യച്ചൂരി കണ്ട കശ്മീര്‍ കെ പി അബൂബക്കര്‍, – മുത്തനൂര്‍
ജമ്മു കശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി എടുത്തുകളഞ്ഞ് പ്രദേശത്തെ രണ്ടായി വിഭജിക്കുകയും ആ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി തരം താഴ്ത്തുകയും ചെയ്തിരിക്കുകയാണല്ലോ മോദി സര്‍ക്കാര്‍. ഇതോടെ സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇന്ത്യയുടെ ഏറ്റവും സങ്കീര്‍ണമായ കശ്മീര്‍ പ്രശ്‌നം പരിഹൃദമായിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പുലമ്പി നടക്കുന്നത്. അതിനായി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങളെല്ലാം ഇപ്പോള്‍ എടുത്തുകളയുകയും അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുറക്കുകയും ചെയ്തിരിക്കുന്നു.
ഇതോടെ കാര്യങ്ങളെല്ലാം സാദാ നിലയിലെത്തിയിരിക്കുന്നു എന്നാണ് എന്നെങ്കിലുമൊക്കെ ഇന്ത്യയിലും ഉണ്ടാകാറുള്ള പ്രധാനമന്ത്രി 130 കോടി ഇന്ത്യക്കാരെയും ലോകത്തെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. വിദേശത്തുനിന്ന് വല്ലപ്പോഴും ഇവിടെ വന്നു പോകുന്ന മോദി കശ്മീരിന്റെ അവസ്ഥ എങ്ങനെ അറിയാനാണ്. അവിടെ പോയി കാര്യങ്ങള്‍ അറിയാന്‍ മറ്റാരെയും അനുവദിക്കുകയുമില്ല. അതിനിടയിലാണ് തന്റെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ സന്ദര്‍ശിക്കാന്‍ സി പി എം സെക്രട്ടറി സീതാറാം യച്ചൂരി പരമോന്നത നീതി പീഠത്തിന്റെ സമ്മതം വാങ്ങി ജമ്മുകശ്മീരില്‍ പോയത്. ”കേന്ദ്ര ഗവണ്‍മെന്റ് ഇവിടെ പറഞ്ഞു പ്രചരിപ്പിക്കുന്നതൊന്നുമല്ല കശ്മീരില്‍ നടക്കുന്നത്. ജനങ്ങളവിടെ ഏറെ ദുരിതത്തിലാണ്. വിദ്യാലയങ്ങള്‍ തുറന്നെങ്കിലും ഹാജര്‍ നന്നെ കുറവാണ്.” യച്ചൂരി പത്രക്കാരോട് പറഞ്ഞതിന്റെ രത്‌നച്ചുരുക്കമാണിത്. മോദി ഇന്ത്യയെ എങ്ങോട്ടാണ് നയിക്കുന്നത്?