8 Thursday
January 2026
2026 January 8
1447 Rajab 19

മെമ്പര്‍ഷിപ്പുകള്‍ വിചാരണക്കുള്ള ഉടമ്പടികള്‍ – ഡോ. ജാബിര്‍ അമാനി

ബദ്ര്‍യുദ്ധത്തിന്റെ വിജയത്തെയും മുസ്‌ലിംകളുടെ സംഘബോധത്തെയും കുറിച്ച് ധാരാളം നിരീക്ഷണങ്ങള്‍ നിലവിലുണ്ട്. ഖുര്‍ആന്‍ ബോധനം നല്‍കിയ പാഠങ്ങളെ സ്വാംശീകരിച്ച് ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിച്ചത് ഇപ്രകാരമാണ്.
”മുന്നൂറ് മുസ്‌ലിംകള്‍ ആയിരത്തില്‍ പരം എതിരാളികളോട് പോരാടി വിജയിച്ച ബദ്ര്‍യുദ്ധത്തിന്റെ വിജയനിദാനം, നല്ലൊരു നേതൃത്വമുണ്ടായിരുന്നുവെന്നു മാത്രമല്ല, അതിലുപരി നേതൃത്വത്തിനും അണികള്‍ക്കും ഉറച്ച ദൈവ വിശ്വാസവും ഉണ്ടായിരുന്നു എന്നതു കൂടിയാണ്. അതോടൊപ്പം എതിരാളികളുടെ വിശ്വാസത്തെ അതിജയിക്കും വിധം ഔന്നത്യമുള്ളതാണ് തങ്ങളുടെ വിശ്വാസമെന്ന ദൃഢബോധ്യവും.”
വിശ്വാസവും വിശ്വാസത്തെ ക്കുറിച്ച ഔന്നത്യബോധവുമാണ് സംഘ ചലനങ്ങളുടെ കാതല്‍. കര്‍മത്തിന് കരുത്തു പകരുന്നതും ദൗത്യത്തെ ദീപ്തമാക്കുന്നതും ഈ അകബലം കൊണ്ടാണ്. ഓരോ വ്യക്തിക്കും ഈ ബോധ്യം ശക്തമാവുമ്പോഴാണ് പരിവര്‍ത്തനോന്‍മുഖമായി സംഘടന ചലിക്കുന്നത്.
മുഹമ്മദ് നബി(സ), അന്തിമ പ്രവാചകന്‍ എന്ന നിലക്ക് ഒരു ‘നേതാവെന്ന’ പ്രക്രിയയില്‍ ന്യൂനതകള്‍ കണ്ടെത്താന്‍ കഴിയില്ല. മാതൃകാധന്യമായ നേതൃത്വമായിരിക്കുമല്ലോ എല്ലാ നിലക്കും പ്രവാചകന്‍ പ്രകടിപ്പിക്കുക (33:21). ഒരു സമൂഹത്തിന്റെ നേതൃത്വം നെഞ്ചിലേറ്റിയ എല്ലാ പ്രവാചകരിലും ഈ മാതൃക നമുക്ക് ദര്‍ശിക്കാനാവും (60:4). പ്രവാചകന്റെ(സ) പാത പിന്തുടര്‍ന്ന് പ്രബോധന സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരിലും ഉദ്ദേശ്യശുദ്ധിയോടെ രൂപപ്പെടുത്തിയെടുക്കേണ്ട നേതൃഗുണമാണ് ആദര്‍ശത്തെയും സംഘത്തെയും കുറിച്ച ഔന്നത്യബോധം.
