മുന്‍ഗാമികള്‍ മാതൃക കാണിച്ച കറകളഞ്ഞ തൗഹീദ്
കണിയാപുരം നാസറുദ്ദീന്‍
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ തൗഹീദാണ്. ശുദ്ധമായ ഏകദൈവത്വത്തില്‍ അധിഷ്ഠിതമായ ആരാധന-അനുഷ്ഠാന-ആചാരങ്ങളാണ് തൗഹീദിന്റെ വിപുലമായ ഉദ്ദേശ്യം. വിശ്വാസത്തില്‍ ഒതുങ്ങുന്നതല്ല, തുടര്‍ച്ചയായി വരുന്ന കര്‍മങ്ങളെയും ജീവിതത്തെ ആകമാനവും ബാധിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാകണം യഥാര്‍ഥ തൗഹീദ്.
സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം, പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാവുമ്പോഴും തനിക്ക് കൂട്ടായി ഒപ്പമുണ്ട് എന്ന ബോധ്യം ആരെയാണ് സമാധാനിപ്പിക്കാതിരിക്കുക. അതുതന്നെയാണ് തൗഹീദിന്റെ പ്രധാന ഭാഗമായി വരുന്നത്.
അല്ലാഹുവില്‍ എല്ലാ ആഗ്രഹങ്ങളെയും ആശകളെയും അഭിലാഷങ്ങളെയും പ്രതീക്ഷകളെയും സമര്‍പ്പിക്കുകയും അതില്‍ സമാധാനിക്കുകയും ചെയ്യുന്നതോടൊപ്പം തന്നില്‍ നിന്നുതന്നെ ഉണ്ടായേക്കാവുന്ന അബദ്ധങ്ങളും തെറ്റായ വിചാര-ആചാരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്നവനും വീക്ഷിക്കുന്നവനും അവന്‍ തന്നെ എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം തെറ്റുകുറ്റങ്ങളിലോ അധാര്‍മിക പ്രവണതകളിലേക്കോ ജീര്‍ണതകളിലേക്കോ ചെന്നു വീണുപോകാതിരിക്കാനും ഈ തൗഹീദ് പ്രയോജനകരമായിത്തീരാറുണ്ട്. ”തീര്‍ച്ചയായും നിന്റെ രക്ഷിതാവ് നിന്നെ പതിയിരുന്ന് വീക്ഷിക്കുന്നവനാണ്” (വി.ഖു. 89:14).
അബദ്ധങ്ങള്‍ മനുഷ്യസഹജമാണ്. പക്ഷേ, കുറ്റബോധവും ചെയ്തുപോയ അപരാധത്താല്‍ സ്വയം നൊന്തുകൊണ്ടിരിക്കുന്നതുമായ ഒരു ഹൃദയമാണ് മനുഷ്യനില്‍ ഉള്ളത് (75:2). പാപം ചെയ്തുപോയാല്‍ പശ്ചാത്താപ മനസ്സോടെ, അതീവ ഖേദത്തോടെയും വിനയത്തോടെയും മടങ്ങിച്ചെല്ലുന്നതായാല്‍ സ്വീകരിക്കാനും മാപ്പ് നല്‍കാനും അവന്‍ തന്നെയാണ് ഉള്ളത് എന്നതാണ് വിശ്വാസിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നത്. ”തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു” (വി.ഖു: 9:5, 99, 102). ”അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയും ആകുന്നു” (9:112, 2:37,54).
അഭിമാനത്തോടെ ഉറക്കെ പ്രഖ്യാപിക്കാന്‍ പര്യാപ്തമായ വിശ്വാസമാണ് തൗഹീദ്. ആരെയും ഭയപ്പെടാതെ സ്രഷ്ടാവിനെ മാത്രം ഭയപ്പെടുന്ന വിശ്വാസസംഹിതയാണ് അത്. ”പ്രവാചകരേ, താങ്കള്‍ പ്രഖ്യാപിക്കുക, ഞാന്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ. അവനില്‍ ഒന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല” (72:20). എന്നാല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ സൃഷ്ടികളെ ഭയപ്പെടുന്നവരാണ്. അവര്‍ എല്ലാം മറച്ചുവയ്ക്കുന്നവരാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക” (2:40).
ഉമ്മുസുലൈമിന്റെ
തൗഹീദ്
സഹാബി വനിതകളില്‍ വളരെ ശ്രദ്ധേയയാണ് ഉമ്മുസുലൈം. പ്രിയ ഭര്‍ത്താവ് മാലികിന്റെ ദേഹവിയോഗാനന്തരം വിധവയായി കഴിയുകയായിരുന്നു അവര്‍. ഒപ്പം മകന്‍ അനസ് എന്ന ബാലനും ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് അബൂത്വല്‍ഹ വിവാഹം ആലോചിക്കുന്നത്.
