മുജാഹിദുകള്‍ പ്രവാചകന്മാരെ ബഹുമാനിക്കാത്തവരോ?
പി കെ മൊയ്തീന്‍ സുല്ലമി
കേരളത്തിലെ സമസ്ത വിഭാഗങ്ങള്‍ മുജാഹിദുകള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്താനാവും. ഖുര്‍ആനോ സുന്നത്തോ അഹ്്ലുസ്സുന്നയുടെ പണ്ഡിതന്മാരോ അംഗീകരിക്കാത്ത ഒരഭിപ്രായവും മുജാഹിദുകള്‍ക്കില്ല.
മുജാഹിദുകള്‍ പ്രാര്‍ഥനയില്ലാത്തവരാണ്, മുഅ്ജിസത്തുകളെയും കറാമത്തുകളെയും നിഷേധിക്കുന്നവരാണ്, നബി(സ)യെ സാധാരണ മനുഷ്യനാക്കുന്നവരാണ്, നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാത്തവരാണ്, നബി(സ)യെ സ്നേഹിക്കാത്തവരാണ് തുടങ്ങി നിരവധി ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്. ഇവയെല്ലാം അടിസ്ഥാനരഹിതമാണ്.
ഈയിടെ പേരോട് അബ്ദുറഹ്്മാന്‍ സഖാഫി ഉന്നയിച്ച ഒരു ആരോപണം ‘മുജാഹിദുകള്‍ അന്‍ബിയാക്കന്മാര്‍ പാപികളാണ് എന്നു പറയുന്നവരാണ്’ എന്നായിരുന്നു. കളവായ ഒരു ആരോപണമാണിത്. ഇങ്ങനെ ഒരു വാദം മുജാഹിദുകള്‍ക്കില്ല. മുജാഹിദുകള്‍ ഇന്നേവരെ പറഞ്ഞു പോന്നിട്ടുള്ളത് അന്‍ബിയാക്കള്‍ മഅ്സ്വൂമുകള്‍ (പാപ സുരക്ഷിതര്‍) ആണ് എന്നാണ്. അഥവാ അവരില്‍ നിന്ന് ശിര്‍ക്കോ കുഫ്റോ നിഫാഖോ ഹറാമുകളോ ഉണ്ടാകുന്നില്ല എന്നാണ്. എന്നാല്‍ മനുഷ്യസഹജമായ മറവി, ആഗ്രഹം, വിഷമം, പ്രതീക്ഷ, നിരാശ, കൈപിഴ എന്നിവകളെല്ലാം പ്രവാചകന്മാരില്‍ നിന്ന് സംഭവിക്കാവുന്നതാണ്. വിശുദ്ധ ഖുര്‍ആനും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും അപ്രകാരമാണ് നമ്മെ പഠിപ്പിക്കുന്നത്.
ഇബ്‌നു ഹജറില്‍ അസ്ഖലാനി പറയുന്നു: ‘പ്രവാചകന്മാര്‍ മഹാ പാപങ്ങളില്‍ നിന്നു മുക്തരാണെങ്കിലും ചെറുപാപങ്ങളില്‍ നിന്ന് മുക്തരല്ല’ (ഫതഹുല്‍ബാരി 4:418). ഇമാം ഗസ്സാലി(റ) പറയുന്നു: ‘പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് (ചെറു ദോഷങ്ങള്‍) ചെയ്യുന്നതില്‍ നിന്ന് ഒരു മനുഷ്യനും മുക്തനല്ല. ഖുര്‍ആനില്‍ വന്നതുപോലെ പ്രവാചകന്മാര്‍ പോലും അതില്‍ നിന്നു ഒഴിവല്ല.’ (ഇഹ്‌യാ ഉലൂമിദ്ദീന്‍ 419).
ഒന്ന്). മറവി, കൈപ്പിഴ, നിര്‍ബന്ധിതമായി ചെയ്യുന്ന തെറ്റുകള്‍ എന്നിവക്കെല്ലാം മാപ്പുണ്ട്. നബി(സ) പറഞ്ഞു: ‘കൈപ്പിഴ, മറവി, നിര്‍ബന്ധിത സന്ദര്‍ഭത്തില്‍ ചെയ്യുന്ന തെറ്റുകള്‍ എന്നിവയെല്ലാം എന്റെ സമുദായത്തിന് അല്ലാഹു വിട്ടുവീഴ്ച ചെയ്തു തന്നിരിക്കുന്നു’ (ഇബ്‌നുമാജ 2045, ഹാകിം 2:198). നബി(സ)ക്ക് നമസ്‌കാരത്തിലും മറ്റും മറവി സംഭവിച്ചതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്.
രണ്ട്). ആഗ്രഹം. നബി(സ) ഒരിക്കല്‍ മക്കയിലെ പ്രമാണിമാരെ ഉപദേശിക്കുകയാണ്. അവരില്‍ ഏതെങ്കിലും ഒരു പ്രമാണി ഇസ്ലാം സ്വീകരിക്കുന്ന പക്ഷം അദ്ദേഹത്തെ തുടര്‍ന്ന് നിരവധി വ്യക്തികള്‍ ഇസ്‌ലാമിലേക്ക് വരും എന്ന ആഗ്രഹമായിരുന്നു നബി(സ)ക്കുണ്ടായിരുന്നത്. അപ്പോഴാണ് അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം എന്ന അന്ധന്‍ നബി(സ)യോട് ഇപ്രകാരം ആവശ്യപ്പെട്ടത്: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു താങ്കളെ പഠിപ്പിച്ചതില്‍ നിന്നും താങ്കള്‍ എന്നെയും പഠിപ്പിക്കണം.’ നബി(സ) അത് ഗൗനിച്ചില്ല. അപ്പോള്‍ അല്ലാഹു ഇപ്രകാരം ബോധനം നല്‍കി: ‘താങ്കള്‍ ഒരു അന്ധന്‍ വന്ന കാരണത്താല്‍ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു’ മുതല്‍ 10-ാം വചനം വരെ’ (തിര്‍മിദി, മാലിക്ക്). ഇത് നബി(സ)യെ ആക്ഷേപിച്ചും ഉപദേശിച്ചും ഇറങ്ങിയ വചനങ്ങളാണ്.
മൂന്ന്). ഭയം. തന്നെ സംരക്ഷിച്ചു പോന്ന പിതൃവ്യന്‍ അബൂത്വാലിബ് നരകത്തില്‍ പ്രവേശിക്കുന്നത് നബി(സ)ക്ക് ദുഃഖമുണ്ടാക്കുകയും നബി(സ)യെ ഭയപ്പെടുത്തുകയും ചെയ്തു. രോഗശയ്യയിലായിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിച്ച് പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു: ‘പ്രിയ പിതൃവ്യാ ‘ലാഇലാഹ ഇല്ലല്ലാഹ്’ ചൊല്ലി മരണപ്പെടുക. അതുവെച്ച് അല്ലാഹുവിങ്കല്‍ താങ്കള്‍ക്കുവേണ്ടി ഞാന്‍ വാദിച്ചു നോക്കാം.’ അപ്പോള്‍ അല്ലാഹു ബോധനം നല്‍കി: ‘താങ്കള്‍ ആഗ്രഹിക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല. പക്ഷെ അല്ലാഹു അവനാഗ്രഹിക്കുന്നവരെ ഹിദായത്തിലാക്കുന്നു.’ (ഖസ്വസ്: ബുഖാരി, മുസ്്ലിം, ഇബ്‌നുകസീര്‍ 3:394).
