യാത്രയുടെ പുണ്യം
ഷമീം കെ സി കുനിയില്‍
നമ്മള്‍ നിത്യവും യാത്ര ചെയ്യുന്നവരാണല്ലോ യാത്രക്കിടയില്‍ പല മുഖങ്ങളും നാം കാണാറുണ്ട്. എന്നാല്‍ ചില മുഖങ്ങള്‍ നമ്മുടെ മനസില്‍ നിന്ന് മായാറില്ല. എത്രയോ പേര്‍ നമ്മുടെ വാഹനത്തിന് കൈ കാണിക്കാറുണ്ട്. പലപ്പോഴും നാം നിര്‍ത്താറില്ല. പക്ഷേ, പല മുഖങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൈ കാണിക്കാറുള്ളത്. മുഖത്ത് അവരുടെ ദൈന്യത, അവരുടെ പ്രതീക്ഷ നിങ്ങള്‍ കാണാറുണ്ടോ? എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ. ഒരു ദിവസം കീഴുപറമ്പിലെ പഴംപറമ്പ് നിന്ന് കുനിയിലേക്ക് ഞാന്‍ ബൈക്കില്‍ വരികയാണ്. പഴംപറമ്പ് എത്തിയപ്പോള്‍ എന്റെ മുന്നില്‍ 50 മീറ്ററോളം അകലെ 65 വയസ് തോന്നിക്കുന്ന ഒരമ്മ എന്റെ ബൈക്കിന്റെ ശബ്ദം കേട്ട് പിറകിലോട്ട് തിരിഞ്ഞ് നോക്കുന്നു. ഞാന്‍ അടുത്ത് എത്തുമ്പോള്‍ ആ അമ്മയുടെ ദയനീയമായ മുഖം എന്റെ മനസിനെ വല്ലാതെ പിടിച്ചു നിര്‍ത്തി. വെയിലേറ്റ് അമ്മയുടെ മുഖം വാടിയിട്ടുണ്ട്. പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയ അമ്മയോട് ബൈക്ക് നിര്‍ത്തി ഞാന്‍ ചോദിച്ചു: അമ്മ പോരുന്നോ? അമ്മയുടെ മുഖം തെളിഞ്ഞു. പോരുന്നു മോനെ എന്ന മറുപടി. ഞാന്‍ ആ അമ്മയെ ബൈക്കില്‍ കയറ്റി പോന്നു
ബൈക്കിലിരുന്നു അമ്മ പറഞ്ഞു. മോനെ, ഞാന്‍ അക്ഷയയിലേക്ക് കരന്റ് ബില്ലടക്കാന്‍ പോവുകയാണ്. വീട്ടിലാരുമില്ല. കുറച്ച് നടക്കുബോള്‍ എനിക്ക് കിതപ്പ് വരും. അപ്പോള്‍ ഞാന്‍ ഇരിക്കും. കുറച്ച് കഴിഞ്ഞ് വീണ്ടും നടക്കും. പല വാഹനങ്ങളും ഇതിലെ പോയി. എറെ പ്രതീക്ഷയോടെ നോക്കി നിന്നതല്ലാതെ ആരും നിര്‍ത്തിയില്ല. മോന്റെ കൂടെ ദൈവം എന്നുമുണ്ടാവും എന്ന് പറഞ്ഞ് വണ്ടിയില്‍ ഇരുന്നു എനിക്ക് വേണ്ടി പ്രാര്‍ഥിച്ച ഞാനറിയാത്ത ആ അമ്മയുടെ മുഖം മനസില്‍ മായാതെ കിടക്കുന്നു.
ജീവിത യാത്രയില്‍ എത്രയോ മുഖങ്ങള്‍ ഓരോ വണ്ടിക്കു മുന്നിലും കൈ നീട്ടുന്നത് നമ്മള്‍ കാണാറുണ്ട്. അപ്പോഴൊക്കെ അവരുടെ പ്രതീക്ഷ ഈ വണ്ടിയൊന്നു നിര്‍ത്തിയിരുന്നെങ്കില്‍ എന്നായിരിക്കാം. നമ്മുടെ ഒരു സഹായം അവര്‍ക്ക് ജീവിതം കൈപ്പിടിയിലൊതുക്കാന്‍ പ്രാപ്തിയുള്ളതായേക്കാം. ആ സഹായം മതിയാവും നമുക്ക് സ്വര്‍ഗം കരഗതമാക്കാന്‍. നല്ല മനസ്സോടെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങളെങ്കില്‍ പടച്ചവന്റെ സഹായം നമുക്കുണ്ടാവും.
പലപ്പോഴും നമ്മള്‍ കാറില്‍ തനിച്ചായിരിക്കും യാത്ര. നമ്മുടെ അയല്‍വാസികള്‍, കുടുംബക്കാര്‍, നാട്ടുകാര്‍ അങ്ങനെ പലരേയും വഴിയരികില്‍ നില്‍ക്കുന്നത് കണ്ടാല്‍ നമ്മള്‍ കാണാത്തപോലെ വണ്ടി ഓടിച്ചു പോവും. പലരും കൈ കാണിക്കുന്നത് ഏറെ പ്രതീക്ഷയോടെ ആയിരിക്കും. പലപ്പോഴും നമ്മുടെ ഒരു സഹായമായിരിക്കാം അവരുടെ ജീവിതത്തിലെ പല നല്ലതിനും തുടക്കം കുറിക്കുക. നമ്മളാല്‍ കഴിക്കുന്ന സഹായം എത്ര ചെറുതാണെങ്കിലും നമ്മള്‍ ചെയ്തു കൊടുക്കുക.