ഉമ്മുസുലൈമിനെ സ്വന്തമാക്കണമെന്ന് മനസ്സില്‍ ആഗ്രഹിച്ചു നടക്കുകയായിരുന്നു അബൂത്വല്‍ഹ. എങ്ങനെ അത് അവതരിപ്പിക്കുമെന്ന ആശങ്കയോടെയായിരുന്നു ഉമ്മുസുലൈമിനെ സമീപിച്ചത്. അബൂത്വല്‍ഹ ആ സന്ദര്‍ഭത്തില്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ഉമ്മുസുലൈം കേട്ട മാത്രയില്‍ തന്നെ തന്റെ വിയോജിപ്പ് അറിയിച്ചു.
അബൂത്വല്‍ഹ ചോദിച്ചു: ”എന്താണ് കാരണം?”
”ഒറ്റ കാരണമേ ഞാന്‍ കാണുന്നുള്ളൂ. രണ്ട് വെളുപ്പുകളുടെ കുറവാണ് ഞാന്‍ കാണുന്നത്. അതായത് സ്വര്‍ണവും വെള്ളിയും. അത് എനിക്കില്ല. ഉമ്മുസുലൈം പറഞ്ഞു. താങ്കള്‍ ശഹാദത്ത് പ്രഖ്യാപിക്കുക. തൗഹീദ് സ്വീകരിക്കുക. എങ്കില്‍ ഞാന്‍ വിവാഹത്തിന് സമ്മതിക്കാം. നിങ്ങള്‍ അല്ലാഹുവിനു പുറമേ പല ശക്തികളെയും വിളിച്ചു പ്രാര്‍ഥിക്കുന്നു. അവയുടെ മുമ്പില്‍ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മരമോ കല്ലോ മനുഷ്യരായ നമുക്ക് ഒരു ഉപകാരവും ചെയ്യുകയോ ഉപദ്രവം ഒഴിവാക്കുകയോ ചെയ്യില്ല. മാത്രമല്ല, നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹം അല്ലെങ്കില്‍ മറ്റെന്തോ ആകട്ടെ അതിന്റെ ബാക്കി ഭാഗം മരമാണെങ്കില്‍ ബാക്കി ചില്ലകള്‍ അന്തരീക്ഷത്തില്‍ ആടിക്കളിക്കുന്നുണ്ടാവും. അതിന്റെ പകുതിയായിരിക്കും നിങ്ങളുടെ ദൈവം. അല്ലെങ്കില്‍ ഒരല്‍പം ഭാഗം മാത്രം. ഇതാണോ നമ്മുടെ സ്രഷ്ടാക്കള്‍, നമ്മുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കുന്നത്, നമ്മെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നത്! ഈ ഒരു വിശ്വാസവുമായി എനിക്ക് പൊരുത്തപ്പെടാന്‍ സാധ്യമല്ല.”
അബൂത്വല്‍ഹയുടെ മനസ്സില്‍ ഇളക്കമുണ്ടായി. ചിന്തയ്ക്ക് മാറ്റമുണ്ടായി. ശരിയാണ്. ഈ പറഞ്ഞത് മുഴുവനും ശരിയാണ്. അങ്ങനെ അതു മുതല്‍ മാറിച്ചിന്തിക്കുകയും യഥാര്‍ഥ തൗഹീദ് വിശ്വാസത്തിലേക്ക് കടന്നുവരുകയും ഉമ്മുസുലൈമിനെ വിവാഹം ചെയ്യുകയും ചെയ്തു.
ഇക്‌രിമയുടെ
തൗഹീദ്
ഇസ്‌ലാമിന്റെ കൊടിയ ശത്രുവും പ്രവാചകന്റെ ബദ്ധവൈരിയുമായ അബൂജഹലിന്റെ പുത്രനാണ് ഇക്‌രിമ. ഒരിക്കല്‍ കടലിലൂടെ കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. കാറ്റും കോളും അതിശക്തമായി. കപ്പല്‍ മറിയാന്‍ ഒരുങ്ങി. കപ്പലില്‍ നിന്ന് അറിയിപ്പ് വന്നു. ഇനി നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. സര്‍വശക്തനായ ഏകദൈവത്തെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുക. ഇനി അത് മാത്രമേ നമ്മുടെ മുമ്പിലുള്ളൂ. അബൂജഹലിന്റെ പ്രിയ പുത്രന്‍ ഇക്‌രിമ മനസ്സില്‍ വിചാരിച്ചു. ഇതല്ലേ മുഹമ്മദും പറയുന്നുള്ളൂ, പിന്നെ എന്തിനാണ് എന്റെ ഈ യാത്ര? കടലില്‍ ദൈവത്തെ മാത്രവും കരയിലേക്ക് എത്തുമ്പോള്‍ ബഹുദൈവത്വവും എങ്ങനെ ഉള്‍ക്കൊള്ളാനാണ്! ഈ ചിന്തയില്‍ നിന്നാണ് ഇക്‌രിമ തൗഹീദിലേക്ക് കടന്നുവന്നത്.
