19 Friday
April 2024
2024 April 19
1445 Chawwâl 10

മഹാ സഖ്യത്തിന് സംഭവിച്ചത്

ജെ ഡി യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ ബിഹാറില്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയിരിക്കുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏഴാം തവണയും. കോവിഡ് കാലത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ നേടിയ വിജയം എന്‍ ഡി എക്കും ബി ജെ പിക്കും വലിയ ആശ്വാസം പകരുന്നതാണ്. കേന്ദ്ര സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്ന് സ്ഥാപിക്കാനുള്ള അവസരമായി അവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിയെടുക്കാം.
എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുമ്പോഴും ജെ ഡി യു വിനോ നിതീഷിനോ വലിയ പ്രതീക്ഷ നല്‍കുന്നതല്ല ബിഹാര്‍ ഫലം. 2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ച 71 സീറ്റില്‍നിന്ന് 43 സീറ്റിലേക്കാണ് ഇത്തവണ നിതീഷിന്റെ പാര്‍ട്ടി ചുരുങ്ങിയത്. 28 സീറ്റിന്റെ കുറവ്. തെരഞ്ഞെടുപ്പ് പൂര്‍വ ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിതീഷ് മുഖ്യമന്ത്രി പദമേറിയതെന്ന് ചുരുക്കം. ഡമോക്ലസിന്റെ വാള്‍ ഏതു സമയത്തും മുഖ്യമന്ത്രിയുടെ തലയിലുണ്ടാകും. ഏതു കോണില്‍ നിന്നും അധികാര ഭ്രഷ്ടനാക്കപ്പെട്ടേക്കാം. പ്രതിപക്ഷ അട്ടിമറിയെ മാത്രം ഭയന്നാല്‍ പോര. ഭരണപക്ഷ അട്ടിമറിക്ക് അതിനേക്കാള്‍ സാധ്യത കൂടുതലാണ്. 74 സീറ്റ് കൈയിലുള്ളപ്പോഴാണ് ബി ജെ പി മുഖ്യമന്ത്രി പദം 43 സീറ്റുള്ള ജെ ഡി യുവിന് വച്ചു നീട്ടുന്നത്. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവെന്ന് പലതവണ തെളിയിച്ചിട്ടുള്ള നിതീഷ് മുഖ്യമന്ത്രി പദം നല്‍കിയില്ലെങ്കില്‍ മറുകണ്ടം ചാടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. സഖ്യം ചേരാന്‍ മറ്റൊരു കക്ഷിയും കൂടെ വരില്ലെന്ന ഗത്യന്തരമില്ലായ്മയില്‍ നിന്നാണ് ബി ജെ പിയുടെ ഈ ത്യാഗം. മറ്റേതെങ്കിലും വഴി തെളിഞ്ഞാല്‍ നിതീഷിന് പുറത്തേക്കുള്ള വഴി കൂടിയാകും അത്. കേവല ഭൂരിപക്ഷം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മഹാസഖ്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ ജെ ഡിയും കൂട്ടുകെട്ടിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ഇടതുപക്ഷവും മികവു കാട്ടിയപ്പോള്‍ പതിവ് ആലസ്യത്തില്‍നിന്ന് ഉണര്‍ന്നെണീക്കാന്‍ കോണ്‍ഗ്രസിന് ഇനിയുമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. 19 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. തെരഞ്ഞെടുപ്പ് സ്റ്റണ്ടിനപ്പുറത്ത് കൃത്യമായ സ്ട്രാറ്റജി രൂപീകരിക്കുന്നതിലോ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്നതിനോ കോണ്‍ഗ്രസ് മുതിരുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നത്. ട്രന്‍ഡ് മഹാസഖ്യത്തിന് അനുകൂലമായിരുന്നുവെന്നതിന്റെ തെളിവാണ് ആര്‍ ജെ ഡിയും ഇടതുപക്ഷവും കൈവരിച്ച മുന്‍തൂക്കം. എന്നാല്‍ അത് പ്രയോജനപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് മാത്രം പരാജയപ്പെട്ടു.
