മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുമോ സന്തോഷം? ആയിശ സ്റ്റസീ
സന്തോഷമെന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമാണെങ്കിലും ഇതുവരെ ശാസ്ത്രത്തിന് സന്തോഷത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്കാന്‍ കഴിഞ്ഞിട്ടില്ല. സന്തോഷം എന്ന സങ്കല്പം തന്നെ പിടികിട്ടാത്ത ഒന്നാണ്. ഇതൊരു ആശയമാണോ വികാരമാണോ സദ്ഗുണമാണോ തത്വശാസ്ത്രമാണോ ആദര്‍ശമാണോ അതോ കേവലം ജീനുകളിലേക്ക് പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണോ? സര്‍വരാലും അംഗീകരിക്കപ്പെട്ട ഒരു നിര്‍വചനം ഇതിനില്ല. എങ്കിലും പലരും ഇക്കാലത്ത് സന്തോഷത്തിന്റെ വില്പനക്കാരാണ്. മയക്കുമരുന്ന് വില്പനക്കാര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഹോളിവുഡ്, കളിപ്പാട്ട നിര്‍മാണ കമ്പനികള്‍, ആത്മീയ ഗുരുക്കന്മാര്‍, ഭൂമിയിലെ ഏറ്റവും സന്തോഷം നല്കുന്ന സ്ഥലമായ ഡിസ്‌നിയുടെ നിര്‍മാതാക്കള്‍ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. യഥാര്‍ഥത്തില്‍ സന്തോഷം വാങ്ങാന്‍ കഴിയുമോ? പണവും പ്രശസ്തിയും കൊണ്ടോ നീണ്ട വിനോദവേളകള്‍ കൊണ്ടോ ഏറ്റവും ഉയര്‍ന്ന അളവിലുള്ള സന്തോഷം ലഭിക്കുമോ? പാശ്ചാത്യചിന്തയില്‍ സന്തോഷത്തിനുണ്ടായ ക്രമപ്രവൃദ്ധമായ വികാസവും നിലവില്‍ പാശ്ചാത്യലോകം സന്തോഷത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നും പരിശോധിക്കാം.
സന്തോഷത്തിന്റെ പരിണാമം പാശ്ചാത്യചിന്തയില്‍
യേശു പറഞ്ഞതായി പറയപ്പെടുന്ന ”ഇത് നിങ്ങള്‍ ദു:ഖിക്കേണ്ട സമയമാണ്, ഞാന്‍ നിങ്ങളെ വീണ്ടും കാണും അപ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. ആരും നിങ്ങളുടെ സന്തോഷം എടുത്തുകൊണ്ടുപോവുകയില്ല” (യോഹന്നാന്‍ 16:22) എന്ന വചനത്തെ അടിസ്ഥാനമാക്കിയായിരുന്നു സന്തോഷത്തെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാട്. നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ സന്തോഷത്തെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടിന് വികാസമുണ്ടായി. ദി സിറ്റി ഓഫ് ഗോഡ് എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കപ്പെട്ട പോലെ ഏദന്‍ തോട്ടത്തില്‍ വെച്ച് ആദവും ഹവ്വയും ആദിപാപം ചെയ്തതിനാല്‍ യഥാര്‍ഥ സന്തോഷം ”ഈ ജീവിതത്തില്‍ നേടാനാവാത്തതാണ്” എന്ന സെന്റ് അഗസ്റ്റിന്റെ അധ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള പാപത്തിന്റെ ദൈവശാസ്ത്രമാണ് പിന്നീട് പിന്തുടരപ്പെട്ടത്.
യൂറോപ്പിന്റെയും അമേരിക്കയുടെയും സന്തോഷത്തെക്കുറിച്ചുള്ള ഒരു നൂറ്റാണ്ടുകാലത്തെ ചിന്തയെ സംഗ്രഹിച്ചുകൊണ്ട് 1776-ല്‍ തോമസ് ജെഫേഴ്‌സണ്‍ എഴുതി: ”സന്തോഷം തേടല്‍ ഒരു സ്വതസിദ്ധമായ യാഥാര്‍ഥ്യമാണ്. സന്തോഷം എന്ന യാഥാര്‍ഥ്യം തെളിവാവശ്യമില്ലാത്തവിധം സ്വയം പ്രത്യക്ഷമായിരുന്നു. കഴിയുന്നത്ര ആളുകള്‍ക്ക് കഴിയുന്നത്ര സന്തോഷം ലഭ്യമാക്കുക എന്നത് നൂറ്റാണ്ടിന്റെ ധാര്‍മികമായ അനിവാര്യതയായിത്തീര്‍ന്നിരുന്നു . എന്നാല്‍ സന്തോഷം തേടല്‍ എത്രമാത്രം സ്വയം പ്രത്യക്ഷമായിരുന്നു. സ്വാഭാവികമായി നാം ഉദ്ദേശിച്ച ലക്ഷ്യം സന്തോഷമാണെന്ന് യഥാര്‍ഥത്തില്‍ അത്ര വ്യക്തമായിരുന്നോ?”
