മഴ-ജലം ഖുര്‍ആനിലെ ആശയാവിഷ്‌ക്കാരങ്ങള്‍ – 5 ജലോപയോഗങ്ങളും നാഗരികതകളുടെ രൂപീകരണവും – ഡോ. ജാബിര്‍ അമാനി
മാനവ ചരിത്രത്തില്‍ വൈവിധ്യപൂര്‍ണമായ ധാരാളം നാഗരികതകള്‍ കാണാന്‍ കഴിയും. രൂപീകരണവും പ്രതിഫലനങ്ങളും വ്യത്യസ്തമാണെങ്കിലും പല കാര്യങ്ങളിലും ഏകീകരണങ്ങള്‍ ഉണ്ട്. ചരിത്ര പര്യവേഷകര്‍ക്കിടയില്‍ നാഗരികതകളുടെ രൂപീകരണത്തെക്കുറിച്ചും ഭാഷാ പണ്ഡിതര്‍ക്കിടയിലെ നിര്‍വചനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായാന്തരങ്ങള്‍ പുതുമയുള്ളതല്ല. കാഴ്ചപ്പാടുകളിലെയും നിരീക്ഷണങ്ങളിലെയും ഏറ്റക്കുറച്ചിലുകളാണ് ഒരു പരിധിവരെ അതിന് കാരണം. Civilstation, Culture എന്നീ പദങ്ങളുടെ വ്യവഹാരം ആധുനികമാണെങ്കിലും നാഗരിക, സംസ്‌കാര സമൂഹങ്ങളുടെ ചരിത്രം മനുഷ്യന്റെ സാമൂഹിക ജീവിതത്തോളം പഴക്കമുണ്ട്. ഫ്രഞ്ച് വിപ്ലവങ്ങള്‍, വ്യാവസായിക വിപ്ലവങ്ങള്‍, ജ്ഞാനോദയ കാലഘട്ടങ്ങള്‍ (Englightenement) എന്നിവ നാഗരികതയുടെ അര്‍ഥ സങ്കല്പങ്ങളിലും സാമൂഹിക പ്രതിനിധാനങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
അവയുടെ ശരിതെറ്റുകള്‍ വിശകലന വിധേയമാക്കുന്നതിനേക്കാള്‍, നാഗരികതയുടെ രൂപീകരണത്തിന് കാരണമായ സാമൂഹിക ‘ടച്ചി’നെ പഠന വിധേയമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ജലോപയോഗം ഫലപ്രദമായിട്ടുള്ള ഭൂമിശാസ്ത്ര സവിശേഷതകള്‍ ഈ രംഗത്ത് വലിയ സ്വാധീനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ചരിത്രം ബോധ്യപ്പെടുത്തിത്തരുന്നു. മാനവ നാഗരികതയുടെ ഉത്ഥാനപതനങ്ങളില്‍ ഈ മാനദണ്ഡം ശക്തമായി നിഴലിച്ചിട്ടുണ്ട്. നാഗരിക-സംസ്‌കാരങ്ങളുടെ ഫലഭൂയിഷ്ഠമായ മുന്നേറ്റത്തെ ഉറവ വറ്റാതെ സംരക്ഷിച്ചുനിര്‍ത്തിയത് ഭൂമിയിലെ ജല ഉപയോഗത്തിന്റെ സാന്നിധ്യം തന്നെയാണ്.
‘നാഗരികതയുടെ നിദാനം ഭൂമിശാസ്ത്രമാണെന്ന് പറയാന്‍ സാധ്യമല്ലെന്നും ശുദ്ധജലത്തിന്റെ ലഭ്യതകൊണ്ട് മാത്രം അധപ്പതിച്ച ഒരു ജനതയെ ഉയര്‍ത്തിയെടുക്കാനാവില്ലയെന്ന ഡോ. സാമുവല്‍ ഹണ്ടിംഗ്ടണിന്റെ നിരീക്ഷണം വിസ്മരിക്കേണ്ടതല്ല (ലോക നാഗരികതയുടെ ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, പേജ് 32, 1995). എന്നാല്‍ മനുഷ്യവാസത്തിന് അനിവാര്യമായതാണ് ഭൂമിയിലെ ജലത്തിന്റെ ലഭ്യതയെന്ന അടിസ്ഥാനത്തിലാണ് ഇക്കാര്യം വിലയിരുത്തേണ്ടത്. മനുഷ്യരുണ്ടായതിന് ശേഷമാണല്ലോ നാഗരികത രൂപപ്പെടുന്നത്.
