18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

മസ്തിഷ്‌ക്കത്തിന് വിശ്രമം പാടില്ല-ഡോ. ജാബിര്‍ അമാനി

ഇതര ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്ന സവിശേഷതയാണ് ധൈഷണികത. ആശയാവിഷ്‌ക്കാരങ്ങള്‍ക്കും അവ ആര്‍ജിച്ചെടുക്കുന്നതിനുമുള്ള കഴിവും നിപുണിയും മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മനുഷ്യന്‍ പരാജയപ്പെട്ടുപോകുന്നതും നിസ്സഹായനായിത്തീരുന്നതുമായ ഒട്ടേറെ കഴിവുകള്‍ ഇതര ജീവികള്‍ക്ക് ഉണ്ടാവാം. എന്നാല്‍ അത്തരം നിസ്സഹായതയെ മറികടക്കാന്‍ കഴിയുന്ന വൈവിധ്യമായ ഉപകരണങ്ങളുടെ നിര്‍മിതിക്കും തന്ത്രങ്ങളുടെയും വ്യവസ്ഥാപിത മാര്‍ഗങ്ങളുടെയും കണ്ടെത്തലിനും അവന് സാധ്യമാണ്. അവ രൂപപ്പെടുന്നത് മനുഷ്യന്റെ ധൈഷണിക സാധ്യതയുടെ അടിസ്ഥാനത്തിലുമാണ്. സമയാസമയങ്ങളില്‍ നവീകരിക്കുകയും പുതുവഴികള്‍ തേടുകയും ചെയ്ത് അതിജീവനത്തിന്റെ ഉശിര് കാണിക്കുന്നതിന് കാരണവും മനുഷ്യന്റെ ചിന്താശേഷിയത്രെ! സാമ്പത്തിക വിഭവങ്ങള്‍ പോലും നാശോന്‍മുഖമാവാന്‍ സാധ്യതയുണ്ടെങ്കിലും മനുഷ്യന്റെ ബുദ്ധിശക്തിയെ നശിപ്പിക്കാനും തളച്ചിടാനും ആര്‍ക്കും സാധ്യമല്ല. താല്‍ക്കാലികമായി ബുദ്ധിയെ ‘തടവറയില്‍’ ഇടാന്‍ ഭൗതിക സാഹചര്യങ്ങള്‍ കാരണമായിരിക്കാം. എന്നാല്‍ ആയുസിന്റെ നഷ്ടമോ ബുദ്ധിഭ്രമമോ ഉപയോഗക്ഷമതയില്ലായ്മയോ കാരണമായിട്ടല്ലാതെ മനുഷ്യബുദ്ധിയുടെ സ്വതന്ത്ര സഞ്ചാരത്തെ പിടിച്ചുകെട്ടാനാവില്ല. അതത്രെ മനുഷ്യബുദ്ധിയുടെ സവിശേഷതയും.
