3 Tuesday
December 2024
2024 December 3
1446 Joumada II 1

യുദ്ധ നിയമങ്ങളും സമാധാന സന്ദേശങ്ങളും – ഗുലാം ഗൗസ സിദ്ദീഖി

മറ്റു ആധുനിക പണ്ഡിതന്മാരുടേതില്‍നിന്നും പഴയകാല പണ്ഡിതന്മാരുടേതില്‍നിന്നും വ്യത്യസ്തമായിരുന്നു മൗലാനാ ഫസ്‌ലുര്‍റഹ്മാന്റെ കാഴ്ചപ്പാട്. ഇബ്‌നു അറബി, ജലാലുദ്ദീന്‍ സുയൂത്വി, ഇബ്‌നുകഥീര്‍, ഷാ വലിയ്യുല്ലാഹ്, അല്ലാമാ മക്കി തുടങ്ങിയ പഴയകാല പണ്ഡിതന്മാര്‍ക്കിടയിലും ഖുര്‍ആന്‍ വചനങ്ങളുടെ റദ്ദാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. മതപരമായ മനോവികാരത്തിന്റെയും വര്‍ത്തമാന കാലത്തെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും അടിസ്ഥാനത്തില്‍ സ്വീകാര്യമായ വീക്ഷണമാണ് നാം എടുത്തിട്ടുള്ളത്. ഇക്കാരണത്താലാണ് അനിവാര്യ പോയിന്റുകളുള്‍പ്പെടുത്തി ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്.
ചോ. ”അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക, അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്‍മസ്ഥാനങ്ങളിലും അവര്‍ക്കായി പതിയിരിക്കുക. അഥവാ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്” (വി.ഖു.9:5). ഈ ഖുര്‍ആന്‍ വചനം സമാധാനത്തിന്റെയും സഹനത്തിന്റെയും വചനങ്ങളെ റദ്ദാക്കുന്നുണ്ടോ?
ചില പണ്ഡിതന്മാര്‍ പറയുന്നത് ഖുര്‍ആന്‍ വചനം 9:5 സമാധാനത്തിന്റെയും സഹനത്തിന്റെയും വചനങ്ങളെ റദ്ദു ചെയ്തു എന്നാണ്. വാളിന്റെ വചനം എന്നറിയപ്പെടുന്ന (9:5) വചനത്തെക്കുറിച്ച് ദഹ്ഹാക് ബിന്‍ മസാഹിം പറഞ്ഞു: ‘പ്രവാചകന്‍(സ)യും ബഹുദൈവവിശ്വാസികളും തമ്മിലുണ്ടായിരുന്ന എല്ലാ ഉടമ്പടികളും ഈ വചനം റദ്ദ് ചെയ്തു’. ഈ വചനത്തെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി അല്‍ഔഫി പറയുന്നു: ”സൂറ: ബറാഅ അവതീര്‍ണമായതിനുശേഷം ബഹുദൈവവിശ്വാസിയുമായി ഏതെങ്കിലും കരാറോ സംരക്ഷണവാഗ്ദാനമോ ഇല്ല” (തഫ്‌സീര്‍ ഇബ്‌നുകസീര്‍, വാള്യം 2, പേജ് 573). വചനം 9:5നെക്കുറിച്ച് മുഫസ്സിറുകള്‍ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു എന്നും ഇബ്‌നുകസീര്‍ പറയുന്നു. ദഹാക്കും സുദ്ദിയും പറഞ്ഞു.
”….. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക…” (47:4) എന്ന വചനം അവതീര്‍ണമായതോട് വചനം 9:5 റദ്ദു ചെയ്യപ്പെട്ടെന്ന്. എന്നാല്‍ ഖത്വാദയുടെ അഭിപ്രായം മറിച്ചായിരുന്നു. എന്റെ അഭിപ്രായത്തില്‍ യുദ്ധവുമായി ബന്ധപ്പെട്ട മക്കീവചനങ്ങള്‍ മദനീ വചനങ്ങളെ റദ്ദു ചെയ്യുന്നില്ല. ക്ലാസിക്കല്‍ നിയമജ്ഞനായിരുന്ന ഇമാം ജലാലുദ്ദീന്‍ സുയൂത്വി, സര്‍ക്കശി തുടങ്ങിയവര്‍ ഇക്കാര്യം അവരുടെ ഖുര്‍ആനുമായി ബന്ധപ്പെട്ട മഹത്കൃതികളില്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുയൂത്വി അദ്ദേഹത്തിന്റെ പ്രമുഖ കൃതിയായ ‘അല്‍ഇത്ഖാന്‍ ഫീ ഉലൂം-അല്‍ഖുര്‍ആനി’ല്‍ പറയുന്നത് വചനം 9:5 റദ്ദു ചെയ്യപ്പെട്ടതല്ല. സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണെന്നാണ്. ചില സാഹചര്യങ്ങളില്‍ ക്ഷമയും വിട്ടുവീഴ്ചയും ആയിരിക്കും പ്രായോഗികം, ചില സന്ദര്‍ഭങ്ങളില്‍ പോരാട്ടവും.
