22 Sunday
December 2024
2024 December 22
1446 Joumada II 20

മുഹമ്മദ് നബി(സ) മാതൃകാ അധ്യാപകന്‍ – ഡോ. എം ഉമൈര്‍ ഖാന്‍

മഹാനായ ഒരു അധ്യാപകന്റെ ഓര്‍മയില്‍ സപ്തംബര്‍ 5-ന് രാജ്യം അധ്യാപകദിനം ആചരിച്ചു വരാന്‍ തുടങ്ങിയിട്ട് അമ്പതിലധികം വര്‍ഷം പിന്നിട്ടു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നെങ്കിലും, മികച്ച ഒരു അധ്യാപകന്‍ എന്ന നിലയിലാണ് ഡോക്ടര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ലോകപ്രശസ്തനായത്. ഇടുങ്ങിയ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്താതെ, ഒരു നല്ല അധ്യാപകനുണ്ടാവേണ്ട വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തിയ മഹാനായ അധ്യാപകനായിരുന്നു അദ്ദേഹം.
ഉപകാരശൂന്യമായ വലിയ തത്വചിന്തകള്‍ ചൊല്ലിക്കൊടുക്കുന്നതിനപ്പുറം, തന്റെ ശിഷ്യന്റെ സ്വാഭാവികവും അയവാര്‍ന്നതുമായ ജീവിതത്തിന് അവശ്യമായ പശ്ചാത്തലം സൃഷ്ടിച്ചുകൊടുക്കുന്നവനാണ് യഥാര്‍ഥ ഗുരുവായിട്ടുള്ളവന്‍. പ്രവാചകന്‍ മുഹമ്മദ്‌നബി(സ)യുടെ ശിഷ്യരുമൊത്തുള്ള ജീവിതത്തില്‍ മഹാനായ ഒരുഗുരുവിന്റെ നിരവധി അടയാളപ്പെടുത്തലുകള്‍ നമുക്ക് ദര്‍ശിക്കാനാവും. ഉപദേശമാരാഞ്ഞുവന്ന തന്റെ ഒരു ശിഷ്യനോട് ‘നീ കോപിക്കരുത്’ എന്നു മാത്രമായിരുന്നു പ്രവാചകന്‍(സ) മറുപടി നല്‍കിയത്. ചോദ്യം എത്ര ആവര്‍ത്തിച്ചിട്ടും അത് മാത്രമായിരുന്നു പ്രവാചകന്റെ മറുപടി. തന്റെ ശിഷ്യന്റെ ജീവിതം എളുപ്പമുള്ളതും സുന്ദരവുമായിത്തീരാന്‍ ആ ഉത്തരം മാത്രം മതി എന്ന തിരിച്ചറിവാണ് പ്രവാചകനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഓരോ ശിഷ്യര്‍ക്കും, തന്നോട് ഏറെ പ്രിയമുള്ള ‘എന്റെ സ്വന്തം ഗുരു’എന്ന് അനുഭവിക്കാന്‍ കഴിയുംവിധം മഹത്തരമായിരുന്നു പ്രവാചകന്റെ ശിഷ്യരോടൊത്തുള്ള ജീവിതനിമിഷങ്ങള്‍.
സ്‌നേഹം, വിശ്വാസം, ആദരവ്
സ്‌നേഹവും വിശ്വാസവും ആദരവുമാണ് ഗുരുശിഷ്യബന്ധങ്ങള്‍ ദൃഢമായിത്തീരുവാനുള്ള മൂലകങ്ങള്‍. പരസ്പര ആദരവിന്റെയും വിശ്വാസത്തിന്റെയും നിറഞ്ഞൊഴുകുന്ന സ്‌നേഹത്തിന്റെയും നിരവധി വിസ്മയ മുഹൂര്‍ത്തങ്ങള്‍ പ്രവാചകജീവിതത്തില്‍ നമുക്ക് കാണാം. ബദര്‍ യുദ്ധവേളയില്‍ തന്റെ ശിഷ്യരെ, വടികൊണ്ട് അണിചേര്‍ത്തി നിര്‍ത്തുന്നതിനിടയില്‍ സവാദ് ബിന്‍ അസിയ്യ(റ) എന്ന ശിഷ്യന്‍ പരാതിയുമായി വന്നു. തീക്ഷ്ണമായ യുദ്ധാവസരത്തിലും ശിഷ്യനെ കേള്‍ക്കാന്‍ സന്നദ്ധനായി പ്രവാചകന്‍. ”എനിക്ക് വേദനിച്ചു” എന്നു പറഞ്ഞ ശിഷ്യനു മുമ്പില്‍ ‘തിരികെ എന്നെയും തല്ലിക്കോളൂ’ എന്ന് പറഞ്ഞു ശിഷ്യനോട് ആദരവ് കാണിച്ചു. തീര്‍ന്നില്ല പരാതി. ‘എനിക്ക്, എന്നെ തല്ലിയതു പോലെ വസ്ത്രമില്ലാത്ത വയറില്‍ തല്ലണം’. വസ്ത്രം നീക്കി ‘തല്ലിക്കോളൂ സവാദ്’ എന്ന് പറയേണ്ട നേരം ഗുരുവിന്റെ വിയര്‍ത്ത മേനിയിലേക്കു ഒട്ടിനില്‍ക്കാനുള്ള ആഗ്രഹം കൊണ്ട് പ്രവാചകനെ ചേര്‍ത്തുപിടിച്ചു സ്‌നേഹംകൊണ്ട് കണ്ണുനീരൊഴുക്കിയ എത്രയെത്ര അനുഭവങ്ങള്‍! ശിഷ്യന്റെ തന്നോടുള്ള നിഷ്‌ക്കളങ്കമായ വിശ്വാസത്തിന്റെ അനുഭവം തിരിച്ചറിഞ്ഞപ്പോഴാണല്ലോ അബൂബക്കറിനെ(റ) ‘സ്വിദ്ദീഖ്’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു ചേര്‍ത്തു നിര്‍ത്തിയത്.