ഇഹലോകത്തെ യാത്രയില്‍ മനുഷ്യര്‍ സന്തോഷം തേടി. പക്ഷേ, അത് ലഭിച്ചോ എന്നതിനെക്കുറിച്ച് അവര്‍ സംശയാലുക്കളായിരുന്നു എന്ന ആശയത്തെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നുണ്ട്. മറ്റൊരിടത്ത് ജെഫേഴ്‌സണ്‍ തന്നെ സന്തോഷം തേടിയുള്ള യാത്ര തൃപ്തികരമായ പരിസമാപ്തിയില്‍ എന്നെങ്കിലും എത്തുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.
”തന്റെ സൃഷ്ടികള്‍ക്ക് പൂര്‍ണമായ സന്തോഷം ലഭിക്കാന്‍ ഭാഗ്യം ലഭിക്കുക എന്ന് ദൈവം ഉദ്ദേശിച്ചിരിക്കില്ല” എന്നും ”നമ്മിലെ മഹാഭാഗ്യശാലികളും ജീവിതയാത്രയില്‍ പലപ്പോഴും ദുരന്തങ്ങളും അനിഷ്ട സ്വഭാവങ്ങളും നേരിടേണ്ടി വന്നേക്കാം” എന്നും ഈ ദുരന്തങ്ങളെ അഭിമുഖീകരിക്കത്തക്കവണ്ണം നമ്മുടെ മനസ്സുകളെ ബലപ്പെടുത്തുക എന്നത് നമ്മുടെ ജീവിതങ്ങളുടെ പ്രധാന ഉദ്ദേശ്യവും പഠനവുമായിരിക്കണം” എന്നും 1763-ലെഴുതിയ ഒരു കത്തില്‍ ജെഫെഴ്‌സന്‍ സൂചിപ്പിക്കുന്നുണ്ട്. ”ദൈവമെന്നാല്‍ സന്തോഷം തന്നെയാണ്” എന്ന് അഞ്ചാം നൂറ്റാണ്ടില്‍ ബൊയിത്തിയസ് അവകാശപ്പെട്ടിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും ‘സന്തോഷമാണ് ദൈവം’ എന്നായി മാറി സൂത്രവാക്യം. ആളുകളുടെ ആരാധനാപാത്രവും നിലനില്പിന്റെ ഉദ്ദേശ്യവും കാരണവും ഭൂമിയിലെ സന്തോഷമായി മാറി. ഫ്രോയിഡ് പറഞ്ഞപോലെ, ‘സ്രഷ്ടാവിന്റെ പ്ലാനില്‍’ സന്തോഷം ഉണ്ടായിരുന്നില്ലെങ്കില്‍ ജനാധിപത്യവും ഭൗതികവാദവുമായി അതുല്പാദിപ്പിക്കാനും ഉപയോഗിക്കാനും കയറ്റിയയയ്ക്കാനും ഒരുക്കമുള്ളവര്‍ ഇവിടെ ഉണ്ടായിരുന്നു. തത്വചിന്തകനായ പാസ്‌ക്കല്‍ ബ്രക്‌നര്‍ നിരീക്ഷിച്ചതു പോലെ ‘നമ്മുടെ വര്‍ത്തമാനകാല ജനാധിപത്യരാജ്യങ്ങളുടെ ഏക ചക്രവാളം സന്തോഷം ആയി.’ മതത്തിനുപകരം ഭൗതികവാദം ദൈവത്തെ ഷോപ്പിംഗ് മാളില്‍ പ്രതിഷ്ഠിച്ചു.
സന്തോഷം പാശ്ചാത്യസംസ്‌കാരത്തില്‍
സമ്പന്നനും അധികാരമുള്ളവനും ജനസമ്മതിയുമുള്ളവനുമാകുമ്പോള്‍ സന്തോഷം നേടാനാവുമെന്നാണ് നമ്മുടെ സംസ്‌കാരത്തില്‍ പൊതുവെ വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് ചെറുപ്പക്കാരും ചെറുപ്പക്കാരികളും ജനപ്രീതിയുള്ള പോപ് സ്റ്റാറുകളാവുന്നതും മുതിര്‍ന്നവര്‍ ജാക്‌പോട്ടടിക്കുന്നതും സ്വപ്‌നം കാണുന്നു. എല്ലാ ബുദ്ധിമുട്ടും ദു:ഖവും അസ്വസ്ഥതകളും നീക്കം ചെയ്ത് സന്തോഷം നേടാന്‍ നാം ശ്രമിക്കുന്നു. ചിലര്‍ മൂഡ് മാറ്റുന്ന ചികിത്സയ്ക്ക് വിധേയരായി സന്തോഷത്തിലേക്ക് കുറുക്കു വഴി കണ്ടെത്തുന്നു. അമേരിക്കക്കാരുടെ രോഗചികിത്സാ സുവിശേഷത്തെക്കുറിച്ച് ചരിത്രകാരനായ മോസ്‌കോവിറ്റ്‌സ് പറയുന്നു: ”ഇന്ന് ഈ ഒഴിയാബാധയ്ക്ക് അതിരുകളില്ല. അമേരിക്കയില്‍ വിവിധ തരത്തിലുള്ള 260 ലധികം 12 പടികളുള്ള പരിപാടികളുണ്ട്.”
