18 Thursday
April 2024
2024 April 18
1445 Chawwâl 9

മുസ്‌ലിം അമുസ്‌ലിം സൗഹൃദവും ബഹുസ്വര സാമൂഹിക ജീവിതവും – വി എ മുഹമ്മദ് അശ്‌റഫ്

ലോകം ഇന്ന് ഒരു ആഗോള ഗ്രാമമായി മാറിയിരിക്കുന്നു. യാത്രാ സൗകര്യങ്ങളും വാര്‍ത്താവിനിമയ രംഗത്തെ വിസ്മയാവഹമായ കുതിച്ചുചാട്ടവുമാണ് ഇതിന് കളമൊരുക്കിയത്. മത- ഭാഷാ- സംസ്‌കാര ബഹുത്വങ്ങള്‍ രഞ്ജിപ്പോടെ കഴിയുന്ന അവസ്ഥയെ തകര്‍ത്ത് പരസ്പരം പോരടിപ്പിക്കുന്ന ഭീഷണാവസ്ഥയിലേക്ക് തള്ളിയിടുകയാണ് വര്‍ഗീയ ഫാസിസ്റ്റുകളുടെയും അവരുടെ യജമാനന്മാരായ ആഗോള സാമ്രാജ്യത്വത്തിന്റെയും താല്പര്യം. ഇതര ജനവിഭാഗങ്ങളോട് കാര്‍ക്കശ്യവും വിദ്വേഷവും പുലര്‍ത്തുന്ന സമീപനമാണ് ഇസ്‌ലാമിനുള്ളതെന്നും ഖുര്‍ആനില്‍ നിന്നും ചില സൂക്തങ്ങള്‍ അടര്‍ത്തിയെടുത്ത് ഇസ്‌ലാം വിരോധികളും മുസ്‌ലിം തീവ്രവാദികളും വാദിക്കുന്നു. അമുസ്‌ലിംകളുമായുള്ള മുസ്‌ലിം ബന്ധത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തമിതാണ്: ”മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്ത, നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്ത, ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.” (60:8)
ഇതിലെ ‘ദൈവം നിങ്ങളെ തടയുന്നില്ല’ എന്ന പരാമര്‍ശത്തെ ധനാത്മകമായ (പോസിറ്റീവ്) കല്പനയായി ക്ലാസിക്കല്‍ പണ്ഡിതന്‍ സമഖ്ശരി വിലയിരുത്തുന്നു. (അസദ്, പേ. 856) അമുസ്‌ലിംകളുമായി നീതിയിലും കാരുണ്യത്തിലും വര്‍ത്തിക്കുകയാണ് സ്വാഭാവിക നീതിയെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു. അമുസ്‌ലിംകളുമായി സംഘടനാ ബാന്ധവമുണ്ടാക്കാമെന്നതിന്റെ തെളിവായി ഇബ്‌നുല്‍ജൗസി ഈ സൂക്തത്തെ ഉദ്ധരിക്കുന്നു. (അല്‍വാനി, പേ.26)
ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസ് പ്രകാരം അബൂബക്കറി(റ) ന്റെ മകള്‍ അസ്മ, അമുസ്‌ലിമായ തന്റെ മാതാവിനെ സ്വീകരിക്കാനും നല്ല ബന്ധം പുലര്‍ത്താനും പാടുണ്ടോ എന്നാരാഞ്ഞപ്പോള്‍ അവതരിച്ചതാണ് പ്രസ്തുത സൂക്തം. (ഖുദ്ദ പേ.76-77)
നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹായിക്കുക എന്നതും തിന്മയിലും അക്രമത്തിലും നിസ്സഹരിക്കുക എന്നതും ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്പമായി ഖുര്‍ആന്‍ തന്നെ ഊന്നിപ്പറയുന്നതാണ് (5:2).(1) വേദക്കാര്‍ എന്ന പ്രത്യേക പദവിയുള്ളവരോട് കൂടുതല്‍ ഊഷ്മളമായ ബന്ധമാകാമെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു.(2)