അഖ്‌ല് എന്ന പദമാണ് സാധാരണയായി അറബി ഭാഷയില്‍ ബുദ്ധിക്ക് ഉപയോഗിക്കാറുള്ളത്. ബന്ധിക്കുക, തടയുക, കെട്ടുക തുടങ്ങിയ ഭാഷാര്‍ഥമാണ് അഖ്‌ലിന് നല്‍കാറുള്ളത്. നാല്‍ക്കാലികളെ ബന്ധിക്കുന്ന കയറിന് പൊതുവില്‍ ഇഖ്വാല്‍ എന്ന് ഉപയോഗിക്കാറുണ്ട്. പ്രസ്തുത പദം നിഷ്പന്നമാവുന്നത് അഖല എന്ന പദത്തില്‍ നിന്നുമാണ് (മുഅ്ജമുല്‍ വസ്വീത്വ്, ബൈറൂത്ത്, 1985, പേജ് 617, മുഅ്ജമു മഖ്വായിസുല്ലുഅ:, അബുല്‍ ഹസന്‍ അഹമ്മദ്ബ്‌നു ഫാരിസ് 1971 ഈജിപ്ത് 4:69)
ഇസ്‌ലാം അതീവ ഗൗരവവും പ്രാധാന്യവും നല്‍കിയിട്ടുള്ള മേഖലയാണ് മനുഷ്യന്റെ ബുദ്ധിയും അതിന്റെ വ്യവഹാരതലവും. മനുഷ്യന്‍, അവന്റെ സവിശേഷ അസ്തിത്വവും വ്യക്തിത്വവും നശിപ്പിക്കുന്നതും വളര്‍ത്തുന്നതും ‘ബുദ്ധിയുടെ’ കര്‍മതലത്തെ അവലംബിച്ചാണ്. ഭൂമിയിലെ നിന്ദ്യനായ സൃഷ്ടിയായി മനുഷ്യന്‍ അധപ്പതിക്കുന്നത്, ബുദ്ധിയുടെ സദ്‌വിനിയോഗം ഇല്ലാതാവുമ്പോഴാണ്. (വി.ഖു 8:22, 25:44) വിശ്വാസ, അനുഷ്ഠാന, ധാര്‍മിക ജീവിതത്തിന് മനുഷ്യനെ പര്യാപ്തമാക്കിയെടുക്കുന്ന സദ്ഗുണമായിട്ടാണ് ബുദ്ധിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ബുദ്ധിയെ ശരിയായ വിധം ഉപയോഗിക്കാന്‍ സാധ്യമാവാത്തവര്‍ക്ക് മരണമാണ് ഉത്തമമെന്ന് ഇബ്‌നുമുബാറക്ക് രേഖപ്പെടുത്തിയിട്ടുണ്ട് (ബുഹൂത്വ് ഫി തര്‍ബ്ബിയ: അല്‍ഇസ്‌ലാമിയ്യ, സഈദ് ഇസ്മാഈല്‍ അലി, പേജ് 293). ബുദ്ധിയുടെ സദ്‌വിനിയോഗം വഴി ദൈവപ്രീതിയും സ്രഷ്ടാവുമായുള്ള ശക്തമായ ബന്ധവും ഒരാള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. (ഖുര്‍തുബി, ജാമിഉല്‍ അഹ്കാമില്‍ ഖുര്‍ആന്‍ 10:261). കാരണം ഇസ്‌ലാം ബുദ്ധിയുടെ മതമാണ്. അറിവിനും അറിവന്വേഷണങ്ങള്‍ക്കും വ്യവസ്ഥാപിതമായ വിജ്ഞാന അന്വേഷണവും വിനിമയവും ഖുര്‍ആനിന്റെ മുഖ്യ ആശയമാണ്.
പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച അന്വേഷണങ്ങളും സ്രഷ്ടാവിന്റെ അത്യത്ഭുതകരമായ സൃഷ്ടി സംവിധാനങ്ങളെ കുറിച്ച ഉറ്റാലോചനകളും മനുഷ്യന്റെ അനിവാര്യ ദൗത്യങ്ങളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (2:164, 3:190, 30:8). അത്തരം ബൗദ്ധികമായ അന്വേഷണങ്ങള്‍ മനുഷ്യന് സന്മാര്‍ഗ പാത പുല്‍കുന്നതിന് പ്രേരണയേകുമെന്നും പഠിപ്പിക്കുന്നു (6:35). പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സവിശേഷ ഗുണമുള്ളവര്‍ ബുദ്ധിമാന്‍മാര്‍ മാത്രമായിരിക്കുമെന്ന പാഠമാണ് ഖുര്‍ആന്‍ നല്‍കുന്നത്. (27:60-64)
മനുഷ്യചിന്തയെ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദീപിപ്പിക്കുന്ന ദൈവീക വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്ന് പറയാം. തലച്ചോറുകളെ ഒരു നിമിഷം പോലും ആലസ്യത്തിലേക്ക് തിരിച്ചയക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ബുദ്ധി എന്നര്‍ഥമുള്ള അഖ്‌ല് എന്ന നാമം പോലും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. മറിച്ച് പ്രസ്തുത പദത്തിന്റെ ക്രിയാരൂപങ്ങളാണ് എല്ലാ വചനവും. ഉപയോഗിച്ചിട്ടുള്ള മിക്ക പദങ്ങളും ബഹുവചന രൂപത്തിലുമാണ് വന്നിട്ടുള്ളത്.
