുനേര്‍ സഭയില്‍ നേരിട്ടത്. നെതന്യാഹുവിനെതിരെ കോണ്‍ഗ്രസിന് പുറത്തും വിവിധ യുഎസ് നഗരങ്ങളിലും വലിയ പ്രതിഷേധ റാലികളാണ് അരങ്ങേറിയത്. പ്രതിഷേധക്കാരെ പൊലിസ് അടിച്ചമര്‍ത്തുകയായിരുന്നു. അമേരിക്കന്‍ ജൂത സമൂഹവും നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.