മാലികി മദ്ഹബിലെ 11 ഉസ്വൂലുകള്‍
എ അബ്ദുല്‍ഹമീദ് മദീനി
ഇമാം മാലിക് ഇമാം അബൂഹനീഫയെപ്പോലെ തന്നെ തന്റെ ഗവേഷണ പഠനത്തിന് പ്രത്യേക നിദാനശാസ്ത്രം (ഉസൂല്‍) ഉണ്ടാക്കിയിട്ടില്ല. ഇമാം ശാഫിഈ ആണ് ഉസൂല്‍ ഉണ്ടാക്കിയ ശേഷം ഇജ്തിഹാദ് ആരംഭിച്ചത്. എന്നാല്‍ മാലികീ മദ്ഹബും ഹനഫീ മദ്ഹബും ഇമാം ശാഫിഈയുടെ ഉസൂല്‍ അംഗീകരിച്ചതായി കാണാം. അതിനു പുറമെ ഹനഫികളും മാലികികളും അവരുടെ ഇമാമിന്റെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം അവയ്ക്ക് അനുയോജ്യമായ നിദാനശാസ്ത്രം പില്‍ക്കാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഓരോ മദ്ഹബിലെയും ഉസൂലുകളുടെ എണ്ണത്തില്‍ വ്യത്യാസം കാണാവുന്നതാണ്. ഹനഫീ മദ്ഹബിലെ ഉസൂലുകള്‍ ഏഴെണ്ണമാണ്. ഇത് മാലികീ മദ്ഹബില്‍ 11 എണ്ണമുണ്ട്. ഇമാം ഖറാഫി തന്‍വീഹുല്‍ ഉസൂല്‍ എന്ന ഗ്രന്ഥത്തില്‍ മാലിക് മദ്ഹബിന്റെ ഉസൂല്‍ 11 ആയാണ് എണ്ണിയത്. അതിനെ ആസ്പദമാക്കിയാണ് ഇവിടെ വിവരണം നല്‍കുന്നത്:
1. ഖുര്‍ആന്‍ എല്ലാവരും അംഗീകരിക്കുന്ന പ്രമാണമാണ്. ഖുര്‍ആനിന്റെ പ്രത്യക്ഷാര്‍ഥത്തിന് വിരുദ്ധമായ എല്ലാ പ്രമാണങ്ങളെയും ഇമാം മാലിക് തള്ളിക്കളയുന്നു. ഹദീസായാല്‍ പോലും.
പാത്രത്തില്‍ നായ തലയിട്ടാല്‍ ആ പാത്രം ഏഴു പ്രാവശ്യം കഴുകുക. അതില്‍ ഒന്ന് ശുദ്ധിയുള്ള മണ്ണു കൊണ്ടായിരിക്കണം. ഈ ഹദീസ് താഴെ വരുന്ന ആയത്തിന് എതിരായതിനാല്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
‘അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ചു നായാട്ട് പഠിപ്പിച്ചെടുത്ത ഏതെങ്കിലും ഒരു മൃഗം നിങ്ങള്‍ക്കു വേണ്ടി പിടിച്ചുകൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക’ (5:4). ഈ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഇമാം മാലിക് ചോദിക്കുന്നു: വേട്ടനായ പിടിച്ചുകൊണ്ടുവന്നത് തിന്നാമെങ്കില്‍ ആ നായ എങ്ങനെയാണ് നജസാവുക?’
2. സുന്നത്ത്: രണ്ടാം പ്രമാണമായി അദ്ദേഹം സുന്നത്തിനെ അംഗീകരിക്കുന്നു. സുന്നത്തിനു തുണയായി മദീനക്കാരുടെ ഇജ്മാഅ് കൂടി ഉണ്ടെങ്കില്‍ അതിന് ഖുര്‍ആനിന്റെ പ്രത്യക്ഷാര്‍ഥത്തേക്കാള്‍ മുന്‍ഗണന നല്‍കാറുണ്ട്. അതിന് സ്വരീഹുസ്സുന്ന എന്നാണ് അദ്ദേഹം പറയുക. കര്‍മശാസ്ത്രത്തിലെന്നപോലെ ഹദീസിലും പാണ്ഡിത്യമുള്ള ആളായിരുന്നു ഇമാം മാലിക്. ഹദീസ് സ്വീകരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേകം ഉപാധികള്‍ ഉണ്ടായിരുന്നു. ഖുര്‍ആന്റെ പ്രത്യക്ഷാര്‍ഥത്തിനു വിരുദ്ധമായ ഖബര്‍ വാഹിദിന് മദീനക്കാരുടെ അംഗീകാരമില്ലെങ്കില്‍ അദ്ദേഹം തള്ളിക്കളയുമായിരുന്നു. ഖിയാസിനേക്കാള്‍ ഖബര്‍ വാഹിദിന് അദ്ദേഹം പ്രധാന്യം നല്‍കി. സഹീഹായ ഹദീസ് ഖുര്‍ആനിന്റെ വ്യാഖ്യാനമായി അദ്ദേഹം ഗണിക്കുന്നു.