മുസ്‌ലിം പുരുഷന്മാര്‍ക്ക് വേദക്കാരികളായ സ്ത്രീകളെ വേള്‍ക്കാം (5:5). ഏറ്റവും ഗാഢമായ ആത്മബന്ധമായി വിവാഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു (30:21). അത്തരമൊരു ബാന്ധവം വേദക്കാരുമായി ആകാമെന്ന് ഖുര്‍ആന്‍ അവിതര്‍ക്കിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വേദക്കാര്‍ അറുത്ത ഭക്ഷണം കഴിക്കാമെന്നും വ്യക്തമാക്കിയിരിക്കുന്നു (5:5). ക്രൈസ്തവ- ജൂത വിഭാഗങ്ങളെയാണ് ആദ്യം വേദക്കാരായി പരിഗണിച്ചത്. സൗരാഷ്ട്രമതക്കാരെയും വേദക്കാരായി പരിഗണിക്കാമെന്ന ഹദീസ് ഖര്‍ദാവി ഉദ്ധരിക്കുന്നുണ്ട്. (ഖര്‍ദാവി, ദി ലാവ്ഫുള്‍, പേ.49). സൗരാഷ്ട്രമതക്കാര്‍ ബഹുദൈവാരാധകരായിരുന്നിട്ടുകൂടി വേദക്കാരുടെ പദവി നല്‍കിയത് ബുദ്ധിസ്റ്റ്-ഹിന്ദു വിഭാഗക്കാരെ കൂടി ആ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ ക്രിസ്താബ്ദം 711-ല്‍ ദമസ്‌കസിലെ‘ഭരണകൂടത്തിന് പ്രേരണ നല്‍കി.(3)
അമുസ്‌ലിംകളുടെ ആരാധനാ മൂര്‍ത്തികളെ സംബന്ധിച്ച ഇസ്‌ലാമിക സമീപനം ഇതാണ്: ”ഈ ജനം അല്ലാഹുവിനെ വെടിഞ്ഞു വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിക്കരുത്” (6:108). പ്രവാചകനെ അധിക്ഷേപിച്ച ജൂതനോട് ശക്തമായി പ്രതികരിക്കാന്‍ തുനിഞ്ഞപ്പോള്‍ ആയിശാ(റ)യോട് നബി(സ) പറഞ്ഞു: മാന്യത പുലര്‍ത്തൂ ആയിശാ! മോശപ്പെട്ട വാക്കുകളും തീവ്രശൈലിയും കൈവിടൂ (ബുഖാരി 8:410). നിതാന്ത ശത്രുത പുലര്‍ത്തപ്പെടേണ്ടവരായി ആരുമില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല.” (60:7)
ഖുര്‍ആന്‍ സൂക്തം 5:82 ക്രൈസ്തവരെ വിശാസികളുമായി അടുത്തു നില്‍ക്കുന്നവരായി സൂചിപ്പിക്കുന്നു. പ്രവാചകന്മാരുടെ അഭിസംബോധിതരെ“സോദരര്‍’എന്നാണ് വേദഗ്രന്ഥം പരാമര്‍ശിക്കുന്നത്.(4) സ്വന്തം സോദരരല്ലാതിരുന്നിട്ടും സോദരത്വേന വീക്ഷിക്കാനേ ദൈവസന്ദേശവാഹകന് കഴിയുകയുള്ളൂ. (അലി, പേ.422).

ഔലിയാക്കളാക്കരുത്’ എന്ന പ്രയോഗം
ജൂത-ക്രൈസ്തവരെ വലിയ്യുകളാക്കരുത്’എന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ചതിനെ ‘സ്‌നേഹിതരാക്കരുത്’ എന്നര്‍ഥം കൊടുത്താണ് ഇസ്‌ലാം വിരോധികളും മുസ്‌ലിം തീവ്രവാദികളും ദുരുപയോഗിക്കുന്നത്.(5) സംരക്ഷകന്‍, ഉത്തരവാദിത്വമുള്ള മാനേജര്‍, യജമാനന്‍, രഹസ്യം സൂക്ഷിപ്പുകാരന്‍, ഇഷ്ടദാസന്‍ എന്നൊക്കെ അര്‍ഥമുള്ള പദമാണ് “വലിയ്യ്. ഔലിയ പ്രയോഗത്തിന്റെ കൂടുതല്‍ സൂക്ഷ്മതലത്തിലുള്ള അര്‍ഥമറിയാന്‍ താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തം ഉപകരിക്കും: ”സത്യത്തെ നിഷേധിച്ച ജനങ്ങളും പരസ്പരം സഹായിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കലാപവും വമ്പിച്ച നാശവും ഉണ്ടാകും.” (8:73). തിന്മയുടെ വക്താക്കള്‍ സഹകരണത്തിലായതിനാല്‍ നന്മയുടെ വക്താക്കളുടെ നിസ്സഹരണം ലോകത്തെ ആപത്തിലേക്കാകും നയിക്കുക എന്നതാണ് സൂക്തത്തിന്റെ സന്ദേശം. അവിശ്വാസികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നതിനെ മാത്രമാണ്,അമുസ്‌ലിം സൗഹൃദത്തെയല്ല, സൂക്തം എതിര്‍ക്കുന്നത്.
