22 Sunday
December 2024
2024 December 22
1446 Joumada II 20

മലര്‍ക്കെ തുറക്കാം  നന്മയുടെ കവാടങ്ങള്‍ – ഖലീലുര്‍റഹ്മാന്‍ മുട്ടില്‍

ജാതഭേദമെന്യേ മനുഷ്യര്‍ നിര്‍വഹിച്ചു പോരുന്ന വ്രതാനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിര്‍ബന്ധപൂര്‍വം വ്രതമനുഷ്ഠിക്കണമെന്ന കല്പനയ്ക്കും ഇതുപോലെ കാലപ്പഴക്കമുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത് (21: 183). ഇതുപോലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനകളാണ് നമസ്‌കാരം, സക്കാത്ത്, ഹജ്ജ് എന്നിവ. ഇവയില്‍ സക്കാത്തും ഹജ്ജും വിശ്വാസികള്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമില്ല. എന്നാല്‍ നമസ്‌കാരവും നോമ്പും മുഴുവന്‍ വിശ്വാസികളും നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്ന് ഇസ്‌ലാം കല്പിച്ചിരിക്കുന്നു. മുഴുവന്‍ വിശ്വാസികളെയും ഭക്തിയുടെ നിറവില്‍ നിലനിര്‍ത്തുകയെന്നതാണ് ഈ ആഹ്വാനത്തിന്റെ പൊരുള്‍.
നോമ്പിനെ പരാമര്‍ശിച്ചു കൊണ്ട് മൂന്നു പദപ്രയോഗങ്ങളാണ് ഖുര്‍ആനില്‍ വന്നിരിക്കുന്നത്. സൗമ്, റമദാന്‍, തഖ്‌വ എന്നിവയാണവ. നോമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സ്വയം വിശദീകരണ ക്ഷമതയുള്ള പദങ്ങളാണിവ. സ്വാമ എന്ന വാക്കില്‍ നിന്നുമാകുന്നു സൗമ് എന്ന പദം നിഷ്പന്നമാകുന്നത്. ഒരു വസ്തു അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ട് നിശ്ചലമാവുന്നതിന്നാവുന്നു സ്വാമ എന്നു പറയുന്നത്. ഈ അര്‍ഥത്തില്‍ ഖുര്‍ആനും ഈ പദമുപയോഗിച്ചിട്ടുണ്ട്. നാവിന്റെ പ്രവര്‍ത്തനമാകുന്നു സംസാരം. ഒരാള്‍ സംസാരിക്കാതെ മൗനിയായാല്‍ അതിന് സ്വാമ എന്നു പറയാറുണ്ട്. ഭര്‍ത്താവില്ലാതെ പിറന്ന കുഞ്ഞിനെയുമായി മര്‍യം(അ) ജനങ്ങളുടെ മുമ്പില്‍ വരുന്നു. അവര്‍ പരിഹസിക്കുന്നു. അതിനു മറുപടിയായി മര്‍യം പറഞ്ഞതിത്ര മാത്രം. ”ഞാന്‍ പരമ കാരുണികന് ഒരു വ്രതം നേര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഇന്ന് ഒരു മനുഷ്യനോടും ഞാന്‍ സംസാരിക്കുകയില്ല” (19:26). റമദാനില്‍ നോമ്പനുഷ്ഠിക്കുന്ന വ്യക്തിയുടെ നാവു മാത്രമല്ല, വയറും വിചാരവും വികാരവുമെല്ലാം നിശ്ചലമാവുകയോ നിയന്ത്രണ വിധേയമാവുകയോ ചെയ്യുന്നുണ്ട്. അതിനാണ് വ്രതം എന്നു പറയുന്നത്.
നോമ്പും റമദാനും
നോമ്പ് വൈയക്തികമായി ഏതു മാസവും അനുഷ്ഠിക്കാം. ആഴ്ചയിലും മാസത്തിലുമെല്ലാം നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേക ദിവസങ്ങള്‍ ഇസ്‌ലാം നിശ്ചയിച്ചിട്ടുമുണ്ട്. എന്നാല്‍ വിശ്വാസി സമൂഹം ആഗോള തലത്തില്‍ ഒരുമിച്ചു നോമ്പനുഷ്ഠിക്കാന്‍ ഇസ്‌ലാം നിശ്ചയിച്ച മാസമാകുന്നു റമദാന്‍. എന്തുകൊണ്ടാണ് ഈ മാസം തെരഞ്ഞെടുത്തതെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ”ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍”(2:185). ഖുര്‍ആനിന്റെ അവതരണത്തിന് റമദാനില്‍ തുടക്കം കുറിച്ചത് യാദൃച്ഛികമായിട്ടല്ല. സൂക്ഷ്മ നിരീക്ഷണത്തില്‍ ഖുര്‍ആനും റമദാനും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും. അതുകൊണ്ടായിരിക്കാം അല്ലാഹു ഖുര്‍ആനിന്റെ അവതരണത്തിന് റമദാനിനെ തെരഞ്ഞെടുത്തത്.
റമദ എന്ന പദത്തില്‍ നിന്നാണ് റമദാന്‍ രൂപം കൊള്ളുന്നത്. അതിശക്തമായ ചൂടില്‍ ചുട്ടുപഴുത്തു കിടക്കുന്ന മരുഭൂമിയിലെ ചെറു കല്ലുകള്‍ക്ക് റമദ എന്നു പറയാറുണ്ട്. അതികഠിനമായ ദാഹം കൊണ്ട് ഉള്ളു കരിയുന്നതിനും ഈ പദമുപയോഗിക്കാറുണ്ട്. തിളച്ചുമറിയുന്ന മരുഭൂമിയിലൂടെ നടക്കുന്ന നഗ്‌നപാദനായ കാല്‍നടക്കാരന്റെ പാദങ്ങള്‍ ചുട്ടുപഴുത്തു നില്‍