19 Friday
April 2024
2024 April 19
1445 Chawwâl 10

മുസ്ദലിഫയില്‍ കറങ്ങിയ  ഹജ്ജ് വണ്ടി – ത്വാഹിറ ഇബ്‌റാഹിം

വാര്‍ധക്യത്തിന്റെ ചവിട്ടുപടിയില്‍ മുസല്ലയിട്ട് തസ്ബീഹ് മാലയുമായിരിക്കുമ്പോള്‍ ഹജ്ജ് ചെയ്യാന്‍ പോകണമെന്ന ചിന്തയെ ഇടക്കുവെച്ചു മുറിച്ചത് ഹജ്ജ് യാത്രയയപ്പുകളായിരുന്നു. പിഞ്ചു മക്കളെ വീട്ടിലാക്കി വിശുദ്ധിയുടെ നിറവ് തേടിപ്പോകുന്ന യുവതീയുവാക്കളോട് ഇത്രനേരത്തെ ഹജ്ജ് ചെയ്യുന്നതെന്തിനാ എന്ന എന്റെ ചോദ്യത്തിന് ‘ആവതുള്ള കാലത്ത് ചെയ്യേണ്ടതാണ് ഹജ്ജ്’ എന്നതായിരുന്നു മറുപടി.
രണ്ടു കാലിലെയും പ്രധാന ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു അനായാസം നടക്കുന്നതിനു ബുദ്ധിമുട്ടുള്ള ഞാന്‍ വാര്‍ധക്യത്തിലേക്ക് മാറ്റിവെച്ച ഹജ്ജ് എത്രയും വേഗം ചെയ്യണമെന്ന മോഹത്തിലേക്ക് ചുവടുമാറി. അങ്ങനെ എന്റെ മുപ്പത്തിയെട്ടാം വയസ്സില്‍ 2011 ഒക്ടോബര്‍ 26-ന് രാവിലെ എട്ടു മണിക്ക് തീര്‍ത്ഥയാത്രയിലേക്കുള്ള ബസ്സിലേക്ക് കയറിയിരുന്നു.  ബസിന്റെ ജാലകത്തിനപ്പുറത്ത് നിറകണ്ണുകളോടെ നില്‍ക്കുന്ന മക്കള്‍, നല്ലപാതിയുടെ പെങ്ങള്‍ ആതിഖയുടെ കൈകളിലിരുന്നു വാടിയ മുഖത്തോടെ കൈവീശുന്ന ആറു വയസ്സുള്ള പൊന്നുമോന്‍ ഹൃദയത്തെ വല്ലാതെ ഉലച്ചു കൊണ്ടിരുന്നു. കണ്ണില്‍ നിന്നും മറയുംവരെ ഞാന്‍ മക്കളെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു.
ലേഖിക ഹജ്ജ് സംഘത്തോടൊപ്പം
ഹജ്ജിന്റെ യാത്രയില്‍ തഖ്‌വയാണ് ഭക്ഷണമെന്നത് ഇത്തരം യാത്രകളില്‍ ഓര്‍ത്ത് പോകും. ഒന്നര ദിവസത്തെ ബസ് യാത്രക്കിടയില്‍ ഒട്ടും സൗകര്യമില്ലാത്തതും തിരക്കേറിയതുമായ ഭക്ഷണശാലകളില്‍ നിന്നുള്ള നാവിനു പിടിക്കാത്ത ഭക്ഷണങ്ങളും, കണ്ണും മൂക്കും പൊത്തിയാലും ആവശ്യ നിര്‍വഹണം നടത്താന്‍ പ്രയാസപ്പെടുന്ന ശൗചാലയങ്ങളും ആദ്യ യാത്രക്കാരെ ശരിക്കും വിഷമിപ്പിക്കും. ദീര്‍ഘയാത്രയിലെ ഉറക്കം കഴിഞ്ഞു വീണുകിട്ടുന്ന ഇടവേളകളില്‍ അമീറുമാരുടെ പ്രസംഗമാണ് ഇത്തരം യാത്രകള്‍ക്ക് ജീവന്‍ പകരുക.
