29 Friday
March 2024
2024 March 29
1445 Ramadân 19

മീ റ്റൂ/ യൂ റ്റൂ കാമ്പയിനുകള്‍ മറക്കുന്ന നഗ്ന സത്യങ്ങള്‍- അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

എന്നെ ഇന്നയാള്‍ ലൈംഗികമായി അതിക്രമം ചെയ്തു’ എന്ന് ഒരു പെണ്ണ് വിളിച്ചുപറയുന്നു. ‘എന്നെയും, എന്നെയും, എന്നെയും’ എന്ന് അഷ്ടദിക്കുകളില്‍ നിന്നും പ്രതിധ്വനികള്‍ ഉയരുന്നു. ഇതാണ് ‘മീ ടൂ’ (എന്നെയും) കാംപയ്ന്‍. ആരോപിതരായ പീഡകരുടെ പേരുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ‘യൂ ടൂ’ (നീയും) എന്ന് പലരും പറഞ്ഞുപോകുന്നു. ‘മീ ടൂ’ കാംപയ്ന്‍ ‘യൂ ടൂ’ കാംപയ്ന്‍ ആയി മാറാനും സാധ്യതയുണ്ട്.
വില്യം ഷേക്‌സിപിയറിന്റെ കഥാപാത്രമായ ജൂലിയസ് സീസര്‍ തന്നെ കുത്തിക്കൊല്ലാന്‍ കഠാരയുമായി ഓടിയടുത്ത ജനക്കൂട്ടത്തിനു മുന്നില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ബ്രൂട്ടസിനെ കണ്ട് അത്ഭുതവും സങ്കടവും അടക്കാന്‍ വയ്യാതെ ചോദിച്ചു പോകുന്നു, ബ്രൂട്ടസേ, നീയും..! സാഹിത്യലോകത്ത് പ്രസിദ്ധമായ ഒരു പ്രയോഗമായി മാറിയിരിക്കുന്നു; ‘ബ്രൂട്ടസ്, യൂ ടൂ’ എന്നത്.
2006-ല്‍ തരാനാ ബ്രൂക്ക് എന്ന സാമൂഹ്യപ്രവര്‍ത്തകയാണ് തന്റെ മേല്‍ നടന്ന ലൈംഗികാതിക്രമത്തെപ്പറ്റി വിളിച്ചുപറയാന്‍ ‘മീ ടൂ’ എന്ന ഒരു മാര്‍ഗം കണ്ടെത്തിയത്. ‘മൈ പ്ലെയ്‌സ്’ എന്ന സമൂഹമാധ്യമത്തിലൂടെ മണിക്കൂറുകള്‍ കൊണ്ട് ലക്ഷങ്ങള്‍ അത് കണ്ടുവത്രെ. 2017 ഒക്‌ടോബറില്‍ അലിസാ മിലാനോ എന്ന സിനിമാ നടി ഇത് ആവര്‍ത്തിച്ചതിലൂടെ ‘മീ ടൂ’ ജനകീയമായി. അതിന്റെ പ്രതിധ്വനികളായും അനുരണനങ്ങളായും ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് വിധേയമായത് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതന്‍മാരാണ്. പോപ്പുലര്‍ സെലിബ്രിറ്റികള്‍, സീനിയര്‍ പത്രപ്രവര്‍ത്തകര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, അക്കാദമിക രംഗത്തെ അധികാരികള്‍, സീനിയര്‍ വക്കീലുമാര്‍, സൈനിക ഓഫീസര്‍മാര്‍ തുടങ്ങിയവരെല്ലാം ആരോപണവിധേയരാണ്. ആരോപണം ഉന്നയിച്ചവരാകട്ടെ അതാതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കീഴ്ജീവനക്കാരും. അമേരിക്കയിലാണ് ഇത് ആരംഭിച്ചത്.
