യു എസി ലെ അമേരിക്കന്‍ അംബാസഡറുടെ രാജി യു എന്‍ ഇസ്‌റാഈല്‍ ബാന്ധവത്തിന്റെ അടിവേരുകള്‍ – റംസി ബറൂദ്
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 9-ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയുടെ പെട്ടെന്നുള്ള രാജിയും അവരെ അതിന് പ്രേരിപ്പിച്ചതെന്താണെന്നതിനെക് കുറിച്ചും അവരുടെ രാഷ്ട്രീയ മോഹങ്ങളെക്കുറിച്ചും വലിയ അഭ്യൂഹത്തിന് പ്രേരകമായിരിക്കുന്നു. എന്നാല്‍ ഫലസ്തീനികള്‍ക്കും കഴിഞ്ഞ രണ്ടു വര്‍ഷമായി ഹാലിയുടെ രോഷാധിഷ്ഠിത നയതന്ത്രത്തിന് ഇരയായ നിരവധി ചെറുരാഷ്ട്രങ്ങള്‍ക്കും ഈ വാര്‍ത്ത ക്ഷണികമായ ആശ്വാസം കൊണ്ടുവന്നിരിക്കുന്നു.
ഫലസ്തീനികള്‍ക്കെതിരായി വിദ്വേഷം പടര്‍ത്തിക്കൊണ്ടും കിട്ടിയ അവസരത്തിലെല്ലാം ഇസ്‌റാഈലിനെ പുകഴ്ത്തിക്കൊണ്ടും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ തകര്‍ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ദുര്‍നടപടികളെ ആഹ്ലാദപൂര്‍വം നയിക്കുകയായിരുന്നു കഴിഞ്ഞ ഇരുപത്തൊന്നു മാസത്തിലേറെയായി നിക്കി ഹാലി. ഫലസ്തീനികളോടുള്ള ഹാലിയുടെ പരിഹാസ്യമായ അമര്‍ഷത്തിനും ഇസ്‌റാഈലിനോടുള്ള സ്‌നേഹത്തിനും വെറും അവസരവാദമെന്നല്ലാതെ യുക്തിപൂര്‍വകമായ മറ്റൊരു വിശദീകരണമില്ല.
മൈക്കള്‍ വോള്‍ഫിന്റെ ബെസ്റ്റ് സെല്ലിംഗ് പുസ്തകമായ ഹയര്‍ ആന്റ് ഹ്യൂറി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസില്‍ ലൂസിഫറിനോളം ദുരാഗ്രഹിയായ അവസരവാദിയായി ഹാലിയെ വിശേഷിപ്പിക്കുന്നുണ്ട്. അവരുടെ കരിയര്‍ പാത്ത് വിലയിരുത്തുമ്പോള്‍ വോള്‍ഫിന്റെ പരാമര്‍ശം ശരിയാവാനാണ് സാധ്യതയും. ഐക്യരാഷ്ട്രസഭയിലേക്കുള്ള നയതന്ത്രജ്ഞയായി ട്രംപ് കഴിഞ്ഞ വര്‍ഷം ഹാലിയെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ ദേശീയ തലത്തില്‍ പോലും ഏതാണ്ട് തീരെ അറിയപ്പെടാത്ത വ്യക്തിയായിരുന്നു.
ഇന്ത്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത കുടുംബത്തില്‍ പിറന്ന നിംറത എന്ന ‘നിക്കി’ ഹാലി ഒരു അക്കൗണ്ടന്റായിരുന്നു. നിരവധി അപ്രതീക്ഷിത മറിച്ചിലുകള്‍ക്കു ശേഷം സൗത്ത് കരോലിന സ്റ്റേറ്റിലെ ഗവര്‍ണറായി അവര്‍ രണ്ടു വട്ടം തെരഞ്ഞെടുക്കപ്പെട്ടു. ആ പദവിയിലേക്ക് അവര്‍ അനുയോജ്യയായിരുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനയുടെ അമേരിക്കന്‍ വിദേശ നയതന്ത്രജ്ഞയാവാന്‍ അവര്‍ തീര്‍ച്ചയായും അയോഗ്യയായിരുന്നു.