ഇസ്‌ലാമിക പ്രബോധന സംഘങ്ങളുടെ നേതൃത്വം എന്നത്, ഒരു ‘പാര്‍ട്ടി ലീഡര്‍’ എന്ന പദവിയല്ലല്ലോ. സംഘടനയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നവരും കേവലമൊരു ‘സംഘടനയായി’ കാണാനും പാടില്ല. മറിച്ച്, മതപരമായ ഒരു ബാധ്യതാ നിര്‍വഹണം കൂടിയാണത്. തങ്ങള്‍ ഈ സ്ഥാനത്ത് ഉണ്ടായാലും ഇല്ലെങ്കിലും വ്യക്തിപരമായി നിര്‍വഹിക്കാന്‍ കട
പ്പെട്ടതാണ് എന്റെ ഓരോ ദൗത്യമെന്നും, ഒരു നേതാവെന്ന നിലയില്‍, സംഘാംഗങ്ങളുടെ ദൗത്യ നിര്‍വഹണത്തിന് സൗകര്യമൊരുക്കലും സജീവമാക്കിയെടുക്കലും കൂടി എന്റെ മേല്‍ ‘ബാധ്യത’യായി ചുമത്തപ്പെടുന്നുണ്ട് എന്ന ഉത്തരവാദിത്തത്തിന്റെ വ്യാപ്തികൂടി നേതൃത്വത്തിന് വന്നുചേരുന്നു. പ്രബോധനമെന്ന തന്റെ മതബാധ്യത പൂര്‍ത്തീകരിക്കാനാണ് ഓരോ അംഗവും മെമ്പര്‍ഷിപ്പെടുക്കുന്നത് എന്നത് സ്വയം വിസ്മരിക്കരുത്.
സംഘത്തിലെ ഓരോ അംഗത്തിന്റെയും മതബാധ്യതാ നിര്‍വഹണങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്ന കരാര്‍, മതപ്രസ്ഥാനങ്ങളുടെ മെമ്പര്‍ഷിപ്പുകളിലുണ്ട്. സാധാരണ ഗതിയില്‍ ഒരു സംഘത്തില്‍ അംഗമായ ഓരോ വ്യക്തിക്കും പ്രവര്‍ത്തന സൗകര്യവും സാഹചര്യവും നീതിയുക്തമായി നല്‍കുമെന്ന് ‘നേതൃത്വം’, അംഗത്വമെടുക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്. അംഗങ്ങള്‍ക്കിടയില്‍ തുല്യനീതി വളര്‍ത്തിയെടുക്കുക എന്ന് സാരം. പ്രബോധന പ്രസ്ഥാനങ്ങളുടെ നേതൃത്വം ഈ ‘അമാനത്തിന്റെ’ കട്ടിയും കനവും ഉള്‍ഭയത്തോടെയല്ലേ നോക്കിക്കാണേണ്ടത്.
തങ്ങളെ വിശ്വാസത്തിലെടുത്തും നേതൃത്വം വിശ്വാസം പകര്‍ന്നും ഉടമ്പടിയായി പൂര്‍ത്തീകരിക്കപ്പെടുന്നതാണ് അംഗങ്ങളുടെ പ്രബോധന നിര്‍വഹണത്തിനുള്ള സാഹചര്യമൊരുക്കല്‍. അംഗങ്ങളുടെ എണ്ണം ലഭിക്കാനായി ഓരോരുത്തരെക്കൊണ്ടും കേവലമൊരു കടലാസു കഷണങ്ങളില്‍ ഒപ്പു ചാര്‍ത്തി തിരിച്ചുവാങ്ങുന്ന തുരുപ്പു ചീട്ടുകളല്ല ‘മെമ്പര്‍ഷിപ്പ്’ ഫോമുകള്‍ എന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവിന് തിളക്കം കുറയുമ്പോഴാണ് അനുയായികള്‍ വഴിയാധാരമാക്കപ്പെടുന്നത്. ഓരോ അംഗവും പ്രതിജ്ഞ ചൊല്ലി മെമ്പര്‍ഷിപ്പ് കൈപ്പറ്റിയ ശേഷം പ്രബോധനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഉള്‍വലിയുന്നതും ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുത് തേടുന്നതും ‘മെമ്പര്‍ഷിപ്പ്’  ഒരു മതപരമായ ഉടമ്പടി കൂടിയാണ് എന്ന് തിരിച്ചറിയാത്തതുകൊണ്ട് കൂടിയാണ്. നാം സ്വയം അംഗമായതാണെങ്കിലും അല്ലാഹു നമ്മെ ‘തെരഞ്ഞെടുത്തത്’ കൂടിയാണ് എന്ന് മറന്നുപോവരുത് (വി.ഖു 22:78)
സംഘടനയിലെ മെമ്പര്‍മാര്‍ വിശ്വസിച്ചേല്പിക്കപ്പെട്ട മെമ്പര്‍ഷിപ്പുകളില്‍  ഒളിഞ്ഞു കിടക്കുന്നത് ഓരോരുത്തരുടെയും മതബാധ്യതയുടെ പൂര്‍ത്തീകരണത്തിന് നാം സജ്ജീകരണം ഒരുക്കുമെന്ന ഉറപ്പ് കൂടിയുണ്ട്. ഇത് കൃത്യമായി പാലിക്കുമ്പോള്‍ ആണ്  ഇസ്‌ലാമിക നേതൃത്വം ജനിക്കുന്നത്. അഥവാ നേതൃത്വം ഇസ്‌ലാമിന്റെ പാതയില്‍ ചരിക്കുന്നത്.