സന്തോഷം നേടാന്‍ നാമിത്ര എടങ്ങേറാകുന്നത് സന്തോഷം എന്താണെന്ന് നമുക്കറിയാത്തതു കൊണ്ടാണ്. അതിന്റെ ഫലമായി നാം ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങളിലെത്തുന്നു. സന്തോഷവും തീരുമാനവും തമ്മിലുള്ള ബന്ധത്തെ ഉദാഹരിക്കുന്ന ഒരു കഥയുണ്ട്.
”ഓ, മഹാജ്ഞാനി, നസ്‌റുദ്ദീന്‍” -ആകാംക്ഷയോടെ ഒരു വിദ്യാര്‍ഥി പറഞ്ഞു.
”നാമെല്ലാവരും ഉത്തരം തേടുന്ന വളരെ പ്രധാനപ്പെട്ടൊരു ചോദ്യം ഞാന്‍ നിങ്ങളോടു ചോദിക്കാം: സന്തോഷത്തിന്റെ രഹസ്യമെന്താണ്?”
അല്പനേരം ചിന്തിച്ചശേഷം നസ്‌റുദ്ദീന്‍ പ്രതികരിച്ചു: ”ശരിയായ തീരുമാനത്തിലെത്തലാണ് സന്തോഷത്തിന്റെ രഹസ്യം.”
”പക്ഷേ, നാമെങ്ങനെയാണ് ശരിയായ തീരുമാനത്തിലെത്തുക?” -വിദ്യാര്‍ഥിക്ക് വീണ്ടും സംശയം.
”അനുഭവത്തില്‍ നിന്ന്” -നസ്‌റുദ്ദീന്‍ പറഞ്ഞു.
”എങ്ങനെയാണ് നമുക്ക് അനുഭവം നേടാനാവുക?”
”തെറ്റായ തീരുമാനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്!” -നസ്‌റുദ്ദീന്‍ പ്രതികരിച്ചു.
കേവലം ഭൗതികമായ സുഖസൗകര്യങ്ങള്‍ നീണ്ടുനില്ക്കുന്ന സന്തോഷം തരില്ല എന്നറിയലാണ് ശരിയായ തീര്‍പ്പിന് ഒരു ഉദാഹരണം. അത്തരമൊരു തീരുമാനത്തിലെത്തിയ ശേഷം നാം നമ്മുടെ സുഖസൗകര്യങ്ങളിലേക്ക് ഉള്‍വലിയുന്നില്ല. നമുക്കെത്തിപ്പിടിക്കാനാവാത്ത സന്തോഷത്തിനായി നാം വീണ്ടും പരിശ്രമിക്കുന്നു. സന്തോഷം നേടാനുള്ള വഴി സമ്പത്താണെന്ന് കരുതി, കുടുംബത്തെ അവഗണിച്ചുകൊണ്ട്, നാം കൂടുതല്‍ സമ്പത്തുണ്ടാക്കുന്നു. നമ്മുടെ ഒട്ടുമിക്ക സ്വപ്‌നപദ്ധതികളും നാം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ അളവിലേ സന്തോഷം നല്കുന്നുള്ളൂ. നാം പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചു സന്തോഷമേ ലഭിക്കുന്നുള്ളൂ എന്ന് മാത്രമല്ല, നമ്മെ സന്തോഷിപ്പിക്കുന്നതെന്താണെന്നും നമുക്കതെങ്ങനെ നേടാനാവുമെന്നും പലപ്പോഴും നാം കൃത്യമായറിയില്ല. നാം തെറ്റായ തീര്‍പ്പിലെത്തുന്നു.
‘ഉണ്ടാക്കുന്ന’ സന്തോഷം നിലനില്‍ക്കണമെന്നില്ല. ഒരാള്‍ വിരല്‍ നൊടിക്കുന്നതു വഴി നിങ്ങള്‍ക്ക് പ്രശസ്തിയും സമ്പത്തും സൗകര്യങ്ങളും ലഭിച്ചെന്നു കരുതുക. നിങ്ങള്‍ സന്തോഷവാന്മാരായിരിക്കുമോ? കുറച്ചുനാളത്തേക്ക് നിങ്ങള്‍ അത്യാഹ്ലാദമുള്ളവരായിരിക്കും. ക്രമേണ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. സമ്മിശ്ര വികാരങ്ങളുടെതായ സാധാരണ ജീവിതത്തിലേക്കു നിങ്ങള്‍ തിരിച്ചെത്തും. വലിയ തുക ലോട്ടറിയടിച്ചവര്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഒരു സാധാരണക്കാരനായ വ്യക്തിയേക്കാളും സന്തോഷവാനല്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സന്തോഷം വീണ്ടെടുക്കാന്‍ കൂടുതല്‍ സന്തോഷം നല്കുന്ന മറ്റെന്തെങ്കിലും അപ്പോഴവര്‍ക്ക് വേണ്ടിവരുന്നു.
