മഴ, ജലം: ഖുര്‍ആനിലെ ആശയാവിഷ്‌ക്കാരങ്ങള്‍-2 ഉപമാലങ്കാരങ്ങളിലെ സൂക്ഷ്മ ധ്വനികള്‍ – ഡോ. ജാബിര്‍ അമാനി
ഉപരിലോകത്തെ കാര്‍മേഘങ്ങളില്‍ നിന്നാണല്ലോ മഴ വര്‍ഷിക്കുന്നത്. മഴയായി പെയ്തിറങ്ങുന്ന ജലത്തില്‍ നിന്നുതന്നെയാണ് വീണ്ടും മഴക്കുള്ള സംവിധാനവുമൊരുങ്ങുന്നത്. മഴ കുറയുമ്പോള്‍ ജലലഭ്യത കുറഞ്ഞുവരുന്നു. തദ്ഫലമായി വീണ്ടും മഴയുടെ കുറവ് സംഭവിക്കുന്നു. പുനസൃഷ്ടി അസാധ്യമായ ഘടകമാണ് ജലം. അതിനാല്‍ മറ്റു കൃത്രിമ മാര്‍ഗങ്ങളിലൂടെ ഒരു മഴത്തുള്ളിയും ഭൂമിയില്‍ വ്യവസ്ഥാപിതമായി പെയ്തിറക്കാനാവില്ല. വര്‍ഷിക്കുന്നുമില്ല. പ്രത്യേകവും വൈവിധ്യപൂര്‍ണവുമായ ഒരു ചാക്രിക സംവിധാനം മഴയുടെ ക്രമീകരണത്തില്‍ സംഭവിക്കുന്നു എന്ന് സാരം. സ്രഷ്ടാവ് സംവിധാനിച്ച ഈ വ്യവസ്ഥയെ തിരിച്ചറിയുമ്പോഴാണ് ദൈവാനുഗ്രഹങ്ങളുടെ അമൂല്യതയും നാം വിധേയത്വം പ്രകടിപ്പിക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുകയുള്ളൂ.
വെള്ളം, ഭൂമിയിലെ വ്യത്യസ്ത താവളങ്ങളില്‍ നിക്ഷേപിച്ച്, സ്രഷ്ടാവ് കെട്ടിനിര്‍ത്തുന്നു. ചിലപ്പോള്‍ മഴയോടൊപ്പം ഒഴുകിയൊഴുകി കടലില്‍ ചെന്നുചേരുന്നു. വറ്റാത്ത ഉറവകളായും അല്ലാതെയും കിണറുകളിലും(ഭൂമിക്കടിയില്‍) സംഭരിക്കുന്നു. വെള്ളത്തിന്റെ ഉത്ഭവ, സംഭരണ സംവിധാനങ്ങളെ വളരെ സര്‍ഗാത്മകമായി ഖുര്‍ആന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
വെള്ളം സംഭരിച്ചു നിര്‍ത്തുന്നതില്‍ ഏറ്റവും വലുതും ബൃഹത്തുമായ സംവിധാനമാണ് സമുദ്രം (ബഹര്‍). ഭൂമിയെ ഒരു ജലഗോളമാക്കുന്നത് സമുദ്രമാണ്. ഭൂമിയുടെ ഏതാണ്ട് 71% വെള്ളമാണ്. നദികളെല്ലാം ചേര്‍ന്ന് 2%ത്തോളമാണ് വരുന്നത്. 2,120ഗങ3 (510 ക്യൂബിക് മൈല്‍സ്). വിസ്തൃതിയും ആഴപ്പരപ്പും ഏറ്റവുമധികമുള്ളത് സമുദ്രത്തിനാണെന്ന് ഖുര്‍ആനിക പ്രയോഗങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. (24 അന്നൂര്‍ 40). സമുദ്രത്തിനുതന്നെ ‘അല്‍യമ്മ്’ എന്നും (ഖസ്വസ്വ് 7) പ്രയോഗമുണ്ട്. (14:32, 16:14, 27:61). വെള്ളത്തിന്റെ സംഭരണ സ്ഥലങ്ങളായി നദികള്‍ (14:32), കിണറുകള്‍ (22:45) – (ബിഅ്‌റ് എന്ന സ്ത്രീലിംഗ നാമവും ജുബ്ബ് എന്ന പുല്ലിംഗ നാമവും ഉപയോഗിച്ചിട്ടുണ്ട് 12:10) – ഉറവകള്‍ (39:21)- (നീ കണ്ടില്ലേ ആകാശത്തുനിന്ന് വെള്ളം ചൊരി ഞ്ഞു എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു) – താഴ്‌വരകളിലൂടെയുള്ള ഒഴുക്കുകള്‍ (13:17) തുടങ്ങിയ പരാമര്‍ശങ്ങളും കാണാവുന്നതാണ്.