ഒന്നര ദിവസത്തെ നീണ്ട യാത്രക്കൊടുവില്‍ ഇഹ്‌റാമിലെത്തി കുളിച്ചു വസ്ത്രം മാറി ലബ്ബൈക്കയുടെ മന്ത്രധ്വനിയുമായി ബസിലേക്കെത്തിയപ്പോള്‍ കഅബയെ വലം വെക്കുന്നൊരു തേജസ്സ്  ആത്മാവിനെ പൊതിഞ്ഞു കൊണ്ട് ധൃതിയില്‍ ചിറകടിച്ചുയര്‍ന്നു കൊണ്ടിരുന്നു. മക്കയിലെത്തി റൂമില്‍ സാധനങ്ങള്‍ വെച്ച് നേരെ ഉംറക്കായുള്ള ധൃതിപ്പെടലായി. പലതവണ ഉംറക്ക് പോയപ്പോഴും മനസ്സില്‍ ആശങ്ക വന്നിട്ടുണ്ട്. ഇത്തരത്തില്‍ യാത്രാക്ഷീണത്തോടെ ഉംറ ചെയ്യേണ്ടതുണ്ടോ?! ഒരല്‍പം വിശ്രമിച്ചു ചെയ്താല്‍ ഇബാദത്തിനൊരു സുഖമുണ്ടാവുമല്ലോ എന്ന്. എന്നാല്‍ കൂട്ടത്തിലൂടെ പോകുമ്പോള്‍ ഉള്ളിലെ ആശങ്കയും ക്ഷീണവും ഇഴഞ്ഞിഴഞ്ഞു കൂടെപ്പോകും.
ഹജ്ജിനായി പുറപ്പെടുമ്പോള്‍ അനുഭവസ്ഥരായവര്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞു ബോധ്യം  വന്നിരുന്നു. ഉംറയാത്രകള്‍ പോലെ സൗകര്യങ്ങളൊന്നും തന്നെയുണ്ടാകില്ല. ഒരു റൂമില്‍ ഒരുപാടാളുകളും ഒരൊറ്റ വാഷ്‌റൂമും ആണുണ്ടാവുക. രാവിലെ ചായ, കാപ്പി ഇതൊക്കെ കിട്ടുക വളരെ പ്രയാസമാണ്. അത് കൊണ്ട് തന്നെ ആവശ്യത്തിന് വസ്ത്രങ്ങളും, കെറ്റിലും, ഫഌസ്‌ക്കും, ചായയിലയും, പഞ്ചസാരയും അവിലുമൊക്കെ കരുതിയിരുന്നു. ദുല്‍ഹജ്ജ് എട്ടു വരെയുള്ള ഇബാദത്തുകളും, സുഖകരമായ താമസ സൗകര്യവും അവസാനിപ്പിച്ചു കൊണ്ട് മിനായിലേക്ക് പുറപ്പെടുമ്പോള്‍ തിങ്ങി നിറഞ്ഞ ടെന്റുകളില്‍ ഒരാള്‍ക്ക് തന്റെ ശരീരം മാത്രം വെക്കാനാവുന്ന പരിമിതിയിലേക്ക് കുറച്ചു വസ്ത്രങ്ങളുള്ള ഒരു കുഞ്ഞുബാഗും, സ്ലീപ്പര്‍ പായയുമായി എല്ലാവരും യാത്രയായി.
മിനായിലെത്തി ഞങ്ങള്‍ക്കുള്ള ടെന്റിലേക്കു കടന്നപ്പോള്‍ ഞങ്ങളെ കൊണ്ടെത്തിച്ച ആള്‍ക്ക് സ്ഥലം മാറിപ്പോയതാകുമെന്നോര്‍ത്ത് കൂടെയുള്ള ആണുങ്ങളോട് വിവരം പറഞ്ഞു. അവര്‍ ആളോട് സംസാരിച്ചപ്പോള്‍ സ്ഥലം മാറിയിട്ടില്ലെന്നും ഇത് തന്നെയാണ് ഞങ്ങളുടെ ടെന്റെന്ന് പറഞ്ഞപ്പോള്‍ പടച്ചോനെ ഞങ്ങള്‍ വന്നത് ഹജ്ജിനാണോ അതോ സുഖകരമായ ടൂറിനാണോ എന്ന് തോന്നിപ്പോയി.  ഞങ്ങളുടെ ഗ്രൂപ്പിലെ സ്ത്രീകള്‍ക്ക് മാത്രമായൊരു ടെന്റ്. ഞങ്ങള്‍ ഒമ്പതു പേരായിരുന്നു. പതിനൊന്നു വിശാലമായ ബെഡുകളും, തലയിണയും, കമ്പിളിപ്പുതപ്പുമൊക്കെയായി വിശാലമായ ഒരിടം. വൃത്തിയുള്ള വാഷ് റൂം. ഞങ്ങളോടൊപ്പം രണ്ട് പാക്കിസ്ഥാനി സ്ത്രീകളെയും ബാക്കിയുള്ള ബെഡില്‍ സൗകര്യപ്പെടുത്തി.
