മഴ, ജലം: ഖുര്‍ആനിലെ ആശയാവിഷ്‌കാരങ്ങള്‍-3 നനവുള്ള മണ്ണും നന്മയുള്ള മനസ്സും – ഡോ. ജാബിര്‍ അമാനി
സത്യത്തെയും അസത്യത്തെയും കുറിച്ചുള്ള വൈവിധ്യപൂര്‍ണമായ ഉപമകള്‍ മിക്ക സാഹിത്യങ്ങളിലും ഉണ്ട്. ജലം, മഴ എന്നീ പ്രതിഭാസങ്ങളിലേക്ക് ചേര്‍ത്തെഴുതിയ ഉപമാലങ്കാരങ്ങള്‍ പരിമിതമാണ്. നന്മ, തിന്മ, സത്യവിശ്വാസി, അവിശ്വാസി, കപട വിശ്വാസികള്‍ തുടങ്ങിയ കാര്യങ്ങളില്‍ സാഹിത്യ സമ്പന്നതയുള്‍ക്കൊള്ളുന്ന ഉപമാപ്രയോഗങ്ങളാണ് ഖുര്‍ആനിലുള്ളത്. ഖുര്‍ആനിലെ വിസ്മയകരമായ ആവിഷ്‌ക്കാരങ്ങളാണ് അവ. ഒട്ടു മിക്കതും മഴയും തദ്ഫലമായി രൂപപ്പെടുന്ന ജലസഞ്ചാരങ്ങളും പ്രമേയമാക്കിയാണ് വന്നിട്ടുള്ളത്.
വെള്ളത്തിന്റെ ശുദ്ധിയും അശുദ്ധിയും ഒരിക്കലും തുല്യമാവുകയില്ല. അപ്രകാരമാണ് സത്യവും അസത്യവും. എന്നാല്‍ ഒന്ന് മറ്റൊന്നിലേക്ക് ചേര്‍ന്നു നിന്നേക്കാം. ശുദ്ധ, മലിന ജലത്തിന്റെ പരസ്പര കലര്‍പ്പുകള്‍ പോലെ. തിന്മയും അസത്യത്തിലുള്ള ജീവിതവും എന്നെന്നും നിലനില്‍ക്കുന്നവയുമല്ല. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ ചിലപ്പോള്‍ ആശ്ചര്യപ്പെടുത്തിയേക്കാം. ശാന്തമായി ഒഴുകുന്ന തെളിഞ്ഞ വെള്ളത്തേക്കാള്‍ അലര്‍ച്ചയും ആര്‍പ്പുവിളികളുമുണ്ടാവുന്നത് കുത്തിയൊലിച്ച് വരുന്ന വെള്ളത്തിനായിരിക്കും. അത് നുരയും പതയും കൊണ്ട് നിറഞ്ഞതായിരിക്കും. എന്നാല്‍ ‘ജലമെന്ന’ നിലക്കുള്ള ഫലപ്രാപ്തി കുറവായിരിക്കുകയും ചെയ്യും. ഈ ആശയത്തെ ഖുര്‍ആന്‍ ഇങ്ങനെ സംഗ്രഹിക്കുന്നു.
”അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോതനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാനാഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അതുപോലെയുള്ള നുരയുണ്ടാകുന്നു. അപ്രകാരമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ നുര ചവറായി (നശിച്ചു) പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാവട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു. (13:17)
ജീവിത പ്രവാഹത്തിന്റെ മുകള്‍ പരപ്പില്‍ അസത്യങ്ങളുടെ ചപ്പും ചവറുകളും നുരയോടെ പൊങ്ങിനില്‍ക്കുമെങ്കിലും കാലത്തിന്റെ മഹാപ്രവാഹത്തില്‍ അവയൊക്കെ നശിച്ചുപോവുകയും, സര്‍വാംഗീകാരത്തോടെ സത്യം സ്ഥായിയായി സമൂഹത്തിന്റെ അന്തര്‍ധാരയായി എന്നെന്നും വര്‍ത്തിക്കുകയും ചെയ്യും. ഈ ആശയമത്രെ സര്‍ഗാത്മകമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന, ആവരവങ്ങളൊഴുകുന്ന വിഭവ സമാനമാവില്ല സത്യം. പ്രകടനതല്‍പരത കൊണ്ട് വശീകരിക്കപ്പെടുന്ന കാഴ്ചകളുമാവില്ല സത്യം പ്രദാനം ചെയ്യുക. എണ്ണവണ്ണങ്ങളുടെ ആധിക്യം കൊണ്ട് അസത്യം താല്‍ക്കാലികമായി മേല്‍ക്കൈ നേടിയാലും ആത്യന്തിക വിജയവും ഫലപ്രാപ്തിയും സത്യത്തിന് മാത്രമേ ലഭ്യമാവുകയുള്ളൂ (വി.ഖു 5:100) എന്ന് ഈ ഉപമാ പ്രയോഗം ബോധ്യപ്പെടുത്തുന്നു.
