2 Thursday
January 2025
2025 January 2
1446 Rajab 2

മുസ്‌ലിം പാര്‍ട്ടിയോ രാഷ്ട്രീയ ആത്മഹത്യയോ? ഇന്ത്യന്‍മുസ്‌ലിംകളുടെ  രാഷ്ട്രീയ സാധ്യതകള്‍ – ആദിത്യ മേനോന്‍

ഇന്നത്തെ ഇന്ത്യയില്‍ മുസ്‌ലിമായിരിക്കുകയെന്നാല്‍ ആത്മനിന്ദയോ സ്വയം കുറ്റപ്പെടുത്തലോ സ്വത്വം നഷ്ടപ്പെടുത്തലോ അല്ല. അധികാരമുള്ളവനോടുള്ള അടിമഭാവവുമല്ല. മുസ്‌ലിംകളെന്ന നിലയിലും ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയിലും സ്വന്തം അസ്തിത്വത്തില്‍ അവര്‍ക്ക് അഭിമാനിക്കാന്‍ കഴിയണം. ഒരു ക്ഷമാപണമനസ്സുമില്ലാതെ മുസ്‌ലിം എം പിമാര്‍ ലോക്‌സഭയില്‍ അവരുടെ ദേശസ്‌നേഹവും മുസ്‌ലിം സ്വത്വവും ഉറപ്പിച്ചു വ്യക്തമാക്കിയതുപോലെ.
ഝാര്‍ഖണ്ഡിലെ ഖര്‍സാവനില്‍ ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട്, ഒടുവില്‍ തല്ലിക്കൊലക്കിരയായ 24-കാരന്‍ തബ്‌രീസ് അന്‍സാരിയുടെ വധം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരു മാസം നടന്ന മുസ്‌ലിംവിരുദ്ധ വിദ്വേഷ അതിക്രമങ്ങളിതാ:
1.  ഹരിയാനയിലെ ഗുരുഗ്രാമില്‍ മുഹമ്മദ് ബര്‍കത് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും പൊതിരെ തല്ലിന് ഇരയാകുകയും ചെയ്തു.
2.  ബിഹാറിലെ ബെഗുസരായിയില്‍ പാകിസ്താനിലേക്കു പോകാന്‍ ആക്രോശിച്ചാണ് മുഹമ്മദ് ഖാസിമിനുനേരെ നിറയൊഴിച്ചത്.
3.  ഉത്തര ബംഗാളില്‍ ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടിയെ പുരുഷന്മാര്‍ ജയ് ശ്രീരാം ഏറ്റുചൊല്ലാന്‍ നിര്‍ബന്ധിച്ചു.
4.  അസമിലെ ബാര്‍പേട്ടയില്‍ ഭാരത് മാതാ കീ ജയ് വിളിക്കാനാവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ മര്‍ദിച്ചു.
5.  ഡല്‍ഹിയില്‍ രോഹിണിയില്‍ മുഹമ്മദ് മുഅ്മിനെ കാറിടിച്ചത് ജയ് ശ്രീരാം വിളിക്കാതിരുന്നിട്ടാണ് എന്ന് ആരോപണമുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ വെറുപ്പിന്റെ അതിക്രമങ്ങള്‍ വര്‍ഷങ്ങളായി ശേഖരിച്ച് ഡോക്യുമെന്റ് ചെയ്തുവരുന്ന മുഹമ്മദ് ആസിഫ് ഖാന്‍ പറയുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമൂഴം തുടങ്ങിയതില്‍ പിന്നെ ഇത്തരം കുറ്റകൃത്യങ്ങളുടെ ആവര്‍ത്തി കൂടിയിട്ടുണ്ടെന്നാണ്.  ഈ സാഹചര്യത്തില്‍ മുസ്‌ലിം സമുദായത്തെ വരിഞ്ഞുമുറുക്കുന്ന ചോദ്യമിതാണ്: മോദിയുടെ ഇന്ത്യയില്‍ എങ്ങനെ അതിജീവിക്കും?