പുതിയ പദവിയിലേക്ക് നിയമിതയായ ഉടനെ അവര്‍ 1948-ല്‍ ഫലസ്തീന്‍ തകര്‍ത്ത് ഇസ്‌റാഈല്‍ സ്ഥാപിച്ചതു മുതല്‍ ഐക്യരാഷ്ട്ര സഭയിലേക്ക് അമേരിക്കയുടെ ദൂതരായി വന്നവരില്‍ ഏറ്റവും ധിക്കാരിയും അക്രമാസക്തയുമെന്ന് ഫലസ്തീനികളാല്‍ ഓര്‍മിക്കപ്പെടാവുന്ന മനോഭാവം രൂപപ്പെടുത്തുകയായിരുന്നു.
ഇസ്‌റാഈലിനുള്ള അമേരിക്കയുടെ പിന്തുണ കൂടുതല്‍ ആഴത്തിലുള്ളതാകുന്നതിന്റെ സ്വാഭാവിക പരിണതിയാണ് ഐക്യരാഷ്ട്ര സഭയില്‍ ഹാലിയുടെ ഫലസ്തീന്‍ വിരുദ്ധ സ്വഭാവം എന്ന് വാദിച്ചേക്കാം. ഇസ്‌റാഈലിനോളം പഴക്കമുള്ളതാണ് ഐക്യരാഷ്ട്ര സഭയില്‍ യു എസ്- ഇസ്‌റാഈല്‍ സഖ്യം എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ ഈ ബന്ധം പുതിയ ഉയരത്തിലെത്തി. 2001- 2004 കാലഘട്ടത്തില്‍ ജോണ്‍ നെഗ്രോപോണ്ടെ ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസഡറായിരിക്കെ ഇസ്‌റാഈലിനെതിരെ അന്താരാഷ്ട്ര വിമര്‍ശനം തടയാനുള്ള വീറ്റോപവര്‍ ധിക്കാരപൂര്‍വം ഉപയോഗിച്ചപ്പോള്‍ ഫലസ്തീന്‍ അധിനിവേശകരായ ഇസ്‌റാഈലിനുള്ള അമേരിക്കയുടെ പിന്തുണ അതിന്റെ പാരമ്യത്തിലെത്തി. ഇസ്‌റാഈലിനെ വിമര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ ഏതൊരു പ്രമേയത്തെയും അനിവാര്യമെങ്കില്‍ ഉടനെ തന്നെ വീറ്റോ ചെയ്യുന്ന ‘നെഗ്രോ പോണ്ടെ പ്രമാണം’ ഇക്കാലം വരെ അമേരിക്കയുടെ വിദേശനയത്തിലെ മുഖ്യ ഇനമായി അവശേഷിക്കുന്നു.

ശ്രദ്ധേയമായ പ്രമേയം 2334 ഒഴികെ 2016 ഡിസംബര്‍ 23-ന് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നിയമവിരുദ്ധമായി ജൂത പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിനെ അപലപിക്കുന്ന പ്രമേയത്തിന് വോട്ടു ചെയ്യുന്നതില്‍ നിന്ന് ഒബാമ ഭരണകൂടം വിട്ടുനിന്നു. ദുര്‍ബലവും ഫലശൂന്യവുമായ ഒബാമയുടെ അവസാന പ്രവര്‍ത്തി യു എന്നില്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെ മുഖ്യ പ്രമാണത്തെ ലംഘിക്കുന്നതായിരുന്നു. പുതിയ ട്രംപ് ഭരണകൂടത്തിലെ ഇസ്‌റാഈലനുകൂലികളെയും ഇസ്‌റാഈലിനെയും 2334-ാം നമ്പര്‍ പ്രമേയം ക്ഷുഭിതരാക്കി. ആ തെറ്റ് തിരുത്തുന്നതിനും നിരുപാധിക പിന്തുണ വീണ്ടും ഉറപ്പു നല്‍കുന്നതിനുമായി ഉടനെ തന്നെ ഹാലി വ്യക്തമായ അജണ്ടയുമായി ന്യൂയോര്‍ക്കിലെത്തി.
