22 Sunday
December 2024
2024 December 22
1446 Joumada II 20

മാര്‍പ്പാപ്പയുടെ യു എ ഇ സന്ദര്‍ശനം മാനവ സാഹോദര്യ സംഗമം  പകര്‍ന്ന പാഠങ്ങള്‍ – മുജീബ് എടവണ്ണ

ദൈവത്തിന്റെ സമാധാനം മാനവര്‍ക്ക് ആശംസിക്കുന്ന ‘അസ്സലാമു അലൈകും’ എന്ന അഭിവാദനം കൊണ്ട് ആരംഭിച്ച് ശൈഖ് സായിദിന്റെ മക്കള്‍ക്ക് ശുക്‌റന്‍ ആശംസിച്ചാണ് ആഗോള കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ രണ്ട് ദിവസ സന്ദര്‍ശന ശേഷം അബൂദബിയില്‍ നിന്നു മടങ്ങിയത്. ആദ്യമായി ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്ന മാര്‍പ്പാപ്പ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ ത്വയ്യിബിനൊപ്പം മാനവ സാഹോദര്യ സമ്മേളനത്തില്‍ പങ്കെടുത്തു.
ഗള്‍ഫിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിനു മാര്‍പ്പാപ്പയെ കാണാനും ആശീര്‍വാദം സ്വീകരിക്കാനുമുള്ള വര്‍ണാഭമായ സൗകര്യങ്ങള്‍ യു എ ഇ ഭരണാധികാരികള്‍ തലസ്ഥാനത്ത് ഒരുക്കിയിരുന്നു. കൂടാതെ, പൊതു കുര്‍ബാനയുടെ പവിത്രപ്രതലമായി ഒരു ഗള്‍ഫ് നാട് സാഹോദര്യത്തിന്റെ നവചരിത്രവുമെഴുതി.
‘എല്ലാ റോഡുകളും റോമിലേക്ക്’ എന്ന ആപ്തവാക്യം അനുസ്മരിപ്പിക്കും വിധം തലസ്ഥാന നഗരത്തിലേക്ക് ജനം പ്രവഹിച്ചു. 1.80 ലക്ഷം പേരാണ് മാര്‍പ്പാപ്പയെ കാണാന്‍ അബൂദബി സ്‌പോര്‍ട്‌സ് സിറ്റി കളിക്കളത്തിലെത്തിയത്.
മതസൗഹാര്‍ദത്തിന്റെ പുതിയ അധ്യായം
‘അവര്‍’, ‘നമ്മള്‍’ എന്ന കളം തിരിച്ചു മനുഷ്യനെ വേര്‍തിരിച്ച് ലോകത്തെ പ്രക്ഷുബ്ധമാക്കുന്ന കാലത്താണ് സാഹോദര്യത്തിന്റെ സ്‌നേഹത്തുരുത്തായി യു എ ഇ ലോകശ്രദ്ധ ക്ഷണിച്ചത്. കിഴക്കും പടിഞ്ഞാറുമുള്ള ചില രാഷ്ട്രീയ, മത നേതാക്കളുടെ നിലപാടുകള്‍ മതത്തിന്റെ ആധാരവുമായി ഇണങ്ങുന്നതല്ലെന്നതിനു പ്രബല മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള മാര്‍പ്പാപ്പയും ഡോ. അഹ്മദ് അല്‍ ത്വയ്യിബും അടിവരയിട്ടു.
‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’വെന്ന കാലാതിവര്‍ത്തിയായ ദൈവിക പ്രഖ്യാപനം പ്രശോഭിതമായ ദ്വിദിന സന്ദര്‍ശനത്തില്‍, വെറുപ്പ്, വര്‍ഗീയത, തീവ്രവാദം, ഭീകരത തുടങ്ങിയ വിപത്തുക്കളെ ചെറുക്കാനുള്ള സംയുക്ത പ്രതിജ്ഞ ഹൃദയ ഭിത്തികളിലാണ് പ്രതിധ്വനിച്ചത്.
മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളല്ല, ഭൂരിപക്ഷത്തെ പോലെ എല്ലാ അവകാശങ്ങളും അനുഭവിക്കാനുള്ള അനുകൂല സാഹചര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകുമെന്നാണ് അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബ്ന്‍ സായിദ് ആലു നഹ്‌യാന്റ സാന്നിധ്യത്തില്‍ ഡോ. അഹ്മദ് അല്‍ത്വയ്യിബ് വ്യക്തമാക്കിയത്. പാശ്ചാത്യ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ തങ്ങളുടെ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തി കൊണ്ട് തന്നെ ആതിഥേയ ദേശങ്ങളുമായി ഇഴുകിച്ചേരണം. അതോടൊപ്പം അന്നാട്ടിലെ നിയമങ്ങളെ ആദരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത സംവേദനത്തിന്റെതാണ് ഭാവിയെന്നായിരുന്നു ഫ്രാന്‍സ് മാര്‍പ്പാപ്പയുടെ പ്രാരംഭ പ്രഖ്യാപനം. പരസ്പരം പ്രാര്‍ഥിക്കുക, മാനവകുലത്തെ സഹായിക്കാന്‍ സജ്ജരാവുക. ലോകസമാധാനത്തിനു ഇരട്ടച്ചിറകു വേണം. നീതിയും കരുതലുമാണത്. ഈ രാജ്യം വിഭവ നിക്ഷേപം മാത്രമല്ല നടത്തുന്നത്. ഹൃദയശുദ്ധിയുള്ള യുവത്വം യു എ ഇയുടെ സമ്പത്താണ്. മരുഭൂമി മഴമേഘങ്ങളെ പുണരുന്ന വിധം ഈ നാട് പുരോഗതി പ്രാപിച്ചു.
സംസ്‌കാരങ്ങളുടെയും മത സമൂഹങ്ങളുടെയും ഊഷ്മളതയില്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. സമാധാനം പരിപാലിക്കുന്നതാണ് ഇമാറാത്തിലെ മതസ്ഥാപനങ്ങള്‍. അര്‍ബുദം പോലെ അക്രമം സമാധാനത്തെ കാര്‍ന്നുതിന്നുമെന്നു മാര്‍പ്പാപ്പ മാനവ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. നീതിയും സമാധാനവും വേര്‍പിരിയുകയില്ല. ആയുധം മതമുതുകുകള്‍ക്ക് ചേര്‍ന്നതുമല്ല. യുദ്ധത്തിന്റെ ശേഷിപ്പ് ദുരന്തമായിരിക്കുമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി.
മുസ്‌ലിം ലോകത്തിനു ഗതകാല സ്മരണ സമ്മാനിച്ച സാഹോദര്യ ഉടമ്പടി
സാംസ്‌കാരിക സഹവര്‍ത്തിത്വത്തിലൂടെയാണ് ഇസ്‌ലാം സഞ്ചരിച്ചത്. സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷത്തിനായി ഗോത്ര വിഭാഗങ്ങളുമായി മുഹമ്മദ് നബി (സ) രൂപം നല്‍കിയ മദീന കരാര്‍ മുതല്‍ ഹുദൈബിയ സന്ധി വരെ സമാധാനത്തിന്റെ ഭദ്രമായ പാശവും പാഠങ്ങളുമായിരുന്നു. ആധുനിക കാലത്ത് അബൂദബിയില്‍ രൂപംകൊണ്ട മാനവ സാഹോദര്യ ഉടമ്പടിയും പ്രത്യാശയുടെ നവകിരണം ക്രൈസ്തവ, ഇസ്‌ലാം സമുദായങ്ങളിലേക്ക് പ്രകാശിപ്പിക്കുന്നതായി. ന്യൂനപക്ഷങ്ങളോടുള്ള നയനിലപാടുകളിലും അവരോടുള്ള സമീപനത്തിലും എമിറേറ്റ്‌സ് ഒരുപടി മുന്നിലാണ്.
വിവിധ മതസമുദായങ്ങള്‍ക്ക് എഴുപതിലധികം ക്രൈസ്തവ ദേവാലയങ്ങള്‍, ഹൈന്ദവ ക്ഷേത്രം, സിക്ക് ഗുരുദ്വാരയുമുള്ള ഐക്യഎമിറേറ്റുകള്‍ ബഹുസ്വരതയെ മാനിക്കുന്നതില്‍ ലോകത്തിന്റെ നെറുകയിലാണ്. കത്തോലിക്കന്‍ ക്രൈസ്തവര്‍ക്ക് മാത്രം എട്ട് ചര്‍ച്ചുകള്‍ ഈ രാജ്യത്തുണ്ട്.
