മുസ്ലിംകളിലെ അനാചാരങ്ങളും ഓണാഘോഷവും – പി കെ മൊയ്തീന് സുല്ലമി കുഴിപ്പുറം
ഇസ്ലാമിന്റെ പേരില്‍ നടത്തപ്പെടുന്ന നിരവധി അനാചാരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഖുര്‍ആനിനും തിരുസുന്നത്തിനും എതിരായ ഇത്തരം കര്‍മങ്ങള്‍ ചില പുരോഹിതന്മാരുടെ ഭൗതിക താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ചവയാണ്. കൊടികുത്ത് നേര്‍ച്ചകള്‍, ആണ്ടു നേര്‍ച്ചകള്‍, ഉറൂസുകള്‍, ചാവടിയന്തരങ്ങള് എന്നിവ അവയില്‍ ചിലതാണ്.
ഓണം മുന്‍കാലങ്ങളില്‍ ഹൈന്ദവര്‍ മാത്രം ആഘോഷിച്ചിരുന്ന ഒന്നായിരുന്നു. പ്രത്യേക ക്രിയകളും പൂജകളും ഈ ആഘോഷത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഓണം പൊതു ആഘോഷമായിരിക്കുന്നു. സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവിടങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സമുചിതമായി ആഘോഷിക്കുന്നു. ഇതിന് പ്രത്യേക പൂജകളോ ക്രിയകളോ നടത്താറില്ല. കലാപരിപാടികളും കായികാഘോഷങ്ങളും നടത്തി ഭക്ഷണം കഴിച്ചു പിരിയുകയാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വര്‍ഗീയതയും വേര്‍തിരിവും മുമ്പത്തേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ എല്ലാവര്ക്കും യോജിക്കാന്‍ ഒരവസരമുണ്ടാക്കുക എന്നത് ന്യൂനപക്ഷങ്ങളുടെ മതപരമായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും പര്യാപ്തമാണ്.
മറ്റുള്ള സമുദായങ്ങളെ വെറുക്കുകയും നാം മാത്രം മതി എന്ന ചിന്താഗതി പുലര്‍ത്തുകയും ചെയ്യുന്നതാണ് വര്‍ഗീയത. നബി(സ) പറയുന്നു: ”വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്കുവേണ്ടി പോരാടുന്നവനും നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതയുടെ പേരില്‍ മരണപ്പെട്ടവനും നമ്മില്‍ പെട്ടവനല്ല”(അബൂദാവൂദ് 121, മുസ്ലിം 1848). തന്റെ സഹോദരന് ചെയ്ത തെറ്റിന് കൂട്ടുനിന്ന് അവനെ സഹായിക്കുകയെന്നതാണ് ഇസ്ലാം വര്‍ഗീയത കൊണ്ടുദ്ദേശിക്കുന്നത്. വാസിലത്(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതരേ, എന്താണ് വര്‍ഗീയത എന്ന് ഞാന്‍ നബി(സ)യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: അക്രമം പ്രവര്‍ത്തിക്കാന്‍ നിന്റെ സമുദായത്തോടൊപ്പം കൂട്ടുനിന്ന് അവരെ സഹായിക്കുക എന്നതാണത്” (അബൂദാവൂദ് 5119)
മറ്റൊരു നബിവചനം: ”വല്ലവനും അസത്യമായ ഒരു കാര്യത്തിനു വേണ്ടി തന്റെ സമുദായത്തെ സഹായിക്കുന്ന പക്ഷം അവന് മുകളില്‍ നിന്നും വീഴുന്ന ഒട്ടകത്തെപ്പോലെയാണ്” (ആബൂദാവൂദ് 5118). മേല്‍ പറഞ്ഞതിന്റെ താല്പര്യം അവന് ദുനിയാവിലും ആഖിറത്തിലും പിടിച്ചുനില്ക്കാന് സാധിക്കുന്നതല്ല എന്നാണ്. മറ്റുള്ള മതക്കാരെ വെറുക്കാനല്ല മറിച്ച് സ്നേഹിച്ച് ഇസ്ലാമിന്റെ സംസ്കാരം അവര്‍ക്ക് കാണിച്ചുകൊടുത്ത് അവരെ ഇസ്ലാമിലേക്ക് ആകര്‍ഷിപ്പിക്കാനാണ് അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്പന. ശത്രുവിന് പോലും നന്മ ചെയ്യാനാണ് അല്ലാഹുവിന്റെ കല്പന. ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ തടയുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു.” (ഫുസ്സ്വിലത് 34)