സൂക്തം 5:51 ഉഹ്ദില്‍ ജൂതരില്‍ ഒരു വിഭാഗം നടത്തിയ ചതിയുടെ പശ്ചാത്തലത്തിലിറങ്ങിയതാണെന്നാണ് ഖുര്‍ത്തുബി കുറിക്കുന്നത്. സൂക്തം 2:120, 3:118-119 എന്നിവ ജൂത-ക്രൈസ്തവ ജനത വ്യത്യസ്തമായ താല്പര്യങ്ങളുള്ള വിഭാഗങ്ങളാണെന്നും അവരിലധികവും നന്മയേച്ഛുക്കളല്ല എന്നുമേ ദ്യോതിപ്പിക്കുന്നുള്ളൂ. സൂക്തം 60:9 ന്റെ വെളിച്ചത്തില്‍ ഇത് കൃത്യമായി വായിച്ചെടുക്കാം: ”മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍ നിന്ന് മാത്രമാണ് അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാണ്.”’ (60:9)
സൂക്തം 9:28 ല്‍ ബഹുദൈവ വിശ്വാസികള്‍ നജസ് (അശുദ്ധി) ആണെന്ന് പറഞ്ഞത് ആത്മീയ അശുദ്ധി എന്നര്‍ഥത്തിലാണ്. നജസ് എന്ന പദം ഈ അര്‍ഥത്തിലേ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളൂ എന്ന് ഇസ്‌ലാമിക ചിന്തകന്‍ റശിദ് റിദ പറയുന്നു. മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് അധാര്‍മികമായി ജീവിക്കുന്നവരെ മധ്യ-കിഴക്കന്‍ അറബ് മേഖലയിലെ ബദുക്കള്‍ ഇന്നും“നജസ്’എന്ന് വിളിക്കുന്നു. (അസദ്, പേ.261) ഇബ്‌നു അബ്ബാസി(റ)ന്റെ വീക്ഷണത്തില്‍ ബഹുദൈവത്വ സങ്കല്പമാണ് ആശയപരമായ നജസ്. ക്രൈസ്തവ-ജൂത വിഭാഗങ്ങളിലെ ബഹുദൈവാരാധകരല്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഖുര്‍ആന്‍ നല്‍കുന്ന അനുമതിയെ (5:5, 2:221, 60:10) ഇതിനോട് കൃത്യമായി യോജിപ്പിക്കാം.
സമാധാനവാദികളായ അമുസ്‌ലിംകളുമായി സമാധാനപരമായ ബന്ധങ്ങളുണ്ടാക്കുന്നതിനെ തടയുന്ന സൂക്തങ്ങളൊന്നുമില്ലെന്ന് ഖുര്‍ആനിക വിശകലനത്തിലൂടെ വിഖ്യാത പണ്ഡിതന്‍ യാസിര്‍ ഖാദി കുറിക്കുന്നു. (ഖാദി, പേ 254)
അമുസ്‌ലിംകളെ വിശ്വസിക്കല്‍
ഖുര്‍ആന്‍ പറയുന്നു: ”വേദവിശ്വാസികളില്‍ ചിലര്‍ ഇവ്വിധമുണ്ട്: ധനത്തിന്റെ ഒരു കൂമ്പാരം തന്നെ അവരെ വിശ്വസിച്ചേല്‍പിക്കുന്നുവെങ്കിലും അവരതു നിങ്ങള്‍ക്കു തിരിച്ചുതരും. അവരില്‍ മറ്റു ചിലരുടെ അവസ്ഥയോ, ഇതത്രെ: ഒരു ദീനാര്‍പോലും വിശ്വസിച്ചേല്‍പിച്ചാല്‍ അവരതു തിരിച്ചുതരുന്നതല്ല. നിങ്ങളവരെ വിടാതെ പിടികൂടിയാലല്ലാതെ.” (3:75)