നാമെങ്ങനെയാണ് ‘സന്തോഷമുണ്ടാക്കിയത്’ എന്ന് നോക്കുക. 1957ല്‍ ഇന്നത്തെ ഡോളറിന്റെ മൂല്യം വെച്ചുനോക്കിയാല്‍ 8000 അമേരിക്കന്‍ ഡോളറില്‍ താഴെയായിരുന്നു ഒരു വ്യക്തിയുടെ വരുമാനം. ഇന്ന് 16000 അമേരിക്കന്‍ ഡോളറാണ് വ്യക്തിഗത വരുമാനം. ഇരട്ടിച്ച വരുമാനം കൊണ്ട് സുഖസൗകര്യങ്ങള്‍ നല്കുന്ന ഇരട്ടി സാധനങ്ങള്‍ നാം സ്വന്തമാക്കി. വാഹനസൗകര്യം അധികരിച്ചു. മൈക്രോവേവ് ഓവനുകള്‍, കളര്‍ ടിവികള്‍, ഉത്തരം നല്കുന്ന മെഷീനുകള്‍ (മിംെലൃശിഴ ാമരവശില)െ, ഒരു വര്‍ഷം പന്ത്രണ്ട് ബില്യന്‍ ഡോളറിന്റെ വിലമതിക്കുന്ന അത്‌ലറ്റിക് ഷൂസുകള്‍ എന്നിവ നമുക്കുണ്ട്.
എന്നാല്‍ നാം കൂടുതല്‍ സന്തോഷവാന്മാര്‍/സന്തോഷവതികള്‍ ആണോ? അല്ല. 1957ല്‍ 35 ശതമാനം അമേരിക്കക്കാര്‍ ‘വളരെ സന്തോഷവാന്മാരാണെന്ന്’ നാഷണല്‍ ഒപിനിയന്‍ റിസേര്‍ച്ച് സെന്ററിനോടു പറഞ്ഞു. 1991ല്‍ 31 ശതമാനം പേര്‍ മാത്രമാണ് ഇതേ അഭിപ്രായം പറഞ്ഞത്. അതേസമയം വിഷാദരോഗികളുടെ നിരക്ക് കുതിച്ചുയര്‍ന്നു. പ്രവാചകന്‍(സ) പറഞ്ഞു: ”ഏറെ ഭൗതിക സമ്പത്താര്‍ജിക്കുന്നതല്ല ആത്മാവിന്റെ (മനസ്സിന്റെ) സമ്പന്നതയാണ് യഥാര്‍ഥ സമ്പന്നത.”
സന്തോഷവും ശാസ്ത്രവും
സന്തോഷകരമായ അല്ലെങ്കില്‍ തൃപ്തികരമായ അനുഭവത്തെയാണ്, നല്ല തൃപ്തികരമായ അവസ്ഥയെയാണ് സന്തോഷം എന്ന് മെറിയം വെബ്സ്റ്റര്‍ ഓണ്‍ലൈന്‍ ഡിക്ഷ്ണറി നിര്‍വചിക്കുന്നത്. നല്ല ജീവിതത്തെയാണ് സന്തോഷമുള്ള ജീവിതമെന്ന് ചില തത്വചിന്തകന്മാര്‍ നിര്‍വചിക്കുന്നത്. അത്യാഹ്ലാദമോ സംതൃപ്തിയോ അനുഭവപ്പെടുന്ന അവസ്ഥയെയും സന്തോഷം എന്ന് നിര്‍വചിക്കാറുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ലോകത്തെമ്പാടുമുള്ള മനശ്ശാസ്ത്രജ്ഞരും ഗവേഷകരും യഥാര്‍ഥത്തില്‍ മനുഷ്യരെ സന്തോഷവാന്മാരാക്കുന്നത് എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പണം, സമീപനം, സംസ്‌കാരം, ഓര്‍മശക്തി, ആരോഗ്യം, പരോപകാര ശീലം എന്നിവയാണോ നമ്മെ സന്തോഷവാന്മാരാക്കുന്നത്? പുതിയ പഠനങ്ങള്‍ പറയുന്നത് പ്രവൃത്തികള്‍ക്ക് നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയുമെന്നാണ്. യെസ് മാഗസിന്‍ എന്ന പ്രസിദ്ധീകരണം നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങളുടെ ഒരു പട്ടിക പുറത്തിറക്കുകയുണ്ടായി. അത്ഭുതമെന്നു പറയട്ടെ, അല്ലാഹുവും അവന്റെ ദൂതന്‍ മുഹമ്മദ്(സ)യും നമ്മെ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചുവോ അതുമായി തീര്‍ത്തും ഒത്തുപോകുന്നതാണ് ആ മാഗസിന്‍ പുറത്തിറക്കിയ ലിസ്റ്റും. സന്തോഷം വര്‍ധിപ്പിക്കാന്‍ വേണ്ടി ‘ശാസ്ത്രീയമായി’ തെളിയിക്കപ്പെട്ട ഏഴു വഴികള്‍ ഇവയാണ്.
1). താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കുക. സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റായ സോന്‍ജ ല്യൂബോമിര്‍സ്‌കിയുടെ അഭിപ്രായത്തില്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിനു പകരം നമ്മുടെ തന്നെ വ്യക്തിപരമായ നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ നമുക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കും. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്റെ രക്ഷിതാവ് നല്കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്ക്കുന്നതും.” (20:131)
2). അത്ര സന്തോഷമുള്ള അവസ്ഥയിലല്ലെങ്കിലും പുഞ്ചിരിക്കുക. ഡീസ്‌നറും ബിസ്‌വാസ് ഡീസ്‌നറും പറയുന്നു: ”സന്തോഷവാന്മാര്‍ സാധ്യതകളും അവസരങ്ങളും വിജയവും കാണുന്നു. ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തോടെയായിരിക്കും അവര്‍ ചിന്തിക്കുക. കഴിഞ്ഞ കാലത്തെ നിരൂപണം ചെയ്യുമ്പോള്‍ അതിലെ സന്തോഷാവസരങ്ങളെയായിരിക്കും അവരോര്‍ക്കുക. പ്രവാചകന്‍ മുഹമ്മദ് നബി(സ) പറഞ്ഞു: ”ഒരു നന്മയെയും ചെറുതായിക്കാണരുത്. നിന്റെ സഹോദരനെ പുഞ്ചിരിയോടെ അഭിമുഖീകരിക്കുന്നതുപോലും.” ”നിന്റെ സഹോദരന്റെ മുഖത്തു നോക്കിയുള്ള പുഞ്ചിരി നിന്നില്‍ നിന്നുള്ള ദാനമാണ്.” ഒരു സ്വഹാബി പറഞ്ഞു: ”ഞാന്‍ ഇസ്‌ലാം സ്വീകരിച്ച നാള്‍ മുതല്‍ ഇന്നുവരെ പുഞ്ചിരിയോടെയല്ലാതെ പ്രവാചകന്‍(സ) എന്നെ അഭിമുഖീകരിച്ചിട്ടില്ല.” പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് ഇബ്‌നുബാസ് പറഞ്ഞു: ”അനുഗ്രഹീതമായ ഫലങ്ങള്‍ക്ക് കാരണമാകുന്ന സദ്ഗുണത്തെ സൂചിപ്പിക്കുന്നു പുഞ്ചിരിക്കുന്ന മുഖം. പുഞ്ചിരിക്കുന്ന ആളുടെ ഹൃദയത്തില്‍ വിദ്വേഷമില്ലെന്ന് പുഞ്ചിരി സൂചിപ്പിക്കുന്നു. ആളുകള്‍ക്കിടയിലുള്ള സ്‌നേഹം വര്‍ധിക്കാനിത് കാരണമാകും.”
3). പുറത്തിറങ്ങി വ്യായാമം ചെയ്യുക. വിഷാദമകറ്റാന്‍ മരുന്നിനോളം ഫലപ്രദമാണ് വ്യായാമവും എന്നാണ് ഡ്യൂക് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനം തെളിയിക്കുന്നത്. നബി(സ) പറഞ്ഞു: ”ദുര്‍ബലനായ വിശ്വാസിയെക്കാള്‍ കരുത്തനായ വിശ്വാസിയാണ് ഉത്തമനും അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുള്ളവനും.” വിശ്വാസവും സത്‌സ്വഭാവവും മാത്രമല്ല, നല്ല ആരോഗ്യവും ഫിറ്റ്‌നസും സത്യവിശ്വാസിയുടെ ഗുണങ്ങളായാണ് പ്രവാചകന്‍(സ) പരിഗണിച്ചത്.
4). സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനിര്‍ത്തുക. ഡീസ്‌നെറും ബിസ്‌വാസ് ഡിസ്‌നെറും പറയുന്നു: സന്തോഷവാന്മാര്‍ക്ക് നല്ല കുടുംബവും കൂട്ടുകാരും സഹായിക്കുന്ന ബന്ധങ്ങളുമുണ്ടാകും.” നമുക്കു വേണ്ടത് കേവല ബന്ധങ്ങളല്ല, മനസ്സിലാക്കുകയും പരിഗണന നല്കുകയും ചെയ്യുന്ന അടുത്ത ബന്ധങ്ങളാണ്. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉള്‍പ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല” (4:36). നബി(സ) പറഞ്ഞു: ”ഇഹലോക ജീവിതത്തില്‍ ഒരു വിശ്വാസിക്ക് സന്തോഷം ലഭ്യമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് നല്ല അയല്‍വാസി, വിശാലതയുള്ള വീട്, നല്ലൊരു പടക്കുതിര.” കുടുംബ-അയല്‍പക്ക ബന്ധങ്ങള്‍ക്കും മറ്റു സാമൂഹ്യ ബന്ധങ്ങള്‍ക്കും ഇസ്‌ലാം വളരെ പ്രാധാന്യം കല്പിക്കുന്നു.
