21 Saturday
December 2024
2024 December 21
1446 Joumada II 19

മൗലിദാഘോഷത്തിന്റെ പിന്നാമ്പുറങ്ങള്‍ – പി കെ മൊയ്തീന്‍ സുല്ലമി

മതകര്‍മമെന്ന നിലയില്‍ മുസ്‌ലിംകളിലെ ഒരു വിഭാഗം ആചരിച്ചുവരുന്ന ഒന്നാണ് നബിദിനം. ഇതിന് ഖുര്‍ആനിലോ സുന്നത്തിലോ തെളിവില്ല. പ്രവാചകന്റെയോ സ്വഹാബത്തിന്റെയോ കാലത്ത് ഇത്തരമൊരു ആചാരം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഹദീസുകള്‍ ക്രോഡീകരിച്ച ബുഖാരി, മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരൊന്നും ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പ്രധാന ഇമാമുകളും മൗലിദാഘോഷമെന്ന പേരില്‍ ഒരു ആചാരവും നടത്തിയിട്ടില്ല.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി ഭക്ഷിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു” (തൗബ 34). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും ജനങ്ങളെ തടയുക എന്നതിന്റെ താല്പര്യം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കല്‍പനകള്‍ ധിക്കരിക്കും എന്നാണ്. മൗലിദാഘോഷത്തിന്റെ ലക്ഷ്യവും മേല്‍ സൂക്തത്തില്‍ പറഞ്ഞ കാര്യം തന്നെയാണ്.
മൗലിദാഘോഷം ശിക്ഷാര്‍ഹമായിത്തീരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന്, അത് നബി(സ)യുടെ ചര്യയില്‍ പെട്ടതല്ല. നബിചര്യയില്‍ പെടാത്ത കാര്യങ്ങള്‍ ത്യജിക്കണമെന്നാണ് ഖുര്‍ആനും സുന്നത്തും കല്പിക്കുന്നത്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് റസൂല്‍(സ) നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍നിന്ന് അദ്ദഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്” (ഹശ്ര്‍ 7). നബി(സ) അരുളുകയുണ്ടായി: ”നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും വല്ലവനും ചെയ്യുന്നപക്ഷം അത് തള്ളേണ്ടതാണ്” (മുസ്‌ലിം).
രണ്ട്, അനാചാരം പ്രവര്‍ത്തിക്കുന്നവര്‍ പരലോകത്തുവെച്ച് നബി(സ)യുടെ ശുപാര്‍ശയില്‍ നിന്നും ആട്ടപ്പെടുന്നതാണ്. ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: നബി(സ) ഒരിക്കല്‍ ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റുനിന്ന് ഇപ്രകാരം ഉപദേശിക്കുകയുണ്ടായി. നിങ്ങള്‍ മനസ്സിലാക്കണം തീര്‍ച്ചയായും എന്റെ സമുദയത്തില്‍പെട്ട ഒരു വിഭാഗം ആളുകളെ (മഹ്ശറയില്‍) കൊണ്ടുവന്ന് നരകഭാഗത്തുനിര്‍ത്തും. അപ്പോള്‍ ഞാന്‍ (നബി) പറയും. നാഥാ, ഇവരൊക്കെ എന്റെ കൂട്ടുകാരില്‍പെട്ടവരാണ്. അപ്പോള്‍ പറയപ്പെടും. (അല്ലാഹു പറയും), താങ്കള്‍ക്കുശേഷം (മരണശേഷം) അവര്‍ മതത്തില്‍ പുതുതായി ഉണ്ടാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് താങ്കള്‍ അറിയുന്നവനല്ല. അപ്പോള്‍ ഞാന്‍ (നബി) ഈസാ(അ) പറഞ്ഞതുപോലെ മറുപടി നല്‍കും. ഞാനവരില്‍ ജീവിച്ചിരിക്കുന്ന കാലത്തുണ്ടായിരുന്ന കാര്യങ്ങള്‍ മാത്രമേ അറിയൂ. അപ്പോള്‍ പറയപ്പെടും (അല്ലാഹു പറയും). താങ്കള്‍ അവരില്‍ നിന്ന് വേര്‍പെട്ടതുമുതല്‍ (അനാചാരങ്ങള്‍ നിര്‍മിച്ചുകൊണ്ട്) അവര്‍ ദീനില്‍നിന്നും പുറകോട്ടു മടങ്ങുന്നവരായിരുന്നു. അപ്പോള്‍ ഞാന്‍ (നബി) പറയും. എന്റെശേഷം ദീനില്‍ മാറ്റം വരുത്തിയവര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും വിദൂരം, വിദൂരം” (ബുഖാരി, മുസ്‌ലിം)