ഉവൈസി ഇഫക്ട് മഹാസഖ്യത്തിന് അധികാരം നഷ്ടപ്പെടുത്തിയ പ്രധാന ഘടകമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇതില്‍ സത്യമില്ലാതില്ല. ന്യൂനപക്ഷ കേന്ദ്രീകൃതമായ, പരമ്പരാഗതമായി മഹാസഖ്യ കക്ഷികളെ പിന്തുണക്കാറുള്ള സീമാഞ്ചല്‍ മേഖലയില്‍ നിന്നടക്കം അഞ്ച് സീറ്റുകളാണ് ഉവൈസിയുടെ എ ഐ എം ഐ എം പിടിച്ചെടുത്തത്. ഉവൈസിക്കൊപ്പം നിന്ന ബി എസ് പിയും ഒരു സീറ്റില്‍ ജയിച്ചു. എന്നാല്‍ മറുപക്ഷത്തും ഇതേ ഫാക്ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് കാണാതിരുന്നുകൂട. ചിരാഗ് പസ്വാന്റെ എല്‍ ജെ പിയായിരുന്നു ആ ഘടകം. സ്വന്തമായി ഒരു സീറ്റെങ്കിലും നേടുക എന്നതിനേക്കാള്‍ ഉപരി നിതീഷിനെ തോല്‍പ്പിക്കുക എന്നതിലായിരുന്നു ചിരാഗിന്റെ ശ്രദ്ധ മുഴുവന്‍. അത് ഏറെക്കുറെ ഫലിക്കുകയും ചെയ്തു. ഒരു സീറ്റില്‍ മാത്രം ജയിച്ച എല്‍ ജെ പി 20 സീറ്റിലെങ്കിലും ജെ ഡി യുവിന്റെ പരാജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക ഘടകമായി മാറി. ചെറു കക്ഷികളുമായി ചേര്‍ന്ന് തരെഞ്ഞെടുപ്പിനെ നേരിടാന്‍ ഉവൈസി കാണിച്ച കൂര്‍മ്മ ബുദ്ധിയേയും ചിരാഗ് പസ്വാന്റെ പൂഴിക്കടകനും തിരിച്ചറിയുന്നതില്‍ ഇരുപക്ഷവും പരാജയപ്പെട്ടെന്നു വേണം വിലയിരുത്താന്‍.
243 അംഗ നിയമസഭയില്‍ 122 ആണ് കേവല ഭൂരിപക്ഷത്തിനുള്ള അംഗബലം. 125 സീറ്റാണ് എന്‍ ഡി എക്ക് ലഭിച്ചത്. മൂന്നു സീറ്റിന്റെ മാത്രം അധിക ബലം. ഈ പടയാളികളേയും കൊണ്ട് നിലവിലെ വെല്ലുവിളികളെ നേരിടുക നിതീഷിന് കടുപ്പമായിരിക്കും. സീറ്റു നിലയിലെ അന്തരം മുന്‍നിര്‍ത്തി തന്നെ മൂന്നില്‍ രണ്ട് മന്ത്രി സ്ഥാനങ്ങളും ബി.ജെ.പി പിടിച്ചെടുക്കുമെന്നാണ് സൂചന. പ്രധാന വകുപ്പുകളും ബി ജെ പി കൈയടക്കിയേക്കും. ജെ ഡി യുവില്‍ അസ്വാരസ്യത്തിന് മുളപൊട്ടാന്‍ ഇത് ധാരാളമാണ്. അത്തരമൊരു സാഹചര്യമുണ്ടാവുകയും ആര്‍ ജെ ഡി അത് മുതലെടുക്കുകയും ചെയ്താല്‍ നിതീഷിന്റെ ഭാവി തുലാസിലാകുമെന്നുറപ്പാണ്. ജെ ഡി യുവിലോ കോണ്‍ഗ്രസിലോ പിളര്‍പ്പുണ്ടാക്കി കൂടുതല്‍ എം എല്‍ എമാരെ ഒപ്പമെത്തിക്കുക മാത്രമായിരിക്കും ഈ വെല്ലുവിളിയെ അതിജയിക്കാന്‍ എന്‍ ഡി എക്കു മുന്നിലെ പോംവഴി. മറുപക്ഷത്ത് ബി ജെ പിയാണ് എന്നതുകൊണ്ടുതന്നെ അത്തരമൊരു കരുനീക്കത്തെ ഇപ്പോഴേ കോണ്‍ഗ്രസ് അടക്കം ഭയക്കുന്നുമുണ്ട്. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരേയും നിലനിന്ന, അവസാനം അട്ടിമറി സാധ്യതകളിലേക്ക് വരെ വിരല്‍ ചൂണ്ടിയ രാഷ്ട്രീയ അനിശ്ചിതത്വം ബിഹാറിനെ ഇപ്പോവും വിട്ടുപോയിട്ടില്ലെന്ന് ചുരുക്കം. എന്‍ ഡി എയുടെ ഭരണത്തുടര്‍ച്ച ഇടക്കാലാശ്വാസം മാത്രമാകുമോ എന്നത് ഇനി കാത്തിരുന്നു തന്നെ കാണേണ്ടി വരും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x