5). ആത്മാര്‍ഥമായി നന്ദി പറയുക. എഴുത്തുകാരനായ റോബര്‍ട്ട് എമ്മൊണ്‍സിന്റെ അഭിപ്രായത്തില്‍ തനിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ആഴ്ചതോറും ഗ്രാറ്റിറ്റിയൂഡ് ജേര്‍ണലുകളില്‍ കുറിച്ചിടുന്നവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും കൂടുതല്‍ ആത്മവിശ്വാസമുള്ളവരും വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നവരുമാണ്. ഏതവസ്ഥയിലും -നാം അനുഗ്രഹമായി കാണുന്ന അവസ്ഥയില്‍ മാത്രമല്ല -സംതൃപ്തിയോടെ സന്തോഷത്തോടെ ദൈവത്തോട് നന്ദിയുള്ളവനായിരിക്കുക എന്നത് ഇസ്‌ലാമികാധ്യാപനങ്ങളുടെ കാമ്പാണ്. നാമേതവസ്ഥയിലായിരുന്നാലും ദൈവികാധ്യാപനങ്ങള്‍ പിന്തുടരുന്നത് നല്ലതായിരിക്കും. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദി കാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്” (2:152). ”നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭവും (ശ്രദ്ധേയമത്രെ.)” (14:7)
6). ദാനം നല്കുക. പരോപകാര ശീലവും ദാനശീലവും ജീവിതത്തിന്റെ ഭാഗമാക്കുക. ഗവേഷകനായ സ്റ്റീഫന്‍ പോസ്റ്റ് പറയുന്നു: ”അയല്‍വാസിയെ സഹായിക്കല്‍, സേവന പ്രവര്‍ത്തനങ്ങള്‍, സാധനങ്ങള്‍ ദാനം ചെയ്യല്‍ എന്നിവ ഉയര്‍ന്ന സഹായമനസ്‌കതയിലെത്തിക്കും. വ്യായാമത്തില്‍ നിന്നോ പുകവലിയുപേക്ഷിക്കുന്നതില്‍ നിന്നോ ലഭിക്കുന്നതിനേക്കാള്‍ ആരോഗ്യത്തിന് പ്രയോജനം ലഭിക്കുക ഇത്തരം കര്‍മങ്ങളില്‍ നിന്നാണ്.” കുടുംബത്തിനും കൂട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും അപരിചിതര്‍ക്കും എന്തിന് ശത്രുവിനു പോലും ഉദാരമായി നല്കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ഖുര്‍ആനിലും നബിവചനത്തിലും ഇത് പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. ”നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്കുന്നതാണ്. അവന്‍ ഉപജീവനം നല്കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ” (വി.ഖു 34:39). പ്രവാചകന്റെ അടുത്തുവന്ന് ആളുകള്‍ ചോദിച്ചു: ”ഒരാളുടെ പക്കല്‍ നല്കാനൊന്നുമില്ലെങ്കില്‍ അയാളെന്തുചെയ്യും?” പ്രവാചകന്‍(സ) പറഞ്ഞു: ”അവന്‍ സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ച് അതില്‍ നിന്ന് തനിക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ചെലവു ചെയ്യണം. ആളുകള്‍ വീണ്ടും ചോദിച്ചു: ”അവന് അതിനും കഴിവില്ലെങ്കിലോ?” പ്രവാചകന്‍(സ) പറഞ്ഞു: ”സഹായം ചോദിക്കുന്നവരെ സഹായിക്കണം.” അപ്പോഴാളുകള്‍ ചോദിച്ചു: ”അതവനു ചെയ്യാന്‍ കഴിയില്ലെങ്കിലോ?” പ്രവാചകന്‍ പ്രതിവചിച്ചു: ”എങ്കിലവന്‍ നല്ല കാര്യങ്ങള്‍ ചെയ്യുകയും തെറ്റായ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യണം. ഇതവനില്‍ നിന്നുള്ള ദാനമായി കണക്കാക്കും.”
7). മുന്‍ഗണനാ ക്രമത്തിന്റെ ലിസ്റ്റില്‍ പണത്തിന് താഴ്ന്ന സ്ഥാനം നല്കുക. ഗവേഷകരായ ടിം കാസ്സെറിന്റെയും റിച്ചാര്‍ഡ് റ്യാനിന്റെയും അഭിപ്രായത്തില്‍ പണത്തിന് മുന്‍ഗണനാക്രമപ്പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നല്കുന്നവര്‍ക്ക് വിഷാദം, ഉത്കണ്ഠ, ആത്മാഭിമാനക്കുറവ് എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങള്‍ ദരിദ്രരാകുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു ലഭിച്ച പോലെ നിങ്ങള്‍ക്കും ഭൗതിക സമ്പത്ത് ലഭിക്കുന്നതിനെയാണ്. നിങ്ങള്‍ പരസ്പരം അതിന്റെ പേരില്‍ മത്സരിക്കും. നിങ്ങള്‍ക്കു മുമ്പുള്ളവരെപ്പോലെ. അവരെ നശിപ്പിച്ചതുപോലെ അത് നിങ്ങളെയും നശിപ്പിക്കും.” അത്യാഹ്ലാദം മാത്രമല്ല, സംതൃപ്തിയും സന്തോഷത്തില്‍ പെടുന്നതാണ്.