സമുദായത്തിനകത്തെ വ്യക്തികള്‍ നാലു തരം വാദങ്ങളാണ് ഉയര്‍ത്തുന്നത്.
1.  ബി ജെ പിയിലേക്കു മാറുക.
2.  രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുക.
3.  കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ ‘മതേതര’ പാര്‍ട്ടികളെ ശക്തിപ്പെടുത്തുക.
4.  അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പോലുള്ള ഒരു ‘മുസ്‌ലിം’ പാര്‍ട്ടിയിലേക്കു നീങ്ങുക.
ആദ്യ രണ്ടു വാദങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യക്തികള്‍ മുസ്‌ലിംകള്‍ക്കേറ്റ ആഘാതത്തിന് അവരെ തന്നെ കുറ്റപ്പെടുത്തുന്നുമുണ്ട്. മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ തിരംഗ ടി വിയില്‍ കരണ്‍ ഥാപ്പറിനു നല്‍കിയ അഭിമുഖം ഒരു ഉദാഹരണം. ‘പ്രശ്‌നത്തിന്റെ വിത്ത് അകത്തു തന്നെ’ എന്നു പറഞ്ഞു നല്‍കിയ ആ അഭിമുഖത്തില്‍ മുസ്‌ലിംകള്‍ ഇന്ത്യയില്‍ അരക്ഷിതത്വം അനുഭവിക്കുന്നു എന്നതുതന്നെ അദ്ദേഹം നിഷേധിച്ചിരിക്കുന്നു. ഇന്ത്യയില്‍ ‘ന്യൂനപക്ഷം’ എന്ന ഒന്നുതന്നെയുണ്ടെന്ന കാര്യം പോലും അദ്ദേഹം തിരസ്‌കരിക്കുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഫിറോസ് ഭക്ത് അഹ്മദ് സമാന വാദംതന്നെ ഉന്നയിക്കുന്നുണ്ട്: ”കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി മുസ്‌ലിംകള്‍ കോണ്‍ഗ്രസിനാണ് വോട്ടു ചെയ്തിരുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ സംഘടിതമായി വോട്ടു ചെയ്ത് എന്തു മാറ്റമുണ്ടാകുന്നുവെന്നു നോക്കട്ടെ. ഇക്കഴിഞ്ഞ ജനവിധി മുസ്‌ലിം സമുദായത്തിനു നല്‍കുന്ന സന്ദേശം അസദുദ്ദീന്‍ ഉവൈസി, അഅ്‌സം ഖാന്‍ പോലെയുള്ള ഒച്ചവെക്കുന്ന നേതാക്കളില്‍നിന്ന് അവര്‍ അകന്നുനില്‍ക്കണമെന്നാണ്. അത് അവര്‍ക്ക് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വഴിതുറന്നുകൊടുക്കും” -അദ്ദേഹം എഴുതി.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കു വഴിതെളിച്ച മറ്റൊരു ലേഖനത്തില്‍ എഴുത്തുകാരി സാനിയ അഹ്മദ് മുസ്‌ലിംകള്‍ക്ക് ചില ചുവടുകള്‍ ചൊല്ലിക്കൊടുക്കുന്നു. ”വൈദ്യുതി മോഷ്ടിക്കുന്നത് അവസാനിപ്പിക്കുക, ഹെല്‍മറ്റ് ധരിക്കാതെ കുട്ടികള്‍ ബൈക്കില്‍ ചുറ്റിയടിക്കുന്നത് ഒഴിവാക്കുക, മാലിന്യ അവശിഷ്ടങ്ങള്‍ കുപ്പത്തൊട്ടിയില്‍തന്നെ നിക്ഷേപിക്കുക” സമുദായത്തിന്റെ സ്ഥിതി പൂര്‍ണമായല്ലെങ്കിലും നേരിയതോതില്‍ മെച്ചപ്പെടുത്താന്‍ ഇതൊക്കെ സഹായിക്കും എന്നാണ് അവരുടെ കണ്ടെത്തല്‍.
മുസ്‌ലിംകളുടെ ഇന്നത്തെ ദുരവസ്ഥക്കു കാരണം ഏതോ തരത്തിലുള്ള അവരുടെ കുഴപ്പമാണ് എന്ന ധാരണയില്‍നിന്നാണ് ഈ വാദങ്ങള്‍ ഉരുത്തിരിയുന്നത്. അതിനാല്‍ അവര്‍ രാഷ്ട്രീയത്തില്‍നിന്നു മാറിനിന്നാല്‍, ഹെല്‍മറ്റ് ധരിച്ചുതുടങ്ങിയാല്‍ അവരുടെ നില മെച്ചപ്പെടുത്താന്‍ കഴിയും. രാജ്യത്ത് മുസ്‌ലിംസമുദായം ഇരയാക്കപ്പെടുന്ന വ്യവസ്ഥാപിതമായ ഭൂരിപക്ഷ അടിച്ചമര്‍ത്തലിനെക്കുറിച്ച് ഈ വാദക്കാരൊക്കെ അജ്ഞത നടിക്കുന്നു.
ലോക്‌സഭയില്‍ ബി ജെ പി അംഗങ്ങള്‍ ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് വിളിച്ച് ഉവൈസിയെയും തൃണമൂല്‍ എം.പിമാരെയും തടസ്സപ്പെടുത്തുമ്പോള്‍ പുറത്ത് ഹിന്ദുത്വഗുണ്ടകള്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന സമാന ചെയ്തിയെ അവര്‍ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? 10 മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഒരു ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതിന് കോടതി കുറ്റം വിധിച്ച പ്രജ്ഞ സിങ് ഠാകുറിന് ബി ജെ പി ടിക്കറ്റ് നല്‍കുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമത്തിന് പാര്‍ട്ടി പ്രതിഫലം നല്‍കുകയല്ലേ? ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ കൂട്ടമായി ബി ജെ പിക്ക് വോട്ടുകുത്തണമെന്ന് ബോധമുള്ള ഒരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും മുസ്‌ലിംകള്‍ നിലനില്‍ക്കുന്നതുതന്നെ ഭീഷണിയാണെന്ന പ്രചാരണം ഹിന്ദു സമുദായത്തില്‍ വ്യാപകമായി അഴിച്ചുവിട്ടതിന്റെ ഫലമായിരുന്നു ആ ആക്രമണങ്ങള്‍. ഒരു സമുദായത്തിന്റെ നിലനില്‍പുതന്നെ ഭീഷണിയായി പരിഗണിക്കപ്പെടുമ്പോള്‍ പൊതു ഇടത്തില്‍നിന്ന് അവരെ അദൃശ്യമാക്കിയോ അവരുടെ രാഷ്ട്രീയത്തെ ഒഴിവാക്കിയോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക സാധ്യമല്ല. അങ്ങനെ നോക്കുമ്പോള്‍, പ്രശ്‌നം മുസ്‌ലിംകളുടെ അടുത്തല്ല എന്നു മനസ്സിലാക്കണം.
മുസ്‌ലിംകള്‍ എന്തു ചെയ്യണം
നിലവിലെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതിന് മുസ്‌ലിംകളുടെ ഒരു ദൗര്‍ബല്യം കാരണമാണെന്നു പറയണം. ആ ദൗര്‍ബല്യം കൂടിയ അളവില്‍ രാഷ്ട്രീയമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍, കുറഞ്ഞ അളവിലാണെന്നും പറയാനാവില്ല. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു രാഷ്ട്രീയമായ ഭീതി നിലനില്‍ക്കുന്നുണ്ട്. അതിന് ചരിത്രപരമായി മൂന്നു കാരണങ്ങളുണ്ട്.
