21 Thursday
November 2024
2024 November 21
1446 Joumada I 19

മാഷാഅല്ലാഹ്, കാഫിര്‍ ഇസ്‌ലാം ഭീതിയുടെ ഇടതു ചേരുവകള്‍

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍


കേരളത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തിവിടുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യയശാസ്ത്രപരമായി നിലനില്‍ക്കുന്നതുതന്നെ മുസ്‌ലിംകളെ അപരവത്കരിച്ചുകൊണ്ടാണ്. അതിനാല്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പ്രത്യേകിച്ച് വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായ വിദ്വേഷപ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൗജിഹാദ്, പാകിസ്താന്‍ പതാക പോലെ പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള വിദ്വേഷ പ്രചാരണവും കേരളത്തിലേക്ക് മാത്രമായുള്ള പ്രചാരണങ്ങളും ഇതിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന കാഫിര്‍ പ്രയോഗം പല കാരണങ്ങളാല്‍ തീവ്രതയേറിയ ഇസ്‌ലാമോഫോബിക് ചേരുവയാണ്.
വടകര ലോക്‌സഭാ മണ്ഡലത്തിലെ വാശിയേറിയ പോരാട്ടമാണ് ഈ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഷാഫി പറമ്പില്‍ എന്ന മുസ്‌ലിം പേരുകാരന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി എത്തിയതോടെ മണ്ഡലത്തിലെ മുസ്‌ലിംകള്‍ വര്‍ധിത മതാവേശത്തോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് രംഗത്തിറങ്ങി എന്നാണ് ഒരു മുന്‍മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞത്. മുസ്‌ലിംകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് മതാവേശത്തോടെയാണെന്നും ജനാധിപത്യവും മതനിരപേക്ഷതയുമൊന്നും അവരുടെ വിഷയമല്ലെന്നുമാണ് ഈ പ്രചാരണത്തിന്റെ അടിസ്ഥാനം.
രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ക്രിയാത്മക പങ്ക് വഹിക്കുന്ന മുഴുവന്‍ മുസ്‌ലിംകളും മതപരമായ ആവേശത്തിലാണെന്ന് പ്രചരിപ്പിക്കുക വഴി സംഘ്പരിവാറിന് കാര്യങ്ങള്‍ എളുപ്പമാവുകയാണ് ചെയ്യുക. നുഴഞ്ഞുകയറ്റക്കാരും കൂടുതല്‍ സന്താനങ്ങളെ ഉണ്ടാക്കുന്നവരും ഈ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ കാത്തുനില്‍ക്കുകയാണ് എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്റെ 173 പ്രസംഗങ്ങളില്‍ 110ലും ഇസ്‌ലാമോഫോബിക് റിമാര്‍ക്‌സുകള്‍ ഉണ്ടായിരുന്നു എന്നാണ് ഹ്യൂമന്റൈറ്റ്‌സ് വാച്ചിന്റെ റിപോര്‍ട്ട്. ഈ മാസം രണ്ടാം വാരത്തിലാണ് വിശദമായ റിപോര്‍ട്ട് പുറത്തുവന്നത്.
സംഘ്പരിവാര്‍ ഇസ്‌ലാം ഭീതി വളര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ചേരുവകള്‍ പൊതുവേ പരിചിതമാണ്. ഹൈന്ദവ, മുസ്‌ലിം സമുദായങ്ങളെ ധ്രുവീകരിക്കുകയും മുസ്‌ലിംകളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് വോട്ടുകള്‍ ഏകീകരിക്കുകയും ചെയ്യുക എന്നതാണ് ലളിതമായ തന്ത്രം. മുസ്‌ലിം ന്യൂനപക്ഷത്തെ വേട്ടക്കാരാക്കിയും ഭൂരിപക്ഷ സമുദായത്തെ ഇരകളാക്കിയും അവരെ ‘ഉണര്‍ത്തുക’ എന്നതാണ് വിദ്വേഷ പ്രസംഗങ്ങളുടെ രത്‌നച്ചുരുക്കം.
എന്നാല്‍ ഇടതുപക്ഷം ഇസ്‌ലാം ഭീതി വളര്‍ത്തുക വഴി നടത്തുന്ന ധ്രുവീകരണത്തിന്റെ മോഡല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സമൂഹത്തിന് പരിക്കേല്‍ക്കുന്ന വിധത്തിലാണ്. അതിനു പല കാരണങ്ങളുമുണ്ട്.
സംഘ്പരിവാര്‍ സംഘടനകളെ പോലെ ഏതെങ്കിലും ഒരു സമുദായത്തിന്റെ സ്വാഭാവിക ചോയ്‌സായി ഇമേജ് സൃഷ്ടിച്ച രാഷ്ട്രീയ പാര്‍ട്ടിയല്ല ഇടതുപക്ഷത്തെ സിപിഎം. മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പ്രതിച്ഛായയാണ് പാര്‍ട്ടിയുടെ പ്രാഥമിക സാംസ്‌കാരിക മൂലധനം. അതുകൊണ്ടുതന്നെ ഇസ്‌ലാം ഭീതിയുടെ ചേരുവകള്‍ ഇടതുപക്ഷം ഉപയോഗിക്കുമ്പോള്‍ അത് കേരളീയ സമൂഹത്തില്‍ ആഴത്തിലുള്ള ഭിന്നതകള്‍ തീര്‍ക്കുന്നുണ്ട്.