ഇസ്‌ലാമിക ധര്‍മസമരങ്ങള്‍, യുദ്ധങ്ങള്‍ നേതൃത്വത്തിന്റെ സ്വസ്ഥ ജീവിതത്തിന് സൗകര്യമൊരുക്കലായിരുന്നില്ലല്ലോ. മറിച്ച് തങ്ങളുടെ വിളികേട്ട് എത്തിച്ചേര്‍ന്ന അനുയായികളുടെ ആദര്‍ശജീവിതത്തിന് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, സ്വജീവിതം പോലും ബലികഴിച്ച് മുന്നില്‍ നിന്നുള്ള പോരാട്ടങ്ങള്‍ കൂടിയായിരുന്നു. ഒരു നേതാവെന്ന നിലയില്‍ ബാധ്യതാ നിര്‍വഹണത്തിന്റെ പതാക വാഹകരായി അവിശ്രമം അടരാടിയാണ് മക്കയിലും മദീനയിലും മതജീവിതത്തിനും പ്രബോധനത്തിനും പ്രവാചകന്‍ മുഹമ്മദ് നബി(സ) അവസരമൊരുക്കിയത്.
അധികാരങ്ങളും ഭൗതിക പരിഗണനകളും പ്രവാചകന്റെ മുമ്പില്‍ നിസ്സാരമായി. വലതുകൈയില്‍ സൂര്യനും ഇടതുകൈയില്‍ ചന്ദ്രനും ലഭ്യമായാലും ഈ ദൗത്യനിര്‍വഹണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയില്ലെന്ന് പ്രവാചകന്‍(സ) പ്രഖ്യാപിച്ചത്, സ്വജീവിതത്തിന്റെ ആദര്‍ശ പ്രതിബദ്ധതയോടൊപ്പം തങ്ങളില്‍ വിശ്വസിച്ച, തന്നെ വിശ്വാസത്തിലെടുത്ത അനുയായികളുടെ മതജീവിത്തിന് സൗകര്യമൊരുക്കാനുള്ള കണിശമായ ഉത്തരവാദിത്വബോധം കൂടിയായിരുന്നു. അഥവാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നേതൃത്വം എന്നത് ഒരു ‘ഏര്‍പ്പാട്’ മാത്രമയി ചുരുങ്ങരുത്. ഒരു സമൂഹത്തിന്റെ സമഗ്ര നവോത്ഥാനത്തിന്റെ ഭാരമാണ് സ്വയം ഏറ്റെടുക്കുന്നത്, ഏല്പിച്ചുകൊടുക്കുന്നത്.
മതജീവിതം വ്യക്തിബാധ്യതയാണ്. പ്രസ്തുത ബാധ്യതയുടെ വിചാരണ ഓരോരുത്തരുമാണ് നേരിടുന്നത്. എന്നാല്‍ ആ ബാധ്യതാനിര്‍വഹണത്തിന് കൂടുതല്‍ സൗകര്യമൊരുക്കുന്ന ഒരു സംഘടനാ സംവിധാനങ്ങളില്‍ ഒരാള്‍ അംഗത്വമെടുക്കുന്നതോടെ പ്രബോധനത്തിനുള്ള സംഘചലനങ്ങളില്‍ ഭാഗവാക്കായിത്തീരുന്നു. അത്തരമൊരു ഘട്ടത്തില്‍ സംഘടനകള്‍ അനുയായികളുടെ ബാധ്യതാ നിര്‍വഹണത്തിന് വിലയും നിലയും കല്‍പിക്കേണ്ടത് അനിവാര്യമാണ്.