അവിടെയെത്തി അടുത്ത നേരത്തേക്കുള്ള ഭക്ഷണം ഓരോരുത്തര്‍ക്കും ഓരോ പൊതിയായി കൊണ്ടുവന്നു തന്നു.  ഭക്ഷണം തുറന്നു നോക്കിയപ്പോള്‍ ഓരോ പൊതിയിലും മൂന്നോ നാലോ പേര്‍ക്ക് സുഭിക്ഷമായി കഴിക്കാനുള്ള ഭക്ഷണമുണ്ടായിരുന്നു.  അപ്പോഴാണറിഞ്ഞത് പലരും ഭക്ഷണമില്ലാതെ വലയുന്നുണ്ടെന്ന്. ഞങ്ങള്‍ക്കാവശ്യമുള്ളതെടുത്തു ബാക്കി ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ ആണുങ്ങളെ ഏല്‍പ്പിച്ചു.
യാത്ര തുടങ്ങിയത് മുതല്‍ മുമ്പ് കേട്ടറിഞ്ഞ ഒരു ബുദ്ധിമുട്ടുകളും ഇല്ല എന്നത് മാത്രമല്ല സുഖസൗകര്യങ്ങളേറിപ്പോകുന്നുവെന്ന മനോവിഷമം  ഉള്ളില്‍ ഉടലെടുക്കുന്നുമുണ്ടായിരുന്നു.   കൂടെയുള്ള തൗഹീദയോട് ഞാന്‍ പറഞ്ഞു ഇങ്ങനെ സുഖം മാത്രമനുഭവിക്കുന്ന ഹജ്ജ് യാത്ര മനസ്സിനെ ബേജാറാക്കുന്നുണ്ട്.  ഇവിടെ റോഡിനപ്പുറത്ത് ഇന്ത്യയില്‍ നിന്നും വന്ന ഹാജിമാരുടെ ടെന്റ് ഉണ്ടെന്നു പറയുന്നു. നമുക്കവിടെ ഒന്ന് പോയാലോ….  എന്റെ അതേ വികാരം അനുഭവിച്ചിരുന്ന അവള്‍ വേഗം കൂടെക്കൂടി.  റോഡ് മുറിച്ചു പോകുമ്പോള്‍ കുറേപ്പേര്‍ വഴിയില്‍ കിടക്കുന്നു.  എന്താണിവരിങ്ങനെ കിടക്കുന്നതെന്നു അന്വേഷിച്ചപ്പോള്‍ സ്വന്തം വണ്ടികളില്‍ വന്നവരായിരുന്നു അവരെല്ലാം. ഗ്രൂപ്പുകളില്‍ വരുമ്പോഴാണ് ടെന്റും സൗകര്യങ്ങളും കിട്ടുകയുള്ളു…  ഇങ്ങനെ ഒറ്റപ്പെട്ടു വരുന്നവര്‍ മിനായില്‍ താമസവും ഭക്ഷണവുമില്ലാതെ വല്ലാതെ ക്ലേശിക്കും.
ഇന്ത്യന്‍ ഹജ്ജാജികളുടെ അടുത്ത് ചെന്നപ്പോഴാണ് ഹജ്ജ് യാത്രയില്‍ മിനായിലെ താമസത്തെ പറ്റി കേട്ടിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി നേരിട്ടറിയാനായത്.  ഒന്ന് കിടക്കുന്നിടത്തു നിന്നും അനങ്ങിയാല്‍  അടുത്ത ആളുടെ ശരീരത്തില്‍ കയ്യോ  കാലോ തട്ടുന്ന രൂപത്തില്‍ കൊണ്ട് വന്ന ലഗേജുകളില്‍ തലവച്ചു കൊണ്ടുള്ള കിടത്തം.  നവംബറായതിനാല്‍ അത്യാവശ്യം നല്ല തണുപ്പുമുണ്ട്.  എന്നാല്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പോ സൗകര്യമോ ഒന്നുമില്ലതാനും…..  അവരുടെ ഭക്ഷണത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ സമാധാനമായി.  സമയാസമയം നല്ല നാടന്‍ ഭക്ഷണം അവരുടെ കാമ്പുകളില്‍ തയ്യാറാക്കി കൊടുക്കുന്നുണ്ട്.