തീ ജ്വാലകളുള്ള നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെടും എന്ന് വിശുദ്ധ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ അബൂലഹബിന്റെ കഥ പറഞ്ഞ് മൗലിദ് സ്ഥാപിക്കാനൊരുമ്പെടുന്ന യാഥാസ്ഥിതിക പുരോഹിതവര്‍ഗത്തിന്റെ വിജ്ഞാനമാര്‍ഗത്തിലുള്ള തൊലിക്കട്ടി അപാരംതന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ. ആ വിഷയത്തില്‍ വന്ന കഥ ഇമാം ബുഖാരി ഉദ്ധരിച്ചതുകൊണ്ടത്രെ അത് സത്യമായി പുലരുന്നത്?! വിശുദ്ധ ഖുര്‍ആനിന്റെയും മുതവാതിറായി വന്നിട്ടുള്ള ഹദീസുകളുടെയും കല്പനകള്‍ക്ക് വിരുദ്ധമായ സ്വഹാബിമാരുടെ ഖൗലുകള്‍പോലും ത്യജിക്കപ്പെടണം എന്നാണ് ഇമാം ശാഫിഈ(റ) അര്‍രിസാലയിലും ഇമാം നവവി(റ) ശറഹു മുസ്‌ലിമിലും രേഖപ്പെടുത്തിയിട്ടുള്ളത്. അരച്ചാണ്‍ വയറിനും 500 രൂപക്കുംവേണ്ടി സ്വന്തം ഇമാമുകളെപ്പോലും തള്ളിക്കളയാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നവരാണ് പൗരോഹിത്യം എന്ന കാര്യത്തില്‍ സംശയമില്ല. ”അബൂലഹബ് എന്ന ദുഷ്ടന് നരകത്തില്‍ കുടിനീര്‍ നല്‍കി അല്ലാഹു ആദരിക്കാന്‍ കാരണം; നബി(സ) ജനിച്ച സന്തോഷം കാരണം സുവൈബത്ത് എന്ന അടിമസ്ത്രീയെ മോചിപ്പിച്ചതുകൊണ്ടാണത്രേ”? ഇമാം ബുഖാരി രേഖപ്പെടുത്തിയ ഹദീസിന്റെ ചുരുക്കം അപ്രകാരമാണ്.
ഇമാം ബുഖാരി 5101ാം നമ്പറായി ഉദ്ധരിച്ച ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായതിനാല്‍ അത് പണ്ഡിതന്മാരുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഇബ്‌നുഹജര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”ഈ ഹദീസ് സത്യനിഷേധിയുടെ പ്രവര്‍ത്തനം പരലോകത്ത് ഫലം ചെയ്യും എന്നതിന് തെളിവാണ്. പക്ഷെ അത് വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്പനയ്ക്ക് വിരുദ്ധമാണ്. അല്ലാഹു അരുളി:” അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാം അതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും” (ഫത്ഹുല്‍ബാരി 11/404). മാത്രവുമല്ല, ഒരു ഹദീസ് സ്വഹീഹായി അംഗീകരിക്കണമെങ്കില്‍ അത് വ്യക്തമായ ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാകാനും പാടില്ലായെന്നതാണ് ഹദീസ് നിദാനശാസ്ത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളതും. ഇമാം ഇബ്‌നുല്‍ അസീര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക. ”അബൂലഹബ് സുവൈബത്തിനെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചത് നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയ സന്തോഷം കാരണത്താലാണ്” (അല്‍കാമില്‍ 1/270). ഇതേ അഭിപ്രായം തന്നെയാണ് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) തന്റെ അല്‍ഇസ്വാബ എന്ന ഗ്രന്ഥം അതിന്റെ 4/250ല്‍ രേഖപ്പെടുത്തിയതും.
