28 Thursday
March 2024
2024 March 28
1445 Ramadân 18

മാസപ്പിറവി, ബാങ്ക്‌വിളി വിവാദങ്ങള്‍ എന്തിന്?

ടി പി എം റാഫി


നബി(സ) പറഞ്ഞു: ”നാം അക്ഷരജ്ഞാനമില്ലാത്ത ഒരു സമുദായമാണ്. എഴുതാനോ കണക്കുകൂട്ടാനോ നമുക്ക് അറിയില്ല. മാസം ഇങ്ങനെയും ഇങ്ങനെയുമാണ്. അതായത് ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും” (ബുഖാരി).
”ഈ ഹദീസില്‍ ‘നാം’ (ഇന്നാ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അറബികളെയാണ്. നബിയെ മാത്രമാണെന്നും പറയപ്പെടുന്നു” (ഫത്ഹുല്‍ ബാരി 5:607). ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി പറയുന്നു: ”നമുക്ക് എഴുത്തും കണക്കും അറിയില്ല എന്ന് തിരുമേനി അരുളിയത്, അക്കാര്യം പറയുമ്പോള്‍ തിരുമേനിയുടെ മുമ്പിലുണ്ടായിരുന്ന മുസ്ലിംകളെ അല്ലെങ്കില്‍ അവരിലെ ഭൂരിപക്ഷത്തെ ഉദ്ദേശിച്ചാണ്.” നബി(സ) മാസപ്പിറവിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ‘ഞങ്ങള്‍ എഴുതാനും കണക്കുകൂട്ടാനും അറിവില്ലാത്ത ഉമ്മത്താ’ണെന്ന അനുബന്ധം ചേര്‍ത്തത് എന്തിനായിരിക്കാമെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? അര്‍ഥഗര്‍ഭമായ അനുബന്ധമാണതെന്ന് അല്‍പമൊന്നു ചിന്തിച്ചാല്‍ മനസ്സിലാകും.
കേരളത്തില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സൂര്യാസ്തമയത്തിനു ശേഷം 13 മിനിറ്റ് ചന്ദ്രന്‍ ചക്രവാളത്തില്‍ അവശേഷിക്കുന്നു എന്നു പറഞ്ഞാല്‍ സൂര്യനെ മൂന്നു ഡിഗ്രിയില്‍ കൂടുതല്‍ ചന്ദ്രന്‍ മറികടന്നു എന്നാര്‍ണര്‍ഥം. ചന്ദ്രന്‍ ഓരോ പ്രാവശ്യം സൂര്യനെ മറികടക്കുമ്പോഴാണ് ചാന്ദ്രമാസം പിറക്കുന്നത്.
ചന്ദ്രന്റെ ഭ്രമണപഥം സൂര്യക്രാന്തിയുമായി 5 ഡിഗ്രി 8 മിനിറ്റ് ചരിഞ്ഞാണ് കിടക്കുന്നത്. ചന്ദ്രന് 27 നക്ഷത്രഭവനങ്ങളിലൂടെ (മനാസില) പടിഞ്ഞാറു നിന്ന് കിഴക്കോട്ടുള്ള ദിശയില്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ശരാശരി 27.3216615 ദിവസങ്ങളേ വേണ്ടൂ. സൂര്യനാകട്ടെ, അതേ ദിശയില്‍ പന്ത്രണ്ട് രാശികളെയും ഈ നക്ഷത്രങ്ങളെയും താണ്ടാന്‍ 365.256364 ദിവസം എടുക്കുന്നു. 360 ഡിഗ്രി തിരിയാനാണല്ലോ സൂര്യനും ചന്ദ്രനും യഥാക്രമം 365.256364 ദിവസവും 27.3216615 ദിവസവും എടുക്കുന്നത്. ചന്ദ്രന്‍ ഒരു ദിവസം ശരാശരി 13 ഡിഗ്രി 10 മിനിറ്റ് (360/27.3216615) സഞ്ചരിക്കും. സൂര്യനാകട്ടെ ഏതാണ്ട് ഒരു ഡിഗ്രിയും. (360/365. 25634)
സൂര്യനെ ഓരോ തവണ ചന്ദ്രന്‍ മറികടക്കുന്നതിനു മുമ്പ് സൂര്യന്റെയും ചന്ദ്രന്റെയും സെലസ്റ്റിയല്‍ ലോംജിറ്റിയൂഡ് ഒന്നായിരിക്കുന്ന അവസ്ഥയുണ്ട്. രണ്ടു ജ്യോതിര്‍ഗോളങ്ങളുടെയും കോണീയ അകലം തുല്യമാകുന്ന മുഹൂര്‍ത്തം. അതിനെയാണ് ന്യൂമൂണ്‍ അല്ലെങ്കില്‍ അമാവാസി എന്നു വിളിക്കുന്നത്. ചന്ദ്രനെ തീരെ കാണാത്ത കറുത്ത വാവ് എന്ന അവസ്ഥയാണിത്. പിന്നീട് ചന്ദ്രന്‍ സൂര്യനെ മറികടക്കുമ്പോള്‍ പുതു അറബിമാസം പിറക്കുന്നു. ഏപ്രില്‍ ഒന്നിന് സൂര്യനെ മറികടന്ന ചന്ദ്രന്‍ സൂര്യാസ്തമയത്തിനു ശേഷം 13 മിനിറ്റ് കേരളത്തിലെ ചക്രവാളത്തില്‍ ഉണ്ടായിരുന്നുവെന്നത് ജ്യോതിശാസ്ത്ര സത്യമാണ്. ഒരു നല്ല ദൂരദര്‍ശിനിയുണ്ടെങ്കില്‍ ഇതെളുപ്പം ബോധ്യപ്പെടും.