ഭക്ഷണത്തിന് മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മിക്കതും മഴയെ ആശ്രയിച്ചിട്ടുള്ളവയാണ്. കൃഷി മനുഷ്യരുടെ ഉപജീവന സ്രോതസ്സിന്റെ മുഖ്യ അവലംബവുമാണ്. അതുകൊണ്ട് ഉപജീവനത്തിന്റെ അടിസ്ഥാന കാരണമായ മഴയെ ‘രിസ്‌ക്’ എന്നും സൂചിപ്പിച്ചിട്ടുണ്ട് (45:5, 40:13, 42:27). ഇമാം ഖുര്‍തുബി (ജാമിഉല്‍ അഹ്കാമില്‍ ഖുര്‍ആന്‍, വാള്യം 16, പേജ് 19), ഇമാം ശൗക്കാനി (ഫതുഹുല്‍ഖദീര്‍, വാള്യം 4, പേജ് 65) എന്നീ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത്തരം പ്രയോഗങ്ങളിലെ സാഹിതീയ ഭംഗിയെ വിശകലനം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ മിന്നല്‍ (24:43), ഇടിയെന്ന പേരില്‍ ഒരധ്യായം (അധ്യായം 13 – 13:13) ശൈത്യ, ഉഷ്ണ കാലങ്ങള്‍ (106:13), വെള്ളത്തിന്റെ കുത്തൊഴുക്കില്‍ രൂപപ്പെടുന്ന നുരയും പതയും (13:17), പേമാരി, പ്രളയം (7:133), കൃഷി, കൃഷിയിടങ്ങള്‍ (3:117, 16:11, 32:27, 39:21) തുടങ്ങി മഴയുമായി നേരിട്ട് ബന്ധപ്പെടുന്ന മേഖലകളെയും വസ്തുക്കളെയും ഖുര്‍ആന്‍ അനാവരണം ചെയ്തിട്ടുണ്ട്.
ആശയങ്ങള്‍ സരളവും സുഗ്രാഹ്യവുമായി ആവിഷ്‌ക്കരിക്കുന്നതിന് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള ഒരു രീതിയാണ് ഉപമകള്‍. മനുഷ്യചിന്തയെ ഉണര്‍ത്തി സത്യത്തിന്റെ പ്രകാശം പരത്തുക (59 ഹശ്‌റ് 21), രണ്ട് അവസ്ഥകളോ, വസ്തുക്കളോ തമ്മിലുള്ള സാദൃശ്യങ്ങളും പാരസ്പര്യവും വഴി ദൈവസ്മരണയും സല്‍കര്‍മ നിഷ്ഠയും വളര്‍ത്തിയെടുക്കുക എന്നീ മുഖ്യലക്ഷ്യങ്ങളാണ് ഉപമകള്‍ വഴി ഉദ്ദേശിക്കപ്പെടുന്നത്. (സുയൂത്വി, ഇത്വ്ഖാന്‍ വാള്യം 4, പേജ് 343, 344)