ഇസ്‌റാഈലിനെ അമേരിക്ക ഉപേക്ഷിച്ചിട്ടില്ലെന്ന് ഉത്സാഹപൂര്‍വം ഉറപ്പു നല്‍കുന്നതിനായി 2017 മാര്‍ച്ചിലെ അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ (അകജഅഇ) വാര്‍ഷിക സമ്മേളനത്തില്‍ ഹാലി ഇസ്‌റാഈല്‍ അനുകൂല കാമ്പയിനാരംഭിച്ചു. വിചിത്രവും നയരഹിതവുമായ ഭാഷയാണ് അവരതില്‍ ഉപയോഗിച്ചത്. ആവേശത്താല്‍ ആസക്തരായ 18,000 പേരെ സേമ്മളനത്തില്‍ അഭിമുഖീകരിച്ചുകൊണ്ട് ഹാലി പറഞ്ഞു: ”പുതിയ നിയമകാര്യ നിര്‍വാഹക നഗരത്തിലെത്തിയിരിക്കുന്നു”. ”ഞാന്‍ ഹീലുള്ള പാദരക്ഷകള്‍ ധരിക്കുന്നു. ഇതൊരു ഫാഷന്‍ പ്രസ്താവനയല്ല. ഞാനെന്തെങ്കിലും തെറ്റ് കണ്ടാല്‍ അപ്പോഴൊക്കെ അവരെ തൊഴിക്കും.” ”എന്തെങ്കിലും തെറ്റ്” എന്നതുകൊണ്ട് അവരുദ്ദേശിച്ചത് ഇസ്‌റാഈലിനെതിരായ എന്തെങ്കിലും പ്രതികൂലാഭിപ്രായമാണ്. യു എന്നില്‍ അന്താരാഷ്ട്ര നിയമത്തെ ആദരിക്കാനും ഉത്തരവാദിത്തം കാണിക്കാനും ഇസ്‌റാഈലിനോട് ആവശ്യപ്പെടുന്ന 2334-ാം പ്രമേയത്തെ ‘വയറിനുള്ള തൊഴി’യെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ‘അമേരിക്കക്ക് ഇസ്‌റാഈലിനോളം വലിയൊരു സുഹൃത്തില്ല’ -ഹാലി ഉറപ്പിച്ചു പറഞ്ഞു.
ഹാലി സ്വന്തം വാക്കുകളോട് നീതി പുലര്‍ത്തി. ഇസ്‌റാഈലിനെ പ്രതിരോധിക്കാനും ഫലസ്തീനികളെയും ലോകമെമ്പാടുമുള്ള അവരുടെ സഹായികളെയും പൈശാചികവല്‍ക്കരിക്കാനുമുള്ള വേദിയാക്കി ഹാലി യു എന്നിനെ മാറ്റി. ‘ഹാലി പ്രമാണം’ നെഗ്രോപോണ്ടെയുടെ പ്രമാണത്തെയും കവച്ചു വെച്ചു. ഇസ്‌റാഈലിനെ വിമര്‍ശിക്കുന്ന പ്രമേയങ്ങളെ തടയുകയായിരുന്നു മുഖ്യമായും നെഗ്രോപോണ്ടെ ചെയ്തിരുന്നത്. ഹാലിയാവട്ടെ ഓരോ അവസരത്തിലും ഇസ്‌റാഈലിനു വേണ്ടി നിലകൊണ്ടു. ഫലസ്തീനികളുടെ അവകാശങ്ങളെ അംഗീകരിക്കുകയോ ഫലസ്തീനി അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുകയോ ചെയ്യുന്ന രാഷ്ട്രങ്ങളെയും യുനെസ്‌കോ, യു എന്‍ ആര്‍ ഡബ്ല്യൂ എ തുടങ്ങിയ യു എന്‍ ഏജന്‍സികളെയും ശിക്ഷിക്കുന്നതിനായി യു എന്നിലെ ഇസ്‌റാഈല്‍ അംബാസഡറായ ഡാന്നി ഡാനോനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി.
ഐക്യരാഷ്ട്രസഭയെ ഉള്ളില്‍ നിന്ന് നിയന്ത്രിക്കാന്‍ ഹാലി ശ്രമിച്ചു. യു എന്‍ ഇസ്‌റാഈലിനെ വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നു എന്ന വിചിത്ര നിലപാടുണ്ടായിരുന്ന ഹാലി ഇസ്‌റാഈല്‍ അനുകൂലികളെ സഹായിച്ചും എതിരാളികളെ ശിക്ഷിച്ചും തന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചു.
ഇസ്‌റാഈലിന്റെ തലസ്ഥാനമായി ഹാലി ജറൂസലമിനെ അംഗീകരിച്ചു. ഡിസംബര്‍ 2017-ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി ചെയ്യുന്നതിനു മുമ്പുതന്നെ ഹാലി തന്റെ രാജ്യത്തിന്റെ എംബസി ജറൂസലമിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു. 2017 മെയ് മാസത്തില്‍ വലതുപക്ഷ ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കുമായി നടത്തിയ അഭിമുഖത്തില്‍ ഹാലി പറഞ്ഞു: ”ജറൂസലം ആയിരിക്കണം തലസ്ഥാനം. എംബസി ജറൂസലമിലേക്ക് മാറ്റണം.”
