23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

മുസ്‌ലിംകള്‍ എന്തുകൊണ്ടാണ് മുസ്‌ലിം ഇരകളെക്കുറിച്ചു മാത്രം സംസാരിക്കുന്നത്? – സല്‍മാന്‍ ഖുര്‍ശിദ്

ഇന്ത്യയിലാകമാനം 200 മില്യന്‍ മുസ്‌ലിംകളുണ്ട്. എന്നാല്‍, തങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതായ ഒരു തോന്നല്‍ അവരില്‍ ഉടലെടുത്തിരിക്കുന്നു. ഈ നിരാശാബോധത്തെക്കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
ഈ നിഗമനത്തോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ഒരു നിരാശയ്ക്ക് പ്രസക്തിയില്ല. പക്ഷേ, അവരുടെ മനോഭാവത്തില്‍ വ്യക്തമായ ഒരു വ്യത്യാസമുണ്ട് എന്നത് നേരാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ച് യു പി എ ആവിഷ്‌കരിച്ചിരുന്ന ചില പദ്ധതികള്‍ സവിശേഷവും ദൂരവ്യാപകമായി ഗുണഫലമുണ്ടാക്കുന്നവയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അതിന്റെ ഗുണഫലങ്ങള്‍ കാണുന്നതിനായി ഞങ്ങള്‍ക്ക് ചെറിയ സമയമേ കിട്ടിയുള്ളൂ. ഒപ്പം തന്നെ കോണ്‍ഗ്രസിന്റെ എതിര്‍ കക്ഷികള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും ആ പോരാട്ടത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
ഇപ്പോഴത്തെ ഇന്ത്യയില്‍ തൊട്ടുകൂടാന്‍ പാടില്ലാത്ത പുതിയ ദളിതുകളായിട്ടാണോ മുസ്‌ലിംകളെ പരിഗണിക്കുന്നത്?
നമ്മുടെ രാജ്യത്ത് വളരെ ശക്തമായ, നിശ്ചയദാര്‍ഢ്യമുള്ള ഒരു ഉത്പതിഷ്ണു സമൂഹമുണ്ട് എന്നതാണ് ഒരു വലിയ കാര്യം. അവരൊക്കെയും മുസ്‌ലിംകളല്ല. മുസ്‌ലിം പ്രശ്‌നങ്ങളെ ഉത്സാഹത്തോടു കൂടിയും ഊര്‍ജസ്വലമായും കൈകാര്യം ചെയ്യുന്ന ആക്ടിവിസ്റ്റുകളൊക്കെ മുസ്‌ലിംകളല്ല. ഒരു വലിയ ദുരന്തമെന്തെന്നാല്‍, ഇന്ത്യയിലെ നിലവിലെ സ്ഥിതിയനുസരിച്ച് മുസ്‌ലിംകള്‍ക്ക് നീതി തേടുന്നതിനെക്കാള്‍ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന് പ്രാധാ ന്യം നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പാകുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെ, മുസ്‌ലിം പ്രതിരോധങ്ങള്‍ അല്പം കൂടി മൃദുവാകേ ണ്ടതുണ്ട്. ഉള്‍ക്കൊള്ളലുകള്‍ക്ക് സാധ്യമാകണം. ന്യൂനപക്ഷങ്ങളെന്നോ മുസ്‌ലിംകളെന്നോ ലേബല്‍ ചെയ്യാതെ സര്‍വ പീഡിതര്‍ക്കും സുരക്ഷ നല്കാന്‍ സാധിക്കണം.
അതായത്, മുസ്‌ലിം എന്നത് ഒരു ചീത്ത വാക്കാണെന്നാണോ താങ്കള്‍ പറയുന്നത്?