ഭൗതിക ലോകത്തെയും ജീവിതത്തെയും മഴയോടും അതുവഴി രൂപപ്പെടുന്ന കൃഷിയോടും ചേര്‍ത്ത് ധാരാളം വചനങ്ങളില്‍ ഉപമിച്ചത് കാണാം. വെള്ളം മിക്ക വസ്തുക്കളുടെയും ആദിമ അവസ്ഥയാണ്. ഭൗതികലോകവും അപ്രകാരം തന്നെ ആദ്യത്തെ താവളമാണ്. വെള്ളത്തിന്റെ അളവ് അമിതമാവുകയോ നന്നേ കുറയുകയോ ചെയ്യാതെ മധ്യമമാവുമ്പോഴാണല്ലോ ഫലപ്രദവും പ്രയോജനക്ഷമവുമാവുന്നത്. ഭൗതിക ജീവിതത്തോടും, ജീവിതത്തിന്റെ വഴികളിലും ഈ മധ്യമ സമീപനം(വസ്വ്ത്വിയ്യ) അനിവാര്യമാണ്. വെള്ളത്തിന്റെ പൊതുസ്വഭാവം ഒഴുക്കാണ്. ദ്രാവകാവസ്ഥയായതിനാല്‍ ഒരു സ്ഥലത്ത് സ്ഥിരമല്ല. ഭൗതിക ജീവിതത്തോടും ഇത്തരമൊരു ‘അസ്ഥിര’ നിലപാടാണ് മനുഷ്യര്‍ക്ക് വേണ്ടത്. അഥവാ സ്ഥായിയായതും ശാശ്വതവുമല്ല ഭൗതിക ജീവിതമെന്ന തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്. (ഖുര്‍ത്വുബി, ജാമിഉല്‍ അഹ്കാമില്‍ ഖുര്‍ആന്‍; ആശയസംക്ഷേപം – വാള്യം 10, പേജ് 268)
ഖുര്‍ആന്‍ പറയുന്നു: ”നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. അങ്ങിനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാവുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ, ഒരു രാത്രിയോ പകലോ നമ്മുടെ കല്പന അതിന് വന്നെത്തുകയും, തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹീക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.” (10 യൂനുസ് 24)
മഴ മുഖേന ഭൂമി ഫലഭൂയിഷ്ഠമായി സസ്യങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന കണ്ണഞ്ചിപ്പിക്കുന്ന ഹരിത കാഴ്ചകള്‍ നമുക്ക് കാണാം. എന്നാല്‍ ശക്തമായ കാറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ വഴി ഉള്ള നാശമോ, ‘കാലപ്പഴക്കം വഴിസംഭവിക്കുന്ന സ്വാഭാവിക നാശത്തെ യോ അവ തേടുകയും ചെയ്യാറുണ്ട്. ഭൗതീക അലങ്കാരങ്ങളും വിഭവങ്ങളും നയനാനന്ദകരമായ കാഴ്ചകളാണെങ്കിലും നശിക്കാനും തകരാനുമുള്ളതാണെന്ന ബോധ്യം മനുഷ്യനെ പഠിപ്പിക്കുന്ന ഖുര്‍ആനിന്റെ ഉപമ എത്ര ശ്രദ്ധേയമാണ്.