ഏതെങ്കിലും ഒരു സമൂഹത്തില്‍ ഒരു ന്യൂനപക്ഷം വര്‍ഗീയ സ്വഭാവമുള്ളവരാണെങ്കില്‍ അവരോടൊപ്പം നന്മകളില് പങ്കെടുത്ത് അത് തിരുത്താനാണ് നാം ശ്രമിക്കേണ്ടത്. അവരെ അകറ്റാനല്ല. അല്ലാഹു പറയുന്നു: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല” (മുംതഹന 8). നീതി കല്പിക്കുന്നവര് ആരായിരുന്നാലും ശരി അവരെ കൊലപ്പെടുത്തല്‍ പ്രവാചകന്മാരെ കൊലപ്പെടുത്തുന്നതിന് തുല്യമായ കുറ്റമാണ് എന്നാണ് അല്ലാഹു അരുളിയത്. ”യാതൊരു വിധ ന്യായവുമില്ലാതെ പ്രവാചകന്മാരെയും നീതി പാലിക്കാന്‍ കല്പിക്കുന്ന ആളുകളെയും കൊലപ്പെടുത്തുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക.” (ആലുഇംറാന് 21)
ഇസ്ലാമിന്റെ വളര്‍ച്ചയില്‍ പല അമുസ്ലിംകള്‍ക്കും പങ്കുണ്ട് എന്ന കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. നബി(സ)യുടെയും ഉമ്മുസലമ(റ)യുടെയും മദീനയിലേക്കുള്ള ഹിജ്റ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. നബി(സ)ക്ക് മദീനയിലേക്ക് ഹിജ്റ പുറപ്പെടാന്‍ വഴി കാണിച്ചുകൊടുത്ത് സഹായിച്ചത് അബ്ദുല്ലാഹിബ്നു അരീഖത്ത് എന്ന അമുസ്ലിമായിരുന്നു എന്ന് ഇമാം ഇബ്നുകസീര്‍ തന്റെ അല്‍ ബിദായത്തുവന്നിഹായയിലും (3:223) ഉമ്മുസലമ(റ)ക്ക് വഴി കാണിച്ചുകൊടുത്തത് ഉസ്മാനുബ്നു ത്വല്‍ഹ എന്ന മുശ്രിക്കായിരുന്നുവെന്നും (3:190) രേഖപ്പെടുത്തിയിട്ടുണ്ട്. അമുസ്ലിംകളുമായി ബന്ധപ്പെടുന്നതോ ഇടപാടുകള്‍ നടത്തുന്നതോ ഇസ്ലാം വിരോധിച്ചിട്ടില്ല.
നബി(സ)യും സ്വഹാബികളും ഒരിക്കല്‍ നമസ്കാരത്തിനു വേണ്ടി വുദ്വൂ എടുക്കാന്‍ വെള്ളം വാങ്ങിയത് ഒരു ബഹുദൈവ വിശ്വാസിനിയുടെ തോല്പാത്രത്തില് നിറച്ചുവെച്ച വെള്ളമായിരുന്നു” (ബുഖാരി, മുസ്ലിം). അതുപോലെ വേദക്കാരുടെ ഭക്ഷണത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്” (മാഇദ 5). അതേയവസരത്തില്‍ ഇസ്ലാം ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമാണ്. അതിന്ന് കോട്ടം തട്ടുന്ന വിധത്തിലുള്ള യാതൊരു കര്‍മവും ഇസ്ലാം അംഗീകരിക്കുന്നില്ല.
മതസൗഹാര്‍ദത്തിന്റെ പേരില്‍ ഏതെങ്കിലും ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുക്കാനോ കനീസയില്‍ ചെന്ന് യേശുക്രിസ്തുവിനോട് പ്രാര്‍ഥിക്കാനോ മുസ്ലിംകള്ക്ക് പാടുള്ളതല്ല. അന്യമതക്കാരെ നമ്മുടെ പള്ളികളിലേക്കു വരാന്‍ നിര്‍ബന്ധം ചെലുത്താനോ അവരെ നിര്‍ബന്ധിച്ച് നമ്മുടെ ആരാധനകള്‍ ചെയ്യിക്കാനോ നമുക്കവകാശമില്ല. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം.” (കാഫിറൂന്‍ 6)
ഒരു ബഹുസ്വര സമൂഹത്തില്‍ നാം ജീവിക്കേണ്ടത് പരസ്പരം കണ്ടും കൊടുത്തും സഹകരിച്ചുമാണ്. ആ നിലക്കാണ് ഒരു ദേശീയ ആഘോഷമായ ഓണത്തെ കാ ണേണ്ടത്. ”അനിസ്ലാമിക രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകള്ക്ക് പൊതു നന്മയും ദീനീ പ്രബോധനവും ലക്ഷ്യം വെച്ചും ദ്രോഹം തടുക്കാനും വേണ്ടി അന്യമതക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയെന്നത് നല്ല കാര്യമാണെന്ന് ഇമാം ഇബ്നു തൈമിയ്യ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (ഇഖ്തിളാഉ അസ്സിറാത്തുല് മുസ്തഖീം 1:53). ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചില ഇളവുകള്‍ ഇസ്ലാം നല്‍കിയിട്ടുണ്ട്.