ഒരു അവയവം എന്ന നിലക്ക് ചിന്തയുടെ സ്രോതസ്സായി തലച്ചോര്‍ വര്‍ത്തിക്കുന്നു. തലച്ചോറിന്റെ അനാട്ടമിക്കല്‍ പ്രതിനിധാനവും ജൈവ സൃഷ്ടിപ്പും എല്ലാവരിലും തുല്യമാണ്. കൈകാലുകള്‍, മറ്റു അവയവങ്ങള്‍ ഒരേ പോലെ സംവിധാനിച്ച പോലെ തന്നെ. ഒരു അവയവത്തിന്റെ സാന്നിധ്യമല്ല, മറിച്ച് അതിന്റെ ക്രിയാത്മകമായ ദൗത്യനിര്‍വഹണമാണ് ആവശ്യമുള്ളത്. ബുദ്ധി എന്ന പദങ്ങളിലല്ല, ചിന്തിക്കുക, വിശകലനം ചെയ്യുക എന്ന പ്രയോഗങ്ങളിലൂടെയാണ് അത് സാര്‍ഥകമാവുന്നത്. അപ്പോള്‍, തലച്ചോര്‍ എന്ന അവയവത്തിന്റെ സാന്നിധ്യമല്ല മനുഷ്യനെ വ്യതിരിക്തമാക്കുന്നത്. മറിച്ച് അതിന്റെ സത്യസന്ധമായ ദൗത്യനിര്‍വഹണമാണ്. ചേതനയറ്റ് കിടക്കുന്ന തലച്ചോറുകളല്ല, ചൂടും ചൂരുമുള്ള ചിന്തകള്‍ കൊണ്ട് ഉജ്വലമാവുന്ന മസ്തിഷ്‌ക്കമാണ് ‘മനുഷ്യന്‍’ എന്ന ഭാഗധേയത്തെ സക്രിയമായി അടയാളപ്പെടുത്തുന്നത്.
നവോത്ഥാനവും നാഗരികതയും രൂപപ്പെടുന്നത് പെട്ടെന്നുള്ള ഒരു പ്രതിഭാസമായിട്ടല്ല. അറിവും ധിഷണയും സമന്വയിച്ച പരിഷ്‌ക്കാരങ്ങളുടെ നിതാന്ത പരിശ്രമവും വൈചാരിക വിപ്ലവവുമാണ് നാഗരികതയെ സൃഷ്ടിച്ചത്. ഭൗതികവും സാങ്കേതികവുമായ സംവിധാനങ്ങള്‍ ഒരു നഗരവല്‍ക്കരണമെന്ന ആശയത്തിന്റെ ഭാഗമായി ക്രമീകരിക്കുക കൂടി ചെയ്യുന്നതോടെ നാഗിരകത ഏറെക്കുറെ പക്വമായിത്തീരുന്നു. നവോത്ഥാനം രൂപപ്പെട്ടത് തികച്ചും ധൈഷണിക വ്യവഹാരം കൊണ്ട് തന്നെയാണ്. നാഗരിക സമൂഹത്തിന്റെ സര്‍വതോന്മുഖമായ അഭിവൃദ്ധിയും കാലത്തോടും ലോകത്തോടും സംവദിക്കാനുള്ള കരുത്തും അതിജീവന ശേഷിയും പ്രദാനം ചെയ്തത് നവോത്ഥാനം വഴിയാണ്.