ഒരു വചനവും മറ്റൊരു വചനത്തെ റദ്ദു ചെയ്യുന്നില്ലെന്നും ഓരോന്നിനും പ്രത്യേക സാഹചര്യവും പ്രായോഗികതയും ഉണ്ടെന്നുമാണ് അദ്ദേഹം അര്‍ഥമാക്കിയത്. ഒരു സംഘം നിയമജ്ഞര്‍ വിശ്വസിക്കുന്നത്, ‘എന്നാല്‍ അവര്‍ക്ക് നീ മാപ്പു നല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക, നല്ലനിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും’ (5:13) എന്ന ഖുര്‍ആന്‍ വചനം റദ്ദു ചെയ്യപ്പെട്ടിട്ടില്ലെന്നാണ്. സാഹചര്യവും പ്രായോഗികതയും പരിഗണിച്ചുകൊണ്ടുള്ള ദൈവികനിര്‍ദേശമാണ് അതെന്നതു തന്നെ കാരണം.
പ്രമുഖ നിയമജ്ഞനായ സര്‍ക്കശിയും അദ്ദേഹത്തിന്റെ അല്‍ബുര്‍ഹാന്‍ ഫീ ഉലൂം അല്‍ഖുര്‍ആന്‍ എന്ന കൃതിയില്‍ ഇതേ വീക്ഷണമാണ് ബലപ്പെടുത്തുന്നത്. പല മുഫസ്സിറുകളും വചനം 9:5 ക്ഷമയുടെയും സഹനത്തിന്റെയും വചനങ്ങളെ റദ്ദാക്കിയെന്ന് തെറ്റായി മനസ്സിലാക്കിയതായി ഇമാം സര്‍ക്കശി പറയുന്നു. റദ്ദാക്കലെന്നാല്‍ പിന്നീടൊരിക്കലും നടപ്പിലാക്കാത്തവിധം ഒരു വിധിയെ പൂര്‍ണമായും അവസാനിപ്പിക്കലാണ്. ഓരോ വചനങ്ങളും പ്രത്യേക സാഹചര്യത്തിനനുയോജ്യമായ നിയമമാണ് വിധിക്കുന്നത്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ അവയ്ക്ക് അനുയോജ്യമായ വചനങ്ങളാണ് പ്രയോഗവത്ക്കരിക്കുന്നത്. ഒരുവിധിയും എക്കാലത്തും അവസാനിപ്പിക്കുന്നില്ല എന്നാണ് യഥാര്‍ഥത്തില്‍ റദ്ദാക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. തന്റെ വാദം സ്വീകരിക്കുന്നതിനു ഇമാം ശാഫിഈയുടെ ‘അല്‍രിസാല’യില്‍ നിന്നുള്ള ഒരുദാഹരണം അദ്ദേഹം നല്‍കുന്നു. മുകളില്‍ പറഞ്ഞ രണ്ട് ഖുര്‍ആന്‍ പണ്ഡിതരും വചനം 9:5 ക്ഷമയുടെയും സഹനത്തിന്റെയും വചനങ്ങളെ റദ്ദാക്കിയെന്നല്ല, ഓരോ വചനവും അതിനനുയോജ്യമായ സാഹചര്യത്തില്‍ നടപ്പാക്കുകയാണ് വേണ്ടത് എന്ന തീര്‍പ്പിലാണെത്തുന്നത്.
ചോ. ഖുര്‍ആനില്‍ വചനം 9:5ല്‍ പരാമര്‍ശിക്കുന്ന മുശ്‌രിക്കുകള്‍ ആരാണ്?
ബൈദാവി(685 ഹി) അദ്ദേഹത്തിന്റെ ‘അന്‍വാര്‍ അല്‍തന്‍സീല്‍ വ അസ്‌റാര്‍ അല്‍തഅ്‌വീല്‍’ല്‍ എഴുതുന്നത് വചനം 9:5ല്‍ മുശ്‌രിക്കീന്‍ എന്ന് പറയുന്നത് നാക്കിസീനുകളെ ആണെന്നാണ്. നാക്കിസീന്‍(*) എന്നാല്‍ കരാര്‍ ലംഘിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്യുന്നവര്‍ എന്നാണ്.
