23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

മേല്‍വിലാസമില്ലാത്ത നമസ്‌കാരങ്ങളില്‍ വഞ്ചിതരാവരുത്‌

എ അബ്ദുല്‍അസീസ് മദനി വടപുറം


സ്രഷ്ടാവായ അല്ലാഹുവിലേക്ക് സൃഷ്ടികള്‍ക്ക് പ്രത്യേകിച്ച് മനുഷ്യര്‍ക്ക്, അടുക്കാനുള്ള സുപ്രധാന ആരാധനയാണ് നമസ്‌കാരം. അത് എപ്പോഴൊക്കെ നിര്‍വഹിക്കണം, എങ്ങനെ നിര്‍വഹിക്കണം എന്നെല്ലാം അല്ലാഹുവും അവന്റെ റസൂലും പറഞ്ഞു തന്നിട്ടുണ്ട്. ഓരോ വ്യക്തിയും ഒരു ദിവസം നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട നമസ്‌കാരമേത്, എത്ര റക്അത്തുകള്‍, അതിന്റെ സമയമെപ്പോള്‍ എന്നൊക്കെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അവ നിര്‍ണയിക്കുന്നതില്‍ മനുഷ്യരായ നമുക്ക് യാതൊരു പങ്കുമില്ല.
സമൂഹത്തിന് ബാധ്യതപ്പെട്ട നമസ്‌കാരങ്ങളുമുണ്ട്. അഥവാ വ്യക്തികള്‍ക്കു നിര്‍ബന്ധമല്ലാത്തതും സമൂഹത്തില്‍ സൗകര്യപ്പെടുന്നവര്‍ നിര്‍വഹിക്കേണ്ടതുമായ നമസ്‌കാരങ്ങള്‍. അവ ഫര്‍ദ് കിഫായ എന്നറിയപ്പെടുന്നു. നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടതില്ലാത്തവയും വളരെ പ്രബലമായി ഹദീസുകളില്‍ വന്നിട്ടുള്ളതുമായ നമസ്‌കാരങ്ങളുമുണ്ട്. അവക്ക് തത്വവ്വുഅ്, മുസ്തഹബ്ബ്, സുന്നത്ത് എന്നൊക്കെ പറയപ്പെടുന്നു. ഒരു സത്യവിശ്വാസിക്കു ദിവസം അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ നിര്‍ബന്ധമാണ്. ”തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു” (വി.ഖു). പ്രവാചകന്‍(സ) ആ അഞ്ച് നേരത്തെ നമസ്‌കാരങ്ങളടെ ആദ്യ സമയവും അവസാന സമയവും റക്അത്തുകളുടെ എണ്ണവും പഠിപ്പിച്ചിട്ടുണ്ട്. ശരീരം കൊണ്ട് ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ അതിവിശിഷ്ടമായത് നമസ്‌കാരമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു.
എന്നാല്‍ യാത്രക്കാര്‍ക്ക് ഈ നമസ്‌കാരങ്ങള്‍ ജംഅ് (തൊട്ടടുത്ത രണ്ട് നമസ്‌കാരങ്ങള്‍ ഒന്നിനെ മറ്റ് നമസ്‌കാരത്തിന്റെ സമയത്തേക്ക് മുന്തിപ്പിച്ചോ, പിന്തിപ്പിച്ചോ) ആയി നിര്‍വഹിക്കാവുന്നതാണ്. മുന്തിച്ചാവുമ്പോള്‍ അതിന് ജംഉത്തഖ്ദീമെന്നും പിന്തിപ്പിച്ചാണെങ്കില്‍ ജംഉത്തഅ്ഖീര്‍ എന്നും പറയുന്നു. ദുഹ്ര്‍ നമസ്‌കാരത്തെ അസറിന്റെ സമയത്തേക്ക് പിന്തിപ്പിച്ച് ആദ്യം ദുഹ്‌റും ശേഷം അസറും നമസ്‌കരിക്കുക. ദുഹ്റിന്റെ സമയത്തേക്ക് മുന്തിച്ചാണെങ്കിലും ഇങ്ങനെ തന്നെ. മഗ്രിബും ഇശാഉം ജംഅ് ആയി നമസ്‌കരിക്കുകയാണെങ്കില്‍ മഗ്രിബ് മൂന്ന് റക്അത്ത് നമസ്‌കരിക്കണം. ദുഹ്റ്, അസറ്, ഇശാഅ് എന്നീ നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ട് റക്അത്താക്കി ചുരുക്കാവുന്നതാണ്. സുബ്ഹ് നമസ്‌കാരം ജംഅ് ആക്കാനോ, ഖസ്റ് ചെയ്യാനോ പാടില്ല.