പ്രവാചകന്റെ(സ) കാലത്ത് അമുസ്‌ലിംകളുമായി സഹകരിക്കല്‍ സര്‍വ സാധാരണമായിരുന്നു. തന്റെ ഹിജ്‌റ വേളയില്‍ അബ്ദുല്ലാഹ് ബിന്‍ ഉറൈഖിത് എന്ന ബഹുദൈവാരാധകന്റെ സഹായം പ്രവാചകന്‍(സ) സ്വീകരിച്ചിരുന്നു. എളാപ്പ അബൂതാലിബ്, മക്കയിലെ നേതാവായിരുന്ന മുത്ഇം ബിന്‍ അദി എന്നിവര്‍ പ്രവാചകന്റെ മക്കയിലെ ബഹിഷ്‌കൃത ഘട്ടത്തില്‍ സഹായികളായുണ്ടായിരുന്നു. (ബഹ്‌നസാവി, പേ.67) ക്രൈസ്തവനായ എത്യോപ്യന്‍ രാജാവ് നജ്ജാശി പ്രവാചക ശിഷ്യന്മാര്‍ക്ക് അഭയമരുളി.(6)
സൂക്തം 3:75 ഉദ്ധരിച്ചുകൊണ്ട് പ്രഗത്ഭരായ ജൂത-ക്രൈസ്തവ ഭിഷഗ്വരന്മാരുടെ സഹായം തേടുന്നതിനെ ഇബ്‌നുതൈമിയ പിന്തുണക്കുന്നുണ്ട്. ഹാരിഥ് ഇബ്‌നു കല്‍ദാ എന്ന അമുസ്‌ലിം ജൂതഭിഷഗ്വരന്റെ വൈദ്യസഹായത്തെ പ്രവാചകന്‍(സ) പ്രകീര്‍ത്തിച്ചതായും സഅദ്ബിന് അബീവഖാസ് എന്ന ശിഷ്യനോട് ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചതായും ഉദ്ധരിക്കപ്പെടുന്നുണ്ട്. (ബഹ്‌നസാവി, പേ.67). ഹിജ്‌റ 10-ല്‍ നജ്‌റാനില്‍ നിന്നുള്ള 60 അംഗ ക്രൈസ്തവ സംഘത്തെ പ്രവാചകന്‍(സ) മസ്ജിദുനബവിയില്‍ വെച്ചു സ്വീകരിക്കുകയും താമസിപ്പിക്കുകയും ചെയ്തു. (ബഹ്‌നസാവി, പേ.77). അവിടെ അവര്‍ ഭക്ഷിക്കുകയും ഉറങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്തു. (ഇസ്മാഈല്‍, പേ.59) ത്വാഇഫിലെ ബനു ഥഖീഫ് ഗോത്രക്കാരെ ഹിജ്‌റ 9-ല്‍ പ്രവാചകന്‍(സ) സ്വീകരിക്കുകയും, മുസ്‌ലിം പ്രാര്‍ഥന നേരില്‍ കാണാനായി മസ്ജിദിന്റെ മൂലക്ക് ടെന്റുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. (മുബാറക്പുരി, പേ 522-3) അമുസ്‌ലിം തടവുകാരെ മസ്ജിദില്‍ പാര്‍പ്പിച്ചിരുന്നു. (ബുഖാരി 5:658)
ഏത് മതവിശ്വാസികള്‍ക്കിടയിലും നല്ലവരും ചീത്തവരും ഉണ്ടാകാമെന്ന സത്യം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”വേദവിശ്വാസികളെല്ലാവരും ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണ്ട്. അവര്‍ നിശാവേളകളില്‍ ദൈവികസൂക്തങ്ങള്‍ പാരായണം ചെയ്യുകയും അവന്റെ മുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു. ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. സുകൃതങ്ങളില്‍ ഉല്‍സുകരാവുകയും ചെയ്യുന്നു. അവര്‍ സജ്ജനങ്ങളുമാകുന്നു. അവര്‍ ചെയ്യുന്ന ഒരു നന്മയും വിലമതിക്കപ്പെടാതിരിക്കുകയില്ല.” (3:113)
