22 Sunday
December 2024
2024 December 22
1446 Joumada II 20

മാന്യമാകട്ടെ നമ്മുടെ കല്യാണങ്ങള്‍ – ശംസുദ്ദീന്‍ പാലക്കോട്

”സമൂഹത്തിന്റെ മുകള്‍ തട്ടിലുള്ളവര്‍ ചില കാര്യങ്ങള്‍ ഓര്‍മിച്ചാല്‍ നന്ന്. അവരെ കണ്ടാണ് മറ്റുള്ളവരും പഠിക്കുന്നത്. കല്യാണത്തിന് ലക്ഷങ്ങളെടുത്ത് പൊടിക്കുമ്പോള്‍ ഇടത്തരക്കാരും പാവങ്ങള്‍ പോലും കുറെയൊക്കെ അവരെപ്പോലെയാകാന്‍ ശ്രമിക്കുന്നു. പെണ്ണിന് വിലയില്ലാതാകുന്നു. തറവാട് വിറ്റും കടമെടുത്തും കൈക്കൂലി വാങ്ങിച്ചും കള്ളപ്പണമുണ്ടാക്കിയും ഓരോരുത്തരും പെണ്‍മക്കളെ സംബന്ധിച്ച് ബാധ്യത ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുംബങ്ങളുടെ നടുവൊടിയുകയും ശരിയും തെറ്റുമെന്ന വിവേചനം അപ്രത്യക്ഷമാവുകയുമാണ്. മുകളില്‍ മിതത്വവും മര്യാദയുമുണ്ടെങ്കില്‍ മാത്രമേ താഴത്തേക്കും അത് വ്യാപിക്കുകയുള്ളൂ. ആളുകൂടുന്നതിന് അനുസരിച്ച് കല്യാണത്തിന് അന്തസ്സ് കൂടുമെന്ന് വിചാരിക്കരുത്…”
”ഒരു വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയോ മറ്റോ കല്യാണ പരിപാടി ഏര്‍പ്പാട് ചെയ്യുക. അപ്പോള്‍ ഇടിയും തള്ളുമില്ല. എത്രപേരെ വേണമെങ്കിലും വിളിക്കാം. അതിഥികള്‍ക്കും സുഖമായി. നട്ടുച്ചക്ക് വീട്ടില്‍ നിന്നിറങ്ങേണ്ട. ഓഫീസില്‍നിന്ന് ഒളിച്ചു കടക്കേണ്ട. സുഹൃത്തുക്കളെ കാണാം. സംസാരിക്കാം. നവദമ്പതികളെ ആശിര്‍വദിക്കാം. വേഗം തിരിച്ചുപോകാം. എല്ലാവര്‍ക്കും തൃപ്തികരമായ ഏര്‍പ്പാട്. അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കല്യാണങ്ങള്‍ കുറച്ചുകൂടി സംസ്‌കാരമുള്ള തരത്തില്‍ നടത്തിക്കൂടെ?”
പ്രമുഖ സാഹിത്യകാരിയായ പ്രൊഫ. ഹൃദയകുമാരി ഏതാനും വര്‍ഷം മുമ്പ് മാതൃഭൂമിയിലെഴുതിയ വരികളാണ് മുകളില്‍. പല വിവാഹങ്ങളും സന്തോഷവും സമാധാനവും പകരുന്ന മംഗള മുഹൂര്‍ത്തം എന്ന അവസ്ഥയില്‍ നിന്ന് അസ്വസ്ഥതയും ആഭാസത്തരങ്ങളും ധൂര്‍ത്തും പൊങ്ങച്ചവും കൊണ്ട് വഴി തെറ്റിപ്പോകുന്ന കല്യാണ മാമാങ്കങ്ങളായി അധഃപതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മേല്‍വരികള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്.