ഗ്രഹണ നമസ്‌കാരങ്ങള്‍, മഴക്ക് വേണ്ടിയുള്ള നമസ്‌കാരം, മയ്യിത്ത് നമസ്‌കാരം തുടങ്ങിയവ ഫര്‍ദ് കിഫായ ആയ നമസ്‌കാരങ്ങളാണ്. തഹജ്ജുദ്, ഖിയാമുല്ലൈല്‍, ഫര്‍ദ് നമസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമായ റവാത്തിബ് നമസ്‌കാരങ്ങള്‍, തഹിയ്യത്ത്, ദുഹാ, ഇസ്തിഖാറത്ത് തുടങ്ങിയവ സുന്നത്ത് നമസ്‌കാരങ്ങളാണ്. മുകളില്‍ പറഞ്ഞവയൊക്കെ പ്രബലമായ ഹദീസുകളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ സുന്നത്തുകളുടെ പിന്‍ബലമില്ലാത്ത ചില നമസ്‌കാരങ്ങളും സമൂഹത്തില്‍ കടന്നുകൂടിയിട്ടുണ്ട്.
ഖുത്ബിയ്യത്തിന്റെ
നമസ്‌കാരം

ഖുതുബിയ്യത്ത് ബൈത്ത് ചൊല്ലുന്നതിന്റെ മുമ്പുള്ള 12 റക്അത്ത് നമസ്‌കാരമാണിത്. ഇത് അടിസ്ഥാനമില്ലാത്തതാണ്. സബീന കിതാബില്‍ പറയുന്നു:
ബഅ്ദസ്സ്വലാ
ത്തിസ്‌നതൈ അശ്റത്ത
മിന്‍ റക്അഃ
മഅല്‍ ഫവാത്തിഹി
വല്‍ ഇഖ്ലാസി
ബില്‍ ഖള്അ
12 റകഅത്ത് നമസ്‌കാര ശേഷം ഓരോ റക്അത്തിലും ഫാതിഹയും ഇഖ്‌ലാസും വിനയത്തോടെ ചൊല്ലിയതിന് ശേഷം ആയിരം തവണ ഏകാന്തനായി മാനോദാര്‍ഢ്യത്തോടെ യാ ശൈഖ് മുഹ്യിദ്ദീന്‍ എന്ന് വിളിച്ച് തേടിയാല്‍ വേഗത്തില്‍ ഞാന്‍ അവന് ഉത്തരം നല്‍കുമെന്ന് മുഹ്യിദ്ദീന്‍ ശൈഖ് പറഞ്ഞത്രേ. ശൈഖിനെ സംബന്ധിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് സ്വദഖത്തുല്ലാഹില്‍ കാഹിലി എന്ന കവി ഇവിടെ തട്ടിവിടുന്നത്. ഈ 12 റക്അത്ത് നമസ്‌കാരത്തിന് പ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ല.