അമുസ്‌ലിമായി എന്ന ഒറ്റപ്പേരില്‍ ഒരുവിഭാഗത്തേയും അന്യവത്കരിച്ചു കാണേണ്ടതില്ല എന്ന് ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നു: ”അമാനത്തുകള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം തീരുമാനം കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നത്! നിശ്ചയം, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമല്ലോ.” (4:58)“”ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവ ഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.” (5:8)
അമുസ്‌ലിംകള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുന്നത് പ്രോത്സാഹജനകമാണ്. അബ്ദുല്ലാഹ് ബിനു അംറുബ്‌നു ആസ് ഒരാടിനെയറുത്ത്, അതിന്റെ ഒരു ഭാഗം അയല്‍ക്കാരനായ ജൂതന് കൊടുത്തു. അയല്‍ക്കാരോടുള്ള ബാധ്യത ജിബ്‌രീല്‍ വര്‍ണിച്ചത്, അവരെ അനന്തരസ്വത്തിന്റെ അവകാശികളാക്കുമോ എന്ന പ്രതീതി തന്നില്‍ ജനിപ്പിച്ചുവെന്ന് നബി(സ)യില്‍ നിന്ന് ഞാന്‍ കേട്ടുവെന്ന് അദ്ദേഹം പറഞ്ഞു. (അബൂദാവൂദ് 2446)
നജ്ജാശി രാജാവിന് പ്രവാചകന്‍(സ), വസ്ത്രം കൊടുത്തുവിട്ടതായി ത്വബ്‌റാനിയില്‍ നിന്നും ഖര്‍ദാവി ഉദ്ധരിക്കുന്നു. (ഖര്‍ദാവി, ദി ലാവ്ഫുള്‍, പേ.317). ഇസ്‌ലാം സ്വീകരണ പൂര്‍വ്വഘട്ടത്തില്‍ പ്രവാചകന്റെയടുക്കല്‍ വന്ന സല്‍മാന്‍ ഫാരിസിയില്‍ നിന്ന് ഭക്ഷണം സമ്മാനമായി സ്വീകരിച്ചത് അമുസ്‌ലിംകളില്‍ നിന്ന് സമ്മാനം സ്വീകരിക്കാമെന്നതിന് തെളിവാണ്. (ബഹ്‌നസാവി, പേ.112) അമുസ്‌ലിം രാജാക്കന്മാരില്‍ നിന്ന് പ്രവാചകന്‍(സ) സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നു. (തിര്‍മിദി, ഉദ്ധരണം: ഖര്‍ദാവി, ദി ലാവ്ഫുള്‍, പേ.317)
അമുസ്‌ലിംകള്‍ക്ക് സ്വദഖ കൊടുക്കാമെന്നതിന് അയല്‍പക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച വചനങ്ങളൊക്കെ തെളിവ് നല്‍കുന്നു. പ്രവാചകന്‍(സ) മദീനയിലേക്ക് ഹിജ്‌റ ചെയ്തപ്പോള്‍ അവിടത്തെ വിഭവ ദൗര്‍ലഭ്യം കണ്ട് ദരിദ്രരായ മുസ്‌ലിംകളെ സഹായിക്കാനാവശ്യപ്പെട്ടു. തല്‍സമയം ദൈവിക വചനം അവതരിച്ചു: ”പ്രവാചകാ, ജനങ്ങളെ സന്മാര്‍ഗത്തിലാക്കേണ്ട ഉത്തരവാദിത്തം നിനക്കില്ല. അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു.”’ (2:272). ഇതേ തുടര്‍ന്ന് സഹായങ്ങള്‍ക്ക് സാമുദായക പരിധി നിശ്ചയിക്കരുതെന്ന് കല്പിക്കപ്പെട്ടു. (അസദ്, പേ.63) ആരെങ്കിലും പ്രസ്തുത സഹായത്തെ ദുരുപയോഗിച്ചാല്‍ പോലും ആശങ്ക വേണ്ടെന്ന് സൂക്തം വ്യക്തമാക്കുന്നു.