”നിങ്ങള്‍ അറിയുക. ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് – ഒരു മഴപോലെ – അത് മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉറക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞ നിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹീക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.”(57 ഹദീസ് 20)
പുനര്‍ജീവിതത്തില്‍ സംശയമുള്ളവര്‍ക്ക് മുന്‍പില്‍ മഴയിലേക്ക് ചേര്‍ത്ത ഉപമകളാണ് ഖുര്‍ആന്‍ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. നിര്‍ജീവമായ ഭൂമിയിലേക്ക് മഴ വര്‍ഷിപ്പിക്കുന്നതോടെ ജീവന്റെ തുടിപ്പ് മുളപൊട്ടുന്നു. അടഞ്ഞുകിടന്ന മണ്ണിലേക്ക് മഴവെള്ളം അരിച്ചിറങ്ങുന്നതോടെ മണ്ണിന് ചലനവും വികാസക്ഷമതയും കൈവരുന്നു. ഇപ്രകാരമാണ് ചേതനയറ്റു മരിച്ചു കിടക്കുന്ന മനുഷ്യര്‍ക്ക് പരലോകത്ത് നവജീവന്‍ പകരുന്നത് എന്ന് ബോധ്യപ്പെടുത്തുന്നു. ഇത്തരം ആശയങ്ങള്‍ ഉപമകളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഖുര്‍ആനിലെ രണ്ടു വചനങ്ങള്‍ (22 ഹജ്ജ് 5, 41 ഫുസ്വിലത്ത് 39) വൈവിധ്യ സ്വഭാവത്തില്‍ ഭൂമിയുടെ നിര്‍ജീവാവസ്ഥ വിശദീകരിക്കുന്നുണ്ട്. ഒന്നാമത്തെ വചനത്തില്‍ ഭൂമിയെക്കുറിച്ച് ഹാമിദത്തുന്‍ എന്നും രണ്ടാം വചനത്തില്‍ ഖാശിഅത്തുന്‍ എന്നുമാണ് പ്രയോഗിച്ചിട്ടുള്ളത്. ‘വരണ്ടുണങ്ങിയത്’ എന്ന ആശയമാണ് രണ്ട് വചനങ്ങളിലും ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. സൂറതു ഹജ്ജില്‍, നേര്‍ക്കുനേരെ മനുഷ്യന്റെ ജനനവും മരണവും പുനര്‍ജീവിതവും പരാമര്‍ശിക്കുന്നു. പ്രസ്തുത വചനത്തിലെ ഹാമിദത്തുന്‍ എന്ന പദത്തിന്, പൊതുവെ ഭാഷയില്‍ സാധാരണ ഒരു നിര്‍ജീവ, നിശ്ചലാവസ്ഥ, തീ അണഞ്ഞുപോകുന്നത്, വരള്‍ച്ചയുള്ള സ്ഥലം എന്നെല്ലമാണ് അര്‍ഥം. മനുഷ്യന്റെ ജൈവപരമായ കാലവ്യത്യാസങ്ങളെയാണ് ആയത്തില്‍ സൂചിപ്പിക്കുന്നത് എന്നതിനാല്‍ ഈ ഭാഷാര്‍ഥ പ്രയോഗം (നിര്‍ജീവാവസ്ഥ) ആ ശയ കൃത്യത ബോധ്യപ്പെടുത്തുന്നു.
എന്നാല്‍ രണ്ടാം വചനത്തിന് മുന്‍പ് (41:39) സൃഷ്ടികളുടെ ആരാധനയും സൂര്യചന്ദ്രന്റെ പ്രണാമങ്ങളുമാണ് പരാമര്‍ശിക്കുന്നത്. ആരാധനാനുഷ്ഠാനങ്ങളും ദൈവീക ദൃഷ്ടാന്തങ്ങളും ചര്‍ച്ച ചെയ്ത ശേഷം, തൊട്ടടുത്ത വചനത്തില്‍ ഭൂമിയുടെ വരണ്ട, നിശ്ചലമായ, അടക്കമുള്ള അവസ്ഥയെ കുറിക്കാന്‍ ഖാശിഅത്തുന്‍ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. പരാമര്‍ശ വിഷയങ്ങളിലേക്ക് ചേര്‍ത്ത് അര്‍ഥവും ആശയവും ചോര്‍ന്നുപോവാത്ത സര്‍ഗാത്മക പ്രയോഗമാണ് (ഖാശിഅ അതുന്‍) ഈ വചനത്തില്‍ ഖുര്‍ആന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഖുശൂഅ് എന്ന പദത്തിന് പൊതുവായി, ”വരണ്ട അവസ്ഥയെ കുറിക്കുന്ന ആശയതലമില്ല. എന്നാല്‍ ഭക്തിയും ഭയവും മുഖേനെയുള്ള അടക്കവും ഒതുക്കവും ശ്രദ്ധ തെറ്റാതെയുള്ള മനസ്സിന്റെ നിശ്ചല ഭാവവും ആണ് ഒരു വ്യക്തിയില്‍ പ്രതിഫലിക്കുന്നത്. പ്രസ്തുത പദത്തിലൂടെ ഭൂമിയുടെ ‘അടക്കവും നിശ്ചലാവസ്ഥയും’ ഭാഷാസൗന്ദര്യ മികവോടെ ഈ വചനത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നു. (സയ്യിദ് ഖുതുബ്, ഫീ ളിലാലില്‍ ഖുര്‍ആന്‍ വാള്യം 5, പേജ് 3125). ഖുര്‍ആന്‍ പറയുന്നു: ”ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി (ഹാമിദത്തുന്‍) നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതകമുള്ള എല്ലാ തരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തു കൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്.” (22:5,6). ”നീ ഭൂമിയെ വരണ്ടു നിര്‍ജീവമായതായി (ഖാശിഅത്തുന്‍) കാണുന്നു. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാകുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടെതത്രെ! അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.”(41:39)
നിര്‍ജീവമായ ഭൂമിയില്‍ മഴ വര്‍ഷിച്ച് ഫലസമൃദ്ധമാക്കിയെടുക്കുന്ന പ്രക്രിയ പോലെയാണ് മരിച്ചവരുടെ പുനര്‍ജീവനമെന്ന പൊതുപ്രയോഗങ്ങളും ഖുര്‍ആന്‍ പൊതുവായി സൂചിപ്പിക്കുന്നുണ്ട്. (50:9-11, 35:9, 7:57). ഭൗതിക ജീവിതം നശ്വരമാണെന്നും വിഭവങ്ങളുടെ ഏറ്റക്കുറച്ചിലും അനുഭവവും പെട്ടെന്ന് നശിക്കാനും മാറ്റപ്പെടാനും സാധ്യതയുണ്ടെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട് (6:44). ഈ യാഥാര്‍ഥ്യം അല്ലാഹു ഒരു ഉപമയിലൂടെ വിശകലനം ചെയ്യുന്നത് സര്‍ഗാത്മകവും ഭാഷാ കൗതുകവുമുള്ളതാണ്.
ഖുര്‍ആന്‍ പറയുന്നു: ”(നബിയേ) നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ച് കൊടുക്കുക. ആകാശത്തു നിന്ന് നാം വെള്ളമിറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. പെട്ടെന്ന് അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു (അതുപോലെയത്രെ ഐഹിക ജീവിതം) അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (18:45). ഭൂമിയില്‍ മഴ വഴി സസ്യങ്ങള്‍ ഇടകലര്‍ന്ന് ഫലഭൂയിഷ്ഠമായിരിക്കെ, ‘പെട്ടെന്ന് അത് കാറ്റുകള്‍ പറത്തിക്കളയുകയും അങ്ങനെ നശിച്ചുപോവുകയും ചെയ്തു”വെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത് (18:45).
ഈ വചനത്തിലെ ഫ അസ്വ് ബഹ എന്ന പ്രയോഗമാണ് ആശ യ വൈപുല്യം തീര്‍ക്കുന്നത്. അറ ബി ഭാഷയില്‍ പെട്ടെന്ന് സംഭവിക്കുന്നതിന്, ‘ഫ’ എന്ന അവ്യയവും, പിന്നീട് (സാവകാശത്തിലും) സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് സുമ്മ എന്നുമാണ് പൊതുവില്‍ ഉപയോഗിക്കുക. ഈ വചനത്തില്‍ ‘ഫ’യിലേക്ക് ചേര്‍ത്താണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ സസ്യങ്ങള്‍ വിവിധ ഘട്ടങ്ങള്‍ പിന്നിടുന്നത് വിശദീകരിക്കുമ്പോള്‍ സുമ്മ എന്നാണ് ഖുര്‍ആന്‍ കാണുന്നത് (39:21). കാരണം പ്രസ്തുത പ്രക്രിയ സാവകാശമുള്ള ഒരു മാറ്റമാണ്. മഴ പെയ്യുന്നു. ഭൂമിയുടെ ഉറവിടങ്ങളില്‍ ജലം എത്തിച്ചേരുന്നു. ഭൂമി ഫലഭൂയിഷ്ഠമാകുന്നു. നിറവ്യത്യാസങ്ങള്‍ വരുന്നു. വൈക്കോലുകളായി നുരമ്പുന്നു. തുടങ്ങിയ ഘട്ടങ്ങള്‍ സമയമെടുത്തുള്ള പരിവര്‍ത്തനങ്ങളുമാണ്.