ദൈവത്തിന്റെ നാമത്തില്‍ എഴുതപ്പെട്ട അബൂദബി ഉടമ്പടി ദരിദ്രരുടെയും നിരാശ്രയരുടെയും വിധവകളുടെയും അഭയാര്‍ഥികളുടെയും അനാഥകളുടെയും പേരിലാണ് പ്രസക്തമായത്. മാനവകുലത്തിന്റെ സമഗ്ര സുരക്ഷയും സമത്വവും സഹവര്‍ത്തിത്വവും ഉടമ്പടി വിഭാവന ചെയ്യുന്നു. നമ്മള്‍, ദൈവത്തിലും വിചാരണയിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിക്കുന്നവരാണെന്ന് ഇരുവരും ഒപ്പിട്ട ഉടമ്പടിയിലുണ്ട്.
രണ്ട് മതാനുയായികളെയും നേതാക്കളെയും അഭിസംബോധന ചെയ്യുന്നതാണ് അബൂദബി ഉടമ്പടി. കുട്ടികളും സ്ത്രീകളും ദുര്‍ബലരും ഭിന്നശേഷിക്കാരും തുടങ്ങി കരുണയുടെയും കരുതലിന്റെയും വലയത്തില്‍ കൊണ്ടുവരേണ്ട പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെല്ലാം ഉടമ്പടിയില്‍ വരുന്നു. ആരാധന, ചിന്ത, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ ദേശ, ഭാഷ, വര്‍ണ ഭേദം കൂടാതെ സാര്‍വത്രികമാക്കുന്നതോടൊപ്പം ബഹുസ്വരത അംഗീകരിക്കാന്‍ മത സമൂഹത്തെ പ്രാപ്തമാക്കുന്നതുമാണ് പ്രസ്തുത ഉടമ്പടി.
മാനവസാഹോദര്യത്തിന്റെസൗന്ദര്യം
അനന്തവും സീമാതീതവുമായ ആത്മഐക്യമാണ് അബൂദബി സമ്മേളനം ലോകത്തിനു കൈമാറിയത്. ഒരു കുടുംബത്തില്‍ നിന്നു പിറവിയെടുത്തവരാണ് മനുഷ്യരെന്ന സനാതന സത്യം ദൃഢീകരിക്കുന്ന ലിഖിതരേഖ.
‘ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ അയച്ചു.’ ‘സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നിയോഗിച്ചു.’ ‘മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ അയച്ചു’ തുടങ്ങിയ ഖുര്‍ആന്‍ പ്രയോഗങ്ങള്‍ സവിശേഷവായന അര്‍ഹിക്കുന്നതാണ്. ആദമില്‍ നിന്നും ജന്മമെടുത്തവരാണ് മനുഷ്യശ്രേണികളിലെ ഓരോ ബിന്ദുവുമെന്നതിനാലാണ് ഉപരി സൂചിത സൂക്തങ്ങളില്‍ ‘സഹോദരന്‍’ എന്ന വിശേഷണമുള്ളതെന്നാണ് വ്യാകരണ പണ്ഡിതന്‍ അബൂഇസ്ഹാഖ് അസ്സുജാജ് സൂചിപ്പിച്ചത്. ജാതിയും ഉച്ചനീചത്വവും ഉരുക്കിക്കളയുന്ന പ്രഖ്യാപനം.
ഖുര്‍ആനിലെ ഇതരസൂക്തങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാല്‍ വിഭാഗീയത കൂടാതെ മനുഷ്യനെ ചേര്‍ത്ത് നിര്‍ത്താന്‍ മനസ്സിന്റെ വാതായനം മനുഷ്യര്‍ക്കായി തുറന്നിടണം. ”ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്ന് നിനക്ക് കാണാം.”
ഭിന്നാഭിപ്രായങ്ങളും വിയോജിപ്പുകളും അംഗീകരിച്ചു കൊണ്ടാണ് ഖുര്‍ആന്‍ ക്രൈസ്തവര്‍ക്ക് സൗഹൃദസുന്ദരമായ ഈ സാക്ഷ്യപത്രം നല്‍കുന്നത്. വരും കാലങ്ങളില്‍ വേദഗ്രന്ഥങ്ങളിലെ മാനവിക മൂല്യങ്ങള്‍ സര്‍വാത്മനാ ലോകം സ്വീകരിക്കുമ്പോള്‍ പ്രബലമതങ്ങളുടെ പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട അബൂദബി ഉടമ്പടി ഉര്‍വരാത്മക അനുഭൂതിയാകും. സഹിഷ്ണുത ജീവിത സംസ്‌കാരമാക്കുന്ന ഈന്തപ്പന നാട്ടിലെ അത്യപൂര്‍വ സംഗമത്തില്‍ നിന്നുയര്‍ന്ന ഹംസഗീതവുമിതാണ്.
Back to Top