ശുദ്ധജലവും മലിനജലവും പരസ്പരം ചേരുക വഴി ഫലപ്രാപ്തിയില്ലാതാവുക സ്വാഭാവികമാണ്. ശുദ്ധതയില്‍ അല്പം മാലിന്യം ചേര്‍ന്നാല്‍ തന്നെ മതി അത് അശുദ്ധമാവാന്‍. അപ്രകാരം തന്നെയാണ്, സത്യവും അസത്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത്. മാലിന്യത്തിന്റെ അളവും തോതും ആകാശം മുട്ടുവോളം ഉയര്‍ന്നാലും അതിന്റെ പ്രകൃതം മലിനാവസ്ഥയും അശുദ്ധിയും തന്നെയാണ്. എന്നാല്‍ ശുദ്ധത, അതിസൂക്ഷ്മമായ (Micro) അളവിലാണെങ്കിലും നിലനില്പും (Existance) സുസ്ഥിരതയും (Substainability) അതിന്നായിരിക്കും. (ഇമാം ഖുര്‍തുബിയുടെ വ്യാഖ്യാനത്തില്‍ നിന്ന് (ഖുര്‍തുബി, വോള്യം 9, പേജ് 200).
സത്യത്തിന്റെയും അസത്യത്തിന്റെയും സ്വീകാര്യ തിരസ്‌കാരങ്ങള്‍ക്ക് കാരണം മനസ്സിന്റെ പാകപ്പെടലാണ്. സന്നദ്ധതയാണ്. ഓരോരുത്തരും മനസ്സിനെ എങ്ങനെ ഒരുക്കിയെടുക്കുന്നുവെന്നതാണ് ഏറ്റവും പ്രസക്തമായത്. മഴ വര്‍ഷിച്ച് ഭൂമിയില്‍ കൃഷിയും വിളവുകളും തളിര്‍ത്ത് ഫലഭൂയിഷ്ഠമാവുന്നതിന് ‘മണ്ണിന്റെ’ പ്രകൃതം മുഖ്യ ഘടകമാണല്ലോ. ഒന്നുകില്‍ പ്രകൃത്യാ ഫലഭൂയിഷ്ഠമായതോ അല്ലെങ്കില്‍ അപ്രകാരം മണ്ണിനെ പാകപ്പെടുത്തിയെടുക്കുകയോ ചെയ്യണമെന്നര്‍ഥം. ഫലഭൂയിഷ്ഠമായ മണ്ണില്‍ വിളകള്‍ തളിര്‍ക്കുന്നതും സത്യ സ്വീകാര്യതക്ക് വെമ്പല്‍ കൊള്ളുന്ന മനസ്സില്‍ നന്മകള്‍ പുഷ്പിക്കുന്നതും തമ്മിലുള്ള ഉപമാ യോജിപ്പിനെ മനോഹരമായി ഖുര്‍ആന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ”നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളച്ചുവരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്‌ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ചു വരികയില്ല. അപ്രകാരം, നന്ദി കാണിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവിധ രൂപത്തില്‍ വിവരിക്കുന്നു.” (7:58)
ഒരു പ്രദേശം നന്നാവുന്നതിന് അവിടെയുള്ള ഭൗതിക സൗകര്യങ്ങളുടെ മേന്മയേക്കാള്‍, പ്രദേശവാസികളുടെ മഹത്വത്തെയും മാതൃകയെയും പരിഗണിച്ചാണല്ലോ. നല്ല മണ്ണില്‍ നല്ല ഫലങ്ങള്‍ മുളച്ചുവരുന്നു. നനവുള്ള മനസ്സുകളില്‍ നന്മ മരങ്ങളും തളിര്‍ത്തുവളരുന്നു. (ഇമാം റാസി, തഫ്‌സീറുല്‍ കബീര്‍, വോള്യം 14, പേജ് 144).