നാല്: ലജ്ജയും കുഴപ്പവും. നബി(സ) അസ്വര്‍ നമസ്‌കാര ശേഷം എല്ലാ ഭാര്യമാരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ അവസ്ഥകള്‍ മനസ്സിലാക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ)ക്ക് തേന്‍ വളരെ ഇഷ്ടമായിരുന്നു. അത് മനസ്സിലാക്കിയ സൈനബ എന്ന പത്‌നി എതാനും ദിവസങ്ങളില്‍ നബി(സ)ക്ക് തേന്‍ നല്‍കി. അത് കഴിക്കാന്‍ വേണ്ടി അല്‍പസമയവും കൂടി നബി(സ) സൈനബയുടെ വീട്ടില്‍ തങ്ങി. അത് മറ്റ് ചില ഭാര്യമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ അതിന്റെ പേരില്‍ പരസ്പരം കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നബി(സ) ഇപ്രകാരം ശപഥം ചെയ്തു: ‘ഞാന്‍ ഇനി മേല്‍ തേന്‍ കഴിക്കുന്നതല്ല.’
അപ്പോള്‍ അല്ലാഹു ബോധനം നല്‍കി: ‘പ്രവാചകരേ, അല്ലാഹു അനുവദനീയമാക്കിയതിനെ (തേനിനെ) താങ്കളുടെ ഭാര്യമാരുടെ തൃപ്തി കാംക്ഷിച്ചുകൊണ്ട് താങ്കള്‍ എന്തിനാണ് നിഷിദ്ധമാക്കുന്നത്'(ബുഖാരി). നബി(സ) തേന്‍ സ്വയം നിഷിദ്ധമാക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്: ഒരു ഭാര്യയുടെ വീട്ടില്‍ മാത്രം കൂടുതല്‍ സമയം കഴിച്ചുകൂട്ടിയതില്‍ മറ്റുള്ള ഭാര്യമാര്‍ അറിയുന്നതിലുള്ള ലജ്ജ. രണ്ട്: അതിന്റെ പേരില്‍ അവര്‍ കുഴപ്പം സൃഷ്ടിക്കുന്നതിലെ ഭയം.
അഞ്ച്). കൈപിഴ. ‘നബി(സ)യുടെ കാലഘട്ടത്തില്‍ ഒരിക്കല്‍ ഒരു കപട വിശ്വാസി മറ്റൊരാളുടെ പടയങ്കി മോഷ്ടിച്ചു. അന്വേഷണ സംഘം വന്നപ്പോള്‍ പടയങ്കി ഒരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുവെക്കുകയും യഹൂദി പിടിക്കപ്പെടുകയും ചെയ്തു. ഈ യഹൂദിയുടെ കൈ മുറിക്കാന്‍ നബി(സ) കല്‍പിച്ചു. അപ്പോള്‍ അല്ലാഹു ഇപ്രകാരം ബോധനം നല്‍കുകി: ‘താങ്കള്‍ക്ക് അല്ലാഹു കാണിച്ചു തന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം ഞാന്‍ താങ്കള്‍ക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്. താങ്കള്‍ വഞ്ചകന്മാര്‍ക്കു വേണ്ടി വാദിക്കുന്നവനാകരുത്.'(നിസാഅ് 105) (ഇബ്നു മര്‍ദവൈഹി, മുഖ്തസ്വറു ഇബ്നു കസീര്‍ 1:432).
