22 Sunday
December 2024
2024 December 22
1446 Joumada II 20

യുക്തിവാദവും പ്രവാചക നിന്ദയും- പി കെ മൊയ്തീന്‍ സുല്ലമി


യുക്തിവാദം എന്നത് ഉള്ളതിനെ നിഷേധിക്കലും ഇല്ലാത്തതിനെ സ്ഥാപിക്കലുമാണ്. അത് ഒരുതരം മാനസിക രോഗവും കൂടിയാണ്. യുക്തിവാദി ഒരേ സന്ദര്‍ഭത്തില്‍ കേട്ടറിവുകളെയും പഞ്ചേന്ദ്രിയങ്ങളെയും ദൈവത്തെയും ദൈവികമായ അറിവുകളെയും നിഷേധിക്കുകയാണ്്. പഞ്ചേന്ദ്രിയങ്ങളെ നിഷേധിക്കുകയെന്നാല്‍ സാമാന്യബുദ്ധിയെയും കേട്ടറിവുകളെയും നിഷേധിക്കുന്നുവെന്നര്‍ഥം. ദൈവവും മതവുമെല്ലാം ചിന്തയുടെയും കേട്ടറിവിന്റെയും ഉല്പന്നങ്ങളാണെന്നാണ് അവരുടെ പക്ഷം.യുക്തിവാദികള്‍ കാര്യമായി എതിര്‍ക്കാറുള്ളത് ഇസ്‌ലാമിനെയാണ്. അതിന്റെ പ്രധാന കാരണം ഇസ്‌ലാം മറ്റു മതങ്ങളെക്കാള്‍ പ്രമാണബദ്ധവും മുസ്‌ലിംകള്‍ അതിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്നവരുമാണ് എന്നതാണ്. ഇസ്‌ലാം ചിന്തക്കും ബുദ്ധിക്കും വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ദൈവത്തെപ്പോലും ചിന്തിച്ചു കണ്ടുപിടിക്കാനാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ആലുഇംറാന്‍ 190). ഇങ്ങനെ നൂറ്റിമുപ്പതോളം സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇസ്‌ലാം യുക്തിവാദത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ യുക്തിസഹമായ കാര്യങ്ങള്‍ അംഗീകരിക്കുന്നു. യുക്തിവാദം എന്നത് തനിക്ക് യുക്തമെന്ന് തോന്നുന്ന വാദങ്ങള്‍ പറയലാണ്. എന്നാല്‍ യുക്തിസഹമായ കാര്യങ്ങളില്‍ നന്മ കൈവരുത്തലോ തിന്മ ഇല്ലായ്മ ചെയ്യലോ ഉണ്ടായിരിക്കും. തന്നെ സൃഷ്ടിക്കുകയും വായുവും വെള്ളവും ഭക്ഷണവും നല്‍കി പരിപാലിച്ചു വളര്‍ത്തിയ ദൈവത്തെ നിഷേധിക്കലാണ് യുക്തിവാദം. ഇത്തരം നിഷേധം അഹങ്കാരത്തിന്റെ ലക്ഷണമാണ്. ഇത്തരക്കാര്‍ നേര്‍വഴി പ്രാപിക്കുകയില്ലായെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ”സത്യവിരുദ്ധവും അന്യായവുമായി ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചു കളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ചുകളയുകയും അവയെക്കുറിച്ച് അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്.” (അഅ്‌റാഫ് 146)യുക്തിവാദികള്‍ ഭൂമിയില്‍ അ ന്യായമായി അഹങ്കരിക്കുന്നവരാണ്. കാരണം ദൈവത്തെ നിഷേധിച്ച് തള്ളിക്കളഞ്ഞിട്ടും അവര്‍ ഭൂമിയിലെ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുകയും അനുഭവിച്ചു ജീവിക്കുകയും ചെയ്യുന്നു. താന്‍ എത്ര കാലം ജീവിക്കുമെന്നോ തനിക്ക് ഏതെല്ലാം രോഗമുണ്ടാകുമെന്നോ താന്‍ എത്രാം വയസ്സില്‍ ഏത് സ്ഥലത്തുവെച്ച് മരണപ്പെടുമെന്നോ എന്നെ മരണം