22 Sunday
December 2024
2024 December 22
1446 Joumada II 20

മുത്തലാക്ക് വിഷയമാക്കുന്നതെന്തിന്?  അനസ് കണ്ണൂര്‍

രാജ്യത്ത് പലയിടത്തും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു കുട്ടികള്‍ മരിക്കുന്നു. പല പട്ടണങ്ങളിലും വെള്ളമില്ലാതെ ജനം വലയുന്നു. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലാണ്. അപ്പോഴും നമ്മുടെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യവിഷയം മുത്വലാക്കും. ഇന്ത്യയില്‍ വിവാഹമോചനത്തില്‍ ഹിന്ദു സമൂഹത്തെ കഴിഞ്ഞേ മുസ്‌ലിം സമൂഹം വരുന്നുള്ളൂ. വിവാഹജീവിതത്തില്‍ വിഷയം മുത്തലാഖല്ല ത്വലാഖ് തന്നെയാണ്. ഒരിക്കലും പാടില്ലാത്ത ഒന്നായി തന്നെ ഇസ്‌ലാം അതിനെ കാണുന്നു. വളരെ അനിവാര്യമായ സമയത്ത് നിബന്ധനകളോടെ മാത്രം നടക്കേണ്ട ഒന്ന്. പലപ്പോഴും വിവാഹമോചനം നടക്കുന്നത് കുടുംബങ്ങളുടെ ഈഗോയുടെ പേരിലാവും. ഇസ്‌ലാം നിര്‍ദേശിച്ച ഒരു നിര്‍ദ്ദേശവും അവിടെ പാലിക്കപ്പെട്ടില്ല.
മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലലിന്റെ മതപരമായ വിഷയം കൂടുതല്‍ ചര്‍ച്ചചെയ്യണം. ത്വലാഖ് തന്നെ ഏകപക്ഷീയമായി ചെയ്യേണ്ട ഒന്നല്ല. അതിന് ഒരുപാട് കടമ്പകള്‍ കടക്കണം. ചര്‍ച്ചകള്‍, കൂടിയാലോചനകള്‍ തുടങ്ങി ഒരുപാട് മാര്‍ഗങ്ങള്‍. ഒന്നുകൊണ്ടും ശരിയായി മുന്നോട്ടു പോകില്ലെന്ന് വരികില്‍ മാത്രമാണ് ത്വലാഖ് മുന്നില്‍ വരിക. അതും പല ഘട്ടങ്ങളിലൂടെ വേണം കടന്നുപോകാന്‍. അപ്പോഴും ഒന്നിക്കാനുള്ള വഴികള്‍ ഇസ്‌ലാം തുറന്നിടുന്നു. ഒരിക്കല്‍ തന്റെ ഭാര്യയെ വേണ്ടെന്നുവെച്ച ഭര്‍ത്താവിന് മാറി ചിന്തിക്കാന്‍ ഒരുപാട് അവസരമാണ് ഇസ്‌ലാം നല്‍കുന്നത്. ഇസ്‌ലാമിലെ വിവാഹ മോചനം പുരുഷ കേന്ദ്രീകൃതം മാത്രമല്ല. സ്ത്രീക്കും അതിനുള്ള അവകാശം നല്‍കി ഒരു കാര്യം കൂടി ഇസ്‌ലാം ഉറപ്പു വരുത്തി. വിവാഹംകൊണ്ടും വിവാഹ മോചനംകൊണ്ടും ഗുണം ലഭിക്കേണ്ടത് സ്ത്രീക്കാണ്. ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ എത്ര ശതമാനം മുത്തലാഖ് നടക്കുന്നു എന്ന വിവരംപോലും നമ്മുടെ അധികാരികളുടെ കയ്യിലില്ല. വിവാഹം ഒരു സിവില്‍ ഉടമ്പടിയാണ്. ഇതിലൂടെ ആരെയാണ് ക്രിമിനല്‍ തലത്തിലേക്ക് സര്‍ക്കാര്‍ മാറ്റുന്നത്.
വൈവാഹിക ജീവിതത്തില്‍ സമുദായത്തില്‍ ഇനിയും ഉല്‍ബോധനം ആവശ്യമാണ്. എങ്കിലും മുത്തലാഖ് എന്ന് പെരുപ്പിച്ചുകാട്ടി ഒരു സമുദായത്തെ അപമാനിക്കുന്ന രീതിയില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ത്വലാഖ് കോടതി വ ഴി മാത്രമേ പാടുള്ളൂ എന്ന് നിയമം വന്നാല്‍ എല്ലാ വിഷയങ്ങളും അവസാനിക്കും. ആദ്യം വേണ്ടത് രാജ്യത്തു നടക്കുന്ന മുത്തലാഖിന്റെ കണക്കാണ്. അതില്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിയമം രൂപീകരിക്കുക എന്നത് കാണിക്കുന്നത് ഉദാസീനതയും ദാര്‍ഷ്ട്യവുമാണ്.
Back to Top