സ്വലാത്തുല്‍
ഹാജ്ജത്ത്

ബിദ്ഈ ആയ മറ്റൊന്നാണ് സ്വലാത്തുല്‍ ഹാജ്ജത്ത് (ആവശ്യത്തിനു വേണ്ടിയുള്ള നമസ്‌കാരം). ഇബ്നു അബീ ഔഫാ നിവേദനം ചെയ്ത ഹദീസാണ് ഈ വിഷയത്തില്‍ അവലംബിക്കാറുള്ളത്. റസൂല്‍ (സ) പറഞ്ഞു: വല്ലവനും അല്ലാഹുവിലേക്കോ ആദം സന്തതികളില്‍ വല്ലവരിലേക്കോ ആവശ്യമുണ്ടെങ്കില്‍ നന്നായി വുദ്വൂ ചെയ്യുകയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യട്ടെ. ഈ ഹദീസ് തിര്‍മിദി, ഇബ്നുമാജ എന്നീ പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. തിര്‍മിദി ഈ ഹദീസിനെ കുറിച്ച് പറയുന്നു: ”ഇത് ഗരീബായ (ഏകറാവി റിപ്പോര്‍ട്ട് ചെയ്തത്) ഹദീസാണ്. അതിന്റെ പരമ്പരയെക്കുറിച്ച് ആക്ഷേപമുണ്ട്. ഇതിന്റെ സനദില്‍ ഫാഇദുബിന്‍ അബ്ദുര്‍റഹ്‌മാന്‍ എന്ന റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം ദുര്‍ബലനാണ്.”
അഹമ്മദ് ബിന്‍ ഹന്‍ബല്‍ പറയുന്നു: ”അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഹദീസിന്റെ വിഷയത്തില്‍ അദ്ദേഹം പരിഗണനീയനല്ല.” (അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിക്കേണ്ടതില്ല എന്നര്‍ഥം). ഇമാം നസാഇയും അദ്ദേഹം ദുര്‍ബലനാണെന്ന് പറഞ്ഞു. അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് വിശ്വസനീയമല്ല എന്ന് ഇമാം ബുഖാരി പറഞ്ഞു. അദ്ദേഹത്തിന്റെ ഹദീസ് തെളിവ് പിടിക്കാന്‍ പറ്റില്ലെന്ന് ഇബ്നു ഹിബ്ബാനും പറഞ്ഞു. നിര്‍മിത ഹദീസുകള്‍ പോലും ഇബ്നു അബീഔഫില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സാജി, ഉഖൈലി, ദാറഖുത്വ്നി ഹാക്കിം തുടങ്ങിയ മുഹദ്ദിസുകള്‍ പ്രസ്താവിച്ചു. (തഹ്ദീബുത്തഹ്ദീബ് 8-ാം വാള്യം പേജ് 230). ഈ വിഷയത്തില്‍ വന്ന മുഴുവന്‍ ഹദീസുകളും ദുര്‍ബലമാണെന്ന് ഇമാം സുയൂത്വി പ്രസ്താവിച്ചിട്ടുണ്ട്.
ഇശ്റാഖ്
നമസ്‌കാരം

പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത മറ്റൊന്നാണ് ഇശ്റാഖ് നമസ്‌കാരം. അനസിബ്‌നു മാലിക്(റ) പറയുന്നു: റസൂല്‍ (സ) പറഞ്ഞു: ”വല്ലവനും സൂര്യന്‍ ഉദിച്ചതിനു ശേഷം രണ്ട് റക്അത്ത് നമസ്‌കരിച്ചാല്‍ അതിന് സമ്പൂര്‍ണമായ ഹജ്ജും ഉംറയും ചെയ്തവന് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം ലഭിക്കും.” ദുഹാ നമസ്‌കാരത്തിന്റെ മറ്റൊരു പേരാണ് ഇശ്റാഖ് എന്നും അഭിപ്രായമുണ്ട്. ഈ ഹദീസിന്റെ പരമ്പര ഗരീബ് (ഏകറാവി റിപ്പോര്‍ട്ട്) ആണെന്ന് ഇമാം തിര്‍മിദി അഭിപ്രായപ്പെടുന്നു.