ദുല്‍ഹജ്ജ് ഒമ്പതിന് ഹജ്ജിന്റെ ഹൃദയഭാഗമായ കര്‍മ്മം ചെയ്യാനായി അറഫയിലേക്കുള്ള യാത്ര.  എന്റെ ആദ്യത്തെ മെട്രോ യാത്ര കൂടിയായിരുന്നു അത്.  ആദ്യാനുഭവത്തിന്റെ ആകാംക്ഷയും തുടികൊട്ടലും മനസ്സിനെ വല്ലാതെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു.  മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ അകലെയുള്ള അറഫയിലെത്തിയപ്പോള്‍ ആദ്യാനുഭവം ആശ്ചര്യത്തിന്റെ കൊടുമുടിയിലെത്തിയിരുന്നു.   അവിടെയും സൗകര്യങ്ങളേറെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.   പ്രത്യേകം സജ്ജമാക്കിയ ടെന്റുകളും വാഷ്‌റൂമുകളും ദാഹശമനികളും ഭക്ഷണവും.   കാറ്റും വെയിലുമേല്‍ക്കാതെ പ്രാര്‍ത്ഥനാനിരതമായ മണിക്കൂറുകള്‍…
അസര്‍ നമസ്‌ക്കാരം കഴിഞ്ഞപ്പോള്‍ തിരികെപ്പോകാനുള്ള ഒരുക്കങ്ങളായി.   തിരികെ മെട്രോ സ്‌റ്റേഷനിലേക്കുള്ള തിരക്കില്‍ പെട്ട് ഞാന്‍ വല്ലാതെ ശ്വാസം പിടഞ്ഞു പോയി… നല്ലപാതിയുടെ  കൈ മുറുകെപ്പിടിച്ചു ചവിട്ടേല്‍ക്കുന്ന കാലുകള്‍ വലിച്ചെടുത്തു നടക്കാന്‍ തുടങ്ങി.  മിനുട്ടുകള്‍ കഴിയുമ്പോഴാണ് ഒരടി മുന്നോട്ട് വെക്കാനാവുക.  ലക്ഷകണക്കിന് ജനങ്ങള്‍ മെട്രോ സ്‌റ്റേഷനിലേക്കുള്ള നിരയില്‍ ഞെങ്ങിഞെരിയുകയാണ്.  ഒരുവിധം മുന്നിലേക്കെത്തിയപ്പോള്‍ ഒഴിഞ്ഞൊരു സ്ഥലം കണ്ട് കൂടെയുണ്ടായിരുന്ന അഞ്ചാറുപേര്‍ പറഞ്ഞു തിരക്കൊന്നൊഴിയട്ടെ അതുവരെ നമുക്കിവിടെയിരിക്കാമെന്ന്…   കുറച്ചുനേരം ഇരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു നമ്മുടെ കൂടെയുള്ളവരെയൊന്നും കാണുന്നില്ലല്ലോ നമുക്ക് നടക്കാം.  പക്ഷെ കൂട്ടത്തിലൊരാള്‍ക്ക് അപ്പോള്‍ തലയില്‍ നക്ഷത്രമുദിച്ചു. മൂപ്പര്‍ ഒരു ഹജ്ജ് കഴിഞ്ഞിട്ടുള്ളതാണ്…   ഞങ്ങള്‍ ഇരിക്കുന്ന ടെന്റിന്റെ പിറകു വശത്തു കൂടി ഒരു റോഡുണ്ട്. അതിലെപ്പോയാല്‍ തുരങ്കമാര്‍ഗ്ഗം മുസ്ദലിഫയിലേക്ക് പെട്ടെന്നെത്തും.
ഒരു യാത്രയില്‍ അമീറിനെ അനുസരിക്കുകയെന്നതാണ് ഉത്തമമെന്ന എന്റെ ധര്‍മ്മബോധത്തിനു ഈ എളുപ്പവഴി വല്ലാതെ പിടിച്ചില്ല. ഞാന്‍ പറഞ്ഞു ‘വേണ്ട നമുക്ക് കൂട്ടത്തോടൊപ്പം പോകാം.  അവരൊക്കെ മെട്രോയിലാണല്ലോ പോകുന്നത്. നമ്മളായിട്ട് പിരിഞ്ഞു പോകേണ്ട’ അനന്തമായി നീണ്ടു നില്‍ക്കുന്ന ജനക്കൂട്ടത്തിലേക്ക് നോക്കിക്കൊണ്ട് ഇന്ന് നേരം വെളുത്താലും നമ്മള്‍ മെട്രോസ്‌റ്റേഷന്‍ എത്തലുണ്ടാവില്ല നമുക്കീ വഴി പെട്ടെന്ന് പോകാമെന്നു വീണ്ടും പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ അവരോടൊപ്പം നീങ്ങി.