അല്ലാഹു പറയുന്നു: ”അവര്‍ കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോള്‍ അവര്‍ പ്രാര്‍ഥന അല്ലാഹുവിലേക്ക് മാത്രമാക്കിക്കൊണ്ട് കളങ്കമില്ലാതെ തിരിയുന്നു. എന്നാല്‍ അവര്‍ കരയിലേക്ക് എത്തിക്കഴിയുമ്പോള്‍ അതാ അവര്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നു” (വി.ഖു).
ഇന്നത്തെ സമൂഹം അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുകയും മഹാന്മാരായ ഔലിയാക്കള്‍, അമ്പിയാക്കള്‍ തുടങ്ങിയവരെ ആദരിക്കുന്നു എന്ന പേരില്‍ അവരുടെ ഹഖ്-ജാഹ്-ബര്‍കത്ത് കൊണ്ട് അല്ലാഹുവിലേക്ക് അവര്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇതും അല്ലാഹുവിനു പുറമേ മറ്റുള്ളവരെ ആരാധിക്കുന്നതിനു തുല്യം തന്നെയാണ്. തുടര്‍ന്ന് ഇസ്തിഗാസ എന്ന പേരില്‍ മഹാന്മാരായ അമ്പിയാക്കളെയും ഔലിയാക്കളെയും നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കുന്നു. ഏറ്റവും വലിയ ശിര്‍ക്ക് എന്ന ഗണത്തിലാണ് ഇത് ഉള്‍പ്പെടുന്നത്.
സത്യവിശ്വാസികള്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുന്നവരാണ്. അവരുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും അവനോട് മാത്രം പറഞ്ഞു പശ്ചാത്തപിച്ചു മടങ്ങുകയും അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവനോട് മാത്രം സകലതും സമര്‍പ്പിക്കുകയും ചെയ്യുന്നവനാകുന്നു ഇബ്രാഹീമി മില്ലത്തില്‍ ഉള്‍പ്പെടുന്നവന്‍. ഇബ്രാഹീം നബി(അ) അങ്ങനെയാണല്ലോ ചെയ്തത്.
ബിലാലിന്റെ തൗഹീദ്
ഉമയ്യയുടെ അടിമകളില്‍ ഒരാളായിരുന്നു ബിലാല്‍. പ്രവാചകനെ കുറിച്ചും പ്രവാചകന്റെ ആഗമനത്തെ കുറിച്ചും അറിഞ്ഞപ്പോള്‍ തന്നെ ആദര്‍ശം സ്വീകരിക്കുകയും തൗഹീദില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിക്കുകയും ചെയ്തു. ഒട്ടേറെ തടസ്സങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടും ഈ മാര്‍ഗത്തില്‍ അദ്ദേഹത്തിന് സഹിക്കേണ്ടി വന്നു. അവിടെയെല്ലാം തൗഹീദ് അദ്ദേഹത്തിന് ഒരു ആവേശവും അഭിമാനവുമായിരുന്നു. ഏത് പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും അവഗണിക്കാന്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയായിരുന്നു തൗഹീദ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബഹുദൈവത്വത്തില്‍ അധിഷ്ഠിതമായ എല്ലാ തരം ജീര്‍ണതകളും നമ്മുടെ ജീവിതത്തില്‍ നിന്ന് അകറ്റുകയും ഏകദൈവത്വത്തില്‍ അധിഷ്ഠിതമായ പ്രതീക്ഷാനിര്‍ഭരമായ ബോധ്യപ്പെടലുമാണ് തൗഹീദ്. ഒരാള്‍ തൗഹീദ് സ്വീകരിക്കുന്നതിലൂടെ അയാളുടെ മുന്‍കാല പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുകയും പുതിയൊരു ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യും.
”ആണാകട്ടെ പെണ്ണാകട്ടെ വിശ്വാസിയായിക്കൊണ്ട് ആരെങ്കിലും സത്കര്‍മങ്ങള്‍ ചെയ്താല്‍ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ ഒരു ജീവിതം നല്‍കുന്നതാണ്. അവന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും നല്ല പ്രതിഫലവും നാം നല്‍കും” (അന്നഹ്ല്‍ 97).