അങ്ങനെയല്ല. ആ നിലപാട് പുലര്‍ത്തുന്നത് രാജ്യത്തെ സംഘപരിവാര്‍ ശക്തികളാണ്. കോണ്‍ഗ്രസിനു നേരെ ‘മുസ് ലിം’ പ്രീണനമാരോപിച്ച് പാര്‍ട്ടിയെ രാഷ്ട്രീയമായി സമ്മര്‍ദത്തിലാക്കുകയാണ് ബി ജെ പി ചെയ്യുന്നത്. ഇത് തീര്‍ത്തും അനീതിയാണ്. മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തെ സംബന്ധിച്ച് ഉത്കണ്ഠയുള്ളവരാണെങ്കില്‍ അതിനെ ആത്മാര്‍ഥതയോടെയും അര്‍പ്പണ മനോഭാവത്തോടെയും ശ്രദ്ധയോടെയും സമീപിക്കേണ്ടതുണ്ട് എന്ന ജാഗ്രതയും അത് നല്കുന്നുണ്ട്. ബി ജെ പിക്ക് മുതലെടുപ്പിനുള്ള ഒരു സന്ദര്‍ഭം നല്കിക്കൂടാ. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഈക്വല്‍ ഓപ്പര്‍ചുനിറ്റി കമ്മിഷന്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വിജയിച്ചിരുന്നെങ്കില്‍ നമ്മള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കുമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. പക്ഷേ, നമ്മള്‍ പരാജയപ്പെട്ടു.
ഏതൊക്കെയോ ചില കാരണങ്ങളാല്‍ ഇന്ത്യയിലെ ജനങ്ങള്‍ ജോലിയിലെയും വിദ്യാഭ്യാസത്തിലെയും സംവരണത്തില്‍ ഒതുങ്ങുന്നതാണ് പിന്നാക്കാവസ്ഥ മറികടക്കാനുള്ള അംഗീകൃത വഴിയെന്ന് ധരിച്ചു വെച്ചിരിക്കുന്നു. മറ്റു പല പൗരന്മാരെയും പോലെ സുരക്ഷയാണ് ഇന്ന് മുസ്‌ലിംകളുടെ പ്രധാന പ്രശ്‌നം. ഉത്തര്‍പ്രദേശിലെ മിക്ക പൊലീസ് ഏറ്റുമുട്ടലുകളും മുസ്‌ലിംകള്‍ക്കെതിരെയായിരുന്നു. മറ്റു പലതും അശക്തരായ ദുര്‍ബല വിഭാഗങ്ങളെ ഉന്നം വെച്ചുള്ളതായിരുന്നു. ‘ഞങ്ങള്‍ക്ക് നിയമത്തോട് പുല്ലു വിലയാണ്’ എന്ന രീതിയിലുള്ള സമീപനവും വിദ്വേഷത്തിന്റെ അന്തരീക്ഷവുമാണ് നിലവിലുള്ളത്. ഇത് ആത്യന്തികമായി നഷ്ടംവരുത്തുക മുസ്‌ലിംകള്‍ക്കായിരിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, ഒരുമിച്ചു നിന്നു പോരാടുന്നതിലാണ് പരിഹാരമുള്ളത്.
മുസ്‌ലിംകള്‍ സ്വയം ‘ഇരകളുടെ കൂട്ട’മായി അടയാളപ്പെടുത്തുന്നത് നിര്‍ത്തണമെന്നാണോ താങ്കള്‍ പറയുന്നത്?
തീര്‍ച്ചയായും. എന്തുകൊണ്ടാണ് മുസ്‌ലിംകള്‍, ആള്‍ക്കൂട്ട ആക്രമണത്തിനിരയാകുന്ന മുസ്‌ലിംകളെക്കുറിച്ചു മാത്രം സംസാരിക്കുന്നത്? ഒരു ദലിതന്‍ മര്‍ദിക്കപ്പെടുമ്പോഴുള്ള അതേ ശക്തിയോടെ എന്തുകൊണ്ടാണ് മുസ്‌ലിം പ്രതികരിക്കാത്തത്. മറ്റുള്ളവന്റെ ഉത്കണ്ഠ മുസ്‌ലിമിന്റെയും ഉത്കണ്ഠയാവണം. മുസ്‌ലിമിന്റെ ഉത്കണ്ഠ മറ്റുള്ളവരുടേതുമാകണം. അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ അരുതാത്തത് സംഭവിക്കുമ്പോള്‍ മാത്രം നാം നിലവിളിക്കുന്നതെന്തുകൊണ്ടാണ്? ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലും അരുതാത്തത് സംഭവിക്കുമ്പോള്‍ നാം നിലവിളിക്കേണ്ടതുണ്ട്. അതുപോലെ, നമ്മുടെ രാജ്യത്തിലെ യഥാര്‍ഥമായ ഉത്പതിഷ്ണുക്കള്‍ അലിഗറിനെക്കുറിച്ചു മാത്രം വേവലാതിപ്പെടുകയുമരുത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒരു വ്യവസ്ഥാപിത സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് കരുതുന്നുണ്ടോ?
