3 Tuesday
December 2024
2024 December 3
1446 Joumada II 1

മുസ്‌ലിം സ്ത്രീയെ  ഇത്രകണ്ട് പൊതിയേണമോ? – എ ജമീല ടീച്ചര്‍

മുഖ പുസ്തകത്തിലെ മുഖമറ വിവാദം കത്തിപ്പടരുക തന്നെയാണ്. പ്രസ്താവനകളും എതിര്‍ പ്രസ്താവനകളും ഭീഷണിപ്പെടുത്തലുകളുമായി ചര്‍ച്ചക്ക് എരിവും പുളിയും ദിനേന കൂടുന്നുമുണ്ട്. വ്യക്തിസ്വാതന്ത്ര്യം എന്നതൊക്കെയാണ് പുറംമേനി. എങ്കിലും പിന്നാമ്പുറത്ത് പുകഞ്ഞുകൊണ്ടിരിക്കുന്നത് മതവികാരമാണെന്നുള്ളത് എല്ലാവര്‍ക്കുമറിയാവുന്ന ഒരു സത്യം. ഇത് ഇന്ത്യാരാജ്യമാണ്. ഏത് വിധത്തിലും വസ്ത്രം ധരിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. അത് കണ്ണും മൂക്കും മൂടിക്കെട്ടിയോ അല്ലാതെയോ എങ്ങനെയെങ്കിലുമാകട്ടെ. അതിനെ നിരോധിക്കാന്‍ ആര്‍ക്കുണ്ടിവിടെ അവകാശം എന്നത് ചര്‍ച്ചയിലെ ഒരു വശം. ഇപ്പറഞ്ഞതൊക്കെ ശരിയാവാം. എന്നാലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിന്റെ അച്ചടക്കം കണക്കിലെടുത്തുകൊണ്ട് വസ്ത്ര കോഡില്‍ യൂനിഫോമാലിറ്റിയാകാം. അതിലേക്ക് മുഖം മൂടിക്കെട്ടിയ വേഷം മേലധികാരികള്‍ക്ക് നിരോധിക്കാം. അതിന്റെ  പേരില്‍ ആരും ജിഹാദിനിറങ്ങിപ്പുറപ്പെടേണ്ട ആവശ്യമില്ല. ഇസ്‌ലാമികമായി പറഞ്ഞാല്‍ മുസ്‌ലിം സ്ത്രീയുടെ വേഷത്തില്‍ മുഖമറക്ക് പ്രാധാന്യമില്ല എന്ന് മറുവശം. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പണ്ടാരോ പറഞ്ഞുവെച്ച ഒരു അനുഭവ കഥ ഓര്‍മിക്കുകയാണ്.
നാട്ടില്‍ അത്യാവശ്യം തെറ്റില്ലാത്ത ഒരു കുടുംബമാണ് അവറുക്കാക്കയുടേത്. ഭാര്യ ബീഫാത്തിമ എല്ലാവര്‍ക്കും സുപരിചിതയും. എങ്ങനെ പരിചയക്കുറവുണ്ടാകും. എന്നും നേരം പരാപരാ വെളുക്കുമ്പോഴേക്കും ബീഫാത്തിമ്മയുണ്ടാകും അങ്ങാടിയില്‍ എട്ടുപത്ത് ആടുകളുമായി. കൈയിലൊരു വടിയും പിടിച്ച് ആടുകളുടെ പിന്നാലെ. അരഞ്ഞാണില്‍ കോര്‍ത്തുടുത്ത കാച്ചിത്തുണി. തടിയോട് മുട്ടുരുമ്മി നില്‍ക്കുന്ന പെണ്‍കുപ്പായം. അരയില്‍ തൂങ്ങിക്കിടക്കുന്നു കല്ലുസഞ്ചി. കാതിലലിക്കത്തും കുമ്മത്തും. കഴുത്തില്‍ ചങ്കേലസ്സുമായി തലയില്‍ ചുറ്റിക്കിടക്കുന്ന പുള്ളിത്തട്ടം മാറിടത്തിന്റെ മൊഞ്ചിന് ഒട്ടുംമറയാവാറില്ല. ‘ബടെ ആടേ’ എന്ന് പറഞ്ഞ് ആടുകളുടെ പിന്നാലെ ഓടുമ്പോള്‍ അങ്ങാടി വാണിഭവത്തെക്കുറിച്ച് ആടു മാത്രമല്ല ബീഫാത്തിമ്മയും ഒന്നും അറിയാറില്ല. ഉച്ചമയങ്ങും മുമ്പ് ബീഫാത്തിമ്മ അതേ കോലത്തില്‍ തിരിച്ചു മടങ്ങുകയും ചെയ്യും. കൂസലേതുമില്ലാതെ അങ്ങാടിയിലൂടെ തന്നെ. വൈകുന്നേരമായാല്‍ ബീഫാത്തിമ്മ ഭര്‍ത്താവിന്റെ കൂടെ വിരുന്നുപോകും. അതേ അങ്ങാടിയിലെ കവലയില്‍ തന്നെയായിരിക്കും ബസ് കാത്ത് നില്‍ക്കല്‍. മുഖമടക്കം ആകെ മൂടുന്ന കറുത്ത ബുര്‍ഖയും കൈയിലൊരു കുടയുമായി. അങ്ങാടിക്കും പിന്നിലുള്ള ആ വഴിയിലൂടെയായിരിക്കും വരവ്. കണ്ടാല്‍ ഒന്നാന്തരം അടക്കവുമൊതുക്കവുമുള്ള ഒരു നാണം കുണുങ്ങിപ്പെണ്ണ്. അവറുക്ക കൂടെയുള്ളതുകൊണ്ട് ആളുകള്‍ മനസ്സിലാക്കും അത് ബീപാത്തുമ്മയാണെന്ന്. ബീഫാത്തിമ്മയുടെ ഈ വേഷപ്പകര്‍ച്ച അന്നാരെയും അലോസരപ്പെടുത്തിയില്ല. ആരും ചോദ്യം ചെയ്തതുമില്ല. എന്തിന് ചോദ്യം ചെയ്യണം. അന്ന് മുസ്‌ലിം പെണ്ണുങ്ങളുടെ നടപ്പും ഇരിപ്പും വേഷവുമൊക്കെ ഇങ്ങനെ തന്നെയായിരുന്നുവല്ലോ. ഒരു  ബീഫാത്തിമ്മയുടേത് മാത്രമല്ല, ഒരുപാട് ബീഫാത്തിമ്മമാരും അയിശുമ്മമാരും ആമിനുമ്മമാരുമൊക്കെ  ഇങ്ങനെ ജീവിച്ചുമരിച്ചുപോയി. മുഖപുസ്തകത്തില്‍ ചര്‍ച്ചയും വിവാദവുമൊന്നുമായി മാറാതെ.
നടകണ്ടാല്‍ തുട
രണ്ടും കാണാനുതകുന്ന
ഒരു കണ്ടം തുണിയാണോ
ഇവര്‍ക്ക്
അടിമുണ്ടുടുക്കാനും
പാടില്ലെന്നാണെങ്കില്‍
വല്ലാത്തക്കോളാണേ
എന്ന് അവരെക്കുറിച്ചാണ് ഒരു മാപ്പിള കവി പാടിത്തീര്‍ത്തിരുന്നത്.
നെഞ്ചും മാറും മറയ്ക്കാതെയുള്ള ഈ വക കാച്ചിത്തുണി ഇടുങ്ങിയ പെണ്‍കുപ്പായ ചുറ്റിത്തട്ടത്തില്‍ നിന്ന് അവര്‍ സാരി ഫുള്‍കൈ ബ്ലൗസ്, മക്കന തുടങ്ങിയതിലേക്ക് മാറിയിരുന്നു. അഥവാ മുന്‍കയ്യ്, മുഖം എന്നിവയൊഴിച്ച് ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ അന്യരില്‍ നിന്ന് മറച്ചുവെക്കുക എന്നുള്ളതിലേക്ക്. ഇസ്്‌ലാമിലെ പെണ്‍ വസ്ത്രത്തിന്റെ മാനദണ്ഡം ഇതാണുതാനും. ഈയൊരു മാറ്റത്തിന് വേണ്ടി ഇസ്്‌ലാഹീ പ്രസ്ഥാനം കേരളത്തില്‍ തെല്ലൊന്നുമല്ല വിയര്‍ത്തിരുന്നത്. കറുത്ത പര്‍ദയും മുഖമറയും കാണിച്ച് പെണ്ണുങ്ങളെ പേടിപ്പിച്ചുകൊണ്ടായിരുന്നില്ല അത്. മറിച്ച് പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഓതിപ്പഠിപ്പിച്ചു കൊടുത്തുകൊണ്ട്.