‘ചര്‍ച്ച് ടൂ’ എന്ന ഒരു കാംപയ്ന്‍ പോലും നടത്തേണ്ടി വന്നു. അതിനര്‍ഥം മതാധികാരികളും കുളിമുറിയില്‍ നഗ്നരാണ് എന്നാണ്. 2017 നവംബര്‍ പതിനേഴിന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ‘ങല ീേീ യശഹഹ’ അവതരിപ്പിക്കപ്പെട്ടുവത്രെ. പെന്റഗണില്‍ 2016-ല്‍ മാത്രം 15000 പേര്‍ മേലുദ്യോഗസ്ഥരുടെ പീഡനത്തിനു വിധേയമായത്രെ. ഇത് ഇത്ര വ്യാപകമാകാന്‍ കാരണം ആരും വെളിപ്പെടുത്താന്‍ തയ്യാറല്ല എന്നതാണ്. വെളിപ്പെടുത്തിയവരില്‍ മുപ്പതു ശതമാനത്തിനു ‘കരിയറി’ല്‍ ഇടിവുണ്ടായി എന്നാണ് പഠന വിവരം.
തന്റെ ഭരണത്തിന്‍ കീഴിലുള്ള കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഒരു ബിഷപ്പ് അന്വേഷണ വിധേയമായി ജയിലിലെത്തിയിരിക്കുന്നു. കുമ്പസാര രഹസ്യം ദുരുപയോഗിച്ച് ബ്ലാക്ക് മെയ്ല്‍ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച പുരോഹിതന്മാര്‍ അന്വേഷണം നേരിടുന്നു. പി കെ ശശി എന്ന എം എല്‍ എ ലൈംഗികാതിക്രമ കേസില്‍ ഞെരിപിരി കൊള്ളുന്നു. ഈ സമകാല പശ്ചാത്തലത്തിലേക്കാണ് ‘മീടൂ’ കാംപയ്ന്‍ ഇന്ത്യയിലും ഇങ്ങ് കേരളത്തിലും എത്തിച്ചേര്‍ന്നത്. ആകപ്പാടെ ലൈംഗികാതിക്രമങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു നാട്.
ഹോളിവുഡില്‍ നിന്ന് ബോളിവുഡിലേക്കും ടോളി വുഡിലേക്കും മോളി വുഡിലേക്കും ആരോപണങ്ങള്‍ ചേക്കേറുന്നു. പ്രസിദ്ധ പത്രപ്രവര്‍ത്തകനും മോദി മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രിയുമായ എം ജെ അക്ബറിനെതിരെ പരാതി നല്‍കിയത് പത്രപ്രവര്‍ത്തകരാണെങ്കില്‍ മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജിയെ ‘മീ ടൂ’വില്‍ കുടുക്കിയത് ജൂനിയര്‍ അഭിഭാഷകയാണ്. ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ കേസ് കൊടുത്തത് നടി തനുശ്രീ ദത്ത. നടന്‍ അലോക് ദത്തക്കെതിരെ തിരിഞ്ഞത് എഴുത്തുകാരി വിനീത നന്ദയെങ്കില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെപ്പറ്റി ആരോപണം ഉന്നയിച്ചത് എയര്‍ഹോസ്റ്റസ്. മലയാളനടനും എം എല്‍ എയുമായ മുകേഷിനെതിരെ ലൈംഗികാതിക്രമം ആരോപിച്ചത് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ്‌ജോസഫ്. ബിഗ്ബി അമിതാഭ് ബച്ചനും ആരോപിതരില്‍ ഒരാളാണ്.