ഉത്തമ സമുദായം എങ്ങോട്ട്?
വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തെ വിശേഷിപ്പിച്ചത് ഉത്തമ സമുദായം (3:110), ഉന്നതന്മാര്‍ (3:139), മാതൃകാ സമുദായം (2:143) എന്നൊക്കെയാണ്. എന്നാല്‍ ഈ സവിശേഷ ഗുണങ്ങളെയെല്ലാം കാറ്റില്‍ പറത്തി മാന്യതയും വിവേകവുമില്ലാത്ത ആഭാസകരമായ അവസ്ഥയിലാണ് പല മുസ്‌ലിം വിവാഹങ്ങളും നടക്കുന്നതെന്ന് പറയാതെ വയ്യ. കൈയ്യില്‍ കാശുണ്ടെന്ന് കരുതി പലവിധ ധൂര്‍ത്തും പൊങ്ങച്ചവും കാണിച്ച് അധര്‍മ വിളയാട്ടം നടത്താനുള്ള വേദിയായി വിവാഹ ചടങ്ങുകളെയും വിവാഹ ദിവസത്തെയും ചില മുസ്‌ലിം നാമധാരികള്‍ ഇക്കാലത്ത് മലീമസമാക്കുകയാണ്.
ഒരു പ്രസ്സില്‍ പോയ സമയത്ത് മേശപ്പുറത്ത് അട്ടിവെച്ച വലിയ കെട്ട് കണ്ട് ഇത് അടുത്ത വര്‍ഷത്തേക്കുള്ള ഡയറിയാണോ എന്ന് ചോദിച്ചുപോയ കസ്റ്റമറോട് അമുസ്‌ലിമായ പ്രസ്സിലെ മാനേജര്‍ പറഞ്ഞ മറുപടി ഇപ്രകാരം: അല്ല, അത് നിങ്ങളുടെ കൂട്ടത്തിലെ (മുസ്‌ലിം സമുദായത്തിലെ) ഒരു മുതലാളിയുടെ മകളുടെ കല്യാണക്കത്താണ്! ഒരു കത്തിന് 120 രൂപ ചെലവ് വരും! 2500 കോപ്പിയാണ് ആദ്യഘട്ടത്തില്‍ അടിക്കുന്നത്. മിഠായി കടലാസിന്റെ വില മാത്രം കല്പിക്കുന്ന (ഉപയോഗിച്ച് വലിച്ചെറിയുന്ന) കേവലം ഒരു കല്യാണക്കത്തിന് മാത്രം ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ധൂര്‍ത്തനും പൊങ്ങച്ചക്കാരനുമായ ഈ മുസ്‌ലിം നാമധാരി കല്യാണത്തിന് ചെലവഴിക്കുന്ന ലക്ഷങ്ങള്‍ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!

ആളുകൂടുന്നതോ തെറ്റ്?
ഇത് പറയുമ്പോള്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നത് തെറ്റാണോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. തെറ്റില്ല എന്നാണ് മറുപടി. എന്നാല്‍ ക്ഷണിച്ചുവരുത്തിയ ഈ അതിഥികളെ മാന്യമായി സ്വീകരിച്ച് അവരെ ട്രീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ മതപരമായ നിയമലംഘനം തന്നെയാണവിടെ നടക്കുന്നതെന്നത് വ്യക്തം. ”ഒരാള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവനാണെങ്കില്‍ തന്റെ അതിഥിയെ ആദരിക്കട്ടെ” എന്ന നബിവചനമാണ് അതിന്നാധാരം. എല്ലാ പരിചയക്കാരെയും മുഴുവന്‍ ബന്ധുക്കളെയും കല്യാണത്തിന് വിളിക്കണമെന്ന് മതത്തില്‍ നിയമമില്ല. പക്ഷെ വിളിച്ചുവരുത്തിയവരെയെല്ലാം അതിഥികളെന്ന നിലക്ക് ആദരിച്ച് ട്രീറ്റ് ചെയ്യാന്‍ മേല്‍ നബിവചന പ്രകാരം ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്.

