യുവാക്കളാണ് കരുത്ത് – പി കെ സഹീര്‍
പ്രവാചകന്റെ ജീവിതത്തിലുടനീളം യുവത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. തന്റെ പ്രവാചക ജീവിതത്തിനിടെ അദ്ദേഹം യുവാക്കളെയും യുവതികളെയും ശാക്തീകരിച്ചു. യുവജനതക്ക് മാതൃകയാക്കാനും പ്രചോദനമാകാനുമുള്ള നിരവധി മാതൃകകള്‍ ഇവിടെ ഉപേക്ഷിച്ചാണ് പ്രവാചകന്‍ വിടവാങ്ങിയത്. യുവാക്കളോടുള്ള പെരുമാറ്റത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) മഹത് പ്രതിഭയായിരുന്നു. അതിന്റെ അടിസ്ഥാന ഘടകം സ്‌നേഹം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രഭാവവും ചെറിയ കുട്ടികളെയും കൗമാരക്കാരെയും യൗവനക്കാരെയും മുതിര്‍ന്നവരെയും പുരുഷാരവങ്ങളെയും അതിയായി ആകര്‍ഷിച്ചിരുന്നു. പ്രവാചകന്റെ സന്ദേശങ്ങള്‍ ഒരു യുവസഹോദരന്റെ സന്ദേശം പോലെയായിരുന്നു. അത് യുവാക്കളെ മികച്ച കര്മശേഷിയുള്ളവരാക്കിത്തീര്ക് കാന്‍ ഉപകാരപ്പെട്ടു. മനുഷ്യ മനസ്സില്‍ എളുപ്പം ആകര്‍ഷിക്കുന്ന ലളിതമായ സന്ദേശമാണ് ഇസ്‌ലാമിന്റേത്. മനുഷ്യന്റെ സ്വഭാവത്തെ അത് ശക്തമായി തന്നെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ മഹത്തായ സ്വഭാവമുള്ള നിരവധി യുവാക്കളെ കാണാനാകും.
യുവജനതയുമായി ഇടപഴകുമ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിലും ആത്മാവില്‍ തൊട്ടുള്ളതുമായ സംസാരമായിരുന്നു. സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞതായിരുന്നു അത്. പ്രവാചകന്‍ അവരെ ആത്മീയമായും മനോവികാരത്തോടെയും ഉണര്‍ത്തി. ചെറുപ്പക്കാര്‍ മുന്നണിയില്‍ നിന്ന് അവിശ്വസനീയമായ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. ഇതൊന്നും അതിശയോക്തിയുള്ള കാര്യങ്ങളല്ല, ഏഴാം നൂറ്റാണ്ടില്‍ അറേബ്യയുടെ നേതൃത്വത്തിലിരിക്കെ അദ്ദേഹം ചെയ്ത കാര്യങ്ങളാണ്. അവിടെ അദ്ദേഹമായിരുന്നു മാര്‍ഗ നിര്‍ദേശിയും നേതൃസ്ഥാനത്ത് നിന്ന് വഴികാട്ടിയായി വര്‍ത്തിച്ചതെല്ലാം. യുവത്വത്തിന്റെ മഹത്വവും കഴിവും വളരെ നന്നായി അറിയുന്നയാളായിരുന്നു പ്രവാചകന്‍. അദ്ദേഹം അവരില്‍ ഒരാളായാണ് ജിവിച്ചത് എന്നതാണ് അതിന്റെ കാരണം. പ്രവാചകനില്‍ നിന്നും ആഴത്തിലുള്ള സ്‌നേഹം അവര്‍ ആര്‍ജിച്ചിരുന്നു. എത്രത്തോളമെന്നാല്‍ പ്രവാചകന് വേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാന്‍ വരെ അവര്‍ തയാറായിരുന്നു.
എങ്ങനെയാണ് പ്രവാചകന്‍ യുവാക്കളോട് ഇത്തരം ശക്തമായ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതലമുറയെ തന്റെ ലക്ഷ്യത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നതില്‍ എങ്ങനെയാണ് അദ്ദേഹം വിജയിച്ചത് എന്ന കാര്യം പുതിയ കാലത്തിലെ മതനേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. യുവാക്കളെ എങ്ങനെ അകറ്റി നിര്‍ത്താം എന്ന് ഗവേഷണം നടത്തുന്ന നേതാക്കളെയാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്. പരസ്പര ബഹുമാനത്തോടെ യുവാക്കളെ പരിഗണിക്കാത്തിടത്തോളം ഒരു സംഘത്തിനും മുന്നോട്ട് ഗമിക്കാനാകില്ല എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.