തിര്‍മിദിയും അല്‍ബാനിയും ഈ ഹദീസ് ഹസനാണെന്ന് പറയുന്നു. എന്നാല്‍ ഇബ്നു ഹജറില്‍ അസ്ഖലാനി ഇത് ദ്വഈഫ് ആണെന്ന് തഹ്ദീബുത്തഹ്ദീബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു. കാരണം ഇതിന്റെ പരമ്പരയില്‍ അബൂളിലാല്‍ എന്ന റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹത്തിന്റെ പേര് ഹിലാലിബ്‌നു അബീഹിലാലുല്‍ ബസ്വരി എന്നാണ്. ഹദീസിന്റെ വിഷയത്തില്‍ അദ്ദേഹം പരിഗണനീയനല്ല എന്ന് ബുഖാരിയുടെ ഉസ്താദ് ആയ ഇബ്നു മഈന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബൂദാവുദ് അദ്ദേഹത്തെ തൃപ്തിപ്പെട്ടിരുന്നില്ല.
ഇമാം നസാഈ പറയുന്നു: ”അദ്ദേഹം ദുര്‍ബലനാണ്. ഒരവസ്ഥയിലും അദ്ദേഹത്തിന്റെ ഹദീസ് തെളിവ് പിടിക്കാന്‍ പറ്റില്ല”. ഹദീസില്‍ പെടാത്ത പലതും അനസില്‍(റ) നിന്നു അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുഖാരിയുടെ അടുക്കല്‍ അദ്ദേഹത്തിന്റെ ഹദീസുകള്‍ മുന്‍കറുകളില്‍ പെട്ടതാണ്. അദ്ദേഹം ഹദീസ് ഉദ്ധരിക്കുന്ന കാര്യത്തില്‍ പ്രബലനല്ല എന്ന് ഇമാം ഹാകിം പ്രസ്താവിച്ചു. (തഹ്ദീബുത്തഹ്ദീബ് വാള്യം 11 പേജ് 75).
ബറാഅത്ത് രാവിലെ
നമസ്‌കാരം

ശഅ്ബാന്‍ 15ന്റെ രാത്രി പുണ്യരാവാണെന്നും ആ രാത്രി പ്രത്യേക നമസ്‌കാരമുണ്ടെന്നും പരാമര്‍ശിക്കുന്ന കുറേ വ്യാജ ഹദീസുകള്‍ പ്രചരിപ്പിച്ച് ബിദ്അത്തായ നമസ്‌കാരം നിര്‍വഹിക്കാന്‍ സമസ്ത പണ്ഡിതന്മാര്‍ ശ്രമിക്കാറുണ്ട്. അതില്‍ പെട്ട ഒന്നാണ് ആയിശ(റ)യിലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ട് പറയുന്നത്. ‘റസൂല്‍ (സ) ഒരു രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിച്ചു. ദീര്‍ഘമായി സുജൂദ് ചെയ്തു. സുജൂദിന്റെ ദൈര്‍ഘ്യം കാരണത്താല്‍ റസൂല്‍(സ) മരണപ്പെട്ടുവോ എന്നു പോലും ഞാന്‍ വിചാരിച്ചുവെന്ന് ആയിശ(റ) പറഞ്ഞു. ഞാന്‍ ആ അവസ്ഥ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ തള്ളവിരല്‍ ഇളക്കി നോക്കി. അപ്പോള്‍ അത് ഇളകി. സുജൂദില്‍ നിന്നു അദ്ദേഹം തല ഉയര്‍ത്തുകയും നമസ്‌കാരത്തില്‍ നിന്നു വിരമിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് വിളിച്ചു ചോദിച്ചു: എെന്ന നിനക്ക് നഷ്ടപ്പെട്ടുവെന്ന് നീ വിചാരിച്ചുവോ? ഞാന്‍ പറഞ്ഞു: ഇല്ല. എന്നാല്‍ താങ്കളുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണത്താല്‍ താങ്കള്‍ പിടിക്കപ്പെട്ടു എന്ന് ഞാന്‍ വിചാരിച്ചു. നബി(സ) പറഞ്ഞു: ഈ രാവ് ഏതാണെന്ന് നിനക്കറിയുമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവും റസൂലുമാണ് അതിനെക്കുറിച്ച് ഏറ്റവും അറിയുന്നവര്‍. അവിടുന്ന് പറഞ്ഞു: ഇത് ശഅ്ബാന്‍ 15 ന്റെ രാവാകുന്നു. തീര്‍ച്ചയായും ഇന്ന് അല്ലാഹു തന്റെ അടിമകള്‍ക്കു വേണ്ടി പ്രത്യക്ഷപ്പെടുന്ന രാവാണ്. ഈ രാവില്‍ പാപമോചനം തേടുന്നവര്‍ക്ക് കരുണ നല്‍കുകയും ചെയ്യുന്നു. അസൂയക്കാരെ അതേ അവസ്ഥയില്‍ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.’
ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത് ബൈഹഖി പറയുന്നു: ഇത് അങ്ങേയറ്റം മുര്‍സലായ (സനദില്‍ നിന്നു റിപ്പോര്‍ട്ടര്‍ കൊഴിഞ്ഞു പോയത്) ഹദീസ് ആണ്. അലാഅ് എന്ന റിപ്പോര്‍ട്ടര്‍ മക്ഹൂലില്‍ നിന്നു ഇത് എടുത്തതാവാനാണ് സാധ്യത. ഈ ഹദീസിന്റെ സനദില്‍ ഹജ്ജാജിബ്‌നു അര്‍ത്വാത്ത് എന്ന റിപ്പോര്‍ട്ടര്‍ ഉണ്ട്. അദ്ദേഹം ഈ ഹദീസ് യഹ്യബിനു അബീകസീറില്‍ നിന്നു ഉദ്ധരിച്ചു. എന്നാല്‍ ഹജ്ജാജ് ഒരിക്കലും യഹ്യയില്‍ നിന്നു ഈ ഹദീസ് കേട്ടിട്ടില്ല. അപ്പോള്‍ ഹജ്ജാജിബ്‌നു അര്‍ത്വാത്ത് ഈ ഹദീസ് തദ്ലീസ് ആയി (നേരിട്ട് കേട്ട ശൈഖിനെ പറയാതെ) ആണ് ഉദ്ധരിച്ചത്. 600 ഓളം ഹദീസുകള്‍ ഹജ്ജാജ് തദ്ലീസായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടന്നും പറയുന്നു. ഹജ്ജാജ് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ പ്രബലനല്ലെന്ന് ഇബ്നു മഈന്‍ പറഞ്ഞു. നസാഈയും അപ്രകാരം പറഞ്ഞിട്ടുണ്ട്. ഈ ഹദീസ് തെളിവു പിടിക്കാന്‍ പറ്റില്ലെന്ന് ഇമാം ദാറഖുത്വ്നിയും പറഞ്ഞു.
ബസ്വറയിലെ വിധികര്‍ത്താക്കളില്‍ ആദ്യമായി കൈക്കൂലി വാങ്ങിയ വ്യക്തിയായിരുന്നു ഹജ്ജാജിബ്‌നു അര്‍ത്വാത്ത് എന്ന് അസ്വ്മഈ പറഞ്ഞു. ഹജ്ജാജിബ്‌നു അര്‍ത്വാത്ത് മനുഷ്യത്വമില്ലാത്തവനായിരുന്നുവെന്നും വ്യാജനായിരുന്നുവെന്നും ഇബ്നു ഹിബ്ബാന്‍, യഹ്യല്‍ ഖത്വാന്‍, ഇബ്നുല്‍ മഹ്ദി, ഇബ്നുല്‍ മുബാറക് തുടങ്ങിയ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.