ലോകചരിത്രത്തില്‍ രൂപപ്പെട്ടിട്ടുള്ളതും നിലനില്‍ക്കുന്നതുമായ നാഗരികതകള്‍ പഠനവിധേയമാക്കുമ്പോള്‍ നദീതട സംസ്‌കാരത്തെക്കുറിച്ച് ധാരാളം അറിവുകള്‍ ലഭ്യമാണ്. നരവംശ ശാസ്ത്ര പഠനങ്ങളില്‍ നാഗരികതയെ നാല് ഘടകങ്ങളിലൂടെ വിശകലനം ചെയ്യുന്നുണ്ട്. ഒന്ന് ഭൂപ്രദേശം, രണ്ട് സമൂഹം, മൂന്ന് സാമ്പത്തിക ഘടന, നാല് ചിന്താരീതി. കാലാവസ്ഥകള്‍, മണ്ണിന്റെ ജൈവ സമ്പത്ത്, നദികളുടെ സാന്നിധ്യം എന്നിവ സുപ്രധാന നിമിത്തങ്ങളായും പരിഗണിക്കുന്നു. സാംസ്‌കാരിക മേഖല (Cultural Zone) എന്ന് നരവംശ ശാസ്ത്രം നിര്‍വചിക്കുന്നത്, നാഗരികതയും ഭൂമിശാസ്ത്രവും തമ്മിലുള്ള ബന്ധത്തെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൃഷിയും ജനസാന്നിധ്യവും വെള്ളത്തിന്റെ വൈവിധ്യപൂര്‍ണമായ ഉപയോഗ രീതികളും.
നദീതട സംസ്‌കാരങ്ങള്‍ മാനവ ചരിത്രത്തില്‍ ശ്രദ്ധേയമാണ്. അവ ‘വിശ്വനാഗരിതകതയുടെ കളിത്തൊട്ടില്‍’ (Cradle of World Civilization) എന്ന് അറിയപ്പെടുന്നു. ഈജിപ്ഷ്യന്‍ നാഗരികതയുടെ (ബി സി 3055 ഓടെ പിറവിയെടുക്കുന്നു) രൂപീകരണവും പരിണാമങ്ങളും പുഷ്‌ക്കലമായ വളര്‍ച്ചയുമെല്ലാം നൈല്‍ നദിയുടെ സാന്നിധ്യത്തിന്റെയടിസ്ഥാനത്തിലാണ് ഉണ്ടാവുന്നത്. നൈലിന്റെ ദാനമാണ് പ്രസ്തുത നാഗരികതയെന്നത് സാര്‍വാംഗീകൃത സത്യമാണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീ താഴ്‌വരകളില്‍ രൂപപ്പെട്ട ‘മെസൊപ്പൊട്ടാമിയന്‍’ സംസ്‌കാരവും നാഗരികതയും സമാന സ്വഭാവം പുലര്‍ത്തുന്നു. (യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതാഴ്‌വര മെസോപ്പൊട്ടോമിയ എന്ന പേരി ലാണ് അറിയപ്പെടുക) മെസപ്പൊട്ടോമിയയുടെ ഭാഗമായ, താഴ്ന്ന ഭാഗമായ ‘സുമറും’ ഉയര്‍ന്ന ഭാഗമായ ‘അക്കാഡും’ ചേര്‍ന്നതാണ് ബാബിലോണിയ. ഇവിടുത്തെ കുടിയേറ്റക്കാരാണ് സുമേറിയക്കാര്‍. അക്കാദിയന്‍, ബാബിലോണിയന്‍, അസീറിയന്‍ സംസ്‌കാരങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും വികാസവും ഈ പ്രദേശങ്ങളിലെ ജലലഭ്യതയെയും തത്ഫലമായി രൂപപ്പെടുന്ന കൃഷിയെയും ആശ്രയിച്ചിട്ടാണ് നിലനിന്നിരുന്നത്. നൈല്‍ നദീ തടത്തിലെ ശീതോഷ്ണാവസ്ഥയും മണ്ണിന്റെ സവിശേഷതകളും ഋതു വിപര്യയങ്ങളും എല്ലാം ചേര്‍ന്ന് ഒരു ‘നാഗരികത’യുടെ കളിത്തൊട്ടിലായി ഈജിപ്ഷ്യന്‍ നാഗരികതയെ ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിന് കാരണമായി.