3. മദീനക്കാരുടെ പ്രവൃത്തി: ഖബര്‍ വാഹിദിനെക്കാളും ഖിയാസിനെക്കാളും മുന്‍ഗണന മദീനക്കാരുടെ പ്രവൃത്തിക്ക് അദ്ദേഹം നല്‍കി. കാരണം ഹിജ്‌റയുടെ വീടാണ് മദീന. അവിടെയാണ് പ്രവാചകനും അനുയായികളും ജീവിച്ചത്. അവിടെയാണ് ഖുര്‍ആന്‍ അധികവും ഇറങ്ങിയത്. അവിടെ വെച്ചാണ് ഖുര്‍ആനിന്റെ വിവരണം പ്രവാചകന്‍ നല്‍കിയത്. അതിനാല്‍ മറ്റുള്ളവരേക്കാള്‍ പ്രവാചക ചര്യ അറിയുന്നത് മദീനക്കാര്‍ക്കാണ്. മാലികിന്റെ ശിഷ്യന്‍ ഇമാം ശാഫിഈ ഇതിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.
4. അല്‍ഇജ്മാഅ്: ശറഇയായ വിഷയത്തില്‍ പ്രവാചക ശേഷമുള്ള ഏതെങ്കിലും കാലഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ ഐകകണ്ഠ്യേന എടുക്കുന്ന തീരുമാനമാണ് ഇജ്മാഅ്. സഹാബത്തിന്റെ കാലഘട്ടം മുതലാണ് ഇജ്മാഅ് ആരംഭിക്കുന്നത്. ശറഇയായ വിഷയത്തില്‍ മേല്‍ പറഞ്ഞവിധം അഭിപ്രായ ഐക്യമുണ്ടായാല്‍ അത് സ്വീകരിക്കല്‍ മുസ്‌ലിംകളുടെ കടമയാണ്. അതുകൊണ്ടാണ് ഇജ്മാഅ് പ്രമാണമായി കണക്കാക്കുന്നത്. ഇജ്മാഅ് പ്രമാണമായി അംഗീകരിക്കുന്നതിന് ഖുര്‍ആനിലും സുന്നത്തിലും സൂചനകള്‍ കാണാം. അല്ലാഹു പറയുന്നു: ‘ആരെങ്കിലും സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം റസൂലിനോട് ഭിന്നിച്ചു ചേരിതിരിയുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗം പിന്‍പറ്റുകയും ചെയ്താല്‍ അവര്‍ തിരിഞ്ഞ പ്രകാരം (അവന്റെ പാട്ടിന്) അവനെ നാം തിരിച്ചുകളയുകയും അവനെ നരകത്തില്‍ എരിയിച്ചുകളയുകയും ചെയ്യും. അത് എത്ര മോശമായ പര്യവസാനം!’ (4:115).
ഈ വചനം രണ്ടു കാര്യം വ്യക്തമാക്കുന്നു. ഒന്ന്: റസൂല്‍ കാണിച്ചുതന്ന മാര്‍ഗം വ്യക്തമായിട്ടും അതു സ്വീകരിക്കാതിരിക്കല്‍. അത് റസൂലിന്റെ സുന്നത്തിനെ തള്ളിക്കളയലാണ്. രണ്ട്: സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗം പിന്‍പറ്റല്‍. മുജ്തഹിദുകളായ പണ്ഡിതന്മാരുടെ മാര്‍ഗമാണ് മുഅ്മിനുകളുടെ മാര്‍ഗം. ഇതുതന്നെയാണ് ഇജ്മാഅ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളെ ആധാരമാക്കിയുള്ള കാര്യങ്ങളില്‍ മാത്രമേ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ യോജിക്കുകയുള്ളൂ എന്നത് തീര്‍ച്ചയാണ്. ഇബ്‌നു ഉമറും ഇബ്‌നു അബ്ബാസും ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘ഈ സമുദായത്തെ ഒരിക്കലും അല്ലാഹു ദുര്‍മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയില്ല’ (തിര്‍മിദി, ബൈഹഖി).