2017 ജൂണില്‍ ഇസ്‌റാഈല്‍ സന്ദര്‍ശനവേളയില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭ ഇസ്‌റാഈലിനെ വിരട്ടുന്നുവെന്ന് ഹാലി കുറ്റപ്പെടുത്തുകയുണ്ടായി. ”എനിക്ക് ക്ഷമിക്കാനാവാത്ത കാര്യം വിരട്ടലുകളാണ്. കഴിയുമെന്നതിനാല്‍ യു എന്‍ ഇസ്‌റാഈലിനെ വിരട്ടുകയാണ്” -ഹാലി പറഞ്ഞു. ഹാലിയുടെ വക്രസംവാദത്തിന്റെ മര്‍മം യു എന്‍ ഇസ്‌റാഈലിനോട് കാണിക്കുന്ന സാങ്കല്പിക അനീതിയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം 2017 നവംബറില്‍ തന്റെ ഇസ്‌റാഈല്‍ സന്ദര്‍ശന ഉദ്ദേശ്യം അവരിങ്ങനെ വെളിപ്പെടുത്തി: ”യു എന്‍ അതിന്റെ പാതിസമയവും ചെലവഴിക്കുന്ന രാജ്യം നേരിട്ടുകാണാന്‍ ഞാന്‍ ഇസ്‌റാഈലില്‍ പോയി. ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ തമാശ പറയുകയല്ല. ഇത് പരിഹാസ്യമാണ്. യു എന്നിന്റെ ഏതാണ്ട് പാതിസമയവും പോകുന്നത് ഇസ്‌റാഈലിനു വേണ്ടിയാണ്. ബാക്കി പാതിസമയം 192 രാജ്യങ്ങള്‍ക്കു വേണ്ടിയും.”
ഇസ്‌റാഈലിനുള്ള നിരുപാധികവും അന്ധവുമായ അമേരിക്കന്‍ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ പരിഹരിക്കാത്ത ഫലസ്തീന്‍ അധിനിവേശ പ്രശ്‌നം യു എന്നില്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുമായിരുന്നില്ലെ ന്ന് സ്വന്തം പ്രസ്താവനയെക്കുറിച്ച് അല്പനേരം ചിന്തിച്ചിരുന്നുവെങ്കില്‍ ഹാലിക്ക് തീര്‍ച്ചയായും മനസ്സിലാകുമായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിരുദ്ധ അധിക്ഷേപം തുടരുന്ന ഹാലിക്ക് അത്തരം ആത്മവിചിന്തനമൊന്നും പ്രാധാന്യമുള്ളതല്ല.
2017 ഡിസംബറില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ ജറൂസലമിന്റെ പദവിയുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ തീരുമാനങ്ങളില്‍ അഗാധദു:ഖം രേഖപ്പെടുത്തുന്ന ‘കരട് പ്രമേയം’ അവതരിപ്പിച്ചപ്പോള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തവരെ ഭീഷണിപ്പെടുത്തുകയാണ് സ്വയം പ്രഖ്യാപിത വിരട്ടല്‍ വിരുദ്ധയായ ഹാലി ചെയ്തത്. സുരക്ഷാസമിതിയിലെ എല്ലാ അംഗങ്ങളും പിന്തുണച്ച ആ കരട് പ്രമേയത്തിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുകയും മറക്കാനാവാത്ത അധിക്ഷേപമെന്ന് ആ വോട്ടിനെ വിശേഷിപ്പിക്കുകയുമാണ് അവര്‍ ചെയ്തത്.
മെയ് 14-ന് ഇസ്‌റാഈലിനെ ഗസ്സയില്‍ നിന്നും വേര്‍തിരിക്കുന്ന വേലിക്കരികെ നിരായുധരായ പ്രക്ഷോഭകര്‍ക്കുനേരെ ഇസ്‌റാഈലുകാര്‍ നടത്തിയ വെടിവെപ്പില്‍ 60-ലധികം പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് മുറിവേല്ക്കുകയും ചെയ്തു. ഈയടുത്ത കാലത്ത് ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും ക്രൂരമായ ഈ ആക്രമണത്തോട് ആഗോള തലത്തിലുണ്ടായ പ്രതിഷേധം ഉള്‍ക്കൊള്ളാനാവാതിരുന്ന ഏക സുരക്ഷാസമിതിയംഗം ഹാലി ആയിരുന്നു. ഗസ്സയിലെ ഇരകള്‍ക്കു വേണ്ടി നിന്നു കൊണ്ട് ഒരു നിമിഷം മൗനപ്രാര്‍ഥന നടത്തിയ മറ്റു രാജ്യങ്ങളുടെ അംബാസഡര്‍മാരോട് ഹാലി പ്രസ്താവിച്ചതിങ്ങനെ: ”ഈ ചേംബറിലെ മറ്റൊരു രാജ്യവും ഇസ്‌റാഈലിനോളം സംയമനം പാലിക്കില്ല.”