കാര്‍മേഘം ഉള്ളപ്പോഴും അല്ലാത്തപ്പോഴും നിഴല്‍ അളന്നല്ലല്ലോ നമ്മള്‍ അസ്ര്‍ ബാങ്ക് കൊടുക്കുന്നത്. ഒരു വസ്തുവിന്റെ (അളവുകോലിന്റെ) ദുഹ്‌റിന്റെ നേരത്തുള്ള നിഴലിന്റെ നീളം അസ്‌റിന്റെ നേരത്തുള്ള നിഴലിന്റെ നീളത്തില്‍ നിന്നു കിഴിച്ചാല്‍ വസ്തുവിന്റെ നീളം കിട്ടുന്ന സമയത്താണ് അസ്‌റിന്റെ സമയം ആരംഭിക്കുന്നത്. അതായത്, ദുഹ്‌റിന്റെ നേരത്തെ നിഴലിന്റെ നീളത്തോട് അളവുകോലിന്റെ നീളം കൂട്ടുമ്പോഴുള്ള അത്ര വലുപ്പത്തില്‍ അസ്‌റിന്റെ നേരത്ത് നിഴലുണ്ടാവണമെന്നര്‍ഥം. ഇതാരെങ്കിലും ഇന്ന് അളന്നാണോ അസ്ര്‍ നമസ്‌കരിക്കുന്നത്? നബി(സ)യുടെ കാലത്ത് അളന്ന് കണ്ണു കൊണ്ട് ബോധ്യപ്പെട്ടാണല്ലോ ബാങ്ക് കൊടുത്തത്.
സാപേക്ഷ സൂര്യസ്ഥാനം നിര്‍ണയിക്കാന്‍ കണക്ക് ശരിയാകുമെങ്കില്‍ ചന്ദ്രപ്പിറവി നിര്‍ണയിക്കുന്ന കാര്യത്തില്‍ തെറ്റു പറ്റാന്‍ യാതൊരു പഴുതുമില്ല. അന്തരീക്ഷം മേഘാവൃതമായാല്‍ മാസം പിറന്നില്ലെന്നു കരുതുന്നത് ശാസ്ത്രം ഇത്രയും വികസിച്ച കാലത്ത് യുക്തിഭദ്രമായ നിലപാടല്ല. ഒരിക്കല്‍ കാര്‍മേഘം മൂടിയപ്പോള്‍ മഗ്‌രിബായി എന്നു തെറ്റിദ്ധരിച്ച സംഭവം നബി(സ)യുടെ കാലത്ത് ഉണ്ടായില്ലേ? എന്നിട്ടോ, മേഘം തെളിഞ്ഞ് പിന്നീട് സൂര്യന്‍ ശരിക്കും അസ്തമിച്ചപ്പോള്‍ മഗ്‌രിബ് ആവര്‍ത്തിച്ചില്ലേ? ഇങ്ങനെയുള്ള രംഗങ്ങളില്‍ കണിശതയാര്‍ന്ന ഗോളശാസ്ത്രത്തെ ആശ്രയിച്ചുപോരുന്ന ആധുനിക കാലത്തെ മുസ്ലിംകള്‍ക്ക് ഇത്തരം അബദ്ധങ്ങള്‍ പറ്റാറില്ലല്ലോ. ഞങ്ങള്‍ക്ക് കണക്കുകൂട്ടാന്‍ അറിയില്ല എന്ന് നബി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ ബോധ്യപ്പെട്ടു കാണും.
ഫജ്‌റിന്റെ നേരം അവസാനിക്കുന്നത് എപ്പോഴാണ്? സൂര്യനുദിച്ചു എന്നു കണ്ണു കൊണ്ട് കാണുമ്പോഴാണോ? അല്ല, സൂര്യനുദിച്ചു എന്ന് കണക്കിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുമ്പോഴാണ്. അല്ലെങ്കില്‍ കര്‍ക്കടക മാസത്തില്‍ സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്നതുവരെ ഫജ്‌റിന്റെ വേള കഴിഞ്ഞിട്ടില്ല എന്നു സമ്മതിക്കേണ്ടിവരും! അതുപോലെ മഗ്‌രിബിന്റെ ആരംഭം നിര്‍ണയിക്കുന്നതും പരിഹാസ്യമാകും. ഇതേ ഗോളശാസ്ത്രത്തെ മാസപ്പിറവിയുടെ കാര്യത്തില്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. സൂര്യന്‍ അസ്തമിച്ചോ എന്നു നോക്കിയാണോ പള്ളികളില്‍ മഗ്‌രിബ് ബാങ്ക് കൊടുക്കാറ്? നബിയുടെ കാലത്ത് ഓരോ ദിവസവും ചക്രവാളത്തിലേക്ക് നോക്കി സൂര്യന്‍ അസ്തമിച്ചു എന്നു ബോധ്യപ്പെട്ടിട്ടാണല്ലോ മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നത്. ഇവിടെയൊക്കെ, ഇവര്‍ കൊട്ടിഘോഷിക്കുന്നതുപോലെ, നബിയുടെ കാലത്തെ ‘സുന്നത്ത്’ എന്ന നിലയ്ക്ക് സൂര്യാസ്തമയം നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട് ബോധ്യപ്പെടാന്‍ ഇവരാരും ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? ഇതൊരുതരം ഇരട്ടത്താപ്പും കാപട്യവുമല്ലേ?

റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികതയുടെ സ്തുതി പാഠകരായ വിസ്ഡം ഹിലാല്‍ കമ്മിറ്റി പ്രതിനിധികള്‍ വെട്ടില്‍ വീഴുന്നത് കാണുക. ഇ വിടെ പറ്റിയ അബദ്ധം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ശാസ്ത്രീയ വസ്തുത അറിയാതെ പറഞ്ഞുപോകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. ഏപ്രില്‍ രണ്ടിന് 31 മണിക്കൂര്‍ പ്രായമുള്ള ചന്ദ്രനാണ് പടിഞ്ഞാറേ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക എന്നും അതു കുറേ നേരം ഉണ്ടാകുമെന്നും എന്നുവെച്ച് റമദാന്‍ 2 ആയോ എന്ന് ആരും ആശങ്കപ്പെടേണ്ട എന്നാണ് പറയാതെ പറയുന്നത്. ഇത് എങ്ങനെ നിങ്ങള്‍ക്കു മനസ്സിലായി? 31 മണിക്കൂര്‍ പ്രായമായ ചന്ദ്രന്‍ ഏപ്രില്‍ രണ്ടിന് ഉണ്ടാകുമെങ്കില്‍ ഏപ്രില്‍ ഒന്നി ന് 7 മണിക്കൂര്‍ പ്രായമുള്ള ചന്ദ്രന്‍ ചക്രവാളത്തില്‍ അനിവാര്യമായും ഉണ്ടായിരുന്നു എന്ന കാര്യം നിങ്ങള്‍ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? സൂര്യനെ മറികടന്നതിനു ശേഷമുള്ള മണിക്കൂറുകളെയാണല്ലോ ചന്ദ്രന്റെ പ്രായം എന്നു പറയുന്നത്. ഏപ്രില്‍ ഒന്നിന് ശഅ്ബാന്‍ 28 ആണെന്നും നിങ്ങള്‍ പറയുന്നു. ശഅ്ബാന്‍ 28ന് അങ്ങനെയുണ്ടാകുമോ? കേവലം രണ്ടര മണിക്കൂര്‍ രേഖാംശ സമയവ്യത്യാസമുള്ള സഊദിയില്‍ അന്ന് പിറവി ദൃശ്യമായപ്പോള്‍ നമ്മുടെ സമൂഹത്തി ലെ യാഥാസ്ഥിതിക നിലപാടിന്റെ ബുദ്ധിശൂന്യത പുറത്തുവന്നിരിക്കുകയാണ്. ഈ ആധുനിക യുഗത്തിലും മുസ്ലിം ഉമ്മത്തിനെ കട്ടപിടിച്ച ജാഹിലിയ്യത്തിലേക്ക് കൊണ്ടുപോകാനാണോ സമുദായ നേതൃത്വം ശ്രമിക്കുന്നത്? ഏതായാലും അധികകാലം ഈ സമുദായത്തെ കബളിപ്പിക്കാന്‍ പറ്റില്ല.
ബാങ്ക്‌വിളിയിലെ സമയവ്യത്യാസം
ബാങ്ക് കൊടുക്കലിലെ സമയ വ്യത്യാസത്തെപ്പറ്റി യാഥാസ്ഥിതിക വിഭാഗം എല്ലാ റമദാനിലും ഉയര്‍ത്തിവിടാറുള്ള അബദ്ധ ജടിലമായ പതിവു പല്ലവി ഇത്തവണയും ആവര്‍ത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇതിന്റെ നിജസ്ഥിതി ആവര്‍ത്തിച്ചു വ്യക്തമാക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വിശുദ്ധ റമദാന്‍ വരുമ്പോഴാണ് ഒരേ പ്രദേശത്തെ പള്ളികളില്‍ രണ്ടു നേരങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ബാങ്ക് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതിനു കാരണമുണ്ട്: ഫജ്‌റിന്റെ ബാങ്ക് നോമ്പിന്റെ ആരംഭവും മഗ്‌രിബിന്റെ ബാങ്ക് പര്യവസാനവും കുറിക്കുന്നു എന്നതുകൊണ്ടു കൂടിയാണ്. ഫജ്‌റിന്റെ ബാങ്ക് ‘പിന്തിക്കുക’യും മഗ്‌രിബിന്റെ ബാങ്ക് ‘മുന്തിക്കുക’യും ചെയ്യുന്നതോടെ നോമ്പ് ‘മുറിഞ്ഞു’പോകാന്‍ ഇതിലും വിശേഷിച്ചൊന്നും വേണ്ടല്ലോ!