റോഡിലേക്കിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുസ്ദലിഫയിലേക്ക് പോകാനായി ബസ്സുകള്‍ കാത്തു കിടക്കുന്നു. പിന്നീടൊന്നും ആലോചിച്ചില്ല.  കൂട്ടം പിരിഞ്ഞ ഞങ്ങളേഴുപേര്‍ വേഗം ബസിലേക്കു ചാടിക്കയറി ഇരിപ്പുറപ്പിച്ചു.  മെട്രോക്ക് വേണ്ടി കാത്തു നില്‍ക്കുന്നവരുടെ ബുദ്ധിമോശമോര്‍ത്തു നെടുനിശ്വാസം വിട്ടു….   ബസില്‍ ആളുകള്‍ നിറഞ്ഞു.  സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി…  ഇരുന്നിരുന്നു കാലിലൊക്കെ നീര് വെക്കാന്‍ തുടങ്ങിയിട്ടും ബസ്സനങ്ങുന്നില്ല. മഗ്‌രിബും ഇശായും മുസ്ദലിഫയില്‍ ചെന്ന് ഒന്നിച്ചു നമസ്‌ക്കരിക്കാമെന്നാണ് പറഞ്ഞിരുന്നത്.  സമയം ഏകദേശം രാത്രി പതിനൊന്നര കഴിഞ്ഞു.  ബസ്സിനിയും അനങ്ങുന്നില്ല.  ബസ്സില്‍ നിന്നുമിറങ്ങി  കയ്യിലുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ നിന്നും വുളുവെടുത്ത് വഴിയോരത്തു വെച്ചു നമസ്‌ക്കരിച്ചു.
നമസ്‌ക്കാരം കഴിഞ്ഞു ഇനിയെന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ നേരത്തെ എളുപ്പവഴി  പറഞ്ഞ ആള്‍ പറഞ്ഞു: ‘ഒന്നനങ്ങാന്‍ കഴിയാതെ മുട്ടി മുട്ടി നില്‍ക്കുന്ന ബസ്സുകള്‍ ഇന്നിനി പോകുമെന്ന് തോന്നുന്നില്ല. നമുക്ക് നടക്കാം. തുരങ്കത്തിലേക്കെത്തിയാല്‍ നമ്മള്‍ പെട്ടെന്നെത്തും’   എന്‍ജിന്‍ ഓണാക്കിയിട്ടിരിക്കുന്ന അറ്റമില്ലാതെ കിടക്കുന്ന ബസ്സുകള്‍ക്കിടയിലൂടെ കരിപ്പുക ശ്വസിച്ചുള്ള നടത്തം ഏറെ ദുര്‍ഘടമായിരുന്നു.  എത്ര നടന്നിട്ടും എളുപ്പമെത്താനുള്ള തുരങ്കം കാണുന്നില്ല….   മണിക്കൂറുകള്‍ വേച്ചു വേച്ചു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. ‘റബ്ബേ നിനക്ക് വേണ്ടിയായത് കൊണ്ട് മാത്രമാണ് ഞാനീ കാലുകള്‍ വലിച്ചു നടക്കുന്നത്. എന്തെങ്കിലും ദുന്യവിയായ കാര്യത്തിനായിരുന്നെങ്കില്‍ ഞാനീ കാലുകളെ അനക്കില്ലായിരുന്നു.’ കൂട്ടം തെറ്റിയ ഏഴുപേരില്‍ ഞാനും,  ഹാര്‍ട്ടിന് പ്രശ്‌നമുള്ള ജബ്ബാര്‍ക്കയും, കാലിന് സുഖമില്ലാത്ത വേറൊരാളും ഉണ്ടായിരുന്നു.
കുറേദൂരം നടന്നപ്പോള്‍ വലിയൊരു മലയില്‍ നിറയെ വെളുത്ത എന്തോ ഒന്ന് തുണ്ട് തുണ്ടായി മുകള്‍ഭാഗം മുതല്‍ അടിഭാഗം വരെ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടു.  നടന്നു ക്ഷീണിച്ചതിനിടക്ക് മനസ്സിന്റെ ശ്രദ്ധ തിരിച്ചൊന്നായാസപ്പെടുത്താന്‍ നാഥന്‍ ഒരുക്കി വെച്ച കാഴ്ചയായിട്ടാണെനിക്കനുഭവപ്പെട്ടത്. കൂടെയുള്ളവര്‍ക്ക് ആ കാഴ്ച കാണിച്ചു കൊടുത്തപ്പോള്‍ പ്ലാസ്റ്റിക്  കവറുകള്‍ അള്ളിപ്പിടിച്ചു കിടക്കുകയാവുമെന്നു പറഞ്ഞു.  വീണ്ടും കിലോമീറ്ററുകള്‍ നടന്നു മലയിലെ കാഴ്ച കണ്ണിനു തിരിച്ചറിയാന്‍ കഴിഞ്ഞപ്പോഴാണ് ഒരു വലിയ മലനിറയെ  ഇഹ്‌റാം ഡ്രസ്സില്‍ ഹാജികള്‍ കിടന്നുറങ്ങുകയാണെന്നു മനസ്സിലായത്.  