1.  പത്തൊമ്പതാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ വിവേചനം കാണിക്കുമ്പോള്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ സമുദായത്തോട് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്ന് വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിയില്‍ ശ്രദ്ധയൂന്നാന്‍ ആവശ്യപ്പെട്ടു. ഇന്നും പ്രതിസന്ധിയുടെ സമയത്ത് സമുദായത്തിനു കിട്ടുന്ന മുഖ്യ ബ്ലൂപ്രിന്റ് ഇതുതന്നെ. സ്വാധീനമുള്ള പല മുസ്‌ലിംകളും അവരുടെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതാണ് പരിഹാരമായി പറയാറുള്ളത്.
2.  ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ തീര്‍ത്തും ന്യായരഹിതമായി വിഭജനത്തിന്റെ ഭാരം ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്നു. മുഹമ്മദലി ജിന്നയുടെയും മുസ്‌ലിംലീഗിന്റെയും ശ്രമങ്ങളുടെ ഫലമൊന്നു മാത്രമായി അവര്‍ അതിനെ കാണുന്നു.
3.  സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ ഹുസൈന്‍ അഹ്മദ് മദനിയുടെ നേതൃത്വത്തിലുള്ള ദയൂബന്ദി പണ്ഡിതന്മാര്‍ മുസ്‌ലിംകളെ ജിന്നക്കെതിരായി കോണ്‍ഗ്രസിലേക്കു തെളിക്കുകയായിരുന്നു. പുതിയ ഇന്ത്യ വ്യക്തിനിയമത്തിന്റെ വരുതിയില്‍ മുസ്‌ലിംകള്‍ക്ക് ഇടംനല്‍കുമ്പോള്‍ മുസ്‌ലിംകള്‍ സ്വത്വരാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കും എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അവര്‍ അത് ചെയ്തത്.
ഈ മൂന്നു മനോഭാവങ്ങളും സമുദായകേന്ദ്രിത രാഷ്ട്രീയം സജീവമാക്കുന്നതില്‍നിന്ന് ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ അകറ്റിനിര്‍ത്തി. അതൊക്കെ സുപ്രധാനമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പൂര്‍ണമായും പ്രസക്തമാണെന്നു പറഞ്ഞുകൂടാ.
അതെ, സര്‍സയ്യിദ് പറഞ്ഞതുപോലെ മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നണം. എന്നാല്‍, മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് രാഷ്ട്രീയം കടകവിരുദ്ധമാണ് എന്നു കരുതേണ്ടതില്ല. വ്യക്തിനിയമവും വളരെ പ്രധാനംതന്നെ, സംശയമില്ല. എന്നാല്‍, വ്യക്തിനിയമം സംരക്ഷിക്കണമെങ്കിലും മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ സംഘാടനം വേണം. കഴിഞ്ഞ ലോക്‌സഭയില്‍ മോദി ഗവണ്‍മെന്റിന്റെ കര്‍ക്കശമായ മുത്തലാഖ് ബില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ സജീവമായ പ്രതിരോധത്തിന് എ ഐ എം ഐ എമ്മും ചില പ്രാദേശിക കക്ഷികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മുസ്‌ലിം പാര്‍ട്ടി മാത്രമാണോ പരിഹാരം
സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ താക്കോലാണ് രാഷ്ട്രീയ ശാക്തീകരണം എന്ന് ഇന്ത്യയില്‍ വിജയകരമായി തെളിയിച്ച രണ്ടു സമുദായങ്ങളാണുള്ളത് ദലിതുകളും സിഖുകാരും. മുസ്‌ലിംകള്‍ക്ക് ബഹുജന്‍ സമാജ് പാര്‍ട്ടിയെയോ ശിരോമണി അകാലിദളിനെയോപോലെ അത്ര വിപുലമായ ഒരു പാര്‍ട്ടി മുസ്‌ലിംകള്‍ക്കില്ല. രണ്ടു പഴയ മുസ്‌ലിം പാര്‍ട്ടികള്‍ക്ക് എ ഐ എം ഐ എമ്മും മുസ്‌ലിംലീഗും തെലങ്കാനയിലും മഹാരാഷ്ട്രയിലും കേരളത്തിലും അവരുടേതായ സ്വാധീനവലയമുണ്ട്. മുസ്‌ലിംകള്‍ വിദ്യാഭ്യാസ, സാമ്പത്തികരംഗങ്ങളില്‍ സുസ്ഥിതിയിലുള്ള പ്രദേശങ്ങളാണ് ഇവ എന്നതിനാല്‍ അതില്‍ ആശ്ചര്യവുമില്ല.