അവിശ്വാസിയുടെ വിവിധ സമീപന രീതികളെ അപഗ്രഥിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ സൂചിപ്പിച്ച ഉപമാലങ്കാരങ്ങള്‍ ശ്രദ്ധേയമാണ്. ഏകദൈവാരാധനാ വിരുദ്ധമായ ദൈവ വിശ്വാസം തികഞ്ഞ മൗഢ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ ഖുര്‍ആന്‍ ഉപയോഗിച്ച ഉപമ, ‘വെള്ളം വായിലേക്ക് തനിയെ വന്നെത്താന്‍ വെള്ളത്തിലേക്ക് കൈനീട്ടിയവനെപ്പോലെ”(13:14) എന്നാണ്. കര്‍മം-കാര്യം, കാരണം എന്നീ ബന്ധങ്ങള്‍ ഇല്ലാത്ത കേവലം വ്യാമോഹങ്ങളും സ്വപ്‌നചിന്തയും മാത്രമാണ് വെള്ളം വായിലേക്ക് ലഭ്യമാവാന്‍ അതിലേക്ക് കൈനീട്ടുകയെന്നത്. സത്യനിഷേധികള്‍ക്ക് പോലും സാമാന്യേന ബോധ്യപ്പെടുന്ന ലളിതമായ യുക്തിബോധം നിഴലിക്കുന്നതാണ് പ്രസ്തുത ഉപമ (സമഖ്ശരി – കശ്ശാഫ് 2:501), ബൈളാവി അന്‍ാവുറുത്തന്‍സീല്‍ വഅസ്‌റാറുത്തഅ്‌വീല്‍ (വോള്യം 1, 504)). ന്യായാന്യായങ്ങള്‍ക്കപ്പുറം സത്യനിഷേധത്തില്‍ ശഠിച്ച് നില്‍ക്കുന്ന ഒരാള്‍ക്കല്ലാതെ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് ജീവിക്കാനാവില്ല. കാരണം സ്രഷ്ടാവിന്റെ കല്പനകളെ ശിരസാ വഹിക്കുകയെന്നത് പ്രകൃതിപരവും നീതിപൂര്‍വകവുമാണ്. മനുഷ്യേതര സൃഷ്ടികളില്‍ ഈ സ്വഭാവം കൃത്യമായി നമുക്ക് ദര്‍ശിക്കാം. (3:83, 13:15, 22:18)
സ്രഷ്ടാവിനോടുള്ള വിധേയത്വവും സ്‌തോത്ര കീര്‍ത്തനങ്ങളും പ്രകടിപ്പിക്കുന്നതിന് വിനയഭാവവും നനവുള്ള മനസ്സും ആവശ്യമാണ്. ബലിഷ്ഠവും ദൃഢവും കഠിനവുമായ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നുപോലും നീരുറവകളും ഒരുവേള നദികള്‍ തന്നെയും പൊട്ടി ഒഴുകാറുണ്ട്. പുറം കാഴ്ചയില്‍ കാഠിന്യം കാണാന്‍ കഴിഞ്ഞാലും സത്യധര്‍മത്തെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വായ്പ് മനുഷ്യനിലും പ്രകടമാവേണ്ടതുണ്ട്. നനവുള്ള മനസ്സും കനിവുള്ള ഹൃദയവും മനുഷ്യരില്‍ രൂപപ്പെടേണ്ടതുണ്ട്.
എന്നാല്‍ ദൈവഭയത്താല്‍ പാറക്കല്ലുകള്‍ പോലും ഉരുണ്ടുരുണ്ട് വിനയഭാവം പ്രകടമാക്കിയാലും മനുഷ്യമനസ്സിന്റെ കാഠിന്യം വഴി ധര്‍മ സ്വീകാര്യതക്കുള്ള നനവോ സത്യപ്രതിബദ്ധതക്കുള്ള വിനയഭാവമോ പ്രകടമാക്കാത്തവരുമുണ്ടെന്നതും ബുദ്ധിയുള്ളവര്‍ക്കൊരു ദൃഷ്ടാന്തമാണ്. ഖുര്‍ആന്‍ സൂറത്തുല്‍ ബഖറ എഴുപത്തിനാലാം (2:74) വചനത്തില്‍ ഈ വസ്തുതയാണ് ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നത്. സത്യനിഷേധം താല്‍ക്കാലികമായി ചില ഗുണങ്ങള്‍ക്ക് കാരണമാവുകയോ ഭൗതിക ജീവിതാലങ്കാരങ്ങള്‍ക്ക് നിമിത്തമാവുകയോ ചെയ്‌തേക്കാം. തത്ഫലമായി അസത്യത്തിന് അന്തിമ വിജയം നേടാമെന്ന ചിന്ത അല്പത്തരമാണ്. കാരണം ആത്യന്തിക വിജയവും ശാശ്വത പ്രതിഫലവും ലഭ്യമാവുന്നത് ദൈവീക സന്ദേശങ്ങള്‍ സ്വീരിക്കുമ്പോഴാണ്.