മാഷാഅല്ലാഹ്,
കാഫിര്‍

ടി പി വധക്കേസിലാണ് മാശാഅല്ലാഹ് എന്ന സ്റ്റിക്കര്‍ സമര്‍ഥമായി ഉപയോഗിക്കപ്പെട്ടത്. മുസ്‌ലിം സമുദായത്തിലുള്ളവരാണ് ഇത് ചെയ്‌തെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഗോള്‍ഡന്‍ അവറില്‍ പാര്‍ട്ടി മെഷിനറി പ്രവര്‍ത്തിച്ചത്. എന്നാല്‍ തൊട്ടുടനെത്തന്നെ പോലീസ് അന്വേഷണം പാര്‍ട്ടിയിലേക്കു തന്നെ എത്തിച്ചേര്‍ന്നു. ഒരു മതനിയമം ഒന്നുമല്ലെങ്കിലും, പൊതുവേ മുസ്‌ലിംകള്‍ വാഹനങ്ങളില്‍ ഈ സ്റ്റിക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഈ സ്റ്റിക്കര്‍ ബോധപൂര്‍വം ഉപയോഗിക്കുകയും കൊലപാതകം നടത്തിയത് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്ന രൂപത്തില്‍ നരേറ്റീവ് സൃഷ്ടിക്കുകയുമാണ് ചെയ്തത്. മാശാഅല്ലാഹ് എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് എന്നാണ് അര്‍ഥം. ഒരു അനുഗ്രഹമോ സന്തോഷമോ ഉണ്ടാവുമ്പോള്‍ ദൈവത്തോടുള്ള നന്ദിസൂചകമായി ഇങ്ങനെ പറയാറുണ്ട്. അത്തരമൊരു സന്ദര്‍ഭത്തെ പോലും സമര്‍ഥമായി വഴിതിരിച്ചുവിടാനാണ് അന്ന് ഇടതുപക്ഷം ശ്രമിച്ചത്.
വടകരയിലെ കാഫിര്‍ പ്രയോഗം ഇതിനേക്കാള്‍ ഗൗരവമേറിയ ഇസ്‌ലാം ഭീതിയുടെ ചേരുവയാണ്. കാഫിറിന് വോട്ട് ചെയ്യരുതെന്ന് യുഡിഎഫിലെ മതഭ്രാന്തന്മാരായ മുസ്‌ലിംകള്‍ പ്രചാരണം നടത്തിയെന്നാണ് സ്‌ക്രീന്‍ഷോട്ടിലൂടെ ഇടതുപക്ഷം പറയാന്‍ ശ്രമിച്ചത്. പക്ഷേ, അത്തരമൊരു പ്രചാരണം വ്യാജമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിലൂടെ തെളിയിക്കപ്പെടുന്നതിനു മുമ്പുതന്നെ വടകരയിലെ വോട്ടര്‍മാര്‍ നിലപാട് വ്യക്തമാക്കുകയുണ്ടായി. അവര്‍ ഷാഫി പറമ്പിലിനെ വിജയിപ്പിച്ചു. സാധാരണഗതിയില്‍ കോണ്‍ഗ്രസ് മുസ്‌ലിം ന്യൂനപക്ഷത്തിന് വിസിബിലിറ്റി കൊടുക്കുമ്പോള്‍ വിറളി പിടിക്കാറുള്ളത് സംഘപരിവാരത്തിനാണ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏക മുസ്‌ലിം സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തോന്നിയ ഒരു ഘട്ടത്തിലാണ്, വോട്ടെടുപ്പിന്റെ തലേ ദിവസം വ്യാജ സ്‌ക്രീന്‍ഷോട്ട് പുറത്തിറങ്ങുന്നത്. കോണ്‍ഗ്രസിലെ മുസ്‌ലിം സ്ഥാനാര്‍ഥി വര്‍ഗീയവാദിയാണ് എന്നായിരുന്നു പ്രചാരണത്തിന്റെ കാതല്‍. മുസ്‌ലിം പേരുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ദൃശ്യത ലഭിക്കുമ്പോള്‍ വിറളി പിടിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ ബഹിര്‍സ്ഫുരണമാണ്.
ഇസ്‌ലാമോഫോബിയയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ മുമ്പും ഇടതുപക്ഷം തുനിഞ്ഞിട്ടുണ്ട്. ഹസന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നത് എന്ന പ്രയോഗം നടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയാണ്. അതുവഴി മുസ്‌ലിംകളല്ലാത്ത മറ്റു സമുദായങ്ങളെ മുഴുവന്‍ ഏകീകരിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഏത് പാര്‍ട്ടിയില്‍ നിന്നായിരുന്നാലും കേരളത്തിന് ഒരു മുസ്‌ലിം മുഖ്യമന്ത്രി എന്നത് ഇന്നും ഒരു ചൂടേറിയ വിവാദമാണ്. അത്തരമൊരു നരേറ്റീവ് സൃഷ്ടിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ ഹൈന്ദവ-ക്രൈസ്തവ ഏകീകരണ തന്ത്രങ്ങളാണ് നിര്‍ണായക പങ്കുവഹിച്ചത്.