ഇബ്നുമാജ, അബൂമൂസല്‍ അശ്അരി, ബസ്സാര്‍, ബൈഹഖി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസും ഉദ്ധരിച്ചു കാണാറുണ്ട്. അതിന്റെ സനദില്‍ അബ്ദുല്ലാഹിബ്‌നു ലഹൈഅ എന്ന ഒരു റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം ദുര്‍ബലനാണെന്ന് ഇബ്നു മഈന്‍ പറഞ്ഞു. ഇബ്നു ലുഹൈഅ ദുര്‍ബലനാണെന്ന് മുഅവിയത്ത് ബിന്‍ സ്വാലിഹും പറഞ്ഞു. ഇബ്നു ലുഹൈഅയുടെ ഗ്രന്ഥങ്ങള്‍ കത്തിക്കരിയുന്നതിന് മുമ്പും ശേഷവും ഇബ്നു ലുഹൈഅ ദുര്‍ബലനാണെന്ന് ഇബ്നു മഈന്‍ പറഞ്ഞു. ഇബ്നു ലുഹൈഅ ദുര്‍ബലനാണെന്ന് ഇമാം നസാഈ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യം മുള്ത്വറബ് (അലങ്കോലപ്പെട്ടാതാണെന്ന്) അബൂഹാതിം പറഞ്ഞു. അദ്ദേഹത്തിന്റെ ഹദീസ് തെളിവ് പിടിക്കാന്‍ പറ്റില്ലെന്ന് ജൗസജാനി അഭിപ്രായപ്പെട്ടു. (മീസാനുല്‍ ഇഅ്തിദാല്‍, വാള്യം 2 പേജ് 482)
ശഅ്ബാന്‍ പതിനഞ്ചിന് നോമ്പെടുക്കുന്നതിനെ സംബന്ധിച്ച് അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കുക. റസൂല്‍(സ) പറഞ്ഞതായിട്ട് അലി(റ) പറയുന്നു: ‘ശഅ്ബാന്‍ 15 ആയാല്‍ അന്ന് പകല്‍ സമയം നോമ്പ് അനുഷ്ഠിക്കുകയും രാത്രി നിന്ന് നമസ്‌കരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു അന്ന് സൂര്യാസ്തമയം മുതല്‍ ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വന്നിട്ടു ചോദിക്കും: ഇസ്തിഗ്ഫാര്‍ നടത്തുന്നവരായിട്ട് ആരെങ്കിലുമുണ്ടോ? ഞാന്‍ അവന് പൊറുത്ത് കൊടുക്കും. ഭക്ഷണം തേടുന്നവരായി ആരെങ്കിലുമുണ്ടോ? ഞാന്‍ അവന് ഭക്ഷണം നല്‍കും. രോഗം കൊണ്ട് കഷ്ടപ്പെടുന്നവന് ഞാന്‍ സൗഖ്യം നല്‍കും. മറ്റ് വല്ല കാര്യങ്ങളും തേടുന്നവന് പ്രഭാതോദയം വരെ അത് സഫലമാക്കി കൊടുക്കും.’
ഇബ്നു മാജ ഉദ്ധരിച്ച ഹദീസാണിത്. അതിന്റെ പരമ്പരയില്‍ അബൂബക്കറിബ്‌നു അബ്ദില്ലാഹിബ്‌നു മുഹമ്മദിബ്‌നു അബൂസബുറത്തുല്‍ ഖുറശിയുണ്ട്. ബുഖാരിയും മറ്റും അദ്ദേഹം ദുര്‍ബലനാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഇമാം ദഹബി ‘മീസാനുല്‍ ഇഅ്തിദാല്‍’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വ്യാജ ഹദീസ് നിര്‍മിക്കാറുണ്ടെന്ന് ബുഖാരി പ്രസ്താവിച്ചു. അബൂബക്കറിബ്‌നു അബ്ദുല്ല ഹദീസിന്റെ വിഷയത്തില്‍ ഉപേക്ഷിക്കപ്പെടേണ്ടവനാണെന്ന് ഇമാം നസാഇ പറഞ്ഞു. (തുഹ്ഫത്തുല്‍ അഹ്‌മദി)
ഇമാം അബൂബക്കരി ത്വുര്‍ത്വൂശി(റ) ‘അല്‍ഹമാദിസ വല്‍ഹബിദഇ’ല്‍ പറയുന്നു: ‘സൈദിബ്‌നു അസ്ലമില്‍ നിന്ന് ഇബ്നു വല്ലാഹ് റിപ്പോര്‍ട്ട് ചെയ്തു: അദ്ദേഹം പറഞ്ഞു: നമ്മുടെ ശൈഖുമാരില്‍ നിന്നോ, ഫുഖഹാക്കളില്‍ നിന്നോ ഒരാളേയും ഞങ്ങള്‍ കണ്ടിട്ടില്ല, ശഅ്ബാന്‍ 15ന്റെ ഹദീസുകളിലേക്ക് തിരിഞ്ഞ് നോക്കുന്നതായിട്ട്. അപ്രകാരം തന്നെ മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് തിരിഞ്ഞ് നോക്കുന്നതായിട്ട്. അതിന് മറ്റ് ദിവസങ്ങളെക്കാള്‍ മഹത്വമുള്ളതായിട്ട് അവര്‍ അഭിപ്രായപ്പെട്ടിട്ടില്ല.