അധ്യാപന ശൈലീമാതൃകകള്‍
പ്രവാചക ഗുരുവിന്റെ അധ്യാപന ശൈലീമാതൃകകള്‍ കണ്ണോടിച്ചാല്‍ അവയോരോന്നും മഹത്തരവും മികച്ചവയുമാണെന്നു ബോധ്യമാവും. ശിഷ്യര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുംവിധം സുശക്തമായ തെളിവുകളാല്‍ കെട്ടിപ്പടുത്തതും സുവ്യക്തവുമായിരുന്നു പ്രവാചകന്റെ ബോധനകളോരോന്നും. ചിലപ്പോള്‍ ‘എന്താണ് ഈമാന്‍’, എന്താണ് ഇസ്‌ലാം, എന്താണ് ഇഹ്‌സാന്‍, അഞ്ചുനേരം അരുവിയില്‍ കുളിച്ചവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ പോലുള്ള ചോദ്യങ്ങളുയര്‍ത്തിയും, മറ്റു ചിലപ്പോള്‍ ഉപമാലങ്കാരങ്ങള്‍ പ്രയോഗിച്ചും, ചില നേരങ്ങളില്‍ മരുഭൂമിയിലെ മണ്ണില്‍ വരകളും ചിത്രങ്ങളും കോറിയിട്ടു ഉദാഹരണങ്ങള്‍ തീര്‍ത്തും, വൈവിധ്യമേറിയ വാങ്മയ ചിത്രങ്ങളെക്കൊണ്ട് നിറഞ്ഞ ഒരു വിസ്മയ പ്രപഞ്ചമായിരുന്നു പ്രവാചകന്റെ അധ്യാപനരീതി.
ഒരു കര്‍മത്തിന്റെ ദോഷത്തെക്കുറിച്ചോ ഗുണത്തെക്കുറിച്ചോ അറിയിക്കുന്നതോടൊപ്പമോ,അല്ലെങ്കില്‍ അതിനുമുമ്പോ സ്വജീവിതത്തില്‍ അത് പ്രായോഗികമാക്കി പ്രദര്‍ശിപ്പിച്ചു ശിഷ്യര്‍ക്ക് മാതൃകയാകുവാന്‍ പ്രവാചകന്‍ ഒരിക്കലും മറന്നിട്ടില്ല.
അധ്യാപനം, ധൃതിപ്പെടാതെയും ഘട്ടംഘട്ടമായും എളുപ്പമുള്ളേടത്തുനിന്നു തുടങ്ങാനുമൊക്കെ പ്രവാചകഗുരു ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ശിഷ്യന്‍ മുആദിനെ (റ) യമനിലേക്ക് പറഞ്ഞയക്കുമ്പോള്‍ നീ എങ്ങനെ അറിവ് നല്‍കണം എന്ന് പ്രവാചകന്‍ ഓര്‍മപ്പെടുത്തിയത്. ‘വേദവിശ്വാസികളായ സമൂഹത്തോടാണ് നിനക്ക് സംവദിക്കാനുള്ളത്. ദൈവം ഏകനാണെന്നു അവരെ ആദ്യം ബോധ്യപ്പെടുത്തുക. പിന്നെ മുഹമ്മദ് എന്ന പ്രവാചകനെക്കുറിച്ചും. അതു കഴിഞ്ഞാല്‍ ധനികര്‍, ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തുക….’ അങ്ങനെ, അങ്ങനെ പോവുന്നു പ്രവാചക നിര്‍ദേശം.