മൂന്ന്, മൗലിദാഘോഷം മുശ്‌രിക്കുകളുടെയും കാഫിറുകളുടെയും സമ്പ്രദായമാണ്. മുഹമ്മദ് ജയന്തിയാണ് ഇവര്‍ നടത്തിവരുന്നത്. പേര് നബിദിനം എന്നാണെങ്കിലും ഇവര്‍ നടത്തിവരുന്നത് മുഹമ്മദ് ജയന്തിയാണ്. നബിജയന്തി നടത്തേണ്ടത് നുബുവ്വത്ത് ലഭിച്ച ദിവസമാണല്ലോ. ഇത്തരം ജയന്തികള്‍ മുശ്‌രിക്കുകളുടെയും കാഫിറുകളുടെയും ചര്യയില്‍ പെട്ടതാണ്. അല്ലാഹു അരുളി: ”സത്യവിശ്വാസികളേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെ ആകരുത്” (ആലുഇംറാന്‍ 156). അല്ലാഹു വീണ്ടും ഉണര്‍ത്തി: ”അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെപ്പോലെ നിങ്ങള്‍ ആകരുത്” (ഹശ്ര്‍ 19). മറ്റൊരു വചനത്തില്‍ അല്ലാഹു ഇപ്രകാരം അരുളി: ”നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും സമയമായില്ലേ?” (ഹദീദ് 16).
ആദ്യത്തെ രണ്ട് വചനങ്ങള്‍ ശിര്‍ക്കും കുഫ്‌റും ചെയ്യുന്നവരെക്കുറിച്ച് മൊത്തത്തിലും മൂന്നാമത്തെ വചനം വേദക്കാരെ പ്രത്യേകമാക്കിക്കൊണ്ടുമുള്ളതുമാണ്. അവരെപ്പോലെ നിങ്ങള്‍ ആകരുതെന്ന് പറഞ്ഞത്, അവര്‍ കയറിയ ബസ്സില്‍ യാത്ര ചെയ്യരുതെന്നോ അവര്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിക്കരുതെന്നോ അവര്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കരുതെന്നോ ഒന്നുമല്ല. മറിച്ച്, വിശ്വാസങ്ങളിലും കര്‍മങ്ങളിലും അവരെ അന്ധമായോ അല്ലാതെയോ അനുകരിക്കരുത് എന്നാണ് മേല്‍പറഞ്ഞ വചനങ്ങളുടെ താല്പര്യം. ഖുര്‍ആന്‍ പൊതുവായി പറയുന്ന കാര്യങ്ങളില്‍ വന്നിട്ടുള്ള വചനങ്ങള്‍ എല്ലാ വിശ്വാസാചാരങ്ങള്‍ക്കും ബാധകവുമാണ്. അല്ലാഹുവിന്റെ റസൂലും അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ”വല്ലവനും (വിശ്വാസാചാരങ്ങളില്‍) മറ്റു സമുദായത്തോട് സാമ്യം പുലര്‍ത്തുന്നപക്ഷം അവന്‍ അവരില്‍ പെട്ടവനാണ്” (അബൂദാവൂദ് 40317)
മറ്റൊരു നബിവചനം ശ്രദ്ധിക്കുക: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യകള്‍ മുഴത്തിനു മുഴമായും ചാണിനു ചാണായും നിങ്ങള്‍ പിന്‍തുടരുകതന്നെ ചെയ്യും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ കടന്നാല്‍ നിങ്ങളും അവരെ പിന്തുടരും. സ്വഹാബത്ത് ചോദിച്ചു. നബിയേ അങ്ങ് ഉദ്ദേശിക്കുന്നത് യഹൂദി നസ്വാറാക്കളെയാണോ? നബി(സ) പറഞ്ഞു: പിന്നെ ആരെയാണ്” (ബുഖാരി 3476). നബിദിനം (നബി ജയന്തി) ആഘോഷിക്കുന്ന വിഷയത്തിലും യാഥാസ്ഥിതികര്‍ അന്ധമായി യഹൂദി നസ്വാറാക്കളെ അനുകരിച്ചുപോരുന്നു. ഭൗതിക താല്പര്യങ്ങളാണ് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്.
നാല്, നബി(സ)യുടെ ജന്മദിനം ആഘോഷിക്കാന്‍ അവിടുന്ന് ജനിച്ചപ്പോള്‍ ഈസാനബി(അ)യെപ്പോലെ പ്രവാചകനല്ല. ഈസാ നബി(അ)യുടെ ജനനത്തിന് മാത്രമേ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളൂ. അദ്ദേഹം തൊട്ടിലില്‍ കിടന്ന് സംസാരിച്ചത് ഇപ്രകാരമാണ്. അല്ലാഹു അരുളി: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു” (മര്‍യം 30). എന്നാല്‍ നബി(സ്വ)യുടെയും മറ്റുള്ള പ്രവാചകന്മാരുടെയും ജനനത്തിന്റെയും നുബുവ്വത്തിന്റെയും മുമ്പുള്ളതിന്റെയും അവസ്ഥ തുല്യം.