തീര്‍ച്ചയായും ശഅ്ബാന്‍ 15 രാവിന് ലൈലത്തുല്‍ ഖദ്റിന്റെ രാവുപോലെ പ്രതിഫലമുണ്ടെന്ന് സിയാദുത്തുമൈരി പറയുന്നതായി കേള്‍ക്കുന്നുണ്ടല്ലോ എന്ന് ഇബ്നു അബീ മുലൈകയോട് ചോദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി: ഞാന്‍ അത് കേട്ടിരുന്നുവെങ്കില്‍ എന്റെ കയിലുള്ള വടി കൊണ്ട് ഞാന്‍ അവനെ അടിക്കുമായിരുന്നു.’ ഈ പ്രസ്താവനകളില്‍ നിന്നെല്ലാം ബറാഅത്ത് രാവിന്റെ പോരിശ പറയാന്‍ വേണ്ടി അന്ന് 100 റക്അത്ത് നമസ്‌കരിക്കണമെന്ന് പറയുന്ന ഹദീസും അതുപോലുള്ള ഹദീസുകളും ദുര്‍ബലമാണെന്ന് വ്യക്തം.
മിഅ്റാജ് രാവിലെ
നമസ്‌കാരം

റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ മഗ്‌രിബിനും ഇശാഇനുമിടയില്‍ 12 റക്അത്ത് നമസ്‌കരിക്കണമെന്നും അത് പ്രത്യേകം പുണ്യമുള്ള നമസ്‌കാരമാണെന്നും സമസ്ത പണ്ഡിതന്മാര്‍ പ്രചരിപ്പിക്കുന്നു. സ്വലാത്തുര്‍റഗാഇബ് എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. എന്നാല്‍ ഇതിന് പ്രമാണങ്ങളുടെ പിന്തുണയില്ല. ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിലും റജബ് 27-ാം രാവിലും ഉണ്ടെന്നു പറയപ്പെടുന്ന നമസ്‌കാരങ്ങള്‍ ബിദ്അത്തും മുന്‍കറത്തും ആണെന്ന് വ്യക്തമാണ്. ഖുത്വുല്‍ ഖുലൂബ്, ഇഹ്യാ ഉലൂമിദ്ദീന്‍ എന്നീ ഗ്രന്ഥങ്ങളില്‍ ആ രാവിന്റെ പേരു പറയുന്നുണ്ടെങ്കിലും അതില്‍ വഞ്ചിതരാവേണ്ട എന്നാണ് ഇമാം നവവി(റ) പറയുന്നത്.
സൂറത്ത് ശൂറായിലെ 21-ാം വചനം ദീനില്‍ പുതുതായി ഇബാദത്തുകള്‍ നിര്‍മിച്ചുണ്ടാക്കുന്നവരെക്കുറിച്ച് താക്കീത് നല്‍കുന്നു. അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെപ്പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയശിക്ഷയുണ്ട്. (വി.ഖു 42:21)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x