”വിശ്വാസിനികളോടും പ്രവാചകന്‍ പറയണം. അവര്‍ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളട്ടെ. ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതിരിക്കട്ടെ. സ്വാഭാവികമായി വെളിപ്പെട്ടതൊഴിച്ച്. അവര്‍ ശിരോവസ്ത്രം താഴ്ത്തിയിട്ട് മാറിടം മറയ്ക്കണം.” (വി.ഖു 24:31)
നോട്ടത്തെ നിയന്ത്രിക്കാനായി പുരുഷനോടുള്ള കല്പനക്ക് തൊട്ടുതാഴെയായിട്ടാണ് ഖുര്‍ആന്‍ വിശ്വാസിനികളായ സ്ത്രീകളോട് ഈ വിഷയം തുടരുന്നത്. അലങ്കാരങ്ങള്‍ ഒട്ടും കാണാതെ സൂക്ഷിക്കുക എന്നത് പ്രയാസകരമായിരിക്കും എന്ന നിലക്ക് അല്ലാഹു നല്‍കുന്ന ഇളവില്‍ പെട്ടതാണ് ‘ഇല്ലാമാളഹറമിന്‍ഹാ’ എന്നത്. ഇതുകൊണ്ടുള്ള ഉദ്ദേശ്യം ‘മയുള്ഹീറുഹുല്‍ ഇന്‍സാനു അലല്‍ ആദത്തില്‍ ജാരിയ’ അഥവാ സാധാരണ സമ്പ്രദായമായി മനുഷ്യര്‍ വെളിപ്പെടുത്തുന്നത് എന്നതായിട്ടാണ് മിക്ക പണ്ഡിതന്മാരും വ്യാഖ്യാനിച്ചിരിക്കുന്നത്. അസ്മ(റ) ശരീര വടിവുകള്‍ കാണുന്ന നേരിയ വസ്ത്രങ്ങള്‍ ധരിച്ചു വന്നപ്പോള്‍ ‘അസ്മാ സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ പിന്നെ മുഖവും മുന്‍കൈയുമല്ലാതെ മറ്റൊന്നും പുറത്തുകാണാന്‍ പാടില്ല’ എന്ന് പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന് അബൂദാവൂദ്(റ) ഉദ്ധരിക്കുകയുണ്ടായി. സമാനമായ മറ്റൊരു ഹദീസ് ഇബ്‌നു ജരീര്‍(റ)യും ഉദ്ധരിക്കുന്നുണ്ട്. ഇതനുസരിച്ച് മുഖം, മുഖത്തണിയുന്ന കണ്‍മഷി, മൂക്കുത്തി മുതലായവയും കൈകളും അതിലണിയുന്ന മൈലാഞ്ചി, മോതിരം, വളകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. ഇതൊക്കെയാണ് സ്വാഭാവികമായി വെളിപ്പെടുന്ന ഭാഗങ്ങള്‍. ഇതിന്നെതിരായും പണ്ഡിതാഭിപ്രായങ്ങള്‍ ഇല്ലാതില്ല. മേല്‍ പറഞ്ഞ ഖുര്‍ആന്‍ ആയത്തിനെ നീട്ടിവലിച്ച് വ്യാഖ്യാനിച്ചുകൊണ്ടാണ് മുഖവും മുന്‍കൈയും കൂടി മറയണമെന്ന് അവര്‍ വാദിച്ചുകൊണ്ട് വരുന്നത്. കാറ്റില്‍ ഹിജാബ് പാറുമ്പോഴുണ്ടാകുന്ന വെളിപ്പെടലും ഹിജാബിന്റെ മേലുള്ള അലങ്കാരപ്പണികളും മാത്രമാണ് പോലുംഅവരുടെ ഭാഷയില്‍ ‘ഇല്ലാമാളഹറ മിന്‍ഹാ’ എന്നത്. ചുരുക്കത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ കടന്നുകൂടിയ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അടിച്ചേല്പിക്കപ്പെടുന്നത് പാവം പെണ്ണിന്റെ മേലും. ഇങ്ങനെയാണെങ്കില്‍ പിന്നെ പുരുഷന്മാരോട് ദൃഷ്ടി താഴ്ത്താന്‍ കല്പിക്കുന്നതിലര്‍ഥമുണ്ടാവില്ലല്ലോ.