പ്രോത്സാഹനങ്ങള്‍
ശിഷ്യരുടെ അഭിപ്രായങ്ങള്‍ക്കു ചെവികൊടുത്തും, നല്ലത് അവരില്‍നിന്ന് സ്വീകരിച്ചും, വേണ്ട സമയത്തു പ്രോത്സാഹനങ്ങള്‍ നല്‍കിയും, അപകര്‍ഷതയില്‍ ആഴ്ന്നിറങ്ങിയവരെ ഉണര്‍വിലേക്കും അഭിമാനബോധത്തിലേക്കുംകൈ പിടിച്ചുയര്‍ത്തിയും ശിഷ്യരുടെ ഹൃദയങ്ങളില്‍ പ്രവാചകന്‍ അത്ഭുതം തീര്‍ത്തു. ഒരിക്കല്‍ തന്റെ മുമ്പിലിരുന്നു മടിച്ചുമടിച്ചു കവിത ചൊല്ലിയ ഖന്‍സാഅ എന്ന കവയിത്രിയെ ‘മനോഹരമായിരിക്കുന്നു’ എന്ന് പറഞ്ഞാണ്പ്രവാചകന്‍ എതിരേറ്റത്. മറ്റൊരിക്കല്‍ ‘അറബികളിലെ മികച്ച കവി ഖന്‍സാഅ’ എന്നും പ്രോത്സാഹനാര്‍ത്ഥം കൂട്ടിച്ചേര്‍ത്തു. മടിയേതുമില്ലാതെ എന്തും എപ്പോഴും പ്രവാചക ഗുരുവിനോട് ചോദിക്കാന്‍ മാത്രം തന്റെ ശിഷ്യരെ, പ്രത്യേകിച്ചും അക്കാലത്തെ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രവാചകന്റെ അധ്യാപനശൈലിക്കു സാധ്യമായി. അത്രമാത്രം പ്രേരണകള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു പ്രവാചകന്റെ ഓരോ അധ്യാപനവും.
വൈകാരിക നവോത്ഥാനം
ഓരോ ഗുരുവും തന്റെ ശിഷ്യരില്‍ സൃഷ്ടിച്ചെടുത്ത പരിവര്‍ത്തനങ്ങളെക്കുറിച്ചു ബോധ്യമുണ്ടായിത്തീരാന്‍ ആ ഗുരു നിലകൊണ്ട ചരിത്രപശ്ചാത്തലം കൂടി അറിയാതെകഴിയില്ല. അനുകമ്പയുടെ നേരിയ ചലനങ്ങള്‍ പോലുംനഷ്ടപ്പെട്ടു, ദൃഢമായിത്തീര്‍ന്ന ശിഷ്യ ഹൃദയങ്ങളിലാണ് മുഹമ്മദ് എന്ന പ്രവാചകഗുരു, അവരുടെ വൈകാരികതലത്തില്‍ മുഴു നന്മകളെയുമുണര്‍ത്തി നവോത്ഥാനം സൃഷ്ടിച്ചത്. ചെറിയ കുട്ടികളെ അകറ്റിനിര്‍ത്തി ഗൗരവഭാവം പുലര്‍ത്താത്ത, അവരെ മടിയിലിരുത്തി ചുംബനങ്ങള്‍നല്‍കിയ ഗുരു. സ്ത്രീകളോട് നന്നായി പെരുമാറാന്‍ പറഞ്ഞ ഗുരു, ദാഹിച്ചു തളര്‍ന്ന നായക്ക് വെള്ളംനല്‍കി സ്വര്‍ഗം പുല്‍കാന്‍ പ്രേരിപ്പിച്ച, ജീവനുള്ള ഏതിനും നന്മ ചെയ്യാന്‍ പറഞ്ഞ ഗുരു. പരാജയം നല്കിയ യുദ്ധക്കളത്തിനു സമീപംനിന്ന മലയെ ദുശ്ശകുനമായികണ്ട ശിഷ്യരുടെമുമ്പില്‍വെച്ച്, ‘ഓ.. ഉഹ്ദ് .. നീ എന്നെ എത്ര പ്രണയിക്കുന്നോ അത്രമേല്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നു’ എന്ന് പറഞ്ഞ ഗുരു. അനാവശ്യമായി മരങ്ങള്‍ മുറിച്ചു കളയല്ലേ എന്നോര്‍മപ്പെടുത്തിയ ഗുരു. ഒരു നന്മയെയും ചെറുതായി കാണരുതെന്ന് ഓര്‍മപ്പെടുത്തിയ… അങ്ങനെ, അങ്ങനെ എത്രെയെത്രെ ഉപദേശങ്ങള്‍. എന്തോ, പ്രവാചകഗുരു സൃഷ്ടിച്ചെടുത്ത തീര്‍ത്തും അസ്വാഭാവികമായ ഈയൊരു വൈകാരിക നവോത്ഥാനത്തെ ലോകം അത്രമാത്രം അറിയാതെയും, ചര്‍ച്ച ചെയ്യാതെയും പോയി. അക്കാലത്തെ ചരിത്രപശ്ചാത്തലത്തില്‍ തീര്‍ത്തും സ്വാഭാവികവമായ രാഷ്ട്രീയ നീക്കങ്ങളെയും യുദ്ധാനുഭവങ്ങളെയും മറ്റു സംഭവങ്ങളെയും നാമെത്രയാണ് പറഞ്ഞും എഴുതിയും വെച്ചത്!
Back to Top