ഒരേ സ്ഥലത്ത് വ്യത്യസ്ത ദിവസങ്ങളില്‍ നമസ്‌കാര സമയത്തില്‍ വ്യത്യാസങ്ങള്‍ കാണുക സ്വാഭാവികമാണ്. നമസ്‌കാര സമയങ്ങള്‍ മാറിവരുന്നത് ഭൂഗോളത്തില്‍ ആ പ്രദേശം ഏത് അക്ഷാംശത്തില്‍ കിടക്കുന്നു എന്നതിനെയും സൂര്യന്റെ വാര്‍ഷിക അയനത്തില്‍ സംഭവിക്കുന്ന ക്രാന്തിയെയും ആശ്രയിച്ചാണ്. ക്രാന്തി എന്നു പറഞ്ഞാല്‍ ഖഗോള മധ്യരേഖയില്‍ നിന്ന് സൂര്യന്‍ എത്ര ഡിഗ്രി വടക്ക് അല്ലെങ്കില്‍ തെക്ക് എന്നതിനെ കുറിക്കുന്നു. സൂര്യന്റെ ക്രാന്തിയും പ്രദേശത്തിന്റെ അക്ഷാംശവിലയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗണിതശാസ്ത്ര സൂത്രവാക്യം ഉപയോഗിച്ചാണ് നമസ്‌കാര സമയങ്ങളും ഉദയാസ്തമയ സമയങ്ങളും നിര്‍ണയിക്കുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് ഒരേ പ്രദേശത്തുതന്നെ ഒരേ ദിവസം രണ്ടു സമയങ്ങളില്‍ ബാങ്ക് കൊടുക്കുന്നത്? ഈ വിചിത്ര ഏര്‍പ്പാടിന്റെ അശാസ്ത്രീയതയും യുക്തിരാഹിത്യവും ഇവിടെ അപഗ്രഥിക്കാം. നമസ്‌കാരത്തിന്റെ സമയം സൂചിപ്പിക്കുന്ന ചില ഖുര്‍ആന്‍ വചനങ്ങളുണ്ട്: ”പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുക” (ഹൂദ്: 114). പകലിന്റെ രണ്ടറ്റമെന്ന് ഖുര്‍ആന്‍ പറഞ്ഞത് സൂക്ഷ്മമായാണ്. പകല്‍വെളിച്ചത്തിന്റെ സാന്നിധ്യം അതു ബോധ്യപ്പെടുത്തുന്നു. രാത്രിയുടെ രണ്ടറ്റം എന്നല്ലല്ലോ ഖുര്‍ആന്‍ പറഞ്ഞത്. പകലിന്റെ ആദ്യ അറ്റം ഫജ്‌റാണെന്നും മറ്റേയറ്റം മഗ്‌രിബാണെന്നും രാത്രിയുടെ ആദ്യ യാമം ഇശാ ആണെന്നും ഇതില്‍ നിന്നു വ്യക്തമാണ്.
റസൂല്‍(സ) പറയുന്നു: ”ജിബ്‌രീല്‍ എന്നോടൊപ്പം ഫജ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു, ഭക്ഷണം നിഷിദ്ധമായ (വ്രതകാലത്ത്) ആദ്യ വേളയില്‍.” ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”പുലരിയില്‍ വെളുത്ത നൂലില്‍ നിന്ന് കറുത്ത നൂല്‍ വേര്‍തിരിച്ചറിയുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയുമാവാം”(അല്‍ബഖറ 187). വെളുത്ത നൂലും കറുത്ത നൂലും എന്നത് പകലിന്റെ വെളിച്ചവും രാത്രിയുടെ ഇരുട്ടുമാണെന്ന് നബി വിശദീകരിച്ചിരുന്നതായി അദിയ്യുബ്‌നു ഹാത്വിം നിവേദനം ചെയ്തിട്ടുണ്ട്. ഭൗതികശാസ്ത്രത്തില്‍, കറുത്ത വസ്തുക്കള്‍ എല്ലാ ദൃശ്യപ്രകാശകിരണങ്ങളെയും ആഗിരണം ചെയ്യുന്നവയും വെളുത്ത വസ്തുക്കള്‍ എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നവയുമാണ്. സൂര്യപ്രഭയുടെ നേര്‍ത്ത സാന്നിധ്യം പോലും തിരിച്ചറിയാനുള്ള ശാസ്ത്രീയോപാധി കൂടിയാണ് ഖുര്‍ആനിലെ ഈ പ്രയോഗം. വചനത്തിലെ ‘തബയ്യുന്‍’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. ‘ഹത്താ യതബയ്യന’ ചേര്‍ത്ത് വിശുദ്ധ ഖുര്‍ആന്‍ സമയ നിര്‍വചനത്തിലെ സങ്കീര്‍ണതയും സംശയവും ഒഴിവാക്കിയിട്ടുണ്ട്. അത്താഴം അവസാനിക്കുന്നതിന്റെയും നോമ്പ് ആരംഭിക്കുന്നതിന്റെയും ഇടയ്ക്കുള്ള ‘അതിര്‍വരമ്പ്’ ഇവിടെ വ്യക്തമാകുന്നു.