മീ ടൂ കാമ്പയിനില്‍ വരുന്ന ആരോപണങ്ങളും വിലാപങ്ങളും പലതും വളരെ പഴയതാണ്. തന്റെ ബോസ് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ മിണ്ടാന്‍ വയ്യാത്ത അവസ്ഥമൂലമാണ് പലരും പലതും പുറത്തുപറയാത്തത്. മാനഹാനി ഭയന്നവരും തിക്തഫലം ആശങ്കിക്കുന്നവരും പീഡനങ്ങള്‍ സ്വയം സഹിക്കുന്നു. ചിലര്‍ തുറന്നുപറഞ്ഞത് കേസെടുക്കാനോ പ്രതിയെ ശരിയാക്കാനോ അല്ല; അയാള്‍ ഇങ്ങനെയാണെന്ന് നാലാള്‍ അറിയട്ടെ എന്ന് കരുതിയാണത്രേ. മീ ടൂ എന്ന ഒരു പഴുതു കിട്ടിയപ്പോള്‍ ആത്മരോഷം തിളച്ചുപൊങ്ങി പറഞ്ഞതാണ് പലരും. പത്തും ഇരുപതും അതിലേറെയും വര്‍ഷം പഴക്കമുള്ള അതിക്രമങ്ങള്‍ ഇപ്പോഴെന്തിന് വിളിച്ചുപറയുന്നു എന്ന് ചോദിക്കുന്നവരുണ്ട്. കിട്ടിയ പഴുതില്‍ ആരെക്കുറിച്ചും എന്തും പറയാവുന്ന ദുരവസ്ഥയും ചിലര്‍ മുന്നില്‍ കാണുന്നു. പരാമര്‍ശിക്കപ്പെട്ട ചിലര്‍ തങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍  രാജിവെച്ചു കഴിഞ്ഞു. ചിലരെ ബന്ധപ്പെട്ടവര്‍ നീക്കാന്‍ ശ്രമം തുടങ്ങി. ചിലര്‍ ന്യായീകരിക്കുന്നു. ചിലര്‍ മൗനത്തില്‍ അഭയം തേടുന്നു. ഇതാണ് ഇന്നത്തെ സാമൂഹികാവസ്ഥയും മീഡിയ ചര്‍ച്ചയും.
ഏതാനും ദിവസം കഴിഞ്ഞാല്‍ ഇത് മനുഷ്യര്‍ മറക്കും. മറ്റൊരു ഇഷ്യൂ വന്നാല്‍ മീഡിയ ഇത് ഇട്ടേച്ചുപോവും. പക്ഷേ, ഈ വെളിപ്പെടുത്തപ്പെട്ട കാര്യം അത്ര നിസ്സാരമായി തള്ളിക്കളയാവതല്ലല്ലോ. ലൈംഗികാതിക്രമങ്ങള്‍ എന്തുകൊണ്ടുണ്ടാവുന്നു? ഉണ്ടായാല്‍ തന്നെ അതിന് ഇത്രമാത്രം വില കല്പിക്കേണ്ടതുണ്ടോ? ഉദാരലൈംഗികതയാണ് പുരോഗമനം എന്ന് സിദ്ധാന്തിക്കുന്ന ആധുനിക ലോകത്ത് ‘മീ ടൂ’ വാര്‍ത്തയാകുന്നതെങ്ങനെ? തന്റെ ശരീരം തന്റേതു മാത്രമാണെന്ന ‘സ്വത്വബോധം’ പുരോഗമനമായി കാണുന്നവര്‍ക്ക് അത് എങ്ങനെയും ഉപയോഗിക്കാമെന്നാണോ? അടുത്തിടെ സുപ്രീംകോടതിയില്‍ നിന്ന് വന്ന ലൈംഗികതയുമായി ബന്ധപ്പെട്ട വിധികളുടെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ടോ? അശ്ലീലം വിറ്റു കാശാക്കുന്ന സിനിമാരംഗത്ത് ലൈംഗികാതിക്രമത്തിന് അര്‍ഥമുണ്ടോ? ഇത്തരം നിവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു.
