മുസ്ലിം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് കോടതി വിധി കാത്തിരിക്കേണ്ടതില്ല – കെ എന്‍ എം (മര്‍കസുദ്ദഅ്വ)
കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധന നിര്‍വഹിക്കുന്നത് വിലക്കുന്നില്ലെന്നിരിക്കെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശത്തിന് ഒരു കോടതി വിധിയും കാത്തിരിക്കേണ്ടതില്ലെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രവാചക പത്നിമാരടക്കമുള്ള സ്വഹാബാ വനിതകള്‍ പ്രവാചകന്റെ നേതൃത്വത്തില്‍ പള്ളികളില്‍ നടന്നിരുന്ന ജമാഅത്ത് നമസ്കാരങ്ങളില്‍ പങ്കെടുത്തിരുന്നു എന്നത് ഇസ്ലാമിക ചരിത്രത്തില്‍ നിഷേധിക്കാനാവാത്ത വസ്തുതയാണ്.
പ്രവാചകന്റെ കാലശേഷം പ്രവാചക പത്നിമാരും സ്വഹാബാ വനിതകളും പള്ളികളില്‍ ഭജനമിരുന്നതിനും പ്രാര്‍ഥന നിര്‍വഹിച്ചതിനും പ്രവാചക ചര്യയില്‍ വ്യക്തമായ തെളിവുകളുണ്ടെന്നിരിക്കെ മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രാര്‍ഥനാ സ്വാതന്ത്ര്യം വിലക്കുന്നതിന് വിശ്വാസത്തിന്റെയോ പ്രമാണങ്ങളുടെയോ യാതൊരു പിന്‍ബലവുമില്ല. മുസ്ലിം സ്ത്രീകള്‍ക്ക് വീടുകളില്‍ വെച്ച് പ്രാര്‍ഥന നിര്‍വഹിക്കുന്നതാണ് ഉത്തമമെന്നത് സമസ്തയുടെ അഭിപ്രായമാണെന്നിരിക്കെ അതിനെ മതത്തിന്റെ വിധിയായി പരിഗണിക്കാവതല്ല. മുസ്ലിം സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷേധിക്കുകയും മുസ്ലിംകള് ഇംഗ്ലീഷ് പഠനം നടത്തുന്നത് വിലക്കുകയും ചെയ്തിരുന്ന സമസ്ത മേല്‍ നിലപാട് തിരുത്തിയത് പോലെ തന്നെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടും തിരുത്താന്‍ തയ്യാറാവണം. മുസ്ലിം സമുദായത്തിന്റെ നല്ല പാതിയായ സ്ത്രീകള്‍ക്ക് ഇസ്ലാം അനുവദിച്ചു നല്കിയ പൊതു ഇടങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തുകയും മഹല്ലുകളുടെയും മതസ്ഥാപനങ്ങളുടെയും നടത്തിപ്പുകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയുമാണ് മതനേതൃത്വങ്ങള്‍ ചെയ്യേണ്ടതെന്നും ഡോ. ഇ കെ അഹ്മദ് കുട്ടിയും സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു.