‘നാല്‍ക്കവലയില്‍ നിന്ന് നായകന്‍ കൈവിട്ടാല്‍ നാലുപാടും ചിതറിയോടുമെന്ന്’ സ്‌കോട്ടിഷ് പഴമൊഴിയുണ്ട്. ഇസ്‌ലാമിക നേതൃത്വം, നേതൃത്വങ്ങളുടെ നേതൃത്വമാണ്. ഓരോ മഹല്ലിലും അടിസ്ഥാനഘടകമാവുന്ന യൂനിറ്റുകൡും നേതൃത്വവും അനുയായികളുമുണ്ട്. എല്ലാവരും പരസ്പരം ബാധ്യത നിര്‍വഹണങ്ങളിലും സൗകര്യമൊരുക്കുന്നതിലും കൂട്ടുത്തരവാദിത്വം ഏറ്റെടുത്തവരാണ്. എന്നിരുന്നാലുംസംഘങ്ങള്‍ക്ക് ഒരു നായകനുണ്ട്. മക്കള്‍ പലരും, വീട്ടിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപഴകിയാലും കുടുംബനാഥന്റെ ചുമതലാബോധം വിട്ടൊഴിയാന്‍ പാടില്ലല്ലോ. നായകന്മാരുടെ നിയാമകത്വവും ഉത്തരവാദിത്വവും സമകാലത്ത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. മെമ്പര്‍ഷിപ്പുകള്‍ പരലോക വിചാരണക്കുള്ള ഉടമ്പടികള്‍ കൂടിയാണ്.
പുറംതോടുകളേക്കാള്‍ പരിക്കുപറ്റാതെ നോക്കേണ്ടത് അകത്തുള്ളതിനാണ്. ഉപരിപ്ലവങ്ങളില്‍ ഉത്സാഹഭരിതരാവുന്നതല്ല ക്രിയാത്മക സമൂഹത്തിന്റെ ലക്ഷണം. ആട്ടിടയനാല്‍ നയിക്കപ്പെടുന്ന കൂട്ടങ്ങള്‍ക്ക് ഇടയന്‍ നഷ്ടപ്പെടുന്നത്, അയാള്‍ പിന്‍വാങ്ങുമ്പോള്‍ മാത്രമല്ല, ദൗത്യം മറക്കുമ്പോഴും കൂടിയാണ്. ഇടയന്‍ ഇല്ലാതിരിക്കുന്നതിനേക്കാള്‍ അരക്ഷിതമായിരിക്കും അയാള്‍ ദൗത്യം മറക്കുമ്പോള്‍ സംഭവിക്കുന്നത്.
സ്വന്തത്തോടും അനുയായികളോടും നീതിയില്‍ വര്‍ത്തിക്കുമ്പോഴാണ് നാഥനുവേണ്ടിയുള്ള സാക്ഷ്യം വഹിക്കലാവുന്നത് (4:135). എത്ര പ്രതികൂലമായ അവസ്ഥകളിലും ആരോപണങ്ങള്‍ കട്ടപിടിച്ച് കരുത്ത് ചോര്‍ത്തിയെടുത്താലും തന്നിഷ്ടങ്ങളില്‍ അഭിമരിച്ച് നീതി  തകര്‍ക്കരുതെന്ന താക്കീത് ഖുര്‍ആന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. നാം ഏറ്റെടുത്ത ‘അമാനത്തുകള്‍’ നമുക്ക് പരലോകം നഷ്ടപ്പെടാന്‍ കാരണമാവരുത്. നിലപാടുകള്‍ നട്ടെല്ലായി നില നിര്‍ത്താനും സത്യആദര്‍ശത്തിന്റെ ദൃഢപാശത്തില്‍ ഒരുമെയ വരിഞ്ഞുമുറുക്കാനുമാണ് അല്ലാഹു ഗൗരവത്തില്‍ താക്കീത് നല്‍കുന്നത് (വി.ഖു 4:35, 5:8, 3;103)
കര്‍മങ്ങളില്‍ ഇസ്‌ലാഹ് ഉറപ്പുവരുത്തിയും നാഥന്റെ ആദര്‍ശപാശത്തെ കലവറയില്ലാതെ പിന്തുണച്ചും നിഷ്‌ക്കളങ്കരായി പ്രബോധനരംഗത്ത് നിലയുറപ്പിക്കുന്നവരുമാണ് വിശ്വാസികളുടെ കൂടെയുണ്ടാവുക എന്ന് നാം തിരിച്ചറിയുക (4:146). അവര്‍ക്കായിരിക്കും മഹത്വമേറിയ പ്രതിഫലം കാത്തിരിക്കുന്നത്.
Back to Top