5. അല്‍ഖിയാസ്: സാദൃശ്യ നിഗമനം. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധി വന്നിട്ടില്ലാത്ത പ്രശ്‌നത്തെ വ്യക്തമായ വിധി വന്ന പ്രശ്‌നത്തോട് ന്യായത്തിലും നിമിത്തത്തിലും സദൃശ്യപ്പെടുത്തി രണ്ടിനും ഒരേ വിധി നല്‍കുക. ഉദാഹരണം: ഖുര്‍ആന്‍ മദ്യം നിരോധിച്ചു (5:90,91). എന്നാല്‍ ലഹരിയുണ്ടാക്കുന്ന ഈത്തപ്പഴ ചാറിനെ സൂചിപ്പിക്കുന്ന ഖംറ് എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ ഉപയോഗിച്ചത്. മുന്തിരിച്ചാറിന്റെയും മറ്റു ലഹരിസാധനങ്ങളുടെയും വിധി ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടില്ല. അപ്പോള്‍ പണ്ഡിതന്മാര്‍ മദ്യം നിരോധിക്കാനുള്ള കാരണം തേടുന്നു. ലഹരിയാണ് മദ്യം നിരോധിക്കാനുള്ള കാരണമെന്ന് ബോധ്യമായാല്‍ ഈ ലഹരി ഏതെല്ലാം വസ്തുക്കളിലുണ്ടോ അവയ്‌ക്കെല്ലാം മദ്യത്തിന്റെ വിധി ബാധകമാണ്. ഇതാണ് ഖിയാസ്.
6. ഇസ്തിഹ്‌സാന്‍ (ധര്‍മപ്രേരണ). ഇമാം സുബ്കി നല്‍കിയ നിര്‍വചനം: പൊതുനന്മയും മുസ്‌ലിം സമൂഹം ആചരിച്ചുവരുന്ന ദീനിന് എതിരല്ലാത്ത സമ്പ്രദായങ്ങളും കണക്കിലെടുത്ത് പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിച്ചു വിധി പറയുക.
ഇമാം ശാത്വിബി: പൊതു പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിച്ചു ജനനന്മ കണക്കിലെടുത്തു വിധി പറയുക. മറ്റു പണ്ഡിതന്മാര്‍ പലരും നല്‍കിയ നിര്‍വചനം ഖിയാസ് ഒഴിവാക്കി ജനങ്ങള്‍ക്ക് സൗകര്യവും എളുപ്പവുമുള്ള നിയമങ്ങള്‍ സ്വീകരിക്കുക എന്നാണ്. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഞെരുക്കമുണ്ടാക്കാനല്ല (വി.ഖു). റസൂല്‍(സ) അലി(റ), മുആദ്(റ) എന്നിവരെ യമനിലേക്ക് അയച്ചപ്പോള്‍ അവര്‍ക്ക് കൊടുത്ത ഉപദേശം ‘നിങ്ങള്‍ രണ്ടു പേരും ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കുക, ഞെരുക്കമുണ്ടാക്കരുത്’ എന്നായിരുന്നു.
ധര്‍മപ്രേരണ എന്ന തത്വം മുന്‍നിര്‍ത്തി പ്രമാണ നിര്‍ദേശങ്ങളിലെ മുന്‍ഗണനാ ക്രമത്തില്‍ നീക്കുപോക്കുകള്‍ ആവാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള വിധി പ്രസ്താവനകള്‍ ചില ഭരണാധികാരികള്‍ നടത്തിയിട്ടുമുണ്ട്.