നുബുവ്വത്തിന് മുമ്പ് വിഗ്രഹാരാധനയിലേക്കും ഹറാമുകളിലേക്കും പ്രവേശിക്കാത്ത അവസ്ഥയില്‍ അല്ലാഹു അവരുടെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തും. എന്നാല്‍ ജനനത്തില്‍ യാതൊരു പ്രത്യേകതയുമില്ല. നബി(സ)യുടെ നുബുവ്വത്തിന് മുമ്പുള്ള അവസ്ഥ അല്ലാഹു വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”താങ്കളെ അവന്‍ വഴിയറിയാത്തവനായി കണ്ടെത്തുകയും താങ്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു” (സുഹാ 7). മറ്റൊരു വചനം: ”താങ്കള്‍ക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിച്ചിരുന്നില്ല” (ഖസ്വസ്വ് 86). മറ്റൊരു വചനം ഇപ്രകാരമാണ്: ”വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് താങ്കള്‍ക്കറിയുമായിരുന്നില്ല” (ശൂറാ 52).
അപ്പോള്‍ നബി(സ)ക്ക് നുബുവ്വത്തിന് മുമ്പ് പ്രവാചകനാകുമെന്നോ വേദഗ്രന്ഥമോ സന്മാര്‍ഗദര്‍ശനമോ ലഭിക്കുമെന്ന പ്രതീക്ഷപോലുമോ ഉണ്ടായിരുന്നില്ലായെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. ഇനി നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ട് സാവാ തടാകം വറ്റിയതുവരെയുള്ള ഇമാം ബഹഖി ഉദ്ധരിച്ച സംഭവങ്ങളെക്കുറിച്ച് പ്രസിദ്ധ ഹദീസ് നിദാശാസ്ത്ര പണ്ഡിതനായ ഇമാം ദഹബി ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക. ”പ്രസ്തുത സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടതും വര്‍ജിക്കേണ്ടതുമാണ്” (അസ്സീറത്തുന്നബവിയ്യ 1/42)
അഞ്ച്, നബി(സ)യുടെ ജന്മദിനംകൊണ്ടാടാന്‍ നബി(സ) ജനിച്ച ദിവസം ഏതാണെന്നതില്‍ പോലും ഏകീകരിച്ച അഭിപ്രായമില്ല. ഇമാംഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയതിന്റെ ചുരുക്കം: ”നബി(സ)യുടെ ജനനം റബീഉല്‍ അവ്വല്‍ 2നു ശേഷമാണെന്നും റമദാന്‍ 12നു ശേഷമാണെന്നും റബീഉല്‍ അബ്ബല്‍ 12നാണെന്നും അഭിപ്രായമുണ്ട്” (അല്‍ബിദായ വന്നിഹായ 2/338, 339)
ഒരു വ്യക്തിയുടെ ജനനം എന്നാണെന്നുപോലും കൃത്യമായ രേഖയില്ലെങ്കില്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് റബീഉല്‍ അവ്വല്‍ 12ന് ജന്മദിനം ആഘോഷിക്കുന്നത്? ഒരു വ്യക്തിക്ക് ഒരു ജന്മദിനം മാത്രമേ ഉണ്ടാകൂ. എല്ലാ വിഭാഗം മുസ്‌ലിംകളല്ലാത്തവരും അവരുടെ ജന്മദിനം കൊണ്ടാടാറുള്ളത് ജനിച്ച ദിവസം മാത്രമാണ്. എന്നാല്‍ നബി(സ)ക്ക് 30 ജന്മമുണ്ട് എന്ന തരത്തിലാണ് യാഥാസ്ഥിതികര്‍ അത് ആഘോഷിച്ചുവരുന്നത്.