അക്രമികള്‍ വ്യവസ്ഥാപിതമായി ഏകോപിപ്പിക്കപ്പെട്ടവരാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ സംഘടിതരാണെന്നോ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഇറങ്ങിയവരാണെന്നോ പറയുന്നത് ഉചിതമാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഇത് തങ്ങളുടെ യജമാനന്മാരില്‍ നീരസമുണ്ടാക്കില്ല എന്ന ഒരു പൊതുവായ തോന്നല്‍ അവരില്‍ ഉണ്ടെന്നാണ് വാസ്തവം. അത്തരമൊരു തോന്നല്‍ നിങ്ങളിലുണ്ടായാല്‍ നിയമം പൂര്‍ണമായും പിച്ചിച്ചീന്തപ്പെടും, പൂര്‍ണമായി നശിപ്പിക്കപ്പെടും.
ഈ അക്രമങ്ങളില്‍ നിന്നും പൗരന്മാരെ രക്ഷിച്ചെടുക്കേണ്ട അധികാരികള്‍ ഇത് ചെയ്തു കൂട്ടുന്നവര്‍ക്ക് അംഗീകാരം നല്കുന്നതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ജനങ്ങളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിനെതിരെ ശക്തമായ ഒരു നടപടിയുണ്ടായതായി നാം കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെഹലുഖാന്റെയും അഖ്‌ലാഖിന്റെയുമൊന്നും കേസുകളില്‍ ചാര്‍ജ്ഷീറ്റ് പോലും ഫയല്‍ ചെയ്തിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ക്ക് ‘നിങ്ങള്‍ ചെയ്തു കൂട്ടുന്നത് തെറ്റല്ല, അത് ശരിയാണെ’ന്ന അടയാളമാണ് നല്കുന്നത്. ഈ പോക്ക് തുടരുമ്പോള്‍ പ്രധാനമന്ത്രി വളരെ പ്രയാസപ്പെട്ട് ഒന്നോ രണ്ടോ തവണ ശബ്ദിക്കും. നാമമാത്രമായി ഇതിനെതിരായി സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും തെരുവും കക്കൂസുകളും നന്നാക്കുന്ന ആവേശത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഈ ക്രൂരതകളില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
മുസ്‌ലിം പ്രശ്‌നങ്ങളില്‍ പൊതുസംവാദങ്ങള്‍ രണ്ടു തരം ആളുകളിലാണ് കറങ്ങുന്നത്. വിഷയത്തിന്റെ പാരമ്യത്തില്‍ നില്ക്കുന്ന അസദുദ്ദീന്‍ ഉവൈസി. മുസ്‌ലിം പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ആള്‍ എന്ന് മുസ്‌ലിംകള്‍ കരുതുന്ന സല്‍ മാന്‍ ഖുര്‍ഷിദിനെ പോലുള്ള ആളുകളാണ് മറ്റൊന്ന്.
