യാത്രയിലെ മര്യാദകള്‍ – പി കെ മൊയ്തീന്‍ സുല്ലമി
യാത്ര മനുഷ്യജീവിതത്തിലെ അനിവാര്യതയാണ്. യാത്രയുമായി ബന്ധപ്പെട്ട് പല സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്ക്കുന്നുണ്ട്. മുസ്‌ലിംകളില്‍ ചിലര്‍ വെള്ളിയാഴ്ച യാത്ര ചെയ്യുന്നത് നിഷിദ്ധമോ കുറ്റകരമോ ആയി കണക്കാക്കുന്നുണ്ട്. ഇത് അന്ധവിശ്വാസമാണ്. യാത്ര മുന്‍കൂട്ടി ഉറപ്പിക്കാനാവില്ല. ആവശ്യം വരുമ്പോഴാണ് നാം യാത്ര ചെയ്യാറുള്ളത്. ഉദാഹരണത്തിന്, മറ്റൊരു നാട്ടില്‍ ജീവിക്കുന്ന തന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു എന്ന് വെള്ളിയാഴ്ച രാവിലെ ഒരാള്‍ക്ക് അറിയിപ്പ് കിട്ടിയാല്‍ യാത്ര നിര്‍ബന്ധമായി വരുന്നു. മറ്റുള്ള ആവശ്യങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. വെള്ളിയാഴ്ച യാത്ര പാടില്ല എന്ന ഒരു നബിവചനം ചിലര്‍ ഉദ്ധരിക്കാറുണ്ട്. ”വെള്ളിയാഴ്ച യാത്ര ചെയ്യുന്നവനെതിരില്‍ മലക്കുകള്‍ പ്രാര്‍ഥിക്കും” (ദാറഖുത്‌നി). ഈ ഹദീസ് ദുര്‍ബലമാണ്.
ഇബ്‌നുഉമറില്‍(റ) നിന്നുള്ള ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ”ഈ ഹദീസ് ദുര്‍ബലനായ ഇബ്‌നു ലുഹൈഅത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്.” (സാദുല്‍മആദ് 1:383). തുടര്‍ന്ന് അദ്ദേഹം താഴെ വരുന്ന സ്വഹീഹായ റിപ്പോര്‍ട്ടിലൂടെ അതിന് വിരോധമില്ലെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു. ”ജുമുക്കുശേഷം യാത്ര പോകാന്‍ ഒരുങ്ങിനില്‍ക്കുന്ന ഒരാളെ ഉമര്‍(റ) കാണാനിടവന്നു. അദ്ദേഹത്തോട് ചോദിച്ചു: താങ്കളുടെ പ്രശ്‌നം എന്താണ്? അദ്ദേഹം പറഞ്ഞു: ഞാന്‍ ജുമുഅക്കു ശേഷം യാത്രക്കുദ്ദേശിക്കുന്നു. അതിന്റെ മുമ്പുള്ള യാത്ര ഞാന്‍ വെറുക്കുകയും ചെയ്യുന്നു. ഉമര്‍(റ) പറഞ്ഞു: ജുമുഅയുടെ സമയമാകാത്ത പക്ഷം നിനക്ക് യാത്ര പോകുന്നതില്‍ യാതൊരു തടസ്സവുമില്ല.” (മുസ്വന്നഫ് അബ്ദുറസാഖ്, നമ്പര്‍ 5536 സാദുല്‍ മആദ് 1:384)
പ്രത്യേക പ്രാര്‍ഥന?
യാത്ര പോകുന്ന വ്യക്തികള്‍ക്ക് ഇസ്‌ലാമില്‍ ദീര്‍ഘമായ പ്രാര്‍ഥനകളൊന്നുമില്ലെങ്കിലും അല്ലാഹുവിന്റെ നാമത്തിലും അവനില്‍ കാര്യങ്ങള്‍ ഭരമേല്പിച്ചുകൊണ്ടും അഥവാ
എന്ന വചനം ഉച്ചരിച്ചുകൊണ്ടായിരിക്കണം എന്നത് ഖുര്‍ആന്‍ കൊണ്ടും സുന്നത്തുകൊണ്ടും സ്ഥിരപ്പെട്ടതാണ്. ഏറ്റവും ചുരുങ്ങിയത് താമസസ്ഥലത്തു നിന്നും ഇറങ്ങുമ്പോള്‍ മേല്‍ പറഞ്ഞ വചനമെങ്കിലും ഉച്ചരിക്കേണ്ടതാണ്. എന്നാല്‍ യാത്രാ സന്ദര്‍ഭത്തില്‍ പ്രത്യേക സുന്നത്തു നമസ്‌കാരം നബി(സ) ചര്യയാക്കിയിട്ടില്ല. യാത്രയുടെ സുന്നത്ത് എന്ന പേരില്‍ ചിലര്‍ നമസ്‌കരിക്കുന്നതു കാണാം. ദീര്‍ഘയാത്രയ്ക്കും ഹജ്ജിനും ഉംറക്കും പോകുമ്പോഴും ചിലര്‍ രണ്ടു റക്അത്ത് സുന്നത്തു നമസ്‌കരിക്കാറുണ്ട്. ഇത് അനാചാരമായിട്ടേ കണക്കാക്കാന്‍ സാധിക്കൂ. നബി(സ) പറഞ്ഞിരിക്കുന്നു: ”നമ്മുടെ ഈ ദീന്‍ കാര്യത്തില്‍ വല്ലവനും വല്ലതും പുതുതായി നിര്‍മിച്ചുണ്ടാക്കുന്ന പക്ഷം അത് തള്ളിക്കളയേണ്ടതാണ്”(ബുഖാരി)
യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ പള്ളിയില്‍ കയറി രണ്ടു റക്അത്ത് നമസ്‌കരിച്ച് അല്പ സമയം വിശ്രമിക്കല്‍ നബി(സ)യുടെ ചര്യയില്‍ പെട്ടതാണ്. ആ വിഷയത്തില്‍ വന്ന ഹദീസ് ശ്രദ്ധിക്കുക: ”കഅ്ബുബ്‌നു മാലിക്(റ) പറയുന്നു: നബി(സ) യാത്ര കഴിഞ്ഞാല്‍ പകല്‍ സമയം ഇളയുച്ച സമയത്താണ് തിരിച്ചെത്തുക. നാട്ടിലെത്തിയാല്‍ പള്ളിയില്‍ കയറും. ശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കും. തുടര്‍ന്ന് ജനങ്ങള്‍ക്കു വേണ്ടി അല്പസമയം അവിടെ ഇരിക്കും” (ബുഖാരി, മുസ്‌ലിം).
യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവരെ സ്വീകരിക്കലും സുന്നത്താണ്. അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു: ”നബി(സ) യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ അവിടുത്തെ കുടുംബത്തിലെ കുട്ടികളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്താറുണ്ടായിരുന്നു” (മുസ്‌ലിം). ദീര്‍ഘകാലം വീടുവിട്ട് യാത്ര പോയവര്‍ തിരിച്ചുവരുന്ന വിവരം തന്റെ വീട്ടുകാരെ അറിയിക്കാതെ വീട്ടില്‍ എത്തിച്ചേരരുത്. നബി (സ) പറയുന്നു: ”നിങ്ങളില്‍ ഒരാള്‍ ദീര്‍ഘകാലമായി യാത്ര കാരണം അപ്രത്യക്ഷനായിരുന്നെങ്കില്‍ അവന്‍ തിരിച്ചുവരുമ്പോള്‍ പെട്ടെന്നു ചെന്ന് രാത്രി മുട്ടി വിളിക്കരുത്” (ബുഖാരി, മുസ്‌ലിം). യാത്രയയക്കുമ്പോള്‍ ചൊല്ലാനുള്ള ഒന്നിലധികം പ്രാര്‍ഥനകള്‍ നബി(സ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ ഒരു രൂപം ഇപ്രകാരമാണ്:
”നിന്റെ ദീനും അന്ത്യകര്‍മങ്ങളും വിശ്വസ്തതയും സൂക്ഷിക്കാന്‍ ഞാന്‍ അല്ലാഹുവെ ഏല്പിക്കുന്നു”. (അഹ്മദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, ഹാകിം)
യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ നബി(സ) ദീര്‍ഘമായി പ്രാര്‍ഥിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്:
”ഞങ്ങള്‍ ഞങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും അവങ്കലേക്ക് പശ്ചാത്തപിച്ചുകൊണ്ടും മടങ്ങിവന്നിരിക്കുന്നു” (മുസ്‌ലിം)
യാത്രയില്‍ രണ്ടാളുകള്‍ മാത്രമാണെങ്കില്‍ അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചനയിലൂടെ നിര്‍വഹിക്കേണ്ടതാണ്. രണ്ടിലധികം ആളുകളുണ്ടെങ്കില്‍ ഒരാളെ നേതാവായി തിരഞ്ഞെടുക്കേണ്ടതാണ്. ”മൂന്നു പേരുള്ള യാത്രാ സംഘം കൂട്ടത്തില്‍ ഒരാളെ നേതാവായി നിശ്ചയിച്ചുകൊള്ളട്ടെ.” (അബൂദാവൂദ്)
ജംഉം ഖസ്‌റും
യാത്രക്കാര്‍ക്ക് അല്ലാഹു അനുവദിച്ച ഒരു ഇളവും ആനുകൂല്യവുമാണ് ജംഉം ഖസ്വ്‌റും ആക്കി നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയെന്നത്. രണ്ടു നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒരു നമസ്‌കാരസമയത്ത് മുന്തിച്ചോ പിന്തിച്ചോ ഒന്നിച്ച് നമസ്‌കരിക്കുന്നതിനാണ് ജംആക്കുക എന്നു പറയുന്നത്. ഉദാഹരണത്തിന് മധ്യാഹ്നത്തിനു മുമ്പ് യാത്ര പോകുന്ന ഒരു വ്യക്തിക്ക് ദുഹ്‌റ് നമസ്‌കാരം അസ്വറിലേക്ക് പിന്തിച്ചു ജംആക്കാവുന്നതാണ്. ഇങ്ങനെ ജംആക്കുമ്പോള്‍ ആദ്യം നിര്‍വഹിക്കേണ്ട നമസ്‌കാരം ഏതാണെന്ന മുന്‍ഗണനാ പരിഗണന വെച്ചുകൊണ്ടാണ്. മേല്‍ പറഞ്ഞതില്‍ ആദ്യം നിര്‍വഹിക്കേണ്ടത് ദുഹ്‌റാണ്. മധ്യാഹ്നത്തിനു ശേഷമാണ് യാത്രയെങ്കില്‍ അസര്‍ നമസ്‌കാരം നഷ്ടപ്പെടും എന്നു കാണുന്ന പക്ഷം അസ്വറിനെ ദുഹ്‌റിലേക്ക് മുന്തിച്ച് ജംആക്കാവുന്നതാണ്. അഥവാ ദുഹ്‌റിനു ശേഷം അസറും കൂടി നമസ്‌കരിക്കാവുന്നതാണ്.