മുസ്‌ലിം പെണ്ണിന്റെ വേഷം വെറും പര്‍ദ മാത്രമാണെന്നുള്ളതിന് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ള ആയത്താണ് സൂറത്ത് അഹ്സാബിലെ 59-ാം വചനങ്ങള്‍.
”അല്ലയോ പ്രവാചകരേ, നീ പറയുക. നിന്റെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും. അവരുടെ ജില്‍ബാബ് അവരുടെ ശരീരങ്ങളിന്മേല്‍ ഇട്ടുകൊള്ളണമെന്ന്”  (അഹ്സാബ് 59)
ജില്‍ബാബ് എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. മുഖവും ഇരുകൈപ്പടങ്ങളും കാല്‍പാദങ്ങളും ഒഴികെ മറയ്ക്കുന്ന രീതിയില്‍ സ്ഥലകാല വ്യത്യാസങ്ങളനുസരിച്ച് മാറ്റം ഉണ്ടാവുന്ന വിധം സ്ത്രീകളുടെ വസ്ത്രധാരണ രീതിയെല്ലാം ഇതിലുള്‍പ്പെടുന്നുണ്ട്. പ്രസിദ്ധ നിഘണ്ടുവായ ലിസാനുല്‍ അറബില്‍ ജില്‍ബാബിന് കൊടുത്തിരുന്ന അര്‍ഥം ഖമിസ്, തുണി എന്നൊക്കെയായി കാണാം. ഖാമുസ് എന്ന നിഘണ്ടുവില്‍ കുപ്പായം മുഖ മക്കന എന്നൊക്കെയാണ് അര്‍ഥം കൊടുത്തത് (ഖാമുസ് 1-817). പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കസീറിന്റെ അഭിപ്രായത്തില്‍ ജില്‍ബാബ് എന്നതിന് ‘തട്ടം’ എന്നാണ് അര്‍ഥം പറഞ്ഞിരിക്കുന്നത്. ഇവിടെയൊന്നും ജില്‍ബാബിന് ഇന്ന് കാണുന്നതുപോലുള്ള ശരീരമാകെ മൂടുന്ന കറുത്ത പര്‍ദ എന്ന് അര്‍ഥം കാണുന്നില്ല മുഖമക്കന, തുണിത്തട്ടം, കുപ്പായം, സാരി, തുന്നാത്ത  വസ്ത്രം, ചുറ്റിപ്പൊതിയുന്ന വസ്ത്രം മുതലായവയാണ്. മുഖവും മുന്‍കൈയും ഒഴിച്ച് മറയ്ക്കപ്പെടാന്‍ പറ്റിയ സ്ഥലകാല ബന്ധിതമായ ഏത് വസ്ത്രങ്ങള്‍ക്കും ജില്‍ബാബ് എന്ന് പറയാം എന്നതാണ്  മഹാന്മാരായ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. പാക്കിസ്ഥാനിലും ഇന്റോനേഷ്യയിലും അമേരിക്കയിലും എന്നുവേണ്ട ദക്ഷിണ ധ്രുവം മുതല്‍ ഉത്തരധ്രുവം വരെയുള്ള സകല രാജ്യങ്ങളിലും മുസ്്‌ലിം സ്ത്രീകളുണ്ടാകും. എല്ലാവര്‍ക്കും ഇസ്‌ലാമികമായി സ്വീകരിക്കാന്‍ പറ്റിയ ഒരു വേഷവിധാനത്തിന്റെ പേരാണ് ജില്‍ബാബ് എന്നത്. ആഇശ(റ)വില്‍ നന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ) സുബ്ഹ് നമസ്‌കരിക്കും. ശ്രേഷ്ട വനിതകളായ മുസ്‌ലീം സ്ത്രീകള്‍ പട്ടിന്റെ സാരി ചുറ്റിപ്പൊതിഞ്ഞവരായി പിരിഞ്ഞുപോകും. ഇരുട്ട് കാരണം അവരെ തിരിച്ചറിയുകയില്ല (ബുഖാരി, മുസ്‌ലിം).