എന്നാല്‍ ലൈംഗികത എന്ന മാനവിക വികാരം പവിത്രമായി കാത്തുസൂക്ഷിക്കണം എന്നു കരുതുന്ന സദാചാര ബോധമുള്ളവര്‍ക്ക് അഥവാ മതവിശ്വാസികള്‍ക്ക് ഇവിടെ ചിലത് പറയാനുണ്ട്. ലൈംഗികത മനുഷ്യപ്രകൃതിയാണ്. ദേഹേച്ഛയാണ്. ദേഹേച്ഛകള്‍ നിയന്ത്രിക്കുന്നത് ധര്‍മനിഷ്ഠയും സദാചാര ബോധവുമാണ്. അതിന്റെയെല്ലാം ആണിക്കല്ല് വിശ്വാസമാണ്. ലൈംഗികതയുടെ മാനവികധര്‍മം ദാമ്പത്യമാണ്. കുടുംബജീവിതമാണ്. ലൈംഗികചിന്ത അസ്ഥാനത്ത് ഉദ്ദീപിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം നിയന്ത്രിക്കണം. അവയില്‍ ഏറ്റവും പ്രാഥമികമായത് നഗ്നത മറയ്ക്കുക എന്നതാണ്. ഇത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. പ്രത്യകിച്ചും ഏറെ ആകര്‍ഷകവും താരതമ്യേന ദുര്‍ബലവുമായ സ്‌ത്രൈണതയ്ക്ക് കൂടുതല്‍ സൂക്ഷ്മത വേണം. ആണ്‍- പെണ്‍ ഇടപഴകല്‍ മാന്യത ലംഘിക്കപ്പെട്ടുകൂടാ. ദുര്‍ബല നിമിഷങ്ങളില്‍ ദുഷ്ടചിന്ത വരാവുന്ന തരത്തില്‍ ഒരു പുരുഷനും അന്യസ്ത്രീയും തനിച്ചാവാതിരിക്കണം. സ്വന്തം നഗ്നത മറ്റുള്ളവര്‍ കാണാനിടവരികയോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുകയോ അരുത്. ഇത്തരം സൂക്ഷ്മതകളെല്ലാം പാലിച്ചാലും മനുഷ്യസഹജമായ വീഴ്ചകള്‍ വരും. കുറ്റം ബോധപൂര്‍വമെങ്കില്‍ ശിക്ഷ നല്കണം. ബലാല്‍ക്കാരമെങ്കില്‍ കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. ബാലപീഡനവും പ്രകൃതിവിരുദ്ധ പീഡനങ്ങളും ക്രിമിനില്‍ കുറ്റമായി കണക്കാക്കണം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സദാചാര ചിന്ത തന്നെ പഴഞ്ചനും പിന്തിരിപ്പനുമായി കാണുന്ന സമൂഹത്തില്‍ കുത്തഴിഞ്ഞ ലൈംഗികത സ്വാഭാവികമല്ലേ? ഫാസിസത്തെ എതിര്‍ക്കാന്‍ ‘മറൈന്‍ ഡ്രൈവ് ചുംബന സമരം’ സംഘടിപ്പിച്ചവര്‍ക്ക് എന്ത് ‘മീ ടു’! കൗമാര യൗവനങ്ങള്‍ തിങ്ങിനിറഞ്ഞ കോളജ് കാമ്പസുകളില്‍ നേരിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ വ്യക്തി സ്വാതന്ത്ര്യം പറഞ്ഞ് കേസു കൊടുത്തവര്‍ക്ക് ‘ഞാനും ഇരയായേ…’ എന്നു വിളിച്ചുകൂവാന്‍ അവകാശമില്ല. നഗ്ന സ്ത്രീശരീരം പച്ചയ്ക്ക് വിറ്റു കാശാക്കുന്ന ഇന്നത്തെ സിനിമാ രംഗത്തുനിന്ന് ‘മീടൂ’ എന്ന രോദനം