പിടികൂടുകയില്ലെന്നോ കൃത്യമായി പറയാന്‍ ഇന്നേവരെ ഒരു യുക്തിവാദിയും ധൈര്യപ്പെട്ടിട്ടില്ല. ഇത്തരം യുക്തിവാദികളോട് ദൈവം ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക: ”എന്നാല്‍ ജീവന്‍ തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്കത് തടുത്ത് നിര്‍ത്താന്‍ കഴിയാത്തത്? നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുന്നു. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചേടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ, നിങ്ങള്‍ കണ്ടറിയുന്നില്ല.” (വാഖിഅ 83-85)യുക്തിവാദി ദൈവത്തെ തള്ളിക്കളയുന്നത് താന്‍ ദൈവത്തെ കാണാത്തതുകൊണ്ടാണ്. ദൈവത്തെക്കുറിച്ച് അവന്‍ കേട്ടിട്ടേ ഉള്ളൂ. അത് വിശ്വസിക്കാന്‍ അവന്‍ തയ്യാറുമല്ല. ദൈവത്തെക്കുറിച്ച് ചിന്തിച്ചു കണ്ടുപിടിക്കാനും അവന്‍ ഒരുക്കമല്ല. എന്നാല്‍ അവന്‍ നേരില്‍ കാണാത്ത പലതിലും അവന്‍ വിശ്വസിച്ചു പോരുന്നു. പിതാവ് മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ ജീവിച്ചിരുന്ന യുക്തിവാദി പിതാവിനെ കണ്ടിട്ടില്ല. പിതാവിന്റെ പേര് അബ്ദുല്‍കലാം എന്നായിരുന്നു. എന്നിട്ടും യുക്തിവാദി തന്റെ പിതാവ് മര്‍ഹൂം അബ്ദുല്‍ കലാമാണെന്ന് വാദിക്കുന്നു. രേഖപ്പെടുത്തേണ്ട സ്ഥലങ്ങളിലെല്ലാം രേഖപ്പെടുത്തുന്നു. ദൈവവിശ്വാസം എന്നത് അല്ലാഹു പ്രകൃത്യാ മനുഷ്യരുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ച ശക്തമായ ദര്‍ശനമാണ്. അത് വാദപ്രതിവാദം നടത്തി സ്ഥാപിക്കേണ്ട ഒന്നല്ല. അതുകൊണ്ടു തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ ദൈവനിഷേധികളോടും യുക്തിവാദികളോടും വാഗ്വാദം നടത്തരുത് എന്ന് പറയുന്നത്. മറ്റൊരു കാരണം, കാണാത്ത ഒരു വസ്തുവെ സ്ഥാപിക്കാന്‍ പ്രയാസവും നിഷേധിക്കാന്‍ എളുപ്പവുമാണ്. അത്തരം ഒരവസ്ഥയില്‍ അത് മതനിഷേധികള്‍ക്ക് അവരുടെ വാദം സ്ഥാപിക്കാന്‍ എളുപ്പമായിത്തീരും. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെ തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ട്.” (നിസാഅ് 140)വിശ്വാസരഹിത ശുദ്ധ ശൂന്യ സംവാദങ്ങള്‍ ഫലപ്പെടുകയില്ലന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ജീവിതത്തില്‍ ഹറാമും ഹലാലും പരിഗണിക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്നവരാണ് യുക്തിവാദികളും ദൈവനിഷേധികളും. അവരുടെ ബുദ്ധിക്ക് നല്ലതായി തോന്നുന്ന ഏത് നീചവൃത്തിയും അവര്‍ക്ക് അനുവദനീയമാണ്. എന്നിട്ടും അല്ലാഹു അവര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. അവയെല്ലാം അവര്‍ ജീവിതത്തില്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിന്നെ എന്തിനാണ് അവര്‍ നബി(സ)ക്ക് അല്ലാഹു പ്രത്യേകം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ അസൂയ കാണിക്കുന്നത്? ഇസ്‌ലാമിനെയോ വിശുദ്ധ ഖുര്‍ആനിനെയോ വിമര്‍ശിക്കാന്‍ കാര്യമായി യാതൊരു പോയന്റും ലഭിക്കാത്ത നിരീശ്വര നിര്‍മത പ്രസ്ഥാനക്കാരും ഓറയന്റിലിസ്റ്റുകളും വിമര്‍ശന വിധേയമാക്കാറുള്ളത് നബി(സ)യുടെ വൈവാഹിക ജീവിതത്തെയാണ്. ദൈവനിഷേധികള്‍ക്കും അക്രമികള്‍ക്കും ധിക്കാരികള്‍ക്കും ഈ ഭൂമിയില്‍ ദൈവം യഥേഷ്ടം സുഖസൗകര്യങ്ങള്‍ നല്‍കിയതുകൊണ്ടാണ് ദൈവം റഹ്മാന്‍ (പരമ കാരുണികന്‍) ആയത്. അതേ ദൈവം തന്റെ ആജ്ഞകള്‍ ഭൂമിയില്‍ നടപ്പിലാക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന് വൈവാഹിക രംഗത്ത് വല്ല ആനുകൂല്യങ്ങളും കൂടുതല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഇത്രത്തോളം വിമര്‍ശന വിധേയമാക്കേണ്ടതുണ്ടോ? എന്ന് ചിന്തിക്കേണ്ടത് നിരീശ്വര നിര്‍മത പ്രസ്ഥാനക്കാര്‍ തന്നെയാണ്. ഇവര്‍ കാര്യമായി വിമര്‍ശന വിധേയമാക്കാറുള്ള ഒരു കാര്യം ആഇശ(റ)യെ നബി(സ) ആറാം വയസ്സില്‍ വിവാഹം കഴിച്ചു എന്നതിനെയാണ്. ആഇശ(റ)യെ നബി(സ) പ്രസ്തുത പ്രായത്തില്‍ വിവാഹം കഴിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്ന്: ശൈശവ വിവാഹം അന്ന് അറബികളില്‍ നിലവിലുണ്ടായിരുന്നു. രണ്ട്: ആഇശ(റ)യുടെ പിതാവായിരുന്ന അബൂബക്കറുമായും ഇസ്‌ലാമിക സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാന്‍. മൂന്ന്: ആഇശ(റ) ചെറുപ്പത്തിലേ ബുദ്ധി സാമര്‍ഥ്യമുള്ള ഒരു പെണ്ണായിരുന്നു എന്ന പ്രവാചകന്റെ തിരിച്ചറിവ് അവരിലൂടെ ഇസ്‌ലാമികമായ അധ്യാപനങ്ങള്‍ ലോകത്തിന്ന് പ്രദാനം ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസം. നാല്: ദൈവികമായ വഹ്‌യ് ആഇശ(റ)യെ വിവാഹം കഴിക്കുന്ന വിഷയത്തില്‍ നബി(സ)ക്കുണ്ടായിരുന്നു. നബി(സ) ആഇശ(റ)യോട് ഇപ്രകാരം പറയുകയുണ്ടായി: ”നീ എനിക്ക് രണ്ടു തവണ സ്വപ്‌നത്തില്‍ കാണിക്കപ്പെടുകയുണ്ടായി”(ബുഖാരി:അല്‍ബിദായതുവന്നിഹായ 3:151). പ്രവാചകന്മാരുടെ സ്വപ്‌നം വഹ്‌യില്‍ പെട്ടതാണ്. നബി(സ) ആഇശ(റ)യുമായി ദാമ്പത്യ ബന്ധം തുടങ്ങിയത് അവര്‍ക്ക് പ്രായപൂര്‍ത്തി വന്നതിന് ശേഷം മാത്രമാണ്. അവരുടെ ആറാം വയസ്സില്‍ അവരെ വിവാഹം കഴിച്ചത് തന്റെ ഇസ്‌ലാമിക ദൗത്യത്തെ സഹായിക്കുന്ന വിധത്തിലുള്ള ഒരു വധുവിനെ കൂടി കണ്ടെത്തുകയെന്ന ഉദ്ദേശത്താല്‍ മാത്രമായിരുന്നു. രണ്ടാമതായി ഇവര്‍ ഉന്നയിക്കാറുള്ള ഒരു ആക്ഷേപം നബി(സ)ക്ക് നാലിലധികം ഭാര്യമാരെ അല്ലാഹു അനുവദിച്ചുകൊടുത്തു എന്നതാണ്. ശരിയാണ്. ദൈവം ഈ ഭൂമിയിലുള്ള സര്‍വചരാചരങ്ങളോടും കരുണ കാണിക്കുന്നനാണ്. അവന്റെ മതത്തെ സഹായിക്കുന്നവരെ അവന്‍ തിരിച്ചും സഹായിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനെന്തിനാണ് യുക്തിവാദികളും നിരീശ്വരന്മാരും ഹാലിളകുന്നത്? അല്ലാഹു പറയുന്നു: ”അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവന്‍ ആഗ്രഹിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു” (അല്‍ബഖറ 105). ഇസ്‌ലാം ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു മതമല്ല.” ഭാര്യമാരോട് തുല്യനീതി പുലര്‍ത്താന്‍ കഴിവുള്ളവര്‍ക്കു മാത്രമേ അത് അനുവദനീയമാകൂ” (നിസാഅ് 3). അല്ലാഹു വീണ്ടും പറയുന്നു: ”നിങ്ങള്‍ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല”(നിസാഅ് 129). മനുഷ്യന്റെ ശാരീരികവും മനസികവുമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായി മതം ബഹുഭാര്യാ ത്വം അനുവദിച്ചിരിക്കുന്നു. നബി (സ)ക്ക് അല്ലാഹു നാലിലധികം വിവാഹം കഴിക്കാന്‍ അുവാദം നല്‍കിയത് നബി(സ) യുക്തിവാദികള്‍ ജല്പിക്കും പോലെ ഒരു സ്ത്രീലമ്പടനായതുകൊണ്ടല്ല. അതിന്നും പല കാരണങ്ങളുണ്ട്. ഒന്ന്: നബി(സ) ആഇശ(റ)യെ ഒഴിച്ചു നിര്‍ത്തിയാല്‍ കന്യകയായ ഒരുവളെയും വിവാഹം കഴിച്ചിട്ടില്ല. രണ്ട്: പല സ്ത്രീകളെയും നബി(സ)ക്ക് നിര്‍ബന്ധിതമായി ഏറ്റെടുക്കേണ്ടി വന്നതാണ്. മൂന്ന്: നബി(സ) സ്ത്രീലമ്പടനായിരുന്നെങ്കില്‍ തന്റെ 25-ാമത്തെ വയസ്സില്‍ 50 വയസ്സായ രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിധവയായ ഖദീജ(റ)യെ ഒന്നാമതായി വിവാഹം കഴിക്കുമായിരുന്നില്ല. നാല്: വ്യത്യസ്ത ഭാര്യമാരിലൂടെ വ്യത്യസ്തങ്ങളായ പാഠങ്ങള്‍ ലോകത്തിന്ന് ലഭിക്കേണ്ടതുണ്ട് എന്ന് സ്രഷ്ടാവായ ദൈവം കണ്ടതുകൊണ്ടാണ് നബി(സ)ക്ക് നാലിലധികം വിവാഹം കഴിക്കാന്‍ അനുവാദം നല്‍കിയത്. നബി(സ)ക്കെതിരില്‍ യുക്തിവാദികള്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണം നബി(സ)ക്ക് അടിമസ്ത്രീകളെ യഥേഷ്ടം വിവാഹം കഴിക്കാതെ അനുവദനീയമാക്കിയെന്നതാണ്. പരിശോധിച്ചാല്‍ ഈ ആരോപണവും ശരിയല്ല എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. നബി(സ) തന്റെ അടിമത്തത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും മഹ്‌റു കൊടുക്കാതെയും വിവാഹം കഴിക്കാതെയും ലൈംഗിക ബന്ധത്തില്‍  ഏര്‍പ്പെട്ടിട്ടില്ല.” നബി(സ) യുടെ കീഴിലുണ്ടായിരുന്ന രണ്ട് അടിമസ്ത്രീകളായിരുന്നു സ്വഫിയ്യ(റ)യും ജുവൈരിയ്യ(റ)യും. രണ്ടുപേരെയും നബി(സ) സ്വതന്ത്രകളാക്കി മഹ്‌റുകൊടുത്ത് വിവാഹം കഴിക്കുകയാണുണ്ടായത്” (ഇബ്‌നുകസീര്‍ 3:499). അവരുടെ മഹ്ര്‍ അടിമത്ത മോചനമായിരുന്നു. നബി(സ)ക്കും മഹ്‌റു കൊടുക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു അരുളി: ”നബിയേ, താങ്കള്‍ മഹ്ര്‍ കൊടുത്തിട്ടുള്ള താങ്കളുടെ ഭാര്യമാരെയും വലതു കൈകളെ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളെയും വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു” (അഹ്‌സാബ് 50). അടിമത്തം എന്നത് ഇസ്‌ലാമിനോട് അന്യായമായി യുദ്ധത്തിന് വന്നവര്‍ക്കുള്ള ഒരു ശിക്ഷയാണ്. ക്രമേണ ഇസ്‌ലാം അത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. അവരുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ അനുവദിച്ചത് ഒരു പരിധി വരെ മറ്റുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വഹാബികളെ തടഞ്ഞു നിര്‍ത്താനായിരുന്നു. നിര്‍ധനരായവര്‍ക്ക് ഉപജീവനം സമ്പാദിക്കാനുള്ള ഒരു മാര്‍ഗവും കൂടിയായിരുന്നു അടിമത്വം. അടിമകളോട് നൂറു ശതമാനം നീതി പുലര്‍ത്താനാണ് ഇസ്‌ലാമിന്റെ കല്പന. വിവാഹം കഴിക്കാതെ ഒരു സ്ത്രീയെയും നബി(സ) ഭാര്യയാക്കിയിട്ടില്ലായെന്ന് മുമ്പ് പ്രസ്താവിച്ചുവല്ലോ. ”ജുറൈജ് എന്ന രാജാവ് നബി(സ)ക്ക് സമ്മാനമായി നല്‍കിയതായിരുന്നു ‘മാരിയ’ എന്ന സ്ത്രീയെ” (അല്‍ബിദായത്തു വന്നിഹായ 5:347). രക്ഷകര്‍ത്താവ് എന്ന നിലയില്‍ രാജാവ് നബി(സ)ക്ക് വിവാഹം കഴിച്ചുകൊടുത്തു എന്നു വേണം മനസ്സിലാക്കാന്‍. ഇതിന്റെ പിന്നിലും യുക്തിവാദികള്‍ ഒരുപാട് നുണകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്തുതന്നെ പ്രചരിപ്പിച്ചാലും നബി(സ) വിവാഹം കഴിക്കാതെയും മഹ്‌റു കൊടുക്കാതെയും ഒരു സ്ത്രീയുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യെ വിമര്‍ശിക്കാനുപയോഗിക്കുന്ന മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ”സത്യവിശ്വാസിയായ ഒരു സ്ത്രീ സ്വന്തം ശരീരം നബി(സ)ക്ക് ദാനം ചെയ്യുന്നപക്ഷം അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അതും താങ്കള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (അഹ്‌സാബ് 50). ഏതെങ്കിലും ഒരു സ്ത്രീ സ്വന്തം ശരീരത്തെ നബി(സ)ക്ക് ദാനം ചെയ്യുന്ന പക്ഷം ആ സ്ത്രീയെ വിവാഹമൂല്യം നല്‍കാതെ തന്നെ നബി(സ)ക്ക് ഭാര്യയായി സ്വീകരിക്കാം എന്നു പറയുന്നതും, ഇണയും തുണയുമില്ലാത്തവര്‍ക്ക് ഒരു സംരക്ഷകന്‍ എന്ന നിലയില്‍ മാത്രമാണ്. ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി സ്വഹാബാ വനിതകള്‍ നബി(സ)ക്ക് ശരീരം സ്വയം അര്‍പ്പിക്കാന്‍ വന്നുവെങ്കിലും നബി(സ) ആരെയും സ്വീകരിക്കുകയുണ്ടായില്ല. തഫ്‌സീര്‍ ഇബ്‌നികസീര്‍ 3:499500 നോക്കുക. ഇത് നിര്‍ബന്ധ കല്പനയല്ല. വേണമെങ്കില്‍ ആവാം എന്ന നിലയില്‍ മാത്രമാണ് മേല്‍ വചനം. നബി(സ)ക്ക് ദൈവം നല്‍കിയ ചില ആനുകൂല്യങ്ങളിലും അനുഗ്രഹങ്ങളിലും ആരും അസൂയപ്പെടേണ്ടതില്ല

Back to Top