മൂസാനബിയുടെ സമൂഹം ഈജിപ്ത് പ്രദേശത്തുകാരാണല്ലോ. നൈലിന്റെ ജലം വഴി അവര്‍ സമൃദ്ധമായി വളര്‍ന്നു. വികാസക്ഷമത കൈവരിച്ചു. ലോകത്ത് ഉല്‍കൃഷ്ടരായി അവരെ തെരഞ്ഞെടുത്തു. ഒരു പുതിയ നാഗരികതയുടെ ശില്‍പികളായി ചരിത്രത്തില്‍ ഇടം തേടി. ഖുര്‍ആന്‍ പറയുന്നു: ”എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍. ഒരു (ജനതയുടെ പര്യവസാനം) അങ്ങനെയാണ് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തികൊടുത്തു. അറിഞ്ഞുകൊണ്ട് തന്നെ. തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി. (44: 25-32)
ഈജിപ്ഷ്യന്‍ നാഗരികതയുടെ വളര്‍ച്ചയും പിന്നീട് കൈവരിച്ച ലോകത്തുള്ള സ്ഥാനവും വിലയിരുത്തുമ്പോള്‍ ഖുര്‍ആനിന്റെ ഉപര്യുക്ത പരാമര്‍ശങ്ങളുടെ പ്രസക്തി ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. നാഗരികതകളുടെ ഉത്ഥാനപതനങ്ങള്‍ക്ക് ജലവും ഫലഭൂവിഷ്ഠതയും എത്രമേല്‍ സ്വാധീനം ചെലുത്തുന്നുവെന്ന ചരിത്രമാണ് ഈജിപ്ത് പഠിപ്പിക്കുന്നത്.
സബഅ് ഗോത്രവും അവരുടെ നാശവും ഖുര്‍ആനിന്റെ ചരിത്രാധ്യാപനങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ്. പ്രാചീന യമനിലെ (പടിഞ്ഞാറ് ചെങ്കടലും തെക്ക് അറബിക്കടലും വഴി സമൃദ്ധമായ രാജ്യം) ഖഹ്‌വാനീ വംശപിതാവ് ഖഹ്ത്വാന്റെ പുത്രനായ സബഇലേക്ക് ചേര്‍ത്താണ് ഈ ഗോത്രം അറിയപ്പെടുന്നത്. തലസ്ഥാനമായ സ്വന്‍ആനില്‍ നിന്ന് അല്‍പം അകലെ അവരുടെ ഐശ്വര്യങ്ങളുടെ പ്രതീകമായ മആരിബ് പ്രദേശവും അതേ പേരില്‍ വലിയൊരു അണക്കെട്ടും സ്ഥിതി ചെയ്തിരുന്നു. ഈ അണക്കെട്ടില്‍ നിന്നുള്ള ജലസേചനം വഴി വളരുന്ന രണ്ട് വലിയ തോട്ടങ്ങള്‍ അവരുടെ ക്ഷേമൈശ്വര്യങ്ങളുടെ പ്രതീകമായി നിലകൊണ്ടു. അതുപോലെ തന്നെ യമനിന്നും സിറിയക്കുമിടയില്‍ ധാരാളം മരുപ്പച്ചകളും കൃഷിയും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുമെല്ലാം അനുഗ്രഹീതമായി വളര്‍ന്നുവന്നിരുന്നു. തദ്്ഫലമായി വാണിജ്യം ശക്തിപ്പെട്ടു നാഗരികതയുടെ കളിത്തൊട്ടിലായി ആ പ്രദേശം വളര്‍ന്നു. എന്നാല്‍ സബഅ്കാരുടെ വളര്‍ച്ചയും അഭിവൃദ്ധിയും അവരെ അഹങ്കാരികളാക്കുകയും ചെറുകിട വ്യാപാരങ്ങളെ തകര്‍ക്കുകയും ചെയ്തു. ദുര്‍നടപ്പും ധിക്കാരവും വര്‍ധിച്ചു. അതിനാല്‍ നിലനിന്നിരുന്ന സംസ്‌കാരവും നാഗരികതയും തകര്‍ന്നടിഞ്ഞു. ജനതയുടെ നന്ദി കേടിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി ശക്തമായ പ്രളയമുണ്ടാവുകയും മആരിബ് അണക്കെട്ട് തകര്‍ന്ന് ഒരു രാജ്യം തന്നെ നാമാവശേഷമാവുകയും ചെയ്തു. അണക്കെട്ടിന്റെ നാശം വഴി കൃഷിയും അുബന്ധ തോട്ടങ്ങളും വരണ്ടുണങ്ങി. തരിശ് ഭൂമിയായി മാറി. പിന്നീടൊരു ഉയര്‍ച്ചക്കും വളര്‍ച്ചക്കും സാധ്യമാവാത്ത വിധം ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി ‘സബഇി’ന്റെ ദുരന്തം. അണക്കെട്ടിന്റെ നാശം.
നാഗരികതയുടെയും സമ്പല്‍സമൃദ്ധിയുടെയും ജീവിതൈശ്വര്യങ്ങളുടെയും നിമിത്തമായി മാറിയ അണക്കെട്ടും ജലസേചന സംവിധാനങ്ങളും ഒരു ഭാഗത്ത്. പൊടുന്നനെയുള്ള അവയുടെ തകര്‍ച്ച, നാഗരികതയുടെയും നാടിന്റെയും തകര്‍ച്ചയായി മാറുകയും ചെയ്തു. ഖുര്‍ആന്‍ ഇക്കാര്യം സബഅ് എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.
”തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത് വലത് ഭാഗത്തും ഇടത് ഭാഗത്തുമായി രണ്ട് തോട്ടങ്ങള്‍ (അവരോട് പറയപ്പെട്ടു) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. എന്നാല്‍ അവര്‍ പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും. അല്പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.
അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദി കേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാ നടപടിയെടുക്കുമോ? (34 സബഅ് 15-17)
ഇന്ത്യയിലെ പുരാതന നാഗരികതയുടെ ഭാഗമായി സിന്ധുനദീതട സംസ്‌കാരം ലോകത്തെ ബൃഹത്തായ ആദ്യകാല സംസ്‌കാരങ്ങളില്‍ ഒന്നാണ്. ആ സംസ്‌കാരവും രൂപപ്പെടുന്നതും വികാസക്ഷമമാവുന്നതും നദീതടങ്ങളിലാണ്. അഥവാ ജലസാന്നിധ്യം വളര്‍ത്തിയ ഒരു നാഗരികത. ഘാഗ്ഗര്‍, ഹാദ്രാ നദീതടങ്ങളുടെ ഭാഗമായും ഈ നാഗരികതയെ പഠനവിധേയമാക്കിയിട്ടുണ്ട്. ‘ഹാരപ്പ’ പ്രദേശത്തെ ഉദ്ഖനനങ്ങളാണ് അതിവിസ്തൃതമായ ഈ നാഗരികതയുടെ ചരിത്രാന്വേഷണങ്ങളിലേക്ക് വഴിതെളിയിച്ചത്. അതിനാല്‍ ഹാരപ്പന്‍ നാഗരികത / സംസ്‌കാരം എന്നും ഇത് അറിയപ്പെടാറുണ്ട്. ഹാരപ്പന്‍ പൂര്‍വീക നാഗരികതയായി പറയപ്പെടുന്ന മേര്‍ഘഡ് നാഗരികത (ബി സി 7000 മുതല്‍ 5500 വരെ), ബലൂചിസ്ഥാന്‍, ബോളാര്‍ മേഖലയിലാണെന്നാണ് കണക്കാക്കുന്നത്. സിന്ധു നദീതടവുമായി ഈ സംസ്‌കാരങ്ങള്‍ ശക്തമായ ബന്ധം പുലര്‍ത്തുന്നു. 1958 ല്‍ യമുനാ നദീതടത്തില്‍, അലംഗിപൂര്‍ എന്ന സ്ഥലത്ത് ഹാരപ്പന്‍ പരിഷ്‌കൃതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിടിട്ടുണ്ട്. (http://asnic.utexazedu) എന്‍ എം ഹുസൈന്‍, സൈന്ധവ നാഗരികതയും പുരാണ കഥകളും, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, ടി മുഹമ്മദ്, എം ആര്‍ രാഘവന്‍ വാരിയര്‍, ചരിത്രത്തിലെ ഇന്ത്യ, മാതൃഭൂമി, കോഴിക്കോട്)
നാഗരികതകളും സംസ്‌കാരങ്ങളും രൂപപ്പെടുന്നതില്‍ വ്യത്യസ്ത പ്രദേശങ്ങളിലെ വൈവിധ്യങ്ങളായ ജലവും പ്രധാനപ്പെട്ടതാണെ ന്ന് സംസ്‌കാരപഠനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. മനുഷ്യ ജീവിതത്തിന്റെ നിലനില്പും ജീവിതാവിഷ്‌ക്കാരങ്ങളും വെള്ളത്തെ ആശ്രയിക്കാതെ പൂര്‍ത്തീകരിക്കാനാവില്ല.
ഉറവജലം, കിണര്‍, തോടുകള്‍, നീര്‍ച്ചാലുകള്‍, കുളങ്ങള്‍, പുഴകള്‍, സമുദ്രങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ നാഗരികരൂപീകരണത്തിലും വളര്‍ച്ചയിലും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. മനുഷ്യര്‍ നിര്‍വഹിക്കുന്ന വ്യത്യസ്ത കൃഷികള്‍, ഭക്ഷണ രീതികള്‍, പാര്‍പ്പിട സംസ്‌കാരം, നഗരവത്കരണം, വസ്ത്രങ്ങളുടെ നിര്‍മാണവും ഉപയോഗവും തുടങ്ങി ഒട്ടനേകം രംഗങ്ങളില്‍ ‘ജലം’ നിര്‍ണായക ഘടകമായി വര്‍ത്തിക്കുന്നു. നാഗരികതകളുടെ ഉദ്ഖനന ചരിത്രപഠന ങ്ങള്‍വഴി അമൂല്യമായ ഈ അനുഗ്രഹത്തെ നമുക്ക് കണ്ടെത്താനാവും. മരുഭൂമികളില്‍ നാഗരികതകള്‍ വികാസക്ഷമമാകുന്നതിന് സൂക്ഷ്മമായ അളവ് മാത്രമേ കാരണമാകുന്നുള്ളൂ. എന്നുമാത്രമല്ല, ഒന്നുകില്‍ വെള്ളത്തിന്റെ ചെറിയ സാന്നിധ്യമോ വെള്ളം എത്തിക്കാ നുള്ള മറ്റു മാര്‍ഗങ്ങളോ ഇല്ലാത്ത മരുഭൂസ്ഥലങ്ങളില്‍ നാഗരികതക ള്‍ ശൂന്യമായിരുന്നുവെന്ന് കാണാം.