അതായിരിക്കും മുസ്ദലിഫയെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചപ്പോള്‍ തൊട്ടു മുന്നിലെ ബോര്‍ഡില്‍ ഇനിയുമുണ്ടേറെ ദൂരമെന്ന സൂചന കിട്ടി. പോകുന്ന വഴിയിലൊക്കെയും വഴിയറിയാതെ നടന്നു തളര്‍ന്ന ഹാജികള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഏകദേശം പതിനാലോളം  കിലോമീറ്റര്‍ നടന്നു കഴിഞ്ഞപ്പോള്‍ മുസ്ദലിഫയിലെത്തിയെന്നറിഞ്ഞു. പിന്നൊന്നും ചിന്തിച്ചില്ല. എത്തിയിടത്ത് കല്‍ക്കൂട്ടങ്ങളെ സുഖകരമായ മെത്തയാക്കി നിവര്‍ന്നു കിടന്നു. സുബഹ് ബാങ്കിനപ്പോള്‍ അരമണിക്കൂര്‍ ബാക്കിയുണ്ടായിരുന്നുള്ളു. കൂടെയുള്ള ആണുങ്ങള്‍ക്ക് അപ്പോഴും കിടക്കാനാവുമായിരുന്നില്ല. ഞങ്ങളുടെ കൂടെയുള്ളവര്‍ എവിടെയാണെന്ന് കണ്ടു പിടിക്കണം. അവരോടൊപ്പം ഞങ്ങള്‍ക്ക് ഒരുമിക്കണം.  ഫോണ്‍ വിളിച്ചു അവരുള്ള സ്ഥലം മനസ്സിലാക്കി തിരികെ വന്നു ഞങ്ങള്‍ സ്ത്രീകളെ മൂന്നുപേരെയും വിളിച്ചുണര്‍ത്തി അവര്‍ക്കരികിലേക്കു പോയി.   ഞങ്ങളെക്കണ്ടതും ഏറെ സങ്കടത്തോടെ എന്ത് പറ്റി താഹിറത്തായെന്നും ചോദിച്ചു കൊണ്ട് തൗഹീദ ഓടിവന്നു കെട്ടിപ്പിടിച്ചു. ഒരൊറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ഞു.  നിങ്ങളെപ്പോഴിവിടെയെത്തി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മെട്രോയില്‍ രണ്ട് മണിക്കൂറിനകമെത്തി നമസ്‌ക്കരിച്ചു സുഖമായുറങ്ങിയെന്നു പറഞ്ഞു.  മുസ്ദലിഫയിലും നല്ലസൗകര്യങ്ങളായിരുന്നു ഞങ്ങള്‍ക്കായി ഒരുക്കി വെച്ചിരുന്നത്.
 ഹജ്ജിനു പോയി അറഫയില്‍ നിന്നും മുസ്ദലിഫയിലെത്താതെ ബസ്സില്‍ കുടുങ്ങിക്കിടക്കുന്നവരും, വഴിയരികിലും, മലമുകളിമൊക്കെ കിടക്കുന്നവരും  എത്രയോ ധനവും ആരോഗ്യവും ചിലവിട്ട് വന്നിട്ട് കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്യാനാവാതെയാണല്ലോ തിരികെപ്പോകുന്നതെന്ന സങ്കടം മുസ്ദലിഫയിലെത്തിയപ്പോള്‍ മുതല്‍ ഈ നിമിഷം വരെയും മനസ്സിനെ നൊമ്പരപ്പെടുത്താറുണ്ട്.
ഞങ്ങളെത്തുമ്പോള്‍ എല്ലാവരും കുളിച്ചു നമസ്‌ക്കരിച്ചു കല്ലെറിയാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ധൃതിപ്പെട്ടു കുളിച്ചു നമസ്‌ക്കരിക്കാന്‍ നില്‍ക്കുമ്പോള്‍ കാലുകള്‍ നിലത്തുറക്കാത്തവണ്ണം ക്ഷീണപ്പെട്ടിരുന്നു.  കല്ലെറിയല്‍ കഴിഞ്ഞു ത്വവാഫിനും സഅയിനുമായി ഹറമിലേക്ക് തുരങ്കത്തിലൂടെ കിലോമീറ്ററുകള്‍ നടന്നു തന്നെ പോകണമായിരുന്നു.  ഒരടി നടക്കാന്‍ പറ്റാത്ത കാലുകള്‍ കൊണ്ട് ഇനിയെന്ത് ചെയ്യും റബ്ബേയെന്നു തേങ്ങി നില്‍ക്കുമ്പോഴാണ് കുറെ ബൈക്കുകള്‍ തലങ്ങും വിലങ്ങും ഓടുന്നത് ശ്രദ്ധയില്‍ പെട്ടത്.  നടക്കുന്നവരോടൊക്കെ അവര്‍ ‘ബൈക്കില്‍ കയറുന്നുണ്ടോ?’ എന്ന്  ചോദിക്കുന്നുണ്ട്.  മുങ്ങിത്താഴാന്‍ പോകുമ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പ് പോലെ ഒരാശ്വാസം ഉള്ളിലൂടെ ഊര്‍ന്നിറങ്ങി.  ഒരു ബൈക്കില്‍ ഒരാളെയേ കയറ്റു. ഞാന്‍ പറഞ്ഞു നമുക്ക് രണ്ടു വശത്തേക്ക് കാലിട്ടിരിക്കാം അയാളോടൊന്നു പറഞ്ഞു നോക്കൂ എന്ന്.  സുഡാനി ചെക്കന്‍ സമ്മതിച്ചതും മരുഭൂമിയില്‍ തൊണ്ട നനക്കാന്‍ ഒരിറ്റു ജലം കിട്ടിയത് പോലുള്ള ആശ്വാസത്തോടെ വേഗം കയറിയിരുന്നു. ശരം കണക്കെ പായുന്ന ബൈക്കില്‍ നല്ല പാതിയെ മുറുക്കിപ്പിടിച്ചിരുന്നു ഞാന്‍. 100 റിയാല്‍ ആ യാത്രക്ക് അധികമായിരുന്നെങ്കിലും അപ്പോഴത്തെ അവസ്ഥയിലത് വലിയൊരനുഗ്രഹമായിരുന്നു.