ചോറു കൊടുക്കണ്ടേ?
വിഭവസമൃദ്ധമായ സദ്യ വിളമ്പി, ചോറു വിളമ്പി തന്നെ കല്യാണം നടത്തണമെന്ന് മതത്തില്‍ നിര്‍ബന്ധമില്ല. ഉച്ചക്കോ രാത്രിയോ തന്നെ സല്‍ക്കാരം നല്‍കണമെന്നും മതത്തില്‍ നിര്‍ബന്ധമില്ല. പൊങ്ങച്ച പ്രകടനവും അതിഥികളെ വിഷമിപ്പിക്കലുമില്ലാത്ത വിധം വൈകുന്നേരം 4 മണിക്കും 7 മണിക്കുമിടയില്‍ (അസറിനും മഗ്‌രിബിനുമിടയില്‍) ചായസല്‍ക്കാരം നടത്തുന്നതും വിവാഹത്തിലെ വലീമത്ത് (സല്‍ക്കാരം) തന്നെയാണ്.
വിവാഹധൂര്‍ത്തിനും ആഭരണഭ്രമത്തിനും കല്യാണാഭാസങ്ങള്‍ക്കുമെതിരെ മാതൃകാ വിവാഹങ്ങള്‍ എന്ന് പരക്കെ പ്രശംസിക്കപ്പെട്ട നിലയില്‍ ഇസ്‌ലാഹി ബാനറില്‍ നിരവധി കല്യാണങ്ങള്‍ നേരത്തെ നടന്നിരുന്നു. ഇത്തരം നല്ല കല്യാണ രീതികളെ മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കില്‍ കല്യാണത്തോന്നാസ്യങ്ങളുടെ പേരില്‍ ഇന്ന് മുസ്‌ലിം സമുദായത്തിന് ഇത്രയധികം പഴി കേള്‍ക്കേണ്ടി വരികയില്ല എന്ന കാര്യം ഉറപ്പ്.