സന്ധ്യയ്ക്കു യാത്ര പോകുമ്പോള്‍ മഗ്‌രിബ് നമസ്‌കാരത്തെ ഇശാ നമസ്‌കാരത്തിലേക്ക് പിന്തിച്ചു ജംആക്കാവുന്നതാണ്. യാത്ര സന്ധ്യയ്ക്കു ശേഷമാണെങ്കില്‍ ഇശാ നമസ്‌കാരം മഗ്‌രിബിനോടൊപ്പം മുന്തിച്ചും ജംആക്കാവുന്നതുമാണ്. നാലു റക്അത്തുകളുള്ള നമസ്‌കാരങ്ങള്‍ രണ്ടു റക്അത്തുകളാക്കി ചുരുക്കി നിര്‍വഹിക്കുന്നതിനാണ് ഖസ്ര്‍ ആക്കുക എന്നു പറയുന്നത്. ദുഹ്‌റും അസറും ഇശാഉം ഖസ്‌റാക്കി നിര്‍വഹിക്കാവുന്നതാണ്. ഒരേ സമയം തന്നെ യാത്രയില്‍ പ്രവേശിച്ചവര്‍ക്ക് ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കാവുന്നതാണ്. ദുഹ്‌റിനോടൊപ്പം അസ്‌റും ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കുമ്പോള്‍ ആദ്യം ദുഹ്‌റ് രണ്ടു റക്അത്തും ശേഷം അസ്ര്‍ രണ്ടു റക്അത്തും നമസ്‌കരിക്കേണ്ടതാണ്. അതിന് ഇത്ര ദൂരം സഞ്ചരിക്കണം എന്ന് നബി(സ) തിട്ടപ്പെടുത്തി പറഞ്ഞിട്ടില്ല. ഒരു സ്ഥലത്തുനിന്ന് യാത്ര തുടരുന്ന വ്യക്തിക്ക് താന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരുമ്പോഴേക്ക് നമസ്‌കാരം നഷ്ടപ്പെടുമോ എന്നതു മാത്രമാണ് അതിന്റെ മാനദണ്ഡം.
ഹ്രസ്വയാത്രക്കാരും ദീര്‍ഘയാത്രക്കാരുമുണ്ട്. അതുപോലെ ചിലപ്പോള്‍ യാത്രയിലായിരിക്കെ കൂടുതല്‍ കാലം സ്വദേശം വിട്ടു നില്‍ക്കേണ്ടിവരും. യാത്രക്കാര്‍ക്ക് എത്ര ദിവസം വരെ ജംഉം ഖസ്വ്‌റുമാക്കാം എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും നബി(സ)യുടെയും സ്വഹാബത്തിന്റെയും ചര്യ ഇപ്രകാരമാണ്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ചില യാത്രകളില്‍ നമസ്‌കാരം ഖസ്‌റാക്കി 19 ദിവസത്തോളം താമസിക്കുകയുണ്ടായി. ഞങ്ങളും 19 ദിവസം വരെ എവിടെയെങ്കിലും യാത്രാ ആവശ്യാര്‍ഥം താമസിക്കുന്ന പക്ഷം നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ടു റക്അത്തുകളാക്കി ചുരുക്കി നിര്‍വഹിക്കാറുണ്ടായിരുന്നു”(ബുഖാരി). അപ്പോള്‍ ഒരാള്‍ 19 ദിവസം യാത്രക്കിടയില്‍ എവിടെയെങ്കിലും താമസിക്കുന്ന പക്ഷം അത്രയും കാലം അയാള്‍ക്ക് ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കാവുന്നതാണ്. യാത്രയില്‍ പ്രവേശിച്ചതിന്നു ശേഷം മാത്രമേ ഖസ്‌റാക്കാവൂ എന്നു മാത്രം.