”അവിശ്വസിച്ചവരാവട്ടെ, അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാവുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിനടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ അല്ലാഹു അവന് അവന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ!” (24:19)
ഒരേ സമയം പ്രതീക്ഷയുടെയും പിന്നീട് വഞ്ചനയുടെയും രൂപ പരിണാമമാണ് ‘മരീചിക’ നിര്‍വഹിക്കുന്നത്. ഒരു വേള സത്യനിഷേധികള്‍ക്ക് ലഭ്യമാവുന്ന ഭൗതികമായ വിഭവ ധന്യതയും താല്‍ക്കാലിക ജീവിതാനന്ദങ്ങളും ‘ഞാന്‍’ വിജയ വഴിയിലാണെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി അത് വഞ്ചനാപരമായ ചില ‘ചരക്കുകള്‍’ (3:185, 35:5, 57:20) മാത്രമാണ്. ഇത്തരം തിരിച്ചറിവുകള്‍ക്കുള്ള ധാരാളം സാധ്യതകള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ തന്നെ രൂപപ്പെടുന്നതാണ്. പരലോകത്ത് മാത്രമാണ് നന്മതിന്മകള്‍ക്ക് കൃത്യമായ പ്രതിഫലം ലഭ്യമാവുക എന്ന യാഥാര്‍ഥ്യവും ജീവിതാനുഭവങ്ങളിലൂടെ മനുഷ്യന് ബോധ്യപ്പെടുന്നതാണ് (ബൈളാവി, വോള്യം 1, പേജ് 116).
പ്രകാശം, ഇരുട്ട് എന്നീ പ്രതിഭാസങ്ങള്‍ നന്മ, തിന്മയുടെ സ്ഥാനത്ത് ഖുര്‍ആന്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് (2:257, 5:16, 7:157, 13:16, 14:1,5, 57:9, 65:11) ഇരുട്ടിന് അസ്തിത്വമില്ല. പ്രകാശമില്ലാത്ത അവസ്ഥയാണത്. പ്രകാശം പ്രവേശിക്കുന്നതിന്റെ തോതനുസരിച്ച് ഇരുട്ടിന്റെ അനുഭവതലത്തിലും ഏറ്റക്കുറച്ചിലുണ്ടാവുന്നു. പ്രകാശത്തിന് മേല്‍ പ്രകാശം (24:35), ഇരുട്ടിന് മേല്‍ ഇരുട്ട് (24:40) എന്നീ പ്രയോഗങ്ങളും ഖുര്‍ആനില്‍ കാണാം.
ഭൗതിക ജീവിതത്തിന്റെ തിളക്കം എത്രമേല്‍ ലഭ്യമായാലും സന്മാര്‍ഗത്തിന്റെ വെളിച്ചം ലഭിക്കാത്തവര്‍ ആത്യന്തികമായി ഇരുട്ടിലാണ് ജീവിക്കുന്നത്. കേവലമൊരു ‘പ്രകാശ’ രഹിത പ്രദേശത്തെ ജീവിതമല്ല. ജീവിതത്തിന്റെ സമഗ്ര രംഗങ്ങളില്‍ (തിന്മയുടെ) ഇരുട്ട് പടരുന്ന അന്ധകാര ജീവിതം. തിന്മയില്‍ അഭിരമിക്കുന്നവര്‍ സത്യത്തിലേക്ക് പിന്‍മടക്കമില്ലാതെ ജീവിക്കുന്നു. ഒന്നിന് പിറകെ മറ്റൊന്നായി അധര്‍മങ്ങളില്‍ തന്നെ കഴിയുന്നു (83:14). ആദ്യഘട്ടത്തില്‍ ചെറിയ അധര്‍മങ്ങളിലാണ് തിന്മയുടെ തുടക്കം. പിന്നീടത് ഘട്ടം ഘട്ടമായി വലിയ തിന്മകളിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. സമുദ്രാന്തര്‍ഭാഗത്ത് ഇരുട്ട് പടരുന്നതും ഇപ്രകാരമാണ്. സപ്തവര്‍ണങ്ങള്‍ ഓരോന്നോരോന്ന് സമുദ്രത്തില്‍ താഴേക്ക് പോകുംതോറും കാണാതായി വരികയാണ് ചെയ്യുക. എല്ലാം ഒറ്റനിമിഷത്തില്‍ ഒരു സ്ഥലത്ത് വെച്ച് അപ്രത്യക്ഷമാവുന്നില്ല. സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 200 മിനിറ്റാവുന്നതോടെ സൂര്യപ്രകാശത്തിന്റെ പ്രകാശസംശ്ലേഷണം (Photo Synthesis) കുറഞ്ഞ് ഇല്ലാതാവുന്നതാണ് ഇതിന് കാരണം (സമുദ്രശാസ്ത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
സമുദ്രത്തിലെ ഇരുട്ടിന്റെ സാന്നിധ്യമനുസരിച്ച് മൂന്ന് വിഭാഗമാക്കിത്തിരിക്കുന്നു. ഉപരിതലത്തില്‍ നിന്ന് താഴോട്ട് 200 മീറ്റര്‍ 656 അടി വരെ, euphotic zone എന്നും sun light zone എന്നും ശേഷം 1000 മീറ്റര്‍ വരെ Twilight zone എന്നും പിന്നീട് അടിത്തട്ട് വരെ Aphotic zone, Midnight zone എന്നുമാണ് വിവക്ഷിക്കുന്നത്. സമുദ്രത്തിലെ ആദ്യ മേഖലയിലാണ് തൊണ്ണൂറ് ശതമാനത്തോളം സമുദ്ര ജീവികളുടെ ജൈവ സാന്നിധ്യമുള്ളത്. Western Pacific ല്‍, 11,000 മീറ്ററിലധികം ആഴമുള്ള Marianna Trench വരെ മനുഷ്യന്റെ സമുദ്രാന്തര്‍ പര്യവേഷണം എത്തിച്ചേര്‍ന്നിട്ടുണ്ട്. കട്ടപിടിച്ച കടുത്ത അന്ധകാര നിബിഢമായ മേഖലയാണിത്.
അസത്യത്തെ അന്ധകാരമെന്ന് സാമാന്യമായി പരിചയപ്പെടുത്താറുണ്ട്. എന്നാല്‍ അവിശ്വാസികളുടെ ജീവിതം അന്ധകാരങ്ങളില്‍ നിന്ന് അന്ധകാരത്തിലേക്കുള്ള യാത്രയാണ്. ആഴക്കടലിന്റെ ഇരുട്ട് പോലെ എന്നുമാത്രമല്ല, പ്രസ്തുത കഠിനാന്ധകാരത്തെ തിരമാലകള്‍ക്കു മേല്‍ തിരമാലയും പിന്നീടതിനെ കാര്‍മേഘങ്ങളും ചുറ്റിപ്പൊതിയുന്നു. പ്രകാശത്തിന്റെ അതിസൂക്ഷ്മ ബിന്ദുപോലും ദൃശ്യമാകാനാവാത്ത അന്ധകാരം – സത്യപ്രകാശം സ്വീകരിക്കാത്തവരുടെ ഉപമ ഇപ്രകാരമാണ് ഖുര്‍ആന്‍ വിവരിക്കുന്നത്.
”അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) തിരമാല അതിനെ (സമുദ്രം) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല…” (24:40)
സമുദ്രം വെള്ളത്തിന്റെ സാന്നിധ്യമാണല്ലോ. വെള്ളം അനുഗ്രഹവുമാണ്. ജീവന്റെ അടിസ്ഥാന ഘടകവും. എന്നാല്‍ ജീവന്റെ തുടിപ്പിന്റെ സൂക്ഷ്മതലം പോലും അസംഭവ്യമായ മേഖലയാണ്. ആഴക്കടലിലെ അന്ധകാരം. ഭൗതിക വിഭവ സമൃദ്ധിയോ താല്‍ക്കാലിക അഭിവൃദ്ധിയോ അവിശ്വാസത്തിന് വന്നു ചേര്‍ന്നാലും നന്മയുടെ ജൈവ സാന്നിധ്യവും സത്യത്തിന്റെ പ്രഭാവെളിച്ചവും വഴി ഇരുട്ടു പടരാതെ ജീവിക്കാന്‍ അതുവഴി സാധ്യമല്ല എന്നുണര്‍ത്തുകയാണ് ഈ ഉപമ. ”ദൈവം ആര്‍ക്ക് സത്യപ്രകാശം നല്‍കിയിട്ടില്ലയോ അവന് യാതൊരു പ്രകാശവുമില്ല.”(24:40)