ആറ്, ജന്മദിനം നബി(സ)യെ പുകഴ്ത്താനും വാഴ്ത്താനുമാണ് ഇവര്‍ ഉപയോഗിച്ചുവരുന്നത്. നബി(സ)യെ പുകഴ്ത്താനോ വാഴ്ത്താനോ അല്ല അല്ലാഹുവും റസൂലും(സ) കല്പിക്കുന്നത്. മറിച്ച്, നബി(സ)യെ പിന്‍പറ്റി ജീവിക്കാനാണ്. അതുതന്നെയാണ് വാഴ്ത്തലും പുകഴ്ത്തലും. നബി(സ) പറഞ്ഞു: ”വല്ലവനും എന്റെ സുന്നത്തിനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ എന്നെ ഇഷ്ടപ്പെട്ടു. വല്ലവനും എന്നെ ഇഷ്ടപ്പെടുന്നപക്ഷം അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്” (തിര്‍മിദി)
ഏഴ്: ജന്മദിനം ആഘോഷിക്കുന്നതില്‍ മൂന്നുതരം കുറ്റങ്ങളുണ്ട്. ഒന്ന്, ബിദ്അത്ത് അനുഷ്ഠിച്ച തെറ്റ്. നബി(സ) അരുളി: ബിദ്അത്താകുന്ന സകല വഴികേടുകളും നരകത്തിലാണ്” (നസാഈ). രണ്ട്, തൊണ്ണൂറു ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദാഘോഷംകൊണ്ടാടുന്നത് നബി(സ)യുടെ ശുപാര്‍ശയും പൊരുത്തവും ആഗ്രഹിച്ചുകൊണ്ടാണ്. അത് ശിര്‍ക്കാണ്. അല്ലാഹു അല്ലാത്തവരുടെ പൊരുത്തം കാംക്ഷിച്ചുകൊണ്ട് ആരാധനകള്‍ ചെയ്തവരോട് അല്ലാഹു മഹ്ശറയില്‍വെച്ച് ഇപ്രകാരം വിളിച്ചുപറയാന്‍ ഒരാളെ ചുമതലപ്പെടുത്തും എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. അതിപ്രകാരമാണ്. ‘അല്ലാഹുവിന്റെ പ്രീതിമാത്രം ഉദ്ദേശിച്ചുകൊണ്ട് ചെയ്യേണ്ട ആരാധനാകര്‍മങ്ങളില്‍ മറ്റു വല്ലവരെയും വല്ലവനും പങ്കുചേര്‍ത്തിട്ടുണ്ടെങ്കില്‍ അവന്‍ അതിന്റെ പ്രതിഫലം പങ്കുകാരനോട് ചോദിച്ചുകൊള്ളട്ടെ”(തിര്‍മിദി, ഇബ്‌നുമാജ) മൂന്ന്, യാഥാസ്ഥിതികരായ സമസ്തക്കാരും മറ്റും മൗലിദാഘോഷം നടത്തുന്നത് അത് ബിദ്അത്താണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്. കരാണം അവരുടെ വാരികകളിലും മാസികകളിലും പലതവണ അവര്‍തന്നെ മൗലിദാഘാഷം നബി(സ)യുടെയോ സ്വഹാബത്തിന്റെയോ കാലത്ത് ഇല്ലായെന്ന് രേഖപ്പെടുത്തിയതാണ്. എന്നിട്ടും അവര്‍ വാശിപിടിച്ച് ഭൗതികതാല്പര്യത്തിനുവേണ്ടി മാത്രം നടത്തിപ്പോരുന്ന ഒരു അനാചാരമാണിത്. സത്യം അറിഞ്ഞുകൊണ്ട് മൂടിവെക്കുന്നവര്‍ക്ക് വമ്പിച്ച ശിക്ഷയും ശാപവുമുണ്ടെന്ന് അല്ലാഹു സൂറതുല്‍ബഖറ 159ാം വചനത്തിലും 174ാം വചനത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
എട്ട്, പ്രവാചകന്റെ കാലത്ത് ഇങ്ങനെ ഒരു ജന്മദിനത്തിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് പല പ്രാവശ്യം രേഖപ്പെടുത്തിയിട്ടും ഇക്കൂട്ടര്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് മൗലിദ് സ്ഥാപിക്കാന്‍ ഒരുമ്പെടുന്നു. സൂറത്ത് യൂനുസിലെ 58ാം വചനമാണ് അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. അതിപ്രകാരമാണ്: ”പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യംകൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ” (യൂനുസ് 58). ഇവിടെ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ എന്നത് നബി(സ)യുടെ ജന്മമാണെന്നാണ് ഇവരുടെ വ്യാഖ്യാനം. അത് ശരിയല്ല. ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക. ”അവര്‍ക്ക് ലഭിച്ച നേര്‍മാര്‍ഗത്തിലും സത്യസന്ധമായ ദീനിലും അവര്‍ സന്തോഷിച്ചുകൊള്ളട്ടെ” (ഇബ്‌നുകസീര്‍ 2/421). ഇനി മുസ്‌ല്യാക്കള്‍ ചൊല്ലിക്കൊടുക്കുന്ന ജലാലൈനി തഫ്‌സീര്‍ നോക്കുക. അതിപ്രകാരമാണ്: ”അതിനാല്‍ അവര്‍ ഇസ്‌ലാമും ഖുര്‍ആനും(വന്നുകിട്ടിയതില്‍) സന്തോഷിച്ചുകൊള്ളട്ടെ” (ജലാലൈനി 1/245). നബി(സ)യുടെ ജനനം ഇവിടെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ല.

Back to Top