“ഇവര്‍ ദൈവസ്‌നേഹത്താല്‍, അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. (അവരോട് പറയുന്നു:) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍നിന്ന് പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല (76:8). മേല്‍ സൂക്തത്തില്‍ പറഞ്ഞ തടവുകാര്‍ അവിശ്വാസികളാണെന്ന് ഖര്‍ദാവി ചൂണ്ടിക്കാട്ടുന്നു. (ഖര്‍ദാവി, ഫിഖ്ഫ്, പേ.449)
ഹുദൈബിയ സന്ധിവേളയില്‍ വിഗ്രഹാരാധകരായ മക്കാ ഖുറൈശികളുടെ നേതാവായിരുന്ന അബൂസൂഫ്‌യാന്റെ പക്കല്‍ 500 ദിനാര്‍ മക്കയിലെ ജനതക്കുള്ള വരള്‍ച്ചാ സഹായമായി നല്‍കി. (അഹ്മദ്, പേ.56). ”നിങ്ങള്‍ പരസ്യമായി ദാനധര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ നല്ലതു തന്നെ. എന്നാല്‍ രഹസ്യമായി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണെങ്കില്‍, അതാണ് ഏറെ വിശിഷ്ടം. അതുമൂലം നിങ്ങളുടെ ധാരാളം കുറ്റങ്ങള്‍ അവന്‍ മായ്ച്ചുകളയുന്നതുമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.” (2:271) എവിടെയും വിശ്വാസി- അവിശ്വാസി വ്യത്യാസങ്ങള്‍ ദീക്ഷിച്ചിട്ടില്ല. പ്രവാചകശിഷ്യരില്‍ ചിലര്‍ അമുസ്‌ലിം സന്യാസിമാര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഖര്‍ദാവി ഉദ്ധരിക്കുന്നു. (ഖറദാവി, ഫിഖ്ഹ്, പേ.449) മുസ്‌ലിംകളുമായി യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് സകാത്ത് കൊടുക്കരുതെങ്കിലും അല്ലാത്തവര്‍ക്ക് 9:60, 60:8-9 സൂക്തങ്ങളുടെ വെളിച്ചത്തില്‍ സകാത്ത് നിഷിദ്ധമല്ല എന്ന് ഖര്‍ദാവി വ്യക്തമാക്കുന്നുണ്ട്. (ഖര്‍ദാവി, ഫിഖ്ഹ്, പേ.447-452). ഇക്‌രിമ, ഇബ്‌നുസിരിന്‍, അല്‍സുഹ്‌രി എന്നിവര്‍ ഈ വീക്ഷണക്കാരായിരുന്നു. ദരിദ്രനായ ഒരു ജൂതന് രണ്ടാം ഖലീഫ ഉമര്‍(റ) മാസാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് വിഖ്യാതമാണ്.
ആരൊക്കെയാണ് ദിമ്മികള്‍?
ജൂത, ക്രൈസ്തവ, മാഗിയന്‍, സമരിറ്റന്‍, സാബിഉ, സൗരാഷ്ട്രമതങ്ങള്‍ പ്രത്യേക സംരക്ഷിത വിഭാഗങ്ങളായി മുസ്‌ലിംകള്‍ കരുതിയിരുന്നു. (സ്മിത്ത്, പേ 307) ഹൈന്ദവ- ബൗദ്ധ വിഭാഗങ്ങളെയും ദിമ്മികളായി പരിഗണിച്ചിരുന്നു. ആരെങ്കിലും ഒരു ദിമ്മിയെ വേദനിപ്പിച്ചാല്‍ അവരെന്നെയാണ് വേദനിപ്പിച്ചത്; എന്നെ വേദനിപ്പിച്ചവന്‍ ദൈവത്തെ കോപിഷ്ടനാക്കുന്നു. (തബ്‌റാനി)
ശരീഅ നിയമങ്ങളുടെ സാമൂഹികനന്മയാര്‍ഥമുള്ള വിപുലീകരണ സാധ്യത ഇമാം ഗസ്സാലി ഊന്നിപ്പറയുന്നു. (ഹല്ലാക്ക്, പേ 112-113). ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാമിനുള്ള അപാരമായ കഴിവ് വേണ്ടത്ര ലോകം മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അമുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ് (വി.ഖു. 23:8) തന്റെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കുവേണ്ടി മുസ്‌ലിം പ്രവര്‍ത്തിക്കണം: ”ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു.”’(3:110). രാഷ്ട്രസേവന നിരതമായ ജീവിതത്തിന്റെ പ്രാധാന്യം ന്യൂനപക്ഷ കര്‍മ്മശാസ്ത്ര വിശാരദന്‍ താഹാ ജാബിര്‍ അല്‍വാനി എടുത്തുപറയുന്നു. (അല്‍വാനി, പേ.28). ഈജിപ്തില്‍ വിദേശിയായെത്തിയ യൂസുഫ് നബി(അ) ഭരണകൂടത്തിന് തന്റെ സേവനം വാഗ്ദാനം ചെയ്തത് അവിസ്മരണീയമാണ്. (ഖുര്‍ആന്‍ 12:54-55)