ഇബ്‌റാഹിം നബിയുടെ ചരിത്രം പരാമര്‍ശിക്കുമ്പോള്‍ ഭാര്യ ഹാജറയെയും മകന്‍ ഇസ്മാഈലിനെയും താമസിപ്പിച്ച സ്ഥലത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.” (14:37)
ഇബ്‌റാഹിം നബിയുടെ ചരിത്രം മുതല്‍ അറബികളുടെ ഒരു പുതിയ നാഗരികത രൂപപ്പെട്ടുവന്നു. ആദ്യകാലത്ത് കൃഷിയില്ലാത്ത ഊഷര മരുഭൂമി സംസമിന്റെ സാന്നിധ്യത്തോടെ ഫലഭൂവിഷ്ഠമായിത്തീരുന്നു. പഴവര്‍ഗങ്ങളാല്‍ വ്യത്യസ്ത കൃഷികളാല്‍ സമൃദ്ധമായിത്തീരുന്നു. മാനവന്റെ മുമ്പില്‍ പുതിയൊരു നാഗരികത പിറക്കുന്നു. ജനകോടികളുടെ ഹൃദയങ്ങള്‍ ആ മണ്ണില്‍ ചെന്നണയാന്‍ കൊതിക്കുന്ന വിധം ഐശ്വര്യവും സമൃദ്ധിയും മൂലം സമ്പന്നമായിത്തീരുന്നു. നൈലിന്റെ സാന്നിധ്യം ഈജിപ്ഷ്യന്‍ നാഗരികതയെ സൃഷ്ടിക്കുന്നു. മരുഭൂമിയില്‍ അറബികളുടെ പുതിയൊരു നാഗരികത പിറന്നത് സംസമിന്റെ ഉത്ഭവത്തിന് ശേഷമാണെന്നത് അവിതര്‍ക്കിതമായ ചരിത്രമാണ്. കൃഷി സമൃദ്ധമാവാനും തദ്ഫലമായി ഐശ്വര്യ പ്രദേശമായി മാറാനും വെള്ളം അനിവാര്യമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (32:27, 39:21, 13:4)
സെമിറ്റിക് വംശത്തിന്റെ ആദിമ ഗേഹം അറേബ്യയാണെന്ന അഭിപ്രായമാണ് ശക്തമായിട്ടുള്ളത്. അത് യൂഫ്രട്ടീസിന്റെ തീരത്ത് നിന്നാണ് ആരംഭിക്കുന്നതെന്നും ചരിത്രപരാമര്‍ശമുണ്ട്. (പ്രഫ. ഗീദി, ഇറ്റാലിയന്‍ ഓറിയന്റലിസ്റ്റിന്റെ അഭിപ്രായം). നൂഹ്‌നബിയുടെ വംശാവലിയിലേക്ക് എത്തിച്ചേരുന്ന ശാലഹിന്റെ പുത്രനായ ഏബറിന്റെ പുത്രന്‍ ഖഹ്ത്വാനിലേക്ക് ചേ ര്‍ത്ത് ആദിമ അറേബ്യന്‍ സമൂഹത്തെ പരിചയപ്പടുത്തുന്ന പരാമര്‍ശമവും കാണാം. (അധിക വായനക്ക്: ഇസ്്‌ലാമിക വിജ്ഞാനകോശം, വാള്യം 2, പേജ് 490- 494). ഇതിനെതിരിലുള്ള അഭിപ്രായങ്ങളും വായിക്കാന്‍ കഴിയും. ആദിമ ചരിത്രത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അറബികള്‍ ഒരു നാഗരികതയുടെ വക്താക്കളായി ലോക ചരിത്രതാളുകളിലേക്ക് നടന്നുകയറുന്നത് അനുഗൃഹീത ജലമായ സംസമിന്റെ ഉറവ മക്കാ മണലാരണ്യത്തില്‍ പിറവി കൊള്ളുമ്പോഴാണ്. ഇബ്‌റാഹിം നബിയുടെ പ്രാര്‍ഥനയുടെ സാഫല്യവും അതത്രെ (14:34,2:126).
ജലസേചന പ്രദാനമായ ഒരു പ്രദേശത്തിന്റെ രൂപഘടനയും നാഗരികതകളുടെ ഉത്ഭവ വളര്‍ച്ചാ വികാസങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നത് ചരിത്രത്തിന്റെ പിന്‍ബലത്തോടെ നമുക്ക് ഗ്രഹിക്കാന്‍ കഴിയും.