7. അല്‍ഇസ്തിസ്ഹാബ്: പൂര്‍വികാവസ്ഥ പിന്തുടരുക. അതായത് നിലവിലുണ്ടായിരുന്നതായി അറിയപ്പെട്ട കാര്യം അതില്‍ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കില്‍ ഇപ്പോഴും അത് നിലനില്‍ക്കുന്നതായി പരിഗണിക്കുക. അതുപോലെ മുമ്പ് നിലവില്‍ ഇല്ലെന്ന് അറിയപ്പെട്ട ഒരു കാര്യം ഇപ്പോഴും ഇല്ല എന്ന് പരിഗണിക്കുക. ഇതിനാണ് നാം ഇന്ന് സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുക എന്ന് പറയുന്നത്. ഉദാഹരണം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ വീടോ അയാള്‍ മറ്റൊരാള്‍ക്ക് വിറ്റു എന്നതിന് തെളിവില്ലെങ്കില്‍ അത് അയാളുടെ ഉടമസ്ഥതയില്‍ തന്നെ തുടര്‍ന്നുകൊണ്ടിരിക്കും. ഉടമസ്ഥതയില്ലാത്ത സ്വത്തിന് ഉടമസ്ഥാവകാശം സ്ഥാപിക്കണമെങ്കില്‍ ആ സ്വത്ത് വാങ്ങിയതായി രേഖ ഉണ്ടായിരിക്കണം. രേഖയില്ലാത്ത കാലത്തോളം അയാള്‍ക്ക് ആ സ്വത്തിന് യാതൊരവകാശവുമില്ല.
8. മസ്ഹലത്ത്: അടിസ്ഥാനപരമായി ശാരിഅ് പരിഗണിച്ച മസ്‌ലഹത്ത് അഞ്ചെണ്ണമാണ്. മനുഷ്യന്റെ സമാധാന ജീവിതം ഈ അഞ്ചെണ്ണത്തിലാണ് നിലകൊള്ളുന്നത്. ഇവയില്‍ ഒന്നു നഷ്ടമായാല്‍ മനുഷ്യജീവിതത്തിന് ഒരര്‍ഥവും ഇല്ലാതാകുന്നതാണ്. മതസംരക്ഷണം, ജീവന്‍ സംരക്ഷണം, ധനസംരക്ഷണം, ബുദ്ധിസംരക്ഷണം, സന്താന സംരക്ഷണം എന്നിവയാണവ.
മതസംരക്ഷണം: മതം മനുഷ്യനെ മറ്റു ജന്തുക്കളുടെ പദവിയില്‍ നിന്ന് ഉയര്‍ത്തുന്നു. ഉന്നതമായ സ്ഥാനം അവന് നേടിക്കൊടുക്കുന്നു. അതിനാല്‍ ഇസ്‌ലാം എല്ലാ അക്രമങ്ങളില്‍ നിന്നും മതങ്ങള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും നല്‍കുന്നു. ഏതു മതം സ്വീകരിക്കാനും ഇസ്‌ലാം മനുഷ്യന് സ്വാതന്ത്ര്യം നല്‍കുന്നു. അതുകൊണ്ടാണ് ഖുര്‍ആന്‍ മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ലെന്ന് പറഞ്ഞത് (2:256). മതമര്‍ദനം കൊലപാതകത്തേക്കാള്‍ കഠിനമാണ് (2:191) എന്ന് മനുഷ്യനെ പഠിപ്പിച്ചത്. അന്യമതസ്ഥരോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ ഖുര്‍ആന്‍ പ്രത്യേകം കല്‍പിച്ചിട്ടുണ്ട്. അതിനാല്‍ ബുദ്ധി കൊണ്ടും സദുപദേശം കൊണ്ടുമാണ് ഓരോ മതക്കാരും മറ്റു മതക്കാരെ സമീപിക്കേണ്ടത്. അക്രമത്തിലൂടെയും ആയുധം കൊണ്ടുമല്ലെന്നര്‍ഥം.
ജീവന്‍ സംരക്ഷണം: വ്യക്തികളുടെ ജീവനും അഭിമാനത്തിനും നേരെ നടത്തുന്ന എല്ലാ അക്രമ പ്രവര്‍ത്തനങ്ങളെയും ഇസ്‌ലാം വിരോധിക്കുന്നു. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുതെന്ന് ഖുര്‍ആന്‍ പ്രത്യേകം പറഞ്ഞു. കൊലപാതകം, അംഗഛേദം, മുറിവേല്‍പിക്കല്‍, ഉപദ്രവം ചെയ്യല്‍, അസഭ്യം പറയല്‍, അപവാദ പ്രചാരണം എന്നിവയ്ക്ക് പ്രത്യേകം ശിക്ഷ ഇസ്‌ലാം വിധിച്ചിട്ടുണ്ട്.