അമ്മാറുബ്നു യാസിറിന്റെ(റ) വിഷയത്തില്‍ ഇമാം ഇബ്നുകസീറടക്കമുള്ള മുഫസ്സിറുകള്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അമ്മാറുബ്നു യാസിറിനെ(റ) മുശ്രിക്കുകള്‍ കുഫ്റിന്റെ വചനം ഉച്ചരിക്കുന്നതുവരെ മര്‍ദിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം കുഫ്റിന്റെ വാക്ക് ഉച്ചരിക്കുകയും അവര്‍ മര്‍ദനം അവസാനിപ്പിക്കുകയും ചെയ്തു. ഇക്കാര്യം അദ്ദേഹം നബി(സ)യുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: വിശ്വസിച്ചതിനു ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവര്‍ തങ്ങളുടെ മനസ്സ് വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല. പ്രത്യുത തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചതാരോ അവരുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കും” (നഹ്ല് 106, ഇബ്നുകസീര്‍ 2:587). ഇവിടെ അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: അമ്മാര്‍(റ) കുഫ്റിന്റെ വാക്കുച്ചരിച്ചത് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മനസ്സില്‍ ഈമാന്‍ ഉറപ്പിച്ചുകൊണ്ടാണെങ്കില് അദ്ദേഹത്തിന് കുറ്റമോ ശിക്ഷയോ ഇല്ല. അല്ലാത്തപക്ഷമാണെങ്കില് അദ്ദേഹം ശിക്ഷാര്‍ഹനാകുന്നു.
ഓണാഘോഷത്തില്‍ പങ്കെടുക്കാമെന്നും മൗലിദാഘോഷത്തില്‍ പങ്കെടുക്കരുതെന്നും പറയുന്നത് വിമര്‍ശനവിധേയമാക്കാറുണ്ട് ചി ലര്‍. യഥാര്‍ഥത്തില്‍ ഓണസദ്യയില്‍ പങ്കെടുക്കുന്നത് തീര്‍ത്തും ഭൗതികമാണ്. അതില്‍ മതമുള്ളവരും ഇല്ലാത്തവരും പങ്കെടുക്കാറുണ്ട്. മൗലീദാഘോഷങ്ങളും മറ്റുള്ള അനാചാരങ്ങളും ദീനിന്റെ പേരില്‍ നടത്തപ്പെടുന്നവയാണ്. അല്ലാഹുവിന്റെ രക്ഷയെ ആശിച്ചുകൊണ്ടോ ശിക്ഷയെ പേടിച്ചുകൊണ്ടോ ചെയ്യുന്ന പക്ഷം അത് മതപരമായ ആചാരമായിരിക്കും. അത്തരം ആചാരങ്ങള്‍ക്ക് ഖുര്‍ആനിന്റെയോ ഹദീസുകളുടെയോ പിന്‍ബലം വേണം. അല്ലാത്തപക്ഷം അത് അനാചാരമായിരിക്കും. അത് അല്ലാഹുവും റസൂലും കര്‍ശനമായി നിരോധിച്ചതാണ്. കാരണം നബി(സ) മരണപ്പെട്ടത് ദീന് പൂര്‍ത്തീകരിച്ചുകൊണ്ടാണ്. അനാചാരങ്ങളുണ്ടാക്കുന്നവര് യഥാര്‍ഥത്തില്‍ ഒരു പുതിയ മതം നിര്‍മിച്ചുണ്ടാക്കുകയാണ്.
അല്ലാഹു പറയുന്നു: ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ പരിപൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു”(മാഇദ 3). നബി(സ) പറയുന്നു: ”നമ്മുടെ കല്പനയില് പെടാത്ത വല്ല കര്‍മവും വല്ലവനും ചെയ്യുന്ന പക്ഷം അത് തള്ളേണ്ടതാകുന്നു” (ബുഖാരി. മുസ്ലിം). മറ്റൊരു നബിവചനം: ”നമ്മുടെ ഈ ദീനില്‍ അതിലില്ലാത്തത് വല്ലവനും പുതുതായി നിര്‍മിച്ചുണ്ടാക്കുന്ന പക്ഷം അത് തള്ളേണ്ടതാണ്” (ബുഖാരി, മുസ്ലിം). ചുരുക്കത്തില്‍ ഭൗതികമായി നടത്തപ്പെടുന്ന ആഘോഷങ്ങളും ദീനില്‍ നിര്‍മിച്ചുണ്ടാക്കുന്ന അനാചാരങ്ങളും തുല്യമല്ല.