യു എന്നില്‍ ഹാലിയുടെ സാന്നിധ്യം കുറഞ്ഞ കാലത്തേക്കായിരുന്നുവെങ്കിലും ഫലസ്തീന് നീതി ലഭിക്കുന്നതിനും യു എന്‍ നടപടികള്‍ ഫലപ്രദമാണെന്ന വിശ്വാസം ഫലസ്തീനികളില്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര പരിശ്രമങ്ങള്‍ക്ക് മേല്‍ കറ വീഴ്ത്താനും അവ തകര്‍ത്തു തരിപ്പണമാക്കാനും അവര്‍ക്ക് കഴിഞ്ഞു. അന്താരാഷ്ട്ര നിയമത്തിന് തടസ്സം നില്‍ക്കുന്നതിന് ഹാലിയെ ഫലസ്തീനികള്‍ വിമര്‍ശിച്ചെങ്കിലും ‘ഇസ്‌റാഈലിന്റെ യഥാര്‍ഥ സുഹൃത്തായി’ നിലകൊണ്ടതിന് ഇസ്‌റാഈലും വാഷിംഗ്ടണിലെ സുഹൃത്തുക്കളും അവരെ അനന്തമായാഘോഷിക്കുകയാണുണ്ടായത്.
‘സുരക്ഷാസമിതിയില്‍ ഇസ്‌റാഈലിന്റെ മഹാ പോരാളിയാണവര്‍’ -ജോര്‍ജ് ബുഷിനു കീഴില്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായിരുന്ന എല്ലിയോറ്റ് അബ്രാംസ് പറഞ്ഞു. ഹാലിയുടെ രാജി പ്രഖ്യാപനത്തിനു തൊട്ടുടനെ, ‘യു എന്നിലെ ഇസ്‌റാഈല്‍ വിരുദ്ധ പക്ഷപാതത്തെ’ വെല്ലുവിളിച്ചതിന് ഇസ്‌റാഈയേല്‍ അംബാസഡര്‍ ഡാനോണ്‍, ഹാലിയെ സ്‌നേഹപൂര്‍വം അനുസ്മരിച്ചു.
”ഇസ്‌റാഈല്‍ രാഷ്ട്രത്തെ പിന്തുണച്ചതിന് നിങ്ങള്‍ക്ക് നന്ദി. യു എന്നില്‍ ഇസ്‌റാഈലിന്റെ പദവി മെച്ചപ്പെടുത്തുന്നതിന് അത് സഹായിച്ചു. നിങ്ങളുടെ അടുത്ത സൗഹൃദത്തിനും പൊതുപാതകള്‍ക്കും നന്ദി. നിങ്ങളെവിടെയായിരുന്നാലും ഇസ്‌റാഈലിന്റെ ഒരു യഥാര്‍ഥ സുഹൃത്തായി തുടരും” -ഡാനോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഹാലി വിടവാങ്ങിയതിനു ശേഷവും യു എന്നിലെ യു എസ് ഇസ്‌റാഈല്‍ പ്രണയവും ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കെതിരായ അവരുടെ യുദ്ധവും മാറ്റമില്ലാതെ തുടരാന്‍ തന്നെയാണ് സാധ്യത. തന്റെ വിരട്ടല്‍ തന്ത്രങ്ങളിലൂടെ മറക്കാനാവാത്ത വന്‍ നഷ്ടങ്ങള്‍ വ്യക്തിപരമായി ഹാലി ഫലസ്തീന് വരുത്തിവെച്ചിരിക്കുന്നു.
(ലോകപ്രശസ്ത കോളമിസ്റ്റും മീഡിയാ കണ്‍സല്‍ട്ടന്റും ‘മൈ ഫാദര്‍ വാസ് എ ഫ്രീഡം ഫൈറ്റര്‍’ എന്ന കൃതിയുടെ രചയിതാവുമാണ് ലേഖകന്‍)