ധനസംരക്ഷണം: ധനം ശരിയായ മാര്‍ഗത്തിലൂടെ സമ്പാദിക്കാനും വളര്‍ത്താനും സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഇസ്‌ലാം നല്‍കുന്നു. അതിനാല്‍ കളവ്, പിടിച്ചുപറി, ചൂഷണം, ന്യായവിരുദ്ധ മാര്‍ഗങ്ങളിലൂടെയുള്ള ധനസമ്പാദനം മുതലായവ ഇസ്‌ലാം വിരോധിക്കുകയും നിഷിദ്ധ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ബുദ്ധിയുടെ പരിരക്ഷ: വ്യക്തിയുടെയും സമൂഹത്തിന്റെയും വിജയത്തിനും വളര്‍ച്ചയ്ക്കും പ്രധാന കാരണം ബുദ്ധിയാണ്. ബുദ്ധിയില്ലെങ്കില്‍ മനുഷ്യര്‍ ഇന്നു കാണുന്ന പുരോഗതി കൈവരിക്കില്ലായിരുന്നു. മൃഗങ്ങള്‍ പണ്ട് ജീവിച്ചതുപോലെ തന്നെയാണല്ലോ ഇന്നും ജീവിക്കുന്നത്. അതിനാല്‍ ബുദ്ധി പൂര്‍ണാര്‍ഥത്തില്‍ സുരക്ഷിതവും ശരിയായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നതുമായിത്തീരാന്‍ ആവശ്യമായ നിയങ്ങള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തി. മദ്യം, മയക്കുമരുന്ന് പോലുള്ള എല്ലാ വസ്തുക്കളും വിരോധിക്കുകയും നിരോധനം ചെവിക്കൊള്ളാത്തവരെ ശിക്ഷിക്കാനുള്ള നിയമം ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
സന്താന സംരക്ഷണം: കുട്ടികള്‍ ഭാവി തലമുറയാണ്. അവരെ അവഗണിക്കരുത്. അവരെ ശരിയാംവണ്ണം വളര്‍ത്താന്‍ കല്‍പിക്കുന്നതോടൊപ്പം അവര്‍ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരിക്കണമെന്നും മാതാപിതാക്കള്‍ അവര്‍ക്ക് സ്‌നേഹം പകര്‍ന്നുകൊടുക്കേണ്ട സമയത്ത് അതവര്‍ക്ക് കൊടുക്കണമെന്നും ബുദ്ധിപരമായും ശാരീരികമായും കഴിവുള്ളവരായി അവരെ വളര്‍ത്തി എടുക്കണമെന്നും കല്‍പിക്കുന്നു.
9. സദ്ദുദ്ദറാഇഅ്: മാര്‍ഗം തടയുക, പഴുതടക്കുക എന്നാണ് ഇതിന്റെ അര്‍ഥം. നിര്‍ബന്ധമായ കാര്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം നിര്‍ബന്ധവും, നിഷിദ്ധമായ കാര്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം നിഷിദ്ധവും അനുവദനീയമായ കാര്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം അനുവദനീയവുമാണ്. ഇതാണ് ഈ പ്രമാണത്തിന്റെ അടിസ്ഥാനം. മുജ്തഹിദുകളായ പണ്ഡിതന്മാര്‍ അവരുടെ ഗവേഷണ പഠനത്തിന് ഇത്തരം പ്രമാണങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്.
ഈ തത്വം ഉപയോഗപ്പെടുത്തുന്നതിനു പിന്നിലെ അടിസ്ഥാനം പ്രവര്‍ത്തനങ്ങളുടെ പരിണാമം പരിഗണിക്കുക എന്നതാണ്. ഏതൊരു പ്രവൃത്തിയുടെയും വിധി നിര്‍ണയിക്കുക അതിന്റെ അന്ത്യഫലം കണക്കിലെടുത്തുകൊണ്ടായിരിക്കണം എന്നര്‍ഥം. ഇവിടെ കര്‍മം ചെയ്യുന്നവന്റെ ഉദ്ദേശ്യത്തെയല്ല പരിഗണിക്കുന്നത്. പ്രവര്‍ത്തനത്തിന്റെ ഫലത്തെ വിലയിരുത്തുകയാണ് ചെയ്യുക. ഈ തത്വം ഖുര്‍ആനിലും സുന്നത്തിലും വന്നതായി കാണാം. അല്ലാഹു പറഞ്ഞു: ”അവര്‍ അല്ലാഹുവിനെ അല്ലാതെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ആരാധ്യരെ നിങ്ങള്‍ ചീത്ത പറയരുത്. അത് വിവരമില്ലാതെ അല്ലാഹുവിനെ അവര്‍ ചീത്തവിളിക്കാന്‍ ഇടയാക്കും” (6:108)
മുനാഫിഖുകളുടെ ഫിത്‌ന വളരെ ശക്തമായപ്പോള്‍ അവരെ വധിക്കാന്‍ ചിലര്‍ നബി(സ)യോട് അനുവാദം ചോദിച്ചു. പ്രവാചകന്‍ അത് തടഞ്ഞു. കാരണം മുഹമ്മദ് സ്വന്തം അനുയായികളെ കൊല്ലുന്നു എന്ന് പ്രചരിപ്പിക്കാന്‍ അത് കാരണമായേക്കും. യുദ്ധവേളയില്‍ കട്ടവന്റെ കൈ മുറിക്കുന്നതിനെ പ്രവാചകന്‍ വിലക്കി. അവന്‍ ശത്രുപക്ഷത്ത് ചേരാന്‍ അത് വഴിവെക്കും.
ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് അദ്ദേഹവും അനുയായികളും ഹജ്ജിനു പുറപ്പെട്ടു. ഹുദൈബിയയില്‍ എത്തിയപ്പോള്‍ പലരും അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ നമസ്‌കരിക്കുന്നു. ഉമര്‍(റ) ചോദിച്ചു: ‘എന്തു നമസ്‌കാരമാണിത്?’ അവര്‍ പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, നമ്മള്‍ ഹുദൈബിയാ സന്ധി സമയത്ത് ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചല്ലേ നബി(സ)യുടെ കൈകള്‍ പിടിച്ച് ഞങ്ങള്‍ ദീനിനു വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ബൈഅത്ത് ചെയ്തത്? ആ സംഭവം ഓര്‍ത്തുകൊണ്ട് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചതാണ്. ദീര്‍ഘദൃഷ്ടിയുള്ള ഉമര്‍(റ) പില്‍ക്കാലത്ത് ഈ വൃക്ഷത്തെ ജനങ്ങള്‍ ആരാധിച്ചേക്കാനിടയുണ്ടെന്ന് മനസ്സിലാക്കി വേരോടെ പിഴുതുകളയാന്‍ ഉത്തരവിട്ടു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഉസ്സ വിഗ്രഹത്തിലേക്ക് തിരിച്ചുപോകുന്നതായി ഞാന്‍ കാണുന്നു. അതിനാല്‍ ഇത്തരം പ്രവൃത്തി ചെയ്യുന്നവരുടെ തല ഞാനെടുക്കും. ഈ വൃക്ഷത്തെ അപ്പോള്‍ ആരും ആരാധിച്ചിട്ടില്ല. പക്ഷേ, പില്‍ക്കാലത്ത് ഈ വൃക്ഷം ആരാധ്യവസ്തുവാകാന്‍ സാധ്യതയുണ്ട്.
10. ഉര്‍ഫ്, ആചാരം, സമ്പ്രദായം: നാട്ടുനടപ്പുകളും സമ്പ്രദായങ്ങളും ഇസ്‌ലാമിക വിധിവിലക്കുകള്‍ക്ക് എതിരല്ലെങ്കില്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് ഇമാം മാലിക് വിധിച്ചു. ഇതിനാണ് ഉര്‍ഫ് എന്നു പറയുന്നത്. അതിനാല്‍ ഒരു സമ്പ്രദായം സ്വീകരിക്കുന്നതുകൊണ്ട് സമുദായത്തിന് പൊതുവെ നന്മയുണ്ടെങ്കില്‍ അതത് പ്രദേശങ്ങളില്‍ ശരീഅത്തിന്റെ മാനദണ്ഡമായി ഉര്‍ഫ് അംഗീകരിക്കാം. ശരിയായ ഉര്‍ഫ് കൊണ്ട് സ്ഥാപിതമായ നിയമം ശറഈ തെളിവുകൊണ്ട് സ്ഥാപിതമായതിന് തുല്യമാണ്.
11. മുന്‍ സമുദായങ്ങളുടെ നിയമങ്ങള്‍: ദൈവിക മതങ്ങളെല്ലാം അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നുതന്നെയാണ്. അല്ലാഹു പറയുന്നു: ‘നൂഹിനോട് കല്‍പിച്ചതും നിനക്ക് ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് കല്‍പിച്ചതുമായ കാര്യം നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന്‍ നിങ്ങള്‍ക്ക് മതമായി നിശ്ചയിച്ചിരിക്കുന്നു’ (42:13). മുന്‍ വേദഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ അധികവും ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ദുര്‍ബലപ്പെടുത്താത്ത നിയമങ്ങള്‍ നമുക്കും ബാധകമാണെന്നര്‍ഥം.