‘തബയ്യുന്‍’ എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍തിരിഞ്ഞു ദൃശ്യമാവുന്ന അവസ്ഥാവിശേഷമാണ്. ”സമഗ്രമായി, പൂര്‍ണതോതില്‍ ഫജ്ര്‍ (പകല്‍വെളിച്ചം) പരക്കുന്നതാണ് തബയ്യുന്‍” എന്ന് റിയാദിലെ ജ്യോതിശാസ്ത്ര തലവന്‍ ഡോ. സാക്കിര്‍ ഇബ്‌നു അബ്ദുറഹ്മാന്‍ നിര്‍വചിക്കുന്നു. രാത്രിയുടെ ഇരുട്ടിനു വിരാമമായി പകല്‍വെളിച്ചം ചക്രവാളം ഒന്നാകെ പരക്കുന്ന നേരമാണ് ഇതെന്ന് അല്ലാമാ അയ്‌നി വിശദീകരിക്കുന്നു.
സദൃശ്യപ്രകാശവും
ഫജ്‌റു സ്വാദിഖും

പകല്‍ വെളിച്ചം ആരംഭിക്കുന്നതിനു മുമ്പ് ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റിദ്ധാരണാജനകമായ വെളിച്ചമാണ് സദൃശ്യപ്രകാശം. ഇത് സത്യപ്രഭാതവും (ഫജ്‌റു സ്വാദിഖ്) അല്ല. സദൃശ്യപ്രകാശം കാണുന്നത് കള്ളപ്രഭാതത്തിനും സത്യപ്രഭാതത്തിനും ഇടയ്ക്കാണ്. സദൃശ്യപ്രകാശത്തില്‍ വഴിതെറ്റിപ്പോയി നമസ്‌കാരം നിര്‍വഹിക്കരുതെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്താഴസമയവും ഫജ്‌റിന്റെ സമയവും തെറ്റിദ്ധരിക്കപ്പെട്ടുപോകാതെ കൃത്യമായി മനസ്സിലാക്കാന്‍ പല നിര്‍ദേശങ്ങളും നബി(സ) നല്‍കിയിട്ടുണ്ട്. അതിലൊന്ന് ഇതാണ്: ബിലാലിനെ സന്ദേഹസമയത്ത് (സദൃശ്യപ്രകാശം കാണുന്ന നേരം) ബാങ്ക് വിളിക്കാനും ഇബ്‌നു മഖ്തൂമിനെ സത്യപ്രഭാതത്തില്‍ ഫജ്ര്‍ നമസ്‌കാരത്തിന്റെ നേരമായി എന്നറിയിക്കുന്ന ബാങ്ക് വിളിക്കാനും ചുമതലപ്പെടുത്തിയിരുന്നതായി ചരിത്രത്തില്‍ കാണാം. ബിലാലിന്റെ ബാങ്കിനു ശേഷവും അത്താഴം കഴിക്കുന്നതിന് ഒരു വിരോധവും ഉണ്ടായിരുന്നില്ല.
സദൃശ്യപ്രകാശത്തെ എങ്ങനെ തിരിച്ചറിയാം? ”ബിലാലിന്റെ ബാങ്കും ചക്രവാളത്തില്‍ കുത്തനെ പ്രത്യക്ഷപ്പെടുന്ന വെളിച്ചവും അത്താഴം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാതിരിക്കട്ടെ”- നബി(സ) പറഞ്ഞു. സൂര്യപ്രഭ ചക്രവാളം ഒന്നാകെ പരക്കുന്നതാണ് അത്താഴം അവസാനിക്കുന്ന സമയം (ഫജ്‌റിന്റെ ആരംഭവും). ”ചെകുത്താന്റെ വാലു പോലെയാണ് സദൃശ്യപ്രകാശ”മെന്ന് മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു. ചക്രവാളത്തിന്റെ ഇരുണ്ട മേഖലയില്‍ കുത്തനെ പ്രത്യക്ഷപ്പെടുന്നതാണ് ഈ വെളിച്ചം. കള്ളപ്രഭാതത്തിന്റെ ലക്ഷണമായി നബി(സ) ഇതിനെ വിലയിരുത്തി. ഈ ദീപ്തി നിങ്ങളെ കബളിപ്പിക്കാതിരിക്കട്ടെ എന്നും നബി(സ) ഉണര്‍ത്തിയിരുന്നു. ഇതിനൊക്കെ ശേഷമാണ് ചക്രവാളം മുഴുവനായും പരക്കുന്ന, ഉദയത്തിനു മുമ്പുള്ള സൂര്യപ്രഭ വരുന്നത്. അപ്പോള്‍ മാത്രമേ ഫജ്‌റിന്റെ വേള തുടങ്ങുന്നുള്ളൂവെന്ന് മുന്‍ചൊന്ന ഖുര്‍ആന്‍ വചനത്തില്‍ നിന്നും നബി(സ)യുടെ വിശദീകരണത്തില്‍ നിന്നും ഗ്രഹിക്കാം.
സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ആദ്യം പടരുന്ന പ്രകാശമാണ് സത്യപ്രഭാതം. നേര്‍ത്ത ചെമപ്പുള്ള, ചക്രവാളത്തില്‍ ഒരുപോലെ നിറയുന്ന വെട്ടം. നസീറുദ്ദീന്‍ തൂസി എഴുതുന്നു: ”സദൃശ്യപ്രകാശത്തെ ആദ്യ പുലര്‍ച്ച എന്നു വിളിക്കാം. ഈ വെളിച്ചം ചക്രവാളസീമകളിലേക്ക് പരക്കുന്നില്ല. ചക്രവാളത്തില്‍ അപ്പോഴും ഇരുട്ട് ഭേദിക്കപ്പെടുന്നില്ല. ഈ അവസ്ഥാവിശേഷമാണ് കള്ളപ്രഭാതം.” ഇമാം ഖുര്‍തുബി പറയുന്നു: ”കെട്ടിടങ്ങളിലും തെരുവുകളിലും വെളിച്ചം പരന്ന് അവ ദൃശ്യമായിത്തുടങ്ങുന്ന സമയത്തെയായിരുന്നു സ്വഹാബത്ത് ഫജ്ര്‍ എന്നു വിളിച്ചത്.” സത്യപ്രഭാതം പകല്‍വെളിച്ചമാണ്. അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ചെമപ്പുകൂടിയ വെളുത്ത പ്രകാശമാണത്. അതു ചക്രവാളത്തില്‍ ഏകതാനമായി പരക്കുന്നു. രാത്രിയെ ഭേദിച്ച് സ്ഥായിയായി നിലയുറപ്പിക്കുന്നു. ഇന്ന് കേരളത്തിലെ മിക്ക പള്ളികളിലും സുബ്ഹി ബാങ്ക് കൊടുക്കുമ്പോള്‍ ആകാശത്തെ ഇരുട്ടുപോലും മാറിയിട്ടുണ്ടാവില്ല എന്നതാണ് ദുഃഖകരമായ സത്യം. അബൂറയ്ഹാന്‍ അല്‍ബിറൂനി (ക്രി.ശേ. 1048)യാണ് സൂര്യപ്രഭയുടെ ഉദയത്തിനു മുമ്പുള്ള ആരംഭവും അസ്തമയത്തിനു ശേഷമുള്ള പരിസമാപ്തിയും ആദ്യമായി ശാസ്ത്രീയമായി നിര്‍വചിച്ച ഇസ്‌ലാമിക ജ്യോതിശാസ്ത്രജ്ഞന്‍. ”സൂര്യഗോളത്തിന്റെ കേന്ദ്രബിന്ദു കിഴക്കേ ചക്രവാളത്തില്‍ 18 ഡിഗ്രിയില്‍ വരുമ്പോള്‍ ഫജ്ര്‍ സമയം ആരംഭിക്കും. അതുപോലെ പടിഞ്ഞാറേ ചക്രവാളത്തിനു താഴെ ഇതേ ഡിഗ്രിയില്‍ വരുമ്പോള്‍ അസ്തമയ ശോഭ (ഷഫഖ്) അവസാനിക്കും. ജ്യോതിശാസ്ത്രപരമായി ഉദയാസ്തമയ ശോഭ നിലനില്‍ക്കുന്നത് അപ്പോള്‍ മാത്രമാണ്.”
അേെൃീിീാശരമഹ ംേശഹശഴവേഉം സത്യപ്രഭാതവും ഒന്നാണെന്നും രണ്ടും പകല്‍വെളിച്ചത്തിന്റെ ആരംഭവും ഒടുക്കവുമാണ് കുറിക്കുന്നതെന്നും ബിറൂനി അഭിപ്രായപ്പെടുന്നു. ”സൂര്യന്റെ കേന്ദ്രബിന്ദു ചക്രവാളത്തിനു കീഴെ 18 ഡിഗ്രിയില്‍ വരുന്നതുവരെ ഏതായാലും പൂര്‍ണ ഇരുട്ടായിരിക്കും. സൂര്യദീപ്തിയുടെ നേര്‍ത്ത പ്രഭപോലും അന്നേരം ദൃശ്യമാവില്ല” എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഡോ. ഇല്‍യാസ് എഴുതുന്നു: ”16 ഡിഗ്രിക്ക് അപ്പുറത്തേക്ക് സൂര്യദീപ്തി പെട്ടെന്ന് ഇല്ലാതാവുന്നതായി ഞങ്ങള്‍ക്ക് നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.” 16 ഡിഗ്രി 30 മിനുട്ടിനു മുമ്പ് സത്യപ്രഭാതം ഒരിക്കലും പിറക്കുകയില്ലെന്ന അസന്ദിഗ്ധമായ അഭിപ്രായമാണ് ഡോ. ഇല്‍യാസിനുള്ളത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഫജ്‌റിന്റെ വേള കേരളത്തിലെ ഉത്പതിഷ്ണുക്കളെപ്പോലെ 18 ഡിഗ്രിയോ അതില്‍ താഴെയായോ ആയി സ്വീകരിക്കുന്നത് കാണാം. ഇസ്‌ലാമിക സുവര്‍ണയുഗത്തിലും മധ്യകാലഘട്ടത്തിലും ഈ രീതി അവലംബിച്ചിരുന്നു. ഇതുതന്നെ വളരെ നേരത്തേയുള്ള സമയമാണ്. അതിനപ്പുറത്തേക്ക് നീട്ടിയാല്‍ കൂരിരുട്ടില്‍ ഫജ്ര്‍ നിര്‍വഹിക്കേണ്ടിവരും. മൗലാനാ ഖാസിമി, സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള ഒരു സംശയത്തിനു മറുപടിയായി ”പരമാവധി 18 ഡിഗ്രി എടുത്താല്‍ മതി” എന്നു പറഞ്ഞു. ഗവേഷകരായ ചില പണ്ഡിതന്മാര്‍ രാവിലെ 2.30 മണി തൊട്ട് കിഴക്കേ ചക്രവാളം നിരീക്ഷിച്ചു പഠിക്കുകയുണ്ടായി. 18 ഡിഗ്രിയിലും കള്ളപ്രഭാതം അവസാനിക്കുന്നില്ലെന്ന അഭിപ്രായമുള്ളവരുണ്ട് ഇവരില്‍.