എന്നാല്‍, ദലിതുകളും സിഖുകാരും രാഷ്ട്രീയശാക്തീകരണമെന്നാല്‍ സ്വന്തമായി ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടാവുക എന്നല്ല, എല്ലാ പാര്‍ട്ടികളുമായും തുല്യമായ ഒരു അധികാരസമവാക്യം രൂപപ്പെടുത്തുക എന്നാണ് കണ്ടത്. ഇതിനര്‍ഥം മുസ്‌ലിംകള്‍ കോണ്‍ഗ്രസ്, എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ മതേതരപാര്‍ട്ടികളുമായി നേര്‍ക്കുനേര്‍ ബന്ധം സ്ഥാപിക്കണം. സമുദായം സ്വയം സംഘടിക്കുകയും, വിദ്വേഷ അതിക്രമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാനും അവര്‍ക്കു ഭരണമുള്ള സംസ്ഥാനങ്ങളില്‍ അത്തരം സംഭവങ്ങളുണ്ടായാല്‍ സത്വരനടപടി കൈക്കൊള്ളാനും ഇക്കണ്ട പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും കഴിയണം. മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക ആവശ്യങ്ങള്‍ അവര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനും കഴിയണം. മുഖ്യപോയന്റ് ഇതാണ്. ‘മതേതര’ പാര്‍ട്ടികളുമായുള്ള മുസ്‌ലിംകളുടെ അധികാരസമവാക്യങ്ങളില്‍ മാറ്റം വേണം. ബി ജെ പിയെ തോല്‍പിക്കാന്‍ എന്തു വന്നാലും മുസ്‌ലിംകള്‍ ആവേശപൂര്‍വം തങ്ങള്‍ക്കു വോട്ടു കുത്തിക്കൊള്ളും എന്നു സമാധാനമടയാന്‍ ഈ പാര്‍ട്ടികളെ അനുവദിച്ചുകൂടാ.
ആത്മാഭിമാനം;ആത്മനിന്ദയല്ല
ഇസ്‌ലാമിന് ഇന്ത്യയില്‍ ചിരപുരാതനവും സവിശേഷവുമായ ഒരു ചരിത്രമുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്‌ലാം ഇന്ത്യയിലെത്തി. ഇന്ത്യയില്‍ ആദ്യമെത്തിയതായി രേഖപ്പെടുത്തപ്പെട്ട മുസ്‌ലിമാണ് ഇന്നത്തെ ഇറാഖിലെ ബസറയില്‍നിന്നുള്ള മതപ്രചാരകന്‍ മാലിക് ദീനാര്‍. ‘എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം’ പറയുന്നതനുസരിച്ച് ‘ആന്തരിക ജിഹാദ്’ എന്ന സങ്കല്‍പം ഒരാളുടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ധര്‍മസമരം മാലിക് ദീനാറിന്‍േറതാണ്. ഇന്നും ‘ശരിയായ ജിഹാദ്’ നിര്‍വചിക്കാന്‍ ഈ പരികല്‍പന ഉദ്ധരിക്കപ്പെടുന്നുണ്ട്. ഈ പരികല്‍പനയുടെ കര്‍ത്താവാണ് ഇന്ത്യയിലേക്ക് ഇസ്‌ലാം കൊണ്ടുവന്നതെന്നതും പിന്നീട് ഇവിടെ മരണമടഞ്ഞെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
