22 Sunday
December 2024
2024 December 22
1446 Joumada II 20

മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ് – അബൂ ആദില്‍

ദിവസങ്ങള്‍ക്കു മുന്‍പ് മുമ്പ് തിരൂര്‍ വഴി പോകുമ്പോള്‍ ഒരു പ്രഭാഷണം കേട്ടു. കേരളത്തിലെ സലഫി സംഘടനകളില്‍ ഒന്നാണ് അത് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലായി. സാധാരണ സലഫി സ്‌റ്റേജുകളില്‍ നിന്നും കേള്‍ക്കുന്ന പ്രസംഗമല്ല അന്ന് കേട്ടത്. ഫാസിസവും ഇന്ത്യന്‍ സമൂഹവുമൊക്കെയായിരുന്നു വിഷയങ്ങള്‍. മാറ്റത്തെ മനസ്സ് കൊണ്ട് അനുമോദിച്ചു.
മറ്റൊരു സംഘടന നാടകവും ഷോര്‍ട് ഫിലിം മത്സരവും നടത്തുന്നു എന്നൊരു വാര്‍ത്തയും കണ്ടു.
തികച്ചും സന്തോഷം തോന്നി. ഇസ്‌ലാമിക സംഘടനകള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്ലാഘനീയമാണ്. ഇസ്‌ലാമിനെ സ്രഷ്ടാവ് വിശാലമായാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രപഞ്ചത്തോളം വിശാലമാണ് ഇസ്‌ലാം. അതിനെ കുറച്ചു ആചാര അനുഷ്ഠാനങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുക എന്നത് തീര്‍ത്തും പാടില്ലാത്തതും.
ദീന്‍ എന്നതിനെ മതമെന്ന് മാത്രം വിവര്‍ത്തനം ചെയ്താണ് പലരും ജീവിച്ചു പോന്നത്. അ േത സമയം ദീന്‍ എന്നതിനെ ഖുര്‍ആന്‍ പല രീതിയിലും വിശേഷിപ്പിച്ചു. ആ രീതിയിലൊക്കെ അതിനെ മനസ്സിലാക്കണം എന്നും സ്രഷ്ടാവ് ആവശ്യപ്പെട്ടു. പക്ഷെ പലരും ഒരു വൃത്തം വരച്ചു. ദീന്‍ എന്നതിനെ ആ വട്ടത്തില്‍ ഒതുക്കി നിര്‍ത്തി. തൗഹീദ് എന്നത് കേവലം പ്രാര്‍ത്ഥന എന്നാക്കി ചുരുക്കി. മറ്റു ചിലര്‍ മതത്തിന്റെ പേരില്‍ കൂടുതല്‍ വിശാലമായി.
പക്ഷെ ആ വിശാലത ദീനിന് പരിചയമില്ലാത്ത പലതും കൊണ്ട് വരാനായിരുന്നു. അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു അവരുടെ ദീന്‍. അതേ സമയം പരലോകം മാത്രമല്ല ഇഹലോകവും തൗഹീദിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കിയവരും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ ആരാധനയോടു കൂടെ തന്നെ സാമൂഹിക വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. അത് മതത്തില്‍ നിന്നുള്ള മാറ്റമായി മറ്റു പലരും മനസ്സിലാക്കി. പ്ലാച്ചിമടയും എക്‌സ്പ്രസ്സ് ഹൈവേയും എങ്ങിനെ ഇസ്‌ലാമിന് അകത്തു വരും എന്നായിരുന്നു അന്ന് ചര്‍ച്ച ചെയ്തിരുന്നത്.
വിശ്വാസിക്ക് പലരോടുമായും ഒരേ സമയം കടപ്പാടുണ്ട്. പ്രവാചകന്മാര്‍ കേവലം ആരാധന മാത്രമല്ല പറഞ്ഞു പോയത്. അവരുടെ കാലത്തു നിലനിന്നിരുന്ന സാമൂഹിക തിന്മകളെ കൂടി അവര്‍ നേരിട്ടു. ആ രീതി തുടര്‍ന്നു കൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം സാമൂഹിക വിഷയങ്ങളെ കൂടി ദീനിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്തതും. കല കലക്ക് വേണ്ടി എന്ന നിലപാട് തെറ്റാണ്, അതെ സമയം കല നന്മക്കു വേണ്ടി എന്നാക്കിയാല്‍ അതൊരു വലിയ വിപ്ലവമാണ്. കലകളെ അതിന്റെ പരിധി ലംഘിക്കാതെ ഇസ്‌ലാമിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നത് ഇസ്‌ലാമാണ്. കവികളെ ഖുര്‍ആന്‍ വിമര്‍ശിച്ചു. അതെ സമയം കവിതയെ വിമര്‍ശിച്ചില്ല. പ്രവാചകനെയും ഇസ്‌ലാമിനെയും കവിത കൊണ്ട് മലിനമാക്കാന്‍ ശ്രമിച്ചവരെ ആ രീതിയില്‍ കവിത കൊണ്ട് തന്നെ പ്രവാചകന്‍ നേരിട്ടു. കല എന്നത് മൊത്തം മോശം എന്ന രീതിയിലാണ് മുസ്‌ലിം സമുദായം സമീപിച്ചത്. ഇസ്‌ലാമിന് വേണ്ടി കലയെ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന ചര്‍ച്ച നടക്കുമ്പോഴും അവര്‍ കല പല രൂപങ്ങളിലും ആസ്വദിച്ചിരുന്നു.
കലയുടെ വ്യത്യസ്ത രൂപങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സിനിമ ആശയങ്ങളെ സംവേദിപ്പിക്കാന്‍ കഴിയുന്ന ആധുനിക മാധ്യമമാണ്. സിനിമ എന്ന് കേട്ടാല്‍ പലരുടെയും മനസ്സിലേക്ക് കടന്നു വരിക അശ്ലീലമാണ്. അത് കൊണ്ട് തന്നെ സിനിമയെ സ്വയം നിഷിദ്ധമാക്കുന്ന ഒരു സാമൂഹിക അവസ്ഥ നിലവില്‍ വന്നു. നാടകവും അങ്ങിനെ തന്നെ. അതേ സമയം ഇവയുടെ നല്ല വശങ്ങളെ മാന്യമായി ഉപയോഗപ്പെടുത്തണം എന്ന നിലപാട് സ്വീകരിച്ചവരും നാട്ടിലുണ്ട്. കേരളം മുസ്‌ലിം സമുദായത്തിന്റെ വലിയ പിന്തുണയുള്ള സംഘടനകള്‍ സ്വീകരിക്കുന്ന പുതിയ നിലപാടുകള്‍ തീര്‍ത്തും സ്വാഗതാര്‍ഹമാണ്. അത് പോലെ തൗഹീദിന്റെ വിശാലതയിലേക്കു കടന്നു വന്നവരും ചെയ്യുന്നത് മഹത്തരമായ കാര്യം തന്നെ.
Back to Top