16 Monday
September 2024
2024 September 16
1446 Rabie Al-Awwal 12

മുസ്‌ലിം ഗാന്ധിയെന്നോ? – പി എം സലിം മലപ്പുറം

മുസ്‌ലിം ആദര്‍ശം ഒന്നാണെങ്കില്‍ ഗാന്ധി പുലര്‍ത്തുന്ന ആദര്‍ശം മറ്റൊന്നാണ്. ഇസ്‌ലാമിലും ഗാന്ധിസത്തിലും  സാമ്യമായ സമീപനങ്ങള്‍ കാണാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇസ്‌ലാം മതത്തിന് ഒരു പൂര്‍ണ ചട്ടക്കൂടുണ്ട്. അത് വിശ്വാസത്തില്‍ നിന്നു തുടങ്ങി സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മുന്നോട്ടുവെക്കുന്നു. അത് അതേപടി നിര്‍വഹിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം മതം അല്ലാഹുവിന്റെ അതിര്‍വരമ്പുകളാല്‍ വ്യവസ്ഥപ്പെടുത്തിയതാണ്. ആരാണ് തന്നെ അനുസരിക്കുന്നതെന്ന് നോക്കാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയ അതിര്‍വരമ്പുകള്‍. ഇതാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. എന്നാല്‍ ഗാന്ധിജി അനുവര്‍ത്തിച്ച ആദര്‍ശം അനുസരിച്ച് എല്ലാ മതപരമായ അതിര്‍ വരമ്പുകളും ഏകപക്ഷീയവും തെറ്റും ആണെന്ന് അദ്ദേഹം കരുതുന്നു. ഇത് ഇസ്‌ലാമിക സിദ്ധാന്തത്തിന് എതിരാണ്. എന്നാല്‍ ഗാന്ധിജിയുടെ മതേതര നിലപാടുകള്‍, ദയ, സഹാനുഭൂതി തുടങ്ങിയവ ഇസ്‌ലാമിക കാഴ്ചപ്പാടുമായി പൊരുത്തപ്പെട്ടുപോകുന്നുണ്ട്. ലൗകിക ജീവിതത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ നല്ല സാമൂഹികാന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. ഒരാളുടെ ആദര്‍ശം എന്തുമായിക്കൊള്ളട്ടെ, സഹാനുഭൂതിയും സഹവര്‍ത്തിത്വവും ആണ് എല്ലാവരോടും അയാള്‍ പുലര്‍ത്തുന്നതെങ്കില്‍ ഒരു നല്ല ലോകം വാര്‍ത്തെടുക്കാന്‍ അയാള്‍ക്കു സാധിക്കും. ഇത് മുസ്‌ലിമിനും അമുസ്‌ലിമിനും സാധിക്കും. ഇത്തരമൊരു സാമൂഹിക ഉന്നതി കൈവരിക്കുമ്പോള്‍ മതത്തിന്റെ പ്രസക്തി എന്ത് എന്നും മതത്തിന്റെ അതിര്‍വരമ്പുകള്‍ തെറ്റ് എന്നും സ്വാഭാവികമായും തോന്നിയേക്കാം. ഇത്തരമൊരു കാഴ്ചപ്പടാണ് ഗാന്ധിജിയിലും കാണാന്‍ സാധിക്കുന്നത്. അതായത് ഭൗതികതയെ സ്വന്തം നിലപാടുകൊണ്ട് നിര്‍വചിക്കുക. അങ്ങനെ ഭൗതികതയെ ശരിപ്പെടുത്താന്‍ ആത്മീയതയില്‍ നീക്കുപോക്ക് നടത്തുക.
എന്നാല്‍ ഇസ്‌ലാം അങ്ങനെയല്ല. അത് ഗാന്ധിജി, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാന്മാര്‍ വിഭാവനം ചെയ്യുന്ന സാമൂഹിക ഉന്നതി കൈവരിക്കുന്നതോടൊപ്പം തന്നെ ആത്മീയ ലോകത്ത് മോക്ഷം ലഭിക്കുവാനും അവിടെ ഒരു സുന്ദര ലോകം പടുത്തുയര്‍ത്തുവാനും നമ്മെ പ്രാപ്തനാക്കുന്നു.തന്റെ രക്ഷിതാവിന്റെ വാക്കുകള്‍ തെറ്റാതെ അതിര്‍വരമ്പുകള്‍ പാലിച്ച്, അവന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് അവനില്‍ പൂര്‍ണമായി അര്‍പ്പിച്ച് ജീവിതം കെട്ടിപ്പടുക്കുക എന്നുള്ളതാണ് അവന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മുസ്‌ലിം ഗാന്ധി നാമകരണം അപ്രസക്തമാണ്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x