മാലിക് ദീനാര്‍ പണിത ഇന്ത്യയിലെ ആദ്യ പള്ളി കേരളത്തിലെ കൊടുങ്ങല്ലൂരിലുണ്ട്. പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്ത് ഏഴു വര്‍ഷത്തിനുശേഷം ക്രിസ്തുവര്‍ഷം 629ലാണ് ഇതെന്നു കരുതപ്പെടുന്നു. ചേര ചക്രവര്‍ത്തിയായിരുന്ന ചേരമാന്‍ പെരുമാള്‍ അനുവദിച്ച സ്ഥലത്താണ് ആ പള്ളി പണിതത്. അതിന് ചക്രവര്‍ത്തിയുടെ പേരുവെക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ സന്ദേശം ചേരമാന്‍ പെരുമാളിനെ അഗാധമായി സ്വാധീനിച്ചു. ചേരമാന്‍ പെരുമാളിനെക്കുറിച്ച് അനേകം ഐതിഹ്യങ്ങളുണ്ട്. ഒരു ഐതിഹ്യപ്രകാരം അദ്ദേഹം അറേബ്യയിലെത്തി പ്രവാചകനെ കണ്ടതായും അവിടെ മരണമടഞ്ഞതായും പറയുന്നു.
മാലിക് ദീനാറിന്റെയും ചേരമാന്‍ പെരുമാളിന്റെയും കഥ ഇന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പ്രധാനമാണ്. മുസ്‌ലിം പണ്ഡിതനും ഹിന്ദു ഭരണാധികാരിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തിലൂടെയാണ് ഇസ്‌ലാം ഇന്ത്യയില്‍ സമാരംഭംകുറിക്കുന്നതെന്ന് അത് തെളിയിക്കുന്നു. സന്തുലിതമായ കൊള്ളകൊടുക്കയാണ് അവിടെ നടന്നത്. രണ്ടു പക്ഷവും മറുഭാഗത്തോട് കടപ്പെടേണ്ടിവന്നിട്ടില്ല. എപ്പോഴും കേള്‍ക്കാറുള്ള ഗംഗയമുന സംസ്‌കൃതിപോലെയുമല്ല അത്. ആ രൂപകം അര്‍ഥമാക്കുന്നത് ഒരു നദി മറ്റൊന്നില്‍ വിലയംപ്രാപിച്ച് സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നുവെന്നാണ്.
ഇന്നത്തെ ഇന്ത്യയില്‍ മുസ്‌ലിമായിരിക്കുകയെന്നാല്‍ ആത്മനിന്ദയോ സ്വയം കുറ്റപ്പെടുത്തലോ സ്വത്വം നഷ്ടപ്പെടുത്തലോ അല്ല. അധികാരമുള്ളവനോടുള്ള അടിമഭാവവുമല്ല. മുസ്‌ലിംകളെന്ന നിലയിലും ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയിലും സ്വന്തം അസ്തിത്വത്തില്‍ അവര്‍ക്ക് അഭിമാനിക്കാന്‍ കഴിയണം. ഒരു ക്ഷമാപണമനസ്സുമില്ലാതെ മുസ്‌ലിം എം പിമാര്‍ ലോക്‌സഭയില്‍ അവരുടെ ദേശസ്‌നേഹവും മുസ്‌ലിം സ്വത്വവും ഉറപ്പിച്ചു വ്യക്തമാക്കിയതുപോലെ. ബാബാസാഹേബ് അംബേദ്കര്‍ പറഞ്ഞതുതന്നെയാണ് പരിഹാരം: ”വിദ്യ നേടുക, സംഘടിക്കുക, പൊരുതുക.”
Back to Top