ഉവൈസിക്കൊരു പ്രശ്‌നമുണ്ട്, പക്ഷേ, എനിക്കതില്ല. ഇന്ത്യന്‍ മുസ്‌ലിംകളെ നന്നായി പ്രതിനിധാനം ചെയ്യാവുന്ന ആര്‍ക്കും ഞാനെന്റെ പദവികളും സ്ഥാനങ്ങളും ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാണ്. എനിക്ക് അവരെ മനസ്സിലാകുന്നില്ല എന്ന് അവര്‍ക്ക് വെറുതെ പറയാന്‍ കഴിയില്ല. മറിച്ച് ഞങ്ങള്‍ക്ക് നല്ല പോലെ മനസ്സിലാകുന്നു എന്ന് പറയണം. അപ്പോള്‍ ഞാന്‍ അവരെ സ്വാഗതം ചെയ്യും. ഇപ്പോള്‍ ഈ ആരോപണങ്ങളോടാണ് എനിക്ക് പൊരുതാനുള്ളത്. ഇത് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരോടുള്ള പോരാട്ടത്തെക്കാള്‍ വേദനാജനകമാണ്, കാരണം അവിടെ ധാര്‍മിക വഴി വ്യക്തമാണ്. നമ്മള്‍ ഒരു പക്ഷേ അശക്തരാകാം, ചിലപ്പോള്‍ സംരക്ഷിക്കാന്‍ കഴിയാതെയാവാം, എങ്കിലും അക്രമികളേക്കാള്‍ ഒരു പടിയെങ്കിലും ധാര്‍മികമായി മുകളിലാണ് നമ്മള്‍ എന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ട്. അസഭ്യം പറച്ചിലുകള്‍ക്കും ശാപവചനങ്ങള്‍ക്കുമപ്പുറത്ത് നിങ്ങള്‍ ഞങ്ങളെ മനസ്സിലാക്കുന്നില്ല എന്ന് പറയുന്നവരോട് നിങ്ങളെ കുറച്ചു കൂടി നന്നായി മനസ്സിലാക്കുന്ന ഒരാളെ കൊണ്ടുവരൂ എന്നല്ലാതെ അവസാന വാക്കായി എന്തു പറയാന്‍ കഴിയും.
ഒരു മുസ്‌ലിം എന്ന നിലയില്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് താങ്കള്‍ക്ക് കൈമാറാനുള്ള സന്ദേശം എന്താണ്?
നിങ്ങള്‍ക്ക് ഈമാനുണ്ടെങ്കില്‍ മറ്റൊന്നും നിങ്ങളെ ബാധിക്കുകയില്ല എന്നതാണ് സമുദായത്തോടുള്ള എന്റെ സന്ദേശം. അത് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ നിങ്ങള്‍ പേരില്‍ മാത്രമാണ് മുസ്‌ലിം. വിശ്വാസത്തിന്റെയും വിശ്വാസ്യതയുടേയും ധാര്‍മിക ശക്തി നിങ്ങളുടെ സ്ഥിര തോഴനാവണം. എന്നെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മറ്റൊന്നും നിങ്ങള്‍ ചെയ്യേണ്ടതില്ല എന്ന് ദൈവം ഒരിക്കലും പറയുന്നില്ല. നിങ്ങള്‍ നിങ്ങളെ വിദ്യ അഭ്യസിപ്പിക്കേണ്ടതില്ലേന്നോ, നന്നായി അധ്വാനിക്കേണ്ടതില്ലെന്നോ, ദേഹബലമുണ്ടാക്കേണ്ടതില്ലെന്നോ, അക്രമത്തെ ചെറുക്കാന്‍ തുനിയേണ്ടതില്ലെന്നോ, ദൈവം പറയുന്നില്ല. ഇതെല്ലാം നീ ചെയ്തു കാണണമെന്നാണ് ദൈവം പറയുന്നത്. നീ സ്വയം സജ്ജനാകണമെന്നും താനെ ഒരുങ്ങണമെന്നും ദൈവം ആവശ്യപ്പെടുന്നു. അങ്ങനെയാണെങ്കില്‍ ഒരു പോരാട്ടത്തിനിറങ്ങുമ്പോള്‍ നീ അശക്തനായിപ്പോകില്ല. ഞാന്‍ നിന്നോടൊപ്പമുണ്ട്. പക്ഷേ ഇത് നീ സ്വന്തമായി ചെയ്യുക തന്നെ വേണം എന്നതാണ് ദൈവം നല്കുന്ന സന്ദേശം. പോരാടാനുള്ള ധൈര്യം കാണിക്കേണ്ടുന്ന സമയത്ത് നാം ഇരകളായി തുടരാനോ നമ്മുടെ മുസ്‌ലിം സ്വത്വത്തെ മറക്കാനോ ശ്രമിക്കരുത്.
വിവ.
ഷബീര്‍ രാരങ്ങോത്ത്‌
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x