22 Sunday
December 2024
2024 December 22
1446 Joumada II 20

മൂല്യങ്ങള്‍ കൈവിടുന്ന  മതപ്രഭാഷണ രംഗം  – അബ്ദുസ്സമദ് അണ്ടത്തോട്

ഉപദേശം എന്നതിന്റെ അറബി പദമാണ് ‘വഅദ്’. നമ്മുടെ നാട്ടില്‍ പ്രചുര പ്രചാരം നേടിയ ഒന്നാണ് ഈ പദം. പൊതുജനത്തിനു ഇസ്ലാമിക ജ്ഞാനം നേടാനുള്ള ഒരു വഴിയായി ഇതിനെ മനസ്സിലാക്കിയിരുന്നു. അതെ സമയം തന്നെ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താനും പല ഉപദേശങ്ങളും കാരണമായിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത പല കഥകളും ഇസ്‌ലാമിന്റെ പേരില്‍ അങ്ങിനെയാണ് നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടത്. മത പ്രാസംഗികര്‍ക്കു പണ്ടും നാട്ടില്‍ വലിയ സ്ഥാനമാണ്. സംഘാടകരില്‍ നിന്നും കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അവരുടെ മിടുക്ക് പണ്ടും സുപരിചിതമാണ്. ഭക്ഷണം,താമസം എന്നീ കാര്യങ്ങളില്‍ അവര്‍ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു.
പുതിയ കാലത്തും അത് തന്നെയാണ് അവസ്ഥ. മൂലധനം ആവശ്യമില്ലാത്ത ഒന്നാണ് മത പ്രസംഗ തൊഴില്‍. സംഘാടകര്‍ക്കും പല ഉദ്ദേശങ്ങളും കാണും. പൊതുജനത്തില്‍ നിന്നും സമ്പത്തു നേടുക എന്നതാണ് പലപ്പോഴും അടിസ്ഥാന വിഷയം. അപ്പോള്‍ മതപ്രസംഗം ഉപദേശം എന്നതിനപ്പുറം ഒരു ബിസിനസ് രൂപത്തില്‍ എത്തപ്പെടുന്നു. അതിന്റെ തണലില്‍ മുളച്ചു വരുന്ന പലരെയും നമുക്കു കാണാം.
പ്രവാചകനോ അനുചരന്മാരോ ഇങ്ങിനെ മണിക്കൂറുകളോളം ഉപദേശം നല്‍കിയ ചരിത്രം നമുക്ക് കാണുക സാധ്യമല്ല. ജനത്തിന് വേണ്ടത് വേണ്ട സമയത്തു നല്‍കുക എന്നതാണ് അവര്‍ സ്വീകരിച്ച രീതി. മൊത്തമായി ജനത്തെ ഉപദേശിക്കാന്‍ വെള്ളിയാഴ്ചകള്‍ അവര്‍ ഉപയോഗപ്പെടുത്തുന്നു. ശേഷം ഉപദേശം ആവശ്യമുള്ളവര്‍ക്ക് അത് വേണ്ട പോലെ നല്‍കുന്നു. മനുഷ്യന്‍ ജീവിക്കുന്ന സാഹചര്യം മനുഷ്യനെ തെറ്റിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തെറ്റുകളില്‍ നിന്നും വിശ്വാസികളെ മാറ്റി നിര്‍ത്താന്‍ ഉതകുന്നതാണ് നമസ്‌കാരം. ദൈവ സ്മരണയുടെ കുറവ് കൊണ്ടാണ് പലപ്പോഴും മനുഷ്യര്‍ തെറ്റിലേക്ക് പോകുന്നത്. അഞ്ചു സമയവും എല്ലാം കാണുന്ന അറിയുന്ന ഒരു ദൈവത്തിന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യന് സാധാരണ രീതിയില്‍ തെറ്റിലേക്ക് പോകാന്‍ അവസരം കിട്ടില്ല. പിന്നെയും തേടിപ്പോകുന്ന മനസ്സുകളെ പിടിച്ചു നിര്‍ത്താന്‍ പശ്ചാത്താപം സഹായിക്കും.
തെറ്റ് ചെയ്യുക എന്നത് മനുഷ്യ മനസ്സിന്റെ വിഷയമാണ്. സാഹചര്യങ്ങള്‍ പലപ്പോഴും മനുഷ്യനെ അതിനു നിര്‍ബന്ധിക്കുന്നു. അത് കൊണ്ടാണ് ഇസ്ലാം തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുന്നത്.
മതം പഠിപ്പിക്കുന്നവര്‍ തന്നെ കുറ്റവാളികളായി തീരുന്ന സംഭവങ്ങള്‍ നിരന്തരം കേട്ട് കൊണ്ടിരിക്കുന്നു. പലപ്പോഴും മതം പഠിപ്പിക്കുന്നവര്‍ അതിനുള്ള സംസ്‌കാരം ലഭിച്ചവരാകില്ല. അവര്‍ക്കു അതൊരു ഉപജീവനം അല്ലെങ്കില്‍ തൊഴില്‍ എന്നെ വരൂ.
മത പ്രസംഗ മാഫിയ എന്നത് കേരളത്തില്‍ അടുത്തിടെ രൂപപ്പെട്ട ഒന്നാണ്. ലക്ഷങ്ങളുടെ കിലുക്കമാണ് അതിനു കേള്‍ക്കുന്നത്. അത് വ്യവസായം എന്ന രീതിയില്‍ പറഞ്ഞു വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഞങ്ങള്‍ നിങ്ങളില്‍ നിന്നും പ്രതിഫലം ആഗ്രഹിക്കുന്നില്ല എന്നാണ് പ്രവാചകന്മാര്‍ സമൂഹത്തോട് പറഞ്ഞത്. അതെ സമയം യാത്രാ ബത്ത മാത്രം വാങ്ങി പ്രബോധനം നടത്തുന്നവരും നാട്ടിലുണ്ട്. മത പ്രബോധനത്തിന്റെ അടിസ്ഥാനം സമ്പത്ത് എന്ന് വരുമ്പോള്‍ തന്നെ അതിനു ദീനുമായുള്ള ബന്ധം ഇല്ലാതായി പോകുന്നു. പലരുടെയും വാക്കും പ്രവര്‍ത്തിയും ഒത്തു വരുന്നില്ല എന്നതാണ് ഇസ്‌ലാം നേരിടുന്ന വലിയ പ്രതിസന്ധി. അത്തരക്കാരുടെ ജീവിതത്തിലെ പിഴവുകള്‍ പലപ്പോഴും ചെന്ന് തറക്കുക മതത്തിനു നേരെ തന്നെയാകും. ശ്വാസം വിടാതെ വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നവരെയല്ല വാക്കും പ്രവര്‍ത്തിയും തമ്മില്‍ ചേര്‍ത്ത് നില്‍ക്കുന്നവരെയാണ് ഇന്ന് സമൂഹത്തിനു ആവശ്യം.
Back to Top