കാഫിര്‍ വിളിയുമായി പ്രചാരണം നടത്താറുള്ളത് സംഘപരിവാരത്തിന്റെ വോട്ട്‌ബേസ് ഏകീകരിക്കുന്നതിനു വേണ്ടിയാണെന്ന് രാഷ്ട്രീയം പ്രാഥമികമായി നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാവും. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ അത്തരമൊരു തിരഞ്ഞെടുപ്പു തന്ത്രം ബോധമുള്ളവരാരും ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് വടകരയിലെ വോട്ടര്‍മാര്‍ മതേതരമായി ചിന്തിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തത്. തിരഞ്ഞെടുപ്പില്‍ മതം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ അതിനെ സമര്‍ഥമായി ഉപയോഗിക്കാന്‍ ഇസ്‌ലാമോഫോബിക് ചേരുവകളെ കൂട്ടുപിടിക്കുകയാണ് പതിവ്. അതുവഴി നല്‍കുന്ന ഡോഗ് വിസിലിലൂടെ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കും. അത്തരമൊരു തന്ത്രമാണ് കാഫിര്‍ പ്രയോഗത്തിലൂടെ വടകരയിലും നടന്നത്.
ഇടതുപക്ഷം ഇങ്ങനെയൊരു സമീപനം സ്വീകരിക്കുമ്പോള്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിന്റെ കാരണം ഇടതുപക്ഷത്തിന്റെ മതേതര പ്രതിച്ഛായയാണ്. മാത്രമല്ല, എല്ലാ സമുദായങ്ങളും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഭൂമികയുമാണ്. മുസ്‌ലിം പേരുള്ളവരെല്ലാം കാഫിറിന് വോട്ട് ചെയ്യാതെ മാറിനില്‍ക്കുന്നവരും മതഭ്രാന്ത് കാണിക്കുന്നവരുമാണ് എന്ന ആഖ്യാനത്തിലൂടെ സ്വന്തം പാര്‍ട്ടിയിലെ തന്നെ മുസ്‌ലിം പേരുള്ളവര്‍ക്ക് ഇരട്ടി ബാധ്യതയാണ് ഉണ്ടാവുന്നത്. പാര്‍ട്ടിക്കൂറ് തെളിയിക്കുന്നതോടൊപ്പം മതേതരക്കൂറു കൂടി അവര്‍ക്ക് തെളിയിക്കേണ്ടിവരും. മുസ്‌ലിം സമുദായത്തെക്കുറിച്ചുള്ള ഇടതുപക്ഷ ഭാവന കൂടി ഈ പ്രയോഗത്തിലൂടെ പുറത്തുവരുന്നുണ്ട്. മുസ്‌ലിം പേരുള്ള അഞ്ചു നേരം നിസ്‌കരിക്കുന്ന വ്യക്തി എന്ന ഇമേജിലൂടെ മാത്രം ജനാധിപത്യ തിരഞ്ഞെടുപ്പുകളെ കാണുന്ന പ്രാകൃത സമുദായമാണ് മുസ്‌ലിംകളെന്ന മുന്‍വിധിയിലാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. അതിനാല്‍ തന്നെ മുസ്‌ലിം വിരുദ്ധതയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
മുസ്‌ലിം സമുദായത്തെക്കുറിച്ച് ഭാവനാത്മകമായി എന്ത് ആരോപിച്ചാലും വിശ്വസിക്കുന്ന ഒരു ധ്രുവീകരണ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ പരിണിത ഫലം. നിലവില്‍ കേരളീയ സമൂഹം അക്കാര്യത്തില്‍ വിശുദ്ധമാണെന്നു വാദിക്കുന്നില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ധ്രൂവീകരണ തന്ത്രങ്ങള്‍ അവരുടെ തന്നെ സാംസ്‌കാരിക മൂലധനത്തെയാണ് അപഹരിക്കുന്നത്. മുസ്‌ലിം അപരവത്കരണത്തിലൂടെ വോട്ടുകള്‍ ഏകീകരിച്ച്, മതേതര രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് സാധിക്കുമോ? കേരളത്തിന്റെ സെക്കുലര്‍ ഫാബ്രിക്കിനെക്കുറിച്ച് ഗൗരവകരമായി ചിന്തിക്കുന്നവരെല്ലാം ഈ ധ്രുവീകരണ തന്ത്രങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.

Back to Top