ബദ്റില്‍ പിടിക്കപ്പെട്ട ബന്ധനസ്ഥരെ എന്തു ചെയ്യണമെന്ന് നബി(സ) സ്വഹാബികളിലെ പ്രധാനികളുമായി കൂടിയാലോചന നടത്തി. അബൂബക്കര്‍(റ) അവരെ പ്രായശ്ചിത്തം വാങ്ങി വിട്ടയക്കണമെന്നു പറഞ്ഞു. ഉമറിന്റെ(റ) അഭിപ്രായം അവരെ വധിക്കണമെന്നായിരുന്നു. നബി(സ) അബൂബക്കറിന്റെ(റ) അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അഥവാ പ്രായശ്ചിത്തം വാങ്ങി ബന്ധനസ്ഥരെ വിട്ടയച്ചു. അത് അല്ലാഹുവിന്റെ കര്‍ശനമായ മുന്നറിയിപ്പിനും താക്കീതിനും ഇടം നല്‍കുകയും ചെയ്തു. അതിപ്രകാരമാണ്: ‘ഒരു പ്രവാചകനും നാട്ടില്‍ (ശത്രുക്കളെ കീഴടക്കി) ശക്തി പ്രാപിക്കുന്നതു വരെ യുദ്ധത്തടവുകാര്‍ ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ (പ്രായശ്ചിത്തത്തിലൂടെ) ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു'(അന്‍ഫാല്‍ 67,68). (അഹ്്മദ്, ഇബ്നുകസീര്‍ 2:325)
ആറ്). ധാരണപ്പിശക്. നബി(സ) അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ മേല്‍ ജനാസ നമസ്‌കരിച്ചത് ധാരണപ്പിശകിന്റെ പേരിലായിരുന്നു. അഥവാ കപടവിശ്വാസികളുടെ നേതാവിന്റെ മേല്‍ ജനാസ നമസ്‌കരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട് എന്ന ധാരണയിലായിരുന്നു. അല്ലാഹു അത് തിരുത്തി: ‘അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും താങ്കള്‍ നമസ്‌കരിക്കരുത്. അവന്റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്തിരിക്കുന്നു’ (ബുഖാരി: ഫത്ഹുല്‍ബാരി 10:238)
ഏഴ്). അനുരഞ്ജനം. നബി(സ) ശത്രുക്കളുമായി വിശ്വാസപരമായി അനുരഞ്ജനത്തില്‍ ഏര്‍പ്പെടുന്നത് അല്ലാഹു ഇഷ്ടപ്പെട്ടിരുന്നില്ല. നബി(സ) അവരുടെ ചില വാഗ്ദാനങ്ങളില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് അല്ലാഹു കണ്ടപ്പോള്‍ അല്ലാഹുവിന്റെ ഉപദേശം ശ്രദ്ധിക്കുക: ‘തീര്‍ച്ചയായും നാം നിനക്ക് വഹ്യ് നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുമ്പെട്ടിരിക്കുന്നു. താങ്കളെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞു പോയേക്കുമായിരുന്നു.’ (ഇസ്‌റാഅ്: 73,74)
എട്ട്). നിരാശ. ‘അതിനാല്‍ ഈ സന്ദേശത്തില്‍ (ഇസ്‌ലാമില്‍) അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിരിഞ്ഞു പോയതിനു പിറകെ (അതിലുള്ള ദുഃഖം കാരണം) താങ്കള്‍ ജീവനെടുക്കുന്നവനായേക്കാം’ (കഹ്ഫ് 6).
ഒമ്പത്). അതിയായ മോഹം. അല്ലാഹു ശത്രുക്കള്‍ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്ത് എല്ലാവരെയും മുഅ്മിനുകളാക്കണമെന്ന് അതിയായ ആഗ്രഹം നബി(സ)ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇത്തരമൊരു സന്ദേശം നല്‍കിയത്. ‘അവര്‍ പിന്തിരിഞ്ഞു കളയുന്നത് താങ്കള്‍ക്ക് വലിയ പ്രശ്നമായി തോന്നുന്ന പക്ഷം ഭൂമിയിലേക്ക് ഇറങ്ങിപ്പോകാന്‍ ഒരു തുരങ്കമോ, ആകാശത്ത് കയറി പോകുവാന്‍ ഒരു കോണിയോ തേടിപ്പിടിച്ച് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നുകൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്ന പക്ഷം അത് ചെയ്തേക്കുക. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെ മുഴുവന്‍ അവന്‍ സന്മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യുമായിരുന്നു.’ (അന്‍ആം 35).
പ്രവാചകന്മാര്‍ ‘മഅ്സ്വൂം’ (പാപസുരക്ഷിതന്‍) തന്നെയാണ്. അതിലാര്‍ക്കും സംശയമില്ല. മാനുഷികമായ ചെറിയ അബദ്ധങ്ങള്‍ വന്നാല്‍ അല്ലാഹു തിരുത്തുകയുംചെയ്യും.