ആരാധനയിലൂടെ സന്തോഷം കണ്ടെത്താം
കേവല മതമല്ല, സമ്പൂര്‍ണ പദ്ധതിയാണ് ഇസ്‌ലാം. ഇസ്‌ലാമികാധ്യാപനങ്ങളുടെ പരിധിയില്‍ വരാത്ത തീരെ ചെറുതോ ഏറെ വലുതോ ആയ ഒരു കാര്യവുമില്ല. സന്തോഷിക്കുക, സന്തോഷവാനായിരിക്കുക, പോസിറ്റീവായി സമാധാനത്തില്‍ നിലകൊള്ളുക. ഖുര്‍ആനിലൂടെയും പ്രവാചക വചനങ്ങളിലൂടെയും ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നതതാണ്. ദൈവത്തിന്റെ ഓരോ കല്പനയും വ്യക്തികള്‍ക്ക് സന്തോഷം ലഭ്യമാക്കുന്നവയാണ്. സമൂഹം, സമ്പത്ത്, ആരാധന തുടങ്ങിയ ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാണ്. ഖുര്‍ആന്‍ പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന് നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്കുകയും ചെയ്യും” (16:97).
നമ്മിലേറെ പേരും മനസ്സിലാക്കിയ പോലെ സംതൃപ്തിയെയും സമാധാനത്തെയും വലയം ചെയ്തിരിക്കുന്ന സ്വര്‍ഗീയമായ ഗുണമാണ് സന്തോഷം എന്നത്. നമ്മുടെ ചുണ്ടുകളിലും മുഖങ്ങളിലും ഹൃദയങ്ങളിലും പുഞ്ചിരി വിടര്‍ത്തുന്നത് സന്തോഷമാണ്. സന്തോഷം ദൈവവിശ്വാസത്തെയും ദൈവത്തിന് കീഴൊതുങ്ങുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ദൈവത്തെ അറിയുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്തെ ഇസ്‌ലാമികമായ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇഹലോകജീവിതത്തില്‍ ഇവ മനുഷ്യന് സന്തോഷം നല്‍കുന്നു. പരലോക വിജയം നേടാനുള്ള വഴിയെന്നതിലുരി മറ്റൊന്നുമല്ല ഇഹലോകജീവിതമെന്നുകൂടി ഇസ്‌ലാം പഠിപ്പിക്കുന്നു. അനശ്വരമായ സന്തോഷത്തിന് കാത്തുനില്ക്കുമ്പോള്‍ തന്നെ ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് വഴി ഇഹലോകത്ത് സന്തോഷവാനായി ജീവിക്കാന്‍ കഴിയും.
സന്തോഷം കിട്ടാന്‍വേണ്ടി ആളുകള്‍ ചിലപ്പോഴൊക്കെ കുഴപ്പം പിടിച്ച വഴികള്‍ പിന്തുടരാന്‍ ശ്രമിക്കാറുണ്ട്. സന്തോഷം ലഭ്യമാകാന്‍ എളുപ്പമുള്ള വഴിയായ ഇസ്‌ലാമിനെ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. സത്യത്തിന്റെ പാതയില്‍ നിലകൊള്ളുമ്പോഴുണ്ടാകുന്ന ആശ്വാസത്തില്‍ നിന്ന് സന്തോഷം ലഭിക്കും. ആത്മാര്‍ഥതയോടെ ചെയ്യുന്ന ആരാധനകള്‍, സുന്ദരവും ഉത്കൃഷ്ടവും നല്ലതുമായ പ്രവൃത്തികള്‍, കാരുണ്യപ്രവര്‍ത്തനങ്ങള്‍, ദാനശീലം എന്നിവയില്‍ നിന്ന് സന്തോഷം ലഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതവസ്ഥയിലും എല്ലാ ദിവസവും നമ്മെ സന്തോഷവാനായി നിലനിര്‍ത്താനുള്ള കഴിവുണ്ട്. ദൈവത്തെ തൃപ്തിപ്പെടുത്താനുദ്ദേശിച്ച് ചെയ്യുന്ന എത്ര ചെറിയ ദാനവും നിങ്ങളുടെ മുഖത്ത് പുഞ്ചിരിയും ഹൃദയത്തില്‍ സന്തോഷവും കൊണ്ടുവരും. ”അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്കി. ഇനി അതിന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.” (വി.ഖു 2:265)
പ്രവാചകന്‍(സ) പറഞ്ഞു: ”വിശ്വാസിയുടെ കാര്യങ്ങള്‍ എത്ര അത്ഭുതകരമാണ്. അവയെല്ലാം അവന് ഗുണമായി ഭവിക്കുന്നു. അവനെന്തെങ്കിലും ഗുണം ലഭിക്കുമ്പോള്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അതവന് നന്മയായി ഭവിക്കുന്നു. അവനെന്തെങ്കിലും പരീക്ഷണം നേരിടുമ്പോള്‍ ക്ഷമിക്കുന്നു. അതുമവന് നന്മയായി ഭവിക്കുന്നു.” വലിയ സന്തോഷത്തിനിടയില്‍ വലിയ ദു:ഖവും വലിയ വേദനയ്ക്കും നിരാശയ്ക്കുമിടയില്‍ വലിയ സന്തോഷവും മനുഷ്യജീവിതത്തിന്റെ സ്വഭാവമാണ്. ദൈവിക വിധിയെ സ്വീകരിച്ചുകൊണ്ട് പൂര്‍ണമായ നിരാശയില്‍ നിന്നും താങ്ങാനാവാത്ത ദു:ഖത്തില്‍ നിന്നും മോചിതനായി സന്തോഷവാനായി ജീവിക്കുന്നവനായിരിക്കും വിശ്വാസി. മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമില്‍ ഉത്തരമുണ്ട്. സ്വന്തം സുഖസൗകര്യങ്ങള്‍ക്കപ്പുറം നോക്കാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ട് ഇസ്‌ലാം സന്തോഷത്തിലേക്ക് നയിക്കുന്നു.