അല്‍ആലൂസി അദ്ദേഹത്തിന്റെ ‘റൂഹ് അല്‍മആനി’ എന്ന തഫ്‌സീറില്‍ എഴുതുന്നത് അല്ലാഹുവിന്റെ കല്പനയില്‍ ‘മുശ്‌രിക്കുകളെ കൊല്ലുക’ എന്നിടത്ത് മുശ്‌രിക്കുകളെന്നാല്‍ ‘നാക്കിസീന്‍’ കരാര്‍ ലംഘിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്യുന്നവരാണ്. മറ്റൊരു ക്ലാസിക്കല്‍ പണ്ഡിതനായ അബൂബക്കര്‍ അല്‍ ജസ്സാസ് എഴുതുന്നു: ”അറബികളിലെ മുശ്‌രിക്കുകളെയാണ് ആ വചനത്തിലെ മുശ്‌രിക്കുകള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് മറ്റാരെയുമല്ല”(അഹ്കാം അല്‍ ഖുര്‍ആന്‍ ലില്‍ ജസ്സാസ്, വാള്യം 5, പേജ് 270). ഇമാം ജലാലുദ്ദീന്‍ സുയൂത്വി എഴുതുന്നു: ”വചനം 9:5 നെക്കുറിച്ച് ഹസ്‌റത്ത് ഇബ്‌നു അബ്ബാസി(റ) നെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നു ഹാത്വി പറയുന്നു. പ്രവാചകന്‍(സ) യുമായി കരാറുണ്ടാക്കിയിരുന്ന ഖുറൈശികളിലെ മുശ്‌രിക്കുകളെയാണ് ഇവിടെ മുശ്‌രിക്കുകള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്.” ഈ മുശ്‌രിക്കുകള്‍ ബനീ ബക്ര്‍ കനാനയിലെ ബനൂ ഖുസൈമ ബിന്‍ ആമിര്‍ ആണെന്ന് ഹസ്രത്ത് മുഹമ്മദ് ബിന്‍ ഇബാദ് ബിന്‍ ജാഫറിനെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നു മുന്‍സിര്‍, ഇബ്‌നു അബീ ഹാത്വിം, അബൂശൈഖ് തുടങ്ങിയവര്‍ പറയുന്നതായും സൂയൂത്വി റിപ്പോര്‍ട്ട് ചെയ്യുന്നു. ”തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യ തവണ (യുദ്ധം) തുടങ്ങിയത്”(9:13). ”ബഹുദൈവ വിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്” (9:36). ഈ രണ്ട് വചനങ്ങളിലും വചനം 9:5 ലും മുശ്‌രിക്കുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാന കരാറുകള്‍ ലംഘിച്ചുകൊണ്ട് ആദ്യകാല മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്തവരെയാണ്.
വചനം 9:5 സമാധാനത്തിന്റെയും സഹനത്തിന്റെയും വചനങ്ങളെ റദ്ദു ചെയ്തു എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നത് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നതെന്താണ്? എന്റെ അഭിപ്രായത്തില്‍ യുദ്ധവുമായി ബന്ധപ്പെട്ട വചനങ്ങള്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും വചനങ്ങളെ അവസാനിപ്പിക്കുന്നില്ല. ഓരോ വചനത്തിനും നിശ്ചിത പശ്ചാത്തലവും പ്രായോഗികതയുമുണ്ട്. വചനം 9:5 ക്ഷമയെയും സഹനത്തെയും കുറിച്ചുള്ള മക്കീ വചനങ്ങളെ റദ്ദു ചെയ്യുന്നു എന്നതുകൊണ്ട് ചില പണ്ഡിതന്മാര്‍ അര്‍ഥമാക്കിയത് ഇതായിരിക്കും.
മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ആത്മപ്രതിരോധം അനുവദിക്കാത്ത മക്കീ വചനങ്ങളെ യുദ്ധവുമായി ബന്ധപ്പെട്ട മദനീ വചനങ്ങള്‍ റദ്ദു ചെയ്യുന്നു എന്നാണ് അവര്‍ അര്‍ഥമാക്കിയത്. ആദ്യകാലത്ത് മുസ്‌ലിംകള്‍ക്ക് ആത്മപ്രതിരോധത്തിനു പോലും അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ മദനീ വചനങ്ങള്‍ അവതരിച്ചപ്പോള്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ആത്മപ്രതിരോധത്തിന് അനുമതി ലഭിച്ചു. ഈ അര്‍ഥത്തിലാണ് മക്കീ വചനങ്ങളെ യുദ്ധവുമായി ബന്ധപ്പെട്ട മദനീവചനങ്ങള്‍ റദ്ദു ചെയ്തതും ആത്മപ്രതിരോധത്തിനുപോലും അനുമതിയില്ലാതിരുന്ന മുസ്‌ലിംകള്‍ക്ക് ആയുധങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനുള്ള നിര്‍ദേശം ലഭിച്ചതും.