മഹ്‌റും കിബ്‌റും
തീരെ ചേര്‍ച്ചയില്ലാത്ത രണ്ട് പദസങ്കലനമാണ് മഹ്‌റും കിബ്‌റും എന്നത്. കാരണം വിവാഹത്തിന്റെ ഏറ്റവും പവിത്രമായ ഒരു ചടങ്ങാണ് വരന്‍ വധുവിന് മഹ്ര്‍ (വിവാഹമൂല്യം) നല്‍കുക എന്നത്. അതുപോലും ഇപ്പോള്‍ കിബ്‌റിന്റെ (പൊങ്ങച്ചത്തിന്റെ) ചിഹ്നമാവുകയാണ്. പത്ത് പവന്‍ സ്വര്‍ണാഭരണം മഹ്‌റ് കൊടുത്ത് കല്യാണം നടത്തി രണ്ട് മാസം കൊണ്ട് വിവാഹമോചനം നടന്നപ്പോള്‍ മഹ്ര്‍ തിരിച്ചുവാങ്ങാന്‍ വകുപ്പുണ്ടോ എന്ന് മതിവിധി തേടിവന്ന ഒരു ‘പുതിയാപ്പിള’യെ ഓര്‍ത്തു പോകുന്നു. സമ്പത്തിന്റെ ഒരു കൂമ്പാരമാണ് മഹ്ര്‍ നല്‍കിയതെങ്കില്‍ പോലും വിവാഹമോചന സമയത്ത് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല എന്ന മതനിയമം (ഖുര്‍ആന്‍ 4:20) ഓതിക്കേള്‍പ്പിച്ചപ്പോള്‍ നിരാശനായി അയാള്‍ പറഞ്ഞ മറുപടി ഇപ്രകാരം: ”ഒന്നോ രണ്ടോ പവനാണെങ്കില്‍ പോട്ടെ എന്ന് വെക്കാമിയിരുന്ന. ഇത് 10 പവനാണ്.” പവിത്രമായ മഹ്ര്‍ പോലും പൊങ്ങച്ചപ്രകടനത്തിന് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നര്‍ഥം!
സ്വര്‍ണം തന്നെ മഹ്ര്‍ കൊടുക്കണം എന്ന ധാരണയും തെറ്റിദ്ധാരണയാണ്. സ്ത്രീക്ക് പ്രയോജനപ്പെടുന്ന, അവള്‍ ഇഷ്ടപ്പെടുന്ന മൂല്യമുള്ള എന്ത് വസ്തുവും കാര്യവും മഹ്‌റായി നല്‍കാം. ഒരു മുസ്‌ലിം വീട്ടിലുണ്ടായിരിക്കേണ്ട ഏറ്റവും മൂല്യമുള്ള വസ്തു വിശുദ്ധ ഖുര്‍ആനും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളുമാകുന്നു. അതിനാല്‍ വിലപ്പെട്ടതും കനപ്പെട്ടതുമായ ഒരു ഖുര്‍ആന്‍ പരിഭാഷ മഹ്‌റായി നല്‍കാം. ധാരാളം പേര്‍ അങ്ങനെ ചെയ്തവര്‍ ഉണ്ട്. പണവും സ്ഥലവും മഹ്‌റായി നല്‍കാം. നവവധുവിനെ ഉംറക്ക് കൊണ്ടുപോകും എന്നത് മഹ്‌റായി നിശ്ചയിക്കാം. കണ്ണൂരില്‍ ഈയിടെ നടന്ന ഒരു വിവാഹത്തില്‍ വരന്‍ വധുവിന് നല്‍കിയത് ഒരു നല്ല തരം ടര്‍ക്കിഷ് മുസ്വല്ലയും ഒരു മോതിരവുമായിരുന്നു. ഇങ്ങനെ സ്ത്രീക്ക് ഉപകാരപ്പെടുന്ന എന്തും മഹ്‌റായി നല്‍കാം. സ്വര്‍ണ്ണം തന്നെ മഹ്ര്‍ നല്‍കണമെന്നില്ല. സ്വര്‍ണ്ണവുമാകാം എന്ന് മാത്രം.

ചെലവ് ചുരുക്കാം!
ഒരു പ്രമുഖ വ്യാപാരിയുടെ മകളുടെ വിവാഹം ഏതാനും വര്‍ഷം മുമ്പ് നടന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലക്ഷങ്ങള്‍ വാരി വിതറി കല്യാണ മാമാങ്കം നടത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നിട്ടും വളരെ ചെലവ് ചുരുക്കി, ആര്‍ഭാഡവും ധൂര്‍ത്തും ഇല്ല എന്നുറപ്പ് വരുത്തി വളരെ മാന്യമായും മാതൃകാപരവുമായാണ് അദ്ദേഹം മകളുടെ വിവാഹം നടത്തിയത്. മിച്ചം വന്ന 10 ലക്ഷം രൂപ അദ്ദേഹം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കി മാതൃക കാണിക്കുകയും ചെയ്തു. കോഴിക്കോട്ടെ പട്ടാളപ്പള്ളിയില്‍ നിന്ന് കേട്ട ജുമുഅ ഖുതുബയിലെ ‘ഏറ്റവും ചെലവു കുറഞ്ഞ വിവാഹമാണ് ഏറ്റവും അനുഗ്രഹീത വിവാഹം’ എന്ന നബിവചനമാണ് അദ്ദേഹത്തിന് ഗുണപരമായ ഈ നിലപാടെടുക്കാന്‍ പ്രചോദനമായത്. ഇതേ വ്യക്തി തന്റെ ആദ്യ മകളുടെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയപ്പോള്‍ ധര്‍മബോധമില്ലാത്ത സാധാരണ മുതലാളിമാര്‍ നടത്തുന്ന രീതിയില്‍ പൊങ്ങച്ചക്കല്യാണം തന്നെയായിരുന്നു നടത്തിയത്. എന്നാല്‍ പിന്നീട് ശരിയായ ധാര്‍മികബോധവും മതബോധവും വന്നപ്പോള്‍ രണ്ടാമത്തെ കല്യാണത്തില്‍ അദ്ദേഹം തെറ്റ് തിരുത്തി മാതൃകയായി.