സൂര്യന്‍ 16 ഡിഗ്രിയില്‍ വരുമ്പോള്‍ മാത്രമേ സത്യപ്രഭാതം യാഥാര്‍ഥ്യമാകൂവെന്നും അവര്‍ കണ്ടെത്തി. ഷിക്കാഗോയിലെ മതഗവേഷകരുടെ നിരീക്ഷണവും ഇതിനു പിന്‍ബലം നല്‍കുന്നുണ്ട്. എങ്കില്‍, കേരളത്തിലെ യാഥാസ്ഥിതികരുടെ പള്ളികളിലെ ബാങ്ക് എന്തിനാണ് പിന്നെയും നേരത്തെയാക്കി കൂരിരുട്ടില്‍ കൊടുക്കുന്നത്? അവര്‍ ഫജ്‌റിന്റെ ബാങ്ക് കൊടുക്കുന്ന നേരത്ത് (19 ഡിഗ്രിയും 20 ഡിഗ്രിയും) ഒരു തുള്ളി സൂര്യപ്രഭയും ചക്രവാളത്തില്‍ പടരില്ല എന്ന സത്യം ജ്യോതിശാസ്ത്ര ഗവേഷകര്‍ തെളിയിച്ചതാണ്. അപ്പോള്‍ പിന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ നിര്‍ദേശിച്ച ‘കറുത്ത നൂല്‍ വെളുത്ത നൂലില്‍ നിന്ന്’ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ പാകത്തിലുള്ള വെളിച്ചം പോയിട്ട്, പ്രകാശപ്രസാരണം സൂക്ഷ്മമായി അളക്കുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങളില്‍ പോലും ആ നേരത്ത് സൂര്യവെളിച്ചം കണ്ടെത്താനാവില്ല. രാത്രിയുടെ ശുദ്ധ ഇരുട്ടിലാണ് അവര്‍ ബാങ്ക് വിളിക്കുന്നതെന്ന വസ്തുത നിഷ്പക്ഷമതികള്‍ മനസ്സിലാക്കണം. ഇസ്‌ലാമികമായി ഈ ഏര്‍പ്പാട് ഗുരുതരമായ വീഴ്ചയുമാണ്.
ജ്യോതിശാസ്ത്ര അസ്തമയവും
മഗ്‌രിബ് ബാങ്കും

ഇനി മഗ്‌രിബ് ബാങ്കിന്റെ കാര്യമെടുക്കാം. ഒരു പ്രദേശത്തിന്റെ തലയ്ക്കു മുകളിലുള്ള ഉച്ചരേഖയിലെ ബിന്ദുവായ ഉച്ചിയില്‍ (zenith) നിന്ന് പടിഞ്ഞാറേ ചക്രവാളസീമയിലേക്കും കിഴക്കേ ചക്രവാളസീമയിലേക്കും 90 ഡിഗ്രി ഉച്ചദൂരം (zenith distance) ഉണ്ട്. സൂര്യന്‍ മധ്യാഹ്നം തെറ്റുന്ന ഉച്ചരേഖയിലെ ബിന്ദുവിന് ഇസ്‌ലാമികമായി മാത്രമല്ല, ജ്യോതിശാസ്ത്രപരമായും പ്രാധാന്യമുണ്ട്. ഒരു പ്രദേശത്തെ പകലിന്റെ മധ്യബിന്ദുവാണ് ദുഹ്‌റിന്റെ നേരം. അതായത്, ആ പ്രദേശത്തെ പകലിനെ തുല്യമായി പകുക്കുന്ന ബിന്ദു. ദുഹ്‌റിന്റെ നേരത്തു നിന്ന് അസ്തമയത്തിലേക്കും ഉദയത്തിലേക്കുമുള്ള സമയദൈര്‍ഘ്യം തുല്യമായിരിക്കും. ദുഹ്ര്‍ മുതല്‍ മഗ്‌രിബ് വരെയുള്ള സമയത്തിന്റെ ഇരട്ടിയോ അല്ലെങ്കില്‍ ഉദയം മുതല്‍ ദുഹ്ര്‍ വരെയുള്ള സമയത്തിന്റെ ഇരട്ടിയോ 24 മണിക്കൂറില്‍ നിന്നു കിഴിച്ചാല്‍ ആ പ്രദേശത്തെ രാത്രിയുടെ ദൈര്‍ഘ്യവും കണ്ടുപിടിക്കാം.