ഇസ്‌ലാമിക വീക്ഷണത്തില്‍ ഭീകരരായ ഐ എസിനും താലിബാനും ആത്മരക്ഷയ്ക്കായ് പോരാട്ടത്തിലേര്‍പ്പെടുന്നവരല്ല. യുദ്ധത്തിന് തുടക്കമിടുന്നവരാണവര്‍. അതുകൊണ്ടുതന്നെ അവരെ ഇസ്‌ലാമിക പോരാളികളായി കരുതാനാവില്ല. സമാധാനപ്രിയരും നിരായുധരുമായ മുസ്‌ലിം കളെയും അമുസ്‌ലിംകളെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊല്ലുകയും ഇസ്‌ലാമിക സ്മാരകങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും തകര്‍ക്കുകയും ഈ ക്രിമിനല്‍ ചെയ്തികളെയെല്ലാം ഏകദൈവത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ ദുരുപയോഗം ചെയ്തുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ ഇസ്‌ലാം വിരുദ്ധരാണ്.
ചോ. ആത്മപ്രതിരോധത്തില്‍ നിന്നുപോലും മുസ്‌ലിംകളെ തടഞ്ഞ മക്കി വചനങ്ങള്‍ ഏതൊക്കെയാണ്?
ഖുര്‍ആനിലെ 2:190, 22:39 ആയത്തുകള്‍ അവതീര്‍ണമാകുന്നതിനു മുമ്പ് ആത്മപ്രതിരോധത്തിനായിപ്പോലും പോരാടുന്നത് മക്കയിലും തുടക്കത്തില്‍ മദീനയിലും വിലക്കിയിരുന്നു. ആത്മപ്രതിരോധത്തില്‍ നിന്നുപോലും മുസ്‌ലിംകളെ നേരിട്ടും അല്ലാതെയും തടഞ്ഞ ഖുര്‍ആന്‍ വചനങ്ങള്‍ 23:96, 5:13, 73:10, 16:82, 88:2123, 50:45 എന്നിവയാണ്.
‘ഏറ്റവും നല്ലതുകൊണ്ട് നീ തിന്മയെ തടയുക, അവര്‍ പറഞ്ഞുപരത്തുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം’ (23:96). ‘അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക, അവരോട് വിട്ടുവീഴ്ച കാണിക്കുക, നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും, തീര്‍ച്ച’ (5:13), ‘സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക, അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്ക്കുക’ (73:10), എന്നിട്ടും അവര്‍ പിന്മാറുകയാണെങ്കില്‍ ഓര്‍ക്കുക. സത്യസന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കുന്നതല്ലാത്ത ഒരു ഉത്തരവാദിത്വവും നിനക്കില്ല’ (16:82). ‘അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക, നീ ഒരു ഉദ്‌ബോധകന്‍ മാത്രമാണ്. നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല’ (88:21,22). ‘അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തേണ്ട ആവശ്യം നിനക്കില്ല’ (58:45)
എന്നാല്‍ 2:190, 22:39 എന്നീ വചനങ്ങള്‍ അവതീര്‍ണമായപ്പോള്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ആത്മസുരക്ഷയ്ക്കായി പോരാടാന്‍ അനുമതി ലഭിച്ചു. ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളുടെ യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’ (2:190)
ആത്മപ്രതിരോധത്തിനായി ആദ്യം അനുമതി നല്‍കിയ വചനം ഏതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. വചനം 2:190 ആണ് അതെന്ന അഭിപ്രായത്തിനായി മുന്‍തൂക്കം. ഇതിന്റെ അര്‍ഥം 2:190, 22:39 വചനങ്ങള്‍ അവതീര്‍ണമാകുന്നതിന് മുമ്പ് ആത്മരക്ഷയ്ക്കായിപ്പോലും പോരാട്ടം അനുവദിച്ചിരുന്നില്ല. ഈ വചനങ്ങള്‍ അവതീര്‍ണമായതോടെ ആത്മരക്ഷയ്ക്കായിപോലും പോരാടുന്നതിനെ തടയുന്ന മക്കീ വചനങ്ങള്‍ റദ്ദാക്കപ്പെട്ടു എന്നാണ്. ‘യുദ്ധ സംബന്ധിയായ മദനീ വചനങ്ങള്‍ പോരാട്ടത്തില്‍ നിന്ന് വിലക്കുന്ന മക്കീ വചനങ്ങളെ റദ്ദു ചെയ്തു’ എന്ന് ഉലമാക്കളും മുഫസ്സിറുകളും അഭിപ്രായപ്പെട്ടത് ഈ അര്‍ഥത്തിലാണ്. ഇതിന്റെ അര്‍ഥം മദനീ വചനങ്ങള്‍ അമുസ്‌ലിംകളോട് സമാധാനപൂര്‍വം സഹവസിക്കലും അവര്‍ക്ക് സംരക്ഷണം നല്‍കലും റദ്ദു ചെയ്തു എന്നല്ല.
Back to Top