കേള്‍ക്കുന്നതില്‍ അത്ഭുതമുണ്ട്. എവിടെയും സര്‍വതന്ത്ര സ്വതന്ത്ര ഇടപെടല്‍. തന്റെ ശരീരം തന്റേതു മാത്രമാണെന്ന വില കുറഞ്ഞ സ്വത്വബോധം. തനിക്കിഷ്ടമുള്ള രീതിയില്‍ ഞാന്‍ വസ്ത്രം ധരിക്കും എന്ന ധാര്‍ഷ്ട്യം. സ്വവര്‍ഗരതി കുറ്റമല്ല, ഉഭയ സമ്മതമെങ്കില്‍ എന്തുമാകാം തുടങ്ങിയ കോടതി വിധികള്‍… ഇങ്ങനെയുള്ള സാമൂഹിക ചുറ്റുപാടില്‍ ലൈംഗികത വഴിവിട്ടുപോകുന്നത് സ്വാഭാവികം മാത്രം. ‘എന്നെയും പീഡിപ്പിച്ചേ’ (മീ ടൂ) എന്ന് തുറന്നുപറയാന്‍ തയ്യാറായവരില്‍ ചിലരുടെ ചിത്രങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്നു. അവരുടെ ശരീരവും വസ്ത്രവും കണ്ടാല്‍ പീഡനം ചോദിച്ചുവാങ്ങുകയാണെന്നുറപ്പ്. എന്നിട്ടും വിലപിക്കുന്നു, മീടൂ എന്ന്. ആണും പെണ്ണും മാന്യമായി വസ്ത്രം ധരിക്കണമെന്നു പറഞ്ഞവന്‍ തീവ്രവാദിയായി ചിത്രീകരിക്കപ്പെടുന്ന കാലമാണിത്.
അല്പം പിന്നോട്ട് ഓര്‍ത്തുനോക്കൂ. ജന്മികള്‍ക്ക് തന്റെ കീഴിലുള്ള ഏത് ആണിനെയും പെണ്ണിനെയും ഉപയോഗിക്കാം. നമ്പൂതിരി തറവാട്ടിലെ അഫ്ഫന് ഏത് പെണ്ണുമായും സംബന്ധമാവാം. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ തോഴിയെയെങ്കിലും. ജാതിയില്‍ താഴ്ന്നവരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നു. അന്ന് ‘മീ ടൂ’ എന്ന് മിണ്ടാന്‍ പോലും കഴിഞ്ഞിരുന്നില്ല. മാറുമറയ്ക്കാന്‍ പറഞ്ഞ ഭരണാധികാരിയെ മതഭ്രാന്തനായി ചിത്രീകരിച്ച ചരിത്ര വക്രീകരണം നമുക്ക് മുന്നിലുണ്ട്. ഉപരിസൂചിത സാമൂഹിക സാഹചര്യത്തില്‍ നിന്നാണ് നാം സാമൂഹിക സ്വാതന്ത്ര്യം നേടിയത്. അതുപക്ഷേ ആരോടും പ്രതിബദ്ധതയില്ലാത്ത ഉദാര ലൈംഗികതയുടെ വിതാനത്തിലേക്കാണ് പറന്നുയരുന്നത്. അതിന്റേതായ തിക്തഫലങ്ങള്‍ സമൂഹം ഒന്നടങ്കം അനുഭവിക്കുന്നു. സോഷ്യല്‍ മീഡിയ എന്ന ഉപകരണം കൈവശമുള്ളതിനാല്‍ സ്വകാര്യ ദു:ഖങ്ങളും വേദനകളും വ്യഥകളും നിയന്ത്രണമില്ലാതെ പങ്കുവയ്ക്കാം. അങ്ങനെയായണല്ലോ ‘മീടൂ’ കാംപയിന്‍ രംഗത്തുവരുന്നത്. ആരെയും കുറ്റപ്പെടുത്തുന്നില്ല. മാനവികതയെ മറന്നുകൊണ്ട് ഒരു തലമുറയും മുന്നോട്ടു പോകരുത് എന്നുണര്‍ത്തുക മാത്രം ചെയ്യുന്നു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x