ഹറമിലെത്തി ഒരു ത്വവാഫ് ചെയ്തത് അദ്ദേഹത്തിന്റെ  കയ്യില്‍ മുറുക്കിപ്പിടിച്ചു കൊണ്ടായിരുന്നു.  പകുതി ത്വവാഫായപ്പോഴേക്കും  സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ഞാനദ്ദേഹത്തോട് പറഞ്ഞു ഇങ്ങനെ ഇബാദത്ത് ചെയ്തിട്ട് കാര്യമില്ല. എനിക്കല്പം വിശ്രമിക്കണം. രണ്ടുപേരും ഹറമിന്റെ  ഒഴിഞ്ഞൊരു സ്ഥലത്തു കിടന്നല്‍പ്പമുറങ്ങി. എഴുന്നേറ്റ് ത്വവാഫും സഅയും കഴിഞ്ഞു കൂടെയുള്ളവരെ വിളിച്ചു നോക്കിയപ്പോള്‍ എല്ലാവരും തിരികെ മിനായിലേക്ക് പോയിരുന്നു.  ഞങ്ങളെപ്പോലെ ഒരു ഫാമിലി മാത്രം ഹറമിലുണ്ടെന്നറിഞ്ഞു.  അവരെ കണ്ടെത്തി ഞങ്ങളൊന്നിച്ചു പുറത്തു കടന്നു മിനാ മിനാ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ബസ്സിനടുത്തേക്ക് ചെന്നു. ആ ബസ് മിനായിലേക്കുള്ളവരെ കയറ്റി കൊണ്ട് പോകുകയാണെന്നറിഞ്ഞപ്പോള്‍ സമാധാനമായി.
പലദേശക്കാരും ഭാഷക്കാരുമായി നിറയെ ആളുകളുമായി ബസ് മുന്നോട്ടെടുത്തു.  മിനായിലെത്തേണ്ട സമയം ഒരുപാട് അതിക്രമിച്ചിട്ടും ബസ് മിനായിലെത്തിയിരുന്നില്ല. ബസിലുള്ളവര്‍ ഭയാശങ്കയിലായി. മുറുമുറുപ്പുകളും അസ്വസ്ഥതകളും ഉച്ചത്തിലാവാന്‍ തുടങ്ങി.  തലേന്നാളത്തെ സംഭവത്തിനു ശേഷം വീണ്ടുമൊരു പരീക്ഷണം!! ആരുടെയോ ബസ്സെടുത്തിട്ട് വഴിയൊന്നുമറിയാത്ത ഒരു മിസ്‌രിയുടെ കള്ളക്കെണിയിലാണ് ബസിലുള്ളവര്‍ മുഴുവന്‍ അകപ്പെട്ടിരിക്കുന്നതെന്നറിഞ്ഞ നിമിഷം ഉള്ളിലൂടെ ഒരാന്തല്‍ കടന്നു പോയി.