അനശ്വരമായ ജീവിതത്തിലേക്കുള്ള വഴിയിലെ ക്ഷണികമായ ജീവിതമാണ് ഇഹലോകത്തേതെന്ന് ദൈവീക സ്മരണകളും ഇസ്‌ലാമികാധ്യാപനങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു. ”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്പിച്ചു കൊണ്ടുവരുന്നതുമാണ് (വി.ഖു 20:124). ”തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക” (വി.ഖു 20:14). ദൈവത്തെ അറിഞ്ഞ് ആരാധിക്കലാണ് സന്തോഷത്തിന്റെ താക്കോല്‍. സ്രഷ്ടാവിനെ ഓര്‍ക്കേണ്ട പോലെ ഓര്‍ക്കുകയും ആരാധിക്കേണ്ട പോലെ ആരാധിക്കുകയും ചെയ്യുമ്പോള്‍ ഏതു നിമിഷത്തിലും എത്ര ഇരുട്ടിലും നമുക്ക് ചുറ്റും സന്തോഷം അനുഭവപ്പെടും.
ഒരു കുട്ടിയുടെ പുഞ്ചിരിയിലും ആശ്വസിപ്പിക്കുന്ന കരസ്പര്‍ശനത്തിലും വരണ്ട ഭൂമിയിലേക്ക് പെയ്യുന്ന മഴയിലും വസന്തത്തിന്റെ സുഗന്ധത്തിലും സന്തോഷം അനുഭവപ്പെടും. ദൈവിക കാരുണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണ് ഇവയെന്നതിനാല്‍ ഇവയ്ക്ക് നമ്മുടെ ഹൃദയങ്ങള്‍ക്ക് യഥാര്‍ഥ സന്തോഷം നല്കാന്‍ കഴിയും. ആരാധനയില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും. യഥാര്‍ഥ സന്തോഷം ലഭിക്കുന്നതിന് ദൈവത്തെ അവന്റെ പ്രത്യേകമായ നാമങ്ങളിലും വിശേഷണങ്ങളിലും അറിയാന്‍ കഴിയണം. പ്രയോജനകരമായ അറിവ് തേടുന്നത് സന്തോഷം പ്രദാനം ചെയ്യുന്നു. മാലാഖമാര്‍ വിജ്ഞാനം തേടുന്നവരുടെ രേഖകള്‍ സൂക്ഷിക്കുകയും അവര്‍ക്കുമേല്‍ ചിറകുവിരിക്കുകയും ചെയ്യും. ഇതിനെക്കുറിച്ച ചിന്തപോലും വിശ്വാസിയുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ത്തും. ദൈവസാമീപ്യം നേടാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തെക്കുറിച്ച് നമ്മുടെ സദ്‌വൃത്തരായ മുന്‍ഗാമികള്‍ മനസ്സിലാക്കിയിരുന്നു.
പ്രമുഖ പണ്ഡിതനായിരുന്ന ഇബ്‌നുതൈമിയ്യ(റ) ഒരിക്കല്‍ പറഞ്ഞു: ”ഞാനൊരിക്കല്‍ രോഗിയായപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു, വായനയും വൈജ്ഞാനിക പ്രഭാഷണങ്ങളും എന്റെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന്. ആത്മാവ് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോള്‍ അസുഖം ഭേദമാവുകയും ശരീരത്തിന് കരുത്തുണ്ടാവുകയും ചെയ്യുകയില്ലേ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. ‘അതെ’ എന്ന ഉത്തരമാണദ്ദേഹം നല്കിയത്. അറിവ് ശക്തിയും ആശ്വാസവും സന്തോഷവുമാണ് എന്റെ ആത്മാവിന് നല്കുന്നതെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു.”
അനശ്വരമായ സ്വര്‍ഗീയ ജീവിതത്തില്‍ മാത്രമാണ് നമുക്ക് പൂര്‍ണസന്തോഷം ലഭിക്കുക. അവിടെ മാത്രമാണ് സുരക്ഷിതത്വവും മനശ്ശാന്തിയും സമാധാനവും പൂര്‍ണമായ അളവില്‍ നമുക്ക് ലഭ്യമാവുക. എങ്കിലും അപൂര്‍ണ മനുഷ്യരായ നമ്മെ ഇഹലോകജീവിതത്തിലും സന്തോഷം തേടാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ദൈവത്തിന് പങ്കാളികളെ സങ്കല്പിക്കാതെ, അവനെ മാത്രം ആരാധിച്ച് അവന്റെ തൃപ്തി നേടലാണ് ഇഹലോകത്തും പരലോകത്തും സന്തോഷം ലഭ്യമാകാനുള്ള വഴി. ”നാഥാ! ഞങ്ങള്‍ക്കു നീ ഇഹലോകത്ത് നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ! നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ഥിക്കുന്ന ചിലരും ജനങ്ങളിലുണ്ട് (വി.ഖു 2:201)