ഒരു പ്രദേശത്തിന്റെ ഉച്ചിയില്‍ നിന്ന് ചക്രവാളത്തിലേക്കുള്ള കോണീയ അകലം 90 ഡിഗ്രിയാണെന്നു പറഞ്ഞുവല്ലോ. സൂര്യന്‍ ഉച്ചിയില്‍ നിന്ന് ചക്രവാളത്തില്‍ 90 ഡിഗ്രിയില്‍ എത്തുമ്പോള്‍ സൂര്യബിംബത്തിന്റെ മധ്യബിന്ദുവായിരിക്കും ചക്രവാളത്തില്‍ മുട്ടുന്നത്. മഗ്‌രിബ് ബാങ്കിന്റെ നിര്‍വചനവുമായി ഇതൊരിക്കലും ശരിയാവില്ല. സൂര്യബിംബം പൂര്‍ണമായും ചക്രവാളസീമയ്ക്കപ്പുറം മറയുമ്പോള്‍ മാത്രമാണ് മഗ്‌രിബ് ആരംഭിക്കുന്നത്. അതിനാല്‍ സൂര്യന്റെ ഉച്ചദൂരം 90 ഡിഗ്രി 50 മിനിറ്റ് എന്നെടുത്താണ് അസ്തമയസമയ സൂത്രവാക്യത്തില്‍ ഉല്‍പതിഷ്ണുക്കള്‍ ചേര്‍ക്കുന്നത്. (ഡിഗ്രിയെ 60 മിനിറ്റായും മിനിറ്റിനെ 60 സെക്കന്‍ഡായും ഭാഗിച്ചിട്ടുണ്ട്. അപ്പോള്‍ 90 ഡിഗ്രി 50 മിനിറ്റ് എന്നത് 91 ഡിഗ്രിയുടെ തൊട്ടടുത്താണ് എന്നര്‍ഥം).
ഈ ഡിഗ്രിയില്‍ സൂര്യബിംബം ചക്രവാളസീമയില്‍ പൂര്‍ണമായും താണിരിക്കുമെന്ന കാര്യം ഉറപ്പാണ്. ഉല്‍പതിഷ്ണുക്കളുടെ പള്ളികളില്‍ മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോള്‍ സൂര്യന്റെ ഒരു ചെറിയ പൊട്ട് ചക്രവാളത്തില്‍ മറയാതെ ബാക്കിനിന്നതായി നാളിതുവരെ വിവരദോഷികള്‍ പോലും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് സംശയരോഗത്തിന് സൂക്ഷ്മതയുടെ പേരു പറഞ്ഞ് മഗ്‌രിബിന്റെ ശ്രേഷ്ഠസമയം (അവ്വല്‍ വക്ത്) നഷ്ടപ്പെടുത്തുന്നത്?
യാഥാസ്ഥിതികരുടെ പൊള്ളയായ വാദങ്ങള്‍ ന്യായീകരിക്കാന്‍ ഇപ്പോള്‍ ബുര്‍ജ് ഖലീഫയുമായാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയുെട താഴ്ഭാഗത്ത് ഒരു നമസ്‌കാര സമയവും മധ്യഭാഗത്ത് വേറൊരു നമസ്‌കാര സമയവും ഏറ്റവും ഉയരത്തില്‍ പിന്നെയും വ്യത്യസ്തമായ നമസ്‌കാര സമയവുമാണെന്നും അതുകൂടി ഗണനയില്‍ പരിഗണിക്കേണ്ടതല്ലേ എന്നാണ് ചോദിക്കുന്നത്. ഇതിലെ കള്ളക്കളികള്‍ നിഷ്പക്ഷമതികള്‍ മനസ്സിലാക്കണം.
ഓരോ 1500 മീറ്റര്‍ ഉന്നതിക്ക് ഒരു മിനിറ്റ് കഴിഞ്ഞ് അസ്തമയവും ഒരു മിനിറ്റ് നേരത്തേ ഉദയവും സംഭവിക്കുമെന്ന് ഗണിച്ചെടുക്കാം. ബുര്‍ജ് ഖലീഫയുടെ പരമാവധി ഉയരം (h) 830 മീറ്ററാണ്. അപ്പോള്‍ ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ സമയവ്യത്യാസം കണക്കാക്കാം.
h x 100/1500 ഇവിടെ h ന്റെ വില 830 മീറ്ററാണ്. അപ്പോള്‍ 830 x 100/1500 = 55.33. അതായത് ഒരു മിനിറ്റിന്റെ 55.33 ശതമാനം. ഇത് 33.198 സെക്കന്‍ഡ് എന്നു കിട്ടുന്നു. ആകെ വ്യത്യാസം ഇത്രമാത്രമാണെന്ന് ഇതില്‍ നിന്നു വ്യക്തമായി. ഇതിനു വേണ്ടിയാണോ കേരളത്തില്‍ അഞ്ചു മിനിറ്റോളം വൈകി മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്? കഷ്ടം തന്നെ!
മറ്റൊരു വസ്തുത കൂടിയുണ്ട്. ഒരു ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം. ഗണിതശാസ്ത്ര സൂത്രവാക്യത്തില്‍ മഗ്‌രിബിന്റെ നേരം 6:42:18 എന്നാണ് കിട്ടിയതെന്നിരിക്കട്ടെ. അവിടെ 6:42:18 എന്നത് 6.43 ആക്കിയാണ് ബാങ്കിന്റെ നേരമായി കലണ്ടറില്‍ കൊടുക്കുന്നത്. അപ്പോള്‍ ബുര്‍ജ് ഖലീഫയേക്കാള്‍ വളരെ വലിയ കെട്ടിടം കേരളത്തിലുണ്ടെന്നു സങ്കല്‍പിച്ചാല്‍ തന്നെ അവിടെ നിന്നു നോക്കിയാലും സൂര്യന്‍ അസ്തമിച്ചിട്ടുണ്ടാവും!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x