‘മ്വിര്‍ത്’ എന്ന പദമാണ് ഹദീസില്‍ പ്രയോഗിച്ചിരിക്കുന്നത്. അല്‍മന്‍ഹല്‍ നിഘണ്ടുവില്‍ ഇതിന് ഒന്നാമതായി നല്‍കുന്ന അര്‍ഥം തുന്നാത്ത വസ്ത്രം എന്നാണ്. പട്ടിന്റെ പുതപ്പ് എന്ന് ലിബറേല്‍ അറബിലും അര്‍ഥം  നല്‍കുന്നു. ഇവിടെയൊന്നും കറുത്ത പര്‍ദയും മുഖാവരണവും എന്ന് അര്‍ഥം പറഞ്ഞുകാണുന്നില്ല. പച്ച വസ്ത്രം എന്നും ചില നിഘണ്ടുക്കളില്‍ കാണാം എന്ന് മാത്രം.
കറുപ്പു നിറം
കറുപ്പ് നിറത്തിനോട് പ്രവാചകന്‍(സ)ക്കോ പരിശുദ്ധ ഖുര്‍ആനിനോ പ്രത്യേകിച്ച് മമതയൊന്നും ഉണ്ടായിരുന്നതായും കാണപ്പെടുന്നില്ല. നിറങ്ങളില്‍ വെച്ച് വെളുപ്പ് നിറമാണ് നബി(സ) ആണിനും പെണ്ണിനും പ്രോത്സാഹിപ്പിച്ചിരുന്നത്. കറുത്ത നിറത്തെ ആര്‍ക്കുവേണ്ടിയും പ്രോത്സാഹിപ്പിച്ചതായി പറയുന്നില്ല. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീക്കുവേണ്ടി ഒട്ടുമില്ല. ശിയാക്കളിലും അബ്ബാസിയകളിലും പെട്ട ചില അനാചാര പാര്‍ട്ടികളാണ് കറുപ്പ് നിറത്തിന് വക്കാലത്ത് പിടിക്കുന്നത്. നബി(സ)യുടെ ഒരു  വാക്യം ശ്രദ്ധിക്കുക.
‘ഇബ്‌നു അബ്ബാസ്(റ) നിവേദനം. നിങ്ങളുടെ വസ്ത്രത്തില്‍ വെളുത്ത വസ്ത്രം നിങ്ങള്‍ ധരിക്കുവിന്‍ നിങ്ങളുടെ വസ്ത്രത്തില്‍ നല്ലത് അതാണ്. നിങ്ങളില്‍ നിന്ന് മരണപ്പെടുന്നവരെ അതില്‍ നിങ്ങള്‍ കഫന്‍ ചെയ്യുവിന്‍ (തിര്‍മിദി, അബൂദാവൂദ്, ഇജ്മാഇന്)
കഫന്‍തുണി ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണ്. എങ്കില്‍ ഹദീസിന്റെ ആദ്യഭാഗവും ആണിനും പെണ്ണിനും ബാധകം തന്നെ. ഇപ്പറഞ്ഞ വിഷയത്തില്‍ അഥവാ ജീവിച്ചിരിക്കുന്ന കാലത്തെ പെണ്ണിന്റെ വസ്ത്രം കറുപ്പിലൊതുക്കുകയും മരണാനന്തരം കഫന്‍ തുണിയില്‍ മാത്രം വെളുപ്പ് നിറത്തില്‍ കയറിപ്പിടിക്കുകയും ചെയ്യുന്നത് വൈരുധ്യമല്ലേ. ജീവിച്ചിരിക്കുന്ന കാലത്തെ വസ്ത്രത്തില്‍ ഇസ്്‌ലാമിന്റെ പ്രോത്സാഹനം തന്നെ ഒരു ഭൗതിക കാര്യം എന്ന നിലക്കാണ്. അതല്ലാതെ പരലോകത്ത് പ്രതിഫലം കിട്ടുമെന്ന അര്‍ഥത്തിലല്ല താനും. മഞ്ഞനിറവും പച്ചനിറവുമെല്ലാം പ്രവാചക(സ)ക്ക് ഇഷ്ടപ്പെട്ട നിറങ്ങള്‍ തന്നെയായിരുന്നു. എ്ന്നിട്ടും പെണ്ണിന്റെ പര്‍ദയില്‍ മാത്രം എങ്ങനെ കറുപ്പു നിറം കയറിപ്പറ്റി എന്നതാണ് ചിന്തിക്കേണ്ടത്. ഇനി കാലാന്തരത്തില്‍ പെണ്ണിന്റെ കഫന്‍ പുടവയും കറുപ്പാകുമോ എന്തോ?
Back to Top