മരണം, അന്ത്യദിനം എന്നീ പ്രതിഭാസങ്ങള്‍ പെട്ടെന്നാണ് സംഭവിക്കുക. അവ അപ്രതീക്ഷിതമാണ്. ഖുര്‍ആന്‍ ‘ബഗ്തത്തന്‍’ എന്ന പദമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് (6:31, 47, 7:95, 187, 12:107, 21:40, 22:55, 29:53, 43:66, 47:18) വളരെ പെട്ടെന്ന്, ആകസ്മികമായി വരുന്നത് എന്നല്ലാമാണ് അതിന്റെ ഭാഷാര്‍ഥം.
കൃഷികളും സസ്യങ്ങളും നശിച്ചുപോകുമാറുള്ള കാറ്റിന്റെ വീശിയടിക്കലും, മനുഷ്യ ജീവനും ജീവിതത്തിനും അന്ത്യവും നാശവും സംഭവിക്കുന്ന മരണത്തിന്റെയും ലോകാവസാനത്തിന്റെയും വര വും പെട്ടന്നും ആകസ്മികവുമാണ്. ഖുര്‍ആന്‍ ഈ ആശയം പ്രതിഫലിപ്പിക്കുന്ന ഉപമാ പ്രയോഗത്തി ലെ കൃത്യതയും സര്‍ഗാത്മകത യും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ്. ”അന്ത്യ സമയത്തെപ്പറ്റി അ വര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണ് വന്നെത്തുന്നത് എന്ന്….. പെട്ടന്നല്ലാതെ (ബഗ്തത്തന്‍) അ ത് നിങ്ങള്‍ക്ക് വരികയില്ല…(7:187) (സയ്യിദ് ഖുതുബ്, അത്തസ്വ്‌വീറു ല്‍ ഫന്നീ ഫില്‍ ഖുര്‍ആന്‍, പേജ് 68, 69)
വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ ഭാഷാസാഹിത്യ പ്രയോഗങ്ങളിലൂടെ ആശയാവിഷ്‌ക്കാരം നിര്‍വഹിക്കുന്നതോടൊപ്പം, പ്രകൃതിയില്‍ ഏതൊരാളും അനുഭവിച്ച് സാക്ഷ്യപ്പെടുത്തുന്ന മഴയുള്‍പ്പെടെയുള്ള ജൈവ പ്രതിഭാസങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുകയാണ് ഖുര്‍ആന്‍. പ്രകൃതിപ്രതിഭാസങ്ങളെ കണ്ടനുഭവിക്കുന്ന മനുഷ്യന്, ജീവിത ലക്ഷ്യങ്ങളെയും ധാര്‍മിക ബോധത്തെയും നിഷേധിക്കാനാവാത്ത വിധം ബൗദ്ധികമായി സമര്‍ഥിക്കുകയാണ് ദൈവീക വചനങ്ങള്‍ (സുമര്‍ 21). ഈ തിരിച്ചറിവ് മനുഷ്യന്‍ നഷ്ടപ്പെടുത്തുമ്പോള്‍ അവന്‍ നാശകാരിയും അക്രമോല്‍സുകനുമായി മാറുന്നു. ഇഹപര ജീവിതത്തില്‍ ആത്യന്തിക പരാജയം അനുഭവിക്കുകയും ചെയ്യുന്നു.