ചേരുംപടി ചേരാത്ത ഖുതുബകള്‍!
ആര്‍ഭാഡ- ആഭാസക്കല്യാണങ്ങളിലും ശ്രദ്ധേയരായ മതപണ്ഡിതരെയും പ്രശസ്തരായ മതപ്രഭാഷകരെയും കൊണ്ട് വന്ന് നിക്കാഹ് ഖുതുബ നടത്തിക്കുന്നതായി കാണുന്നു. 15-20 മിനിച്ച് സമയമെടുത്ത് ഇസ്‌ലാമിക ജീവിതത്തിന്റെയും ഇസ്‌ലാമിക വിവാഹത്തിന്റെയും സൗന്ദര്യവും ലാളിത്യവും നിയമങ്ങളും സുന്ദരമായി അയാള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാവരും പ്രശസ്തനായ മതപണ്ഡിതന്റെ നിക്കാഹ് ഖുതുബക്ക് നല്ല മാര്‍ക്കിട്ട് സംതൃപ്തി രേഖപ്പെടുത്തുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഖുതുബയില്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ക്കും ഉദ്‌ബോധനങ്ങള്‍ക്കും തികച്ചും വിരുദ്ധമായ ആഭാസത്തരങ്ങള്‍ പല വിവാഹവേദികളിലും അരങ്ങേറുന്നത് കാണാറുണ്ട്. ചേരുംപടി ചേരാത്ത ഇത്തരം നിക്കാഹ് ഖുതുബകളെപ്പറ്റിയും പുനരാലോചന ആവശ്യമാണ്.
അഥവാ ഇത്തരം കല്യാണങ്ങളില്‍ നിക്കാഹ് ഖുതുബ നടത്തേണ്ടി വരികയാണെങ്കില്‍ ‘ഞാന്‍ ഈ പറഞ്ഞതിന് എതിരായി ഈ കല്യാണത്തില്‍ വല്ല അനാവശ്യങ്ങളും ആഭാസത്തരങ്ങളും നടക്കുകയാണെങ്കില്‍ അതിന് 100 ശതമാനവും ഉത്തരവാദി വധൂവരന്മാരും അവരുടെ വീട്ടുകാരും തന്നെയാകും’ എന്ന് കര്‍ശനമായ നിലപാട് പ്രഭാഷണത്തില്‍ തന്നെ വ്യക്തമാക്കുന്നത് മതവും മതപണ്ഡിതന്മാരും അപഹസിക്കപ്പെടാതിരിക്കാന്‍ ഒരു പരിധി വരെ സഹായകമാകും.
കരയിലും കടലിലും പലവിധ കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടത് മനുഷ്യകരങ്ങളുടെ തെറ്റായ പ്രവര്‍ത്തനഫലങ്ങളുടെ ഫലമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (വി.ഖു 30:41). മലയിടിക്കലും നെല്‍വയല്‍ നികത്തലും മാത്രമല്ല മനുഷ്യന്‍ ചെയ്യുന്ന പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള രംഗത്തെ മതവിരുദ്ധ തോന്നാസ്യങ്ങളും അതില്‍ പെടുമെന്ന് മനസ്സിലാക്കുക. അച്ചടക്കവും സാമ്പത്തികവിശുദ്ധിയും സംസ്‌കാരവുമുള്ള ജീവിതവും മാന്യമായ ഇസ്‌ലാമിക വിവാഹരീതികളും നാം പിന്തുടരുക.

Back to Top