മര്‍ത്ത്യജീവിതത്തിന്റെ പവിത്രത
ആദമിന്റെ മക്കള്‍ക്ക് മുഴുവന്‍ ആദരവുള്ളതായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (17:70). മനുഷ്യന്‍ മാലാഖമാരേക്കാള്‍ ശ്രേഷ്ഠരായി സൃഷ്ടിക്കപ്പെട്ടവരാണ് (2:34, 32:7-9). അതുകൊണ്ട് തന്നെ മര്‍ത്ത്യജീവിതം പരമപവിത്രമാണ് (5:32). മുഴുവന്‍ മനുഷ്യര്‍ക്കും സത്യത്തിന് സാക്ഷികളാകാന്‍ (ഖു. 2:143) നിയോഗിതരായ ഉത്തമസമൂഹം (ഖു. 3:110) എന്ന നിലയില്‍ നന്മയുടെയും ഭക്തിയുടെയും ഉദാത്ത മാതൃകകള്‍ മുഖേന ലോകര്‍ക്ക് വെളിച്ചം നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് മുസ്‌ലിംകള്‍. (ഖു. 2:177, 2:189, 2:44, 3:92, 58:9).
കുറിപ്പുകള്‍
1.  ഈ ആശയം ഖുര്‍ആന്‍ 2:44, 2:177, 3:92, 3:104, 33:35, 58:9 ലും പ്രതിഫലിക്കുന്നുണ്ട്.
2.  ഖുര്‍ആന്‍ 2:105, 2:109, 2:144-146, 2:159, 2:213, 29:46-47, 3:100, 3:110, 3:113, 4:123, 4:131, 5:77
3.  മുഹമ്മദ് ഇബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ ക്രിസ്ത്വാബ്ധം 711-ല്‍ നടന്ന സിന്ധാക്രമണമാണ് പശ്ചാത്തലം.
4.  ലൂത്തിന്റെ (ഖുര്‍ആന്‍ 50:12-14) നൂഹിന്റെ (26:106), ഹൂദിന്റെ (26:142, 7:65) സാലിഹിന്റെ (26:142, 7:73), ശുഐബിന്റെ (26:176, 11:84) സോദരര്‍ എന്ന പ്രയോഗം.
5.  ഖുര്‍ആന്‍ 5:51, 60:1, 4:139, 5:57, 3:28
6. വിശദവിവരങ്ങള്‍ക്ക് മുബാരക്പുരി, പേ 118-123 നോക്കുക.
References
* Ahmad, Imtiaz, Speeches for an Inquiring Mind,Madina: Al Rasheed Printers, 2001
* Ali, Yusuf, The Holy Qur’an: English Translation Meanings & commentary, Madina: King Fahd Holy Qur’an printing         Complex, 1411 H
* Alwani, Taha Jabir, Towards a Fiqh for Minorities, London, IIIT, 2003
* Asad, Muhammad, The Message of the Qur’an, Gibraltar: Dar AlAndalus, 1980
* Bahnasawy, Al, Salim, NonMuslim in the Shariah of Islam, Cairo: DaranNishr lilJamiat, 2004
* Gudda, Shaykh Abdul Fatah Abu, Islamic Manners, Awakening Publications, 2001
* Hallaq, Wael B, A History of Islamic Legal Theories, Cambridge, CUP, 1997
* Ismael, Saeed, The Relationship Between Muslim and NonMuslim, Ottawa: AlAttique International, 2000
* Jane I Smith, “Islam and Christianity-” in The Oxford History of Islam (E-d: Jo-hn L. E-spo-si-to), Oxford: OUP, 1999
* Mubarakpuri, SafiurRahman, The sealed Nectar, Riyadh: Darussalam, 2002
* Qadhi, Abu Ammar Yasir, An Introduction to the Sciences of the Qur’an, London: AlHidayah, 1999
* Qaradawi, Yusuful, Fiqh alZakat (Tr.Dr.Monzer Kahf), London: Dar alTaqwa, 1999
* Qaradawi, Yusuful, The Lawful and the prohibited in Islam, London: AlBirr Foundation, 2003
0 0 vote
Article Rating
Back to Top
1
0
Would love your thoughts, please comment.x
()
x