എന്തായാലും ബസ്സോടിക്കൊണ്ടിരിക്കുന്നുണ്ട്. കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വരെ വെപ്രാളപ്പെടുന്ന വാവുനോട് ഞാന്‍ പറഞ്ഞു നമ്മള്‍ തഖ്‌വയെ ഭക്ഷണമാക്കേണ്ടുന്ന ഹജ്ജ് കര്‍മ്മത്തിലാണുള്ളത്.  ബഹളം വെച്ചത് കൊണ്ടൊരു കാര്യവുമില്ല. ഏതൊരവസ്ഥയിലും പ്രകൃതിയിലേക്ക് കണ്ണും കരളും തുറന്നിരിക്കാനിഷ്ടപ്പെടുന്ന ഞാന്‍ പുറം കാഴ്ചകളെ ഇരുട്ടിലൂടെ ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഹൃദയവും അധരങ്ങളും പ്രാര്‍ത്ഥനയിലും അമര്‍ന്നിരുന്നു.  കഴിഞ്ഞ ദിവസത്തെ ആവലാതി മനസ്സിലുണ്ടായിരുന്നില്ല. മുസ്ദലിഫയിലേക്കുള്ള നടത്തത്തില്‍ മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥനയായിരുന്നു അവിടെ രാപ്പാര്‍ക്കുകയെന്ന കര്‍മ്മം ഒരു നിമിഷമെങ്കിലും നിര്‍വഹിക്കാന്‍ കഴിയണേയെന്ന്. ഇതിപ്പോള്‍ കര്‍മ്മങ്ങളെല്ലാം കഴിഞ്ഞു മിനായില്‍ എത്തേണ്ടതേയുള്ളു.
മണിക്കൂറുകള്‍ നീണ്ടുനിന്ന അസ്വസ്ഥകള്‍ക്കും, ഭയാശങ്കകള്‍ക്കും ശേഷം വഴി ചോദിച്ചറിഞ്ഞു ഒരു വിധം മിനായിലെത്തി.   മിനായിലെ ടെന്റിലെത്തിയപ്പോള്‍ വീണ്ടും സങ്കടത്തോടെ തൗഹീദ കാര്യങ്ങള്‍ തിരക്കി.  തലേന്നത്തെ ക്ഷീണം കാരണം ത്വവാഫിനിടക്ക് സ്വപ്‌നം കണ്ടതും ഉറങ്ങിയതും വഴിതെറ്റിപ്പോയതുമൊക്കെ പറഞ്ഞു . ഞാന്‍ പതിയെ ഉറക്കത്തിന്റെ കൈകളിലേക്ക് എന്നെ വിശ്രമിക്കാന്‍ ഇട്ടു കൊടുത്തു.
ദുല്‍ഹജ്ജ് പന്ത്രണ്ടിന് മിനായില്‍ നിന്നും മക്കയിലെ താമസസ്ഥലത്തേക്ക് പോകാനായി ഒരുങ്ങിയപ്പോള്‍ ഒന്നെഴുന്നേറ്റു നില്‍ക്കാനാവാത്ത വിധം ഞാനാകെ തളര്‍ന്നിരുന്നു. പല ഹജ്ജ് കഥകളിലും കേട്ട അനുഗ്രഹീതമരണം എന്നെത്തേടിയെത്തിയിരിക്കുമോ എന്ന് ഞാന്‍ സന്തോഷിച്ചു.  കുറച്ചു കഴിഞ്ഞപ്പോള്‍ പൊള്ളുന്ന പനിയും കുടച്ചിലുമായി.  എല്ലാവരും പോകാന്‍ നില്‍ക്കുകയാണ്.  ഇനിയും വൈകാന്‍ ആവില്ല….   എവിടെ നിന്നോ ഒരു വീല്‍ചെയര്‍ സംഘടിപ്പിച്ചു വാവു എന്നെ ഇരുത്തി തള്ളി നടന്നു….   ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയേഴില്‍ അസുഖം എന്നെ പ്രണയിക്കാന്‍ തുടങ്ങിയതുമുതല്‍ എന്റെ നട്ടെല്ലും കാലുകളും വാവു തന്നെയായിരുന്നുവല്ലോ.
കേട്ടറിഞ്ഞ ഹജ്ജ് യാത്രകളിലെ യാതൊരു പ്രയാസങ്ങളുമില്ലാതെ കൂട്ടത്തിലെ ഭൂരിഭാഗവും സുഖകരമായി ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു മടങ്ങുമ്പോള്‍ ഞാന്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകളെ ഊതിക്കാച്ചി പൊന്നാക്കിയിട്ടായിരുന്നു മടങ്ങിയത്.  ‘പടച്ചോനെ ഇത്രയും സുഖമുള്ള ഹജ്ജോ’ എന്ന എന്റെ ആത്മരോദനത്തിനുമേല്‍ പരീക്ഷണങ്ങളുടെ ഒരുപിടി കനല്‍കോരിയിട്ട അനുഭവങ്ങളോര്‍ക്കുമ്പോഴൊക്കെ സ്‌നേഹനാഥനോട് പതിയെ പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ ചോദിക്കും ‘എന്നെ നിനക്കേറെയിഷ്ടമായതു കൊണ്ടല്ലേ’ എന്ന്!!!
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x