ജ്ഞാനവും അപഗ്രഥനങ്ങളും അറിവന്വേഷണങ്ങളും ആവിഷ്‌ക്കാരങ്ങളും സാമാന്യേന തണുത്തുപോയ കാലങ്ങളില്‍ നവോത്ഥാനവും പിന്നോട്ടടിച്ചിട്ടുണ്ട്. അല്ലെങ്കില്‍, ഒരു സമൂഹത്തിന്റെ ഉള്‍ക്കാഴ്ചയും പ്രേരണകളും ഭൗതിക പുരോഗതികളിലും അനാവശ്യ തര്‍ക്ക വിതര്‍ക്കങ്ങളിലും ഉടക്കിക്കിടന്ന കാലത്തും നവോത്ഥാനം ഇഴഞ്ഞാണ് നീങ്ങിയത്. അബ്ബാസി, സ്‌പെയിന്‍, ബാഗ്ദാദ്, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളില്‍ രൂപപ്പെട്ട നവോത്ഥാന – നാഗരിക ചരിത്രത്തെ നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതാണ്. ഇന്ത്യയില്‍ ഉണ്ടായിരുന്ന വൈജ്ഞാനിക – വൈചാരിക ഉദ്ഗ്രഥിതാവസ്ഥക്ക് (ശിലേഴൃശ്യേ) മങ്ങലേല്പിച്ച കാരണവും ചെന്നുനില്‍ക്കുന്നത്, വൈജ്ഞാനിക ശോഷണവും ധൈഷണിക ദാരിദ്ര്യവും ഭൗതീക പ്രമത്തതയുമായിരുന്നുവെന്ന് ഗവേഷണങ്ങള്‍ ബോധ്യപ്പെടുത്തുന്നു.
ചെറുതോ വലുതോ ആയ പ്രദേശങ്ങളിലും പ്രസ്ഥാനങ്ങളിലും നവോത്ഥാനാശയം പ്രഫുല്ലമായി നിലനില്‍ക്കണമെങ്കിലും മനുഷ്യന്റെ ധൈഷണിക വ്യവഹാരവും വ്യക്തിത്വവും സമീപത കൈവരിക്കേണ്ടതുണ്ട്. ശരിയായ വിശ്വാസത്തിന്റെ ആണിക്കല്ല് പോലും അറിവന്വേഷണങ്ങളിലേക്കാണ് ഖുര്‍ആന്‍ അവലംബിക്കുന്നത് എന്നത് ചെറിയൊരു തിരിച്ചറിവല്ല പ്രദാനം ചെയ്യുന്ന്. (11:14, 47:19, 5:92)
കേരള മുസ്‌ലിം നവോത്ഥാനവും ഈ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. കാക്കത്തൊള്ളായിരം മതസംഘടനകള്‍ കേരളത്തിലുണ്ട്. അവയൊക്കെയും കര്‍മസജീവത നിലനിര്‍ത്തുന്നു. വൈവിധ്യപൂര്‍ണമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നു. എന്നാല്‍ ലഭ്യമായ വിഭവശേഷിയെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി ഉപയോഗിച്ച് വൈജ്ഞാനിക വൈചാരിക രംഗങ്ങളില്‍ ഗൗരവത്തോടെയുള്ള അജണ്ടകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നര്‍ എത്ര പേരുണ്ട്? ‘സംഘടനാപരത’ നിലനിര്‍ത്തുന്നതിനു വേണ്ടി ചെലവഴിക്കുന്ന വിഭവങ്ങളും മൂല്യങ്ങളും ധൈഷണിക വ്യവഹാരങ്ങളില്‍ കാണുന്നുണ്ടോ?
സംഘടന മികവുകളും സാമ്പത്തിക ഭദ്രതയുമൊക്കെയാണ് പലരെയും പുതിയ കാലത്തെ ‘നവോത്ഥാന നായക’രാക്കുന്നതെങ്കില്‍ പൂര്‍വികരുടെ ചരിത്രം വ്യത്യസ്തമായിരുന്നു. ഒരു സമൂഹത്തിന്റെ പരിഷ്‌ക്കരണത്തിന്റെ അടിസ്ഥാന കേന്ദ്രമായി വര്‍ത്തിക്കുന്ന മഹല്ലുകളിലെ നേതൃത്വം, വൈജ്ഞാനികവും ധൈഷണികവുമായ പരിഗണനയാണോ ഊന്നലായി വരുന്നത്? എന്തിനേറെ, മതജ്ഞാനത്തിന്റെയടിസ്ഥാനത്തില്‍ പോലും പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് ആത്മ വിമര്‍ശനത്തോടെ പരിശോധിക്കപ്പെടേണ്ടതില്ലേ? ചിന്തകൊണ്ട് മാത്രം എല്ലാം പരിഹരിക്കപ്പെടും എന്നല്ല, മറിച്ച് ജ്ഞാനവും ധിഷണയും ചോര്‍ന്നുപോയ കേവല വികാരങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ സ്ഥായിയായ പരിഷ്‌കരണവും നാഗരികതയും രൂപപ്പെടുത്താനാവുകയില്ല എന്ന് തന്നെയാണ് ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍ ഉന്നതവും സത്യസന്ധവുമായ ധൈഷണിക നിലവാരം പുലര്‍ത്തുന്നവരെ ഉള്‍ക്കൊള്ളാനും ഉള്‍ച്ചേര്‍ക്കാനും കഴിയും വിധമുള്ള വിശാലമായ ഫ്രെയിമുകളിലേക്ക് സംഘടനകളുടെ അതിര്‍ത്തികള്‍ നീട്ടിവരയ്ക്കാന്‍ കഴിയേണ്ടതുണ്ട്. ചുരുങ്ങിയത് അഭിപ്രായങ്ങളും വീക്ഷണങ്ങളും പങ്കിട്ടെടുക്കാനും കൊള്ളകൊടുക്കലുകള്‍ക്ക് വിധേയമാക്കാനെങ്കിലും കഴിയേണ്ടതുണ്ട്.
കേവലം, തലച്ചോറുള്ള വലിയ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട് നവോത്ഥാനവും നാഗരികതയും രൂപപ്പെടുകയില്ല. മറിച്ച്, ആലോചനകള്‍ അവിശ്രമം തുടരുന്ന ഒരു ചെറുസംഘമായെങ്കിലും നിലനില്‍ക്കാനാവണം. ശിരസ്സുകള്‍ തകര്‍ക്കുന്ന, കൈകാലുകള്‍ വിഛേദിക്കപ്പെടുന്ന അത്യന്തം ഭീതിതമായ യുദ്ധ സാഹചര്യത്തില്‍ ഒരു കൊച്ചുസംഘമെങ്കിലും ജ്ഞാനപരതയോടെ മാറിനില്‍ക്കണമെന്ന് ഖുര്‍ആന്‍ പറഞ്ഞതെന്തിന്? യുദ്ധമുഖത്ത് സര്‍വസ്വവും നാമാവശേഷമായാലും നവോത്ഥാന ദൗത്യനിര്‍വണത്തിന്റെ കൈത്തിരി ജ്വാലയായി കത്തിപ്പടര്‍ത്താന്‍ ഈ കൊച്ചു സംഘത്തിന് സാധ്യമാവുമെന്നതുകൊണ്ടുതന്നെ! (വി.ഖു 9:122). നവോത്ഥാനത്തിന് ധൈഷണികപരതയുള്ള മണ്ണ് പാകപ്പെടട്ടെയെന്ന ദര്‍ശനം കൂടിയാണ് ഐ എസ് എം ‘കൊളോക്യം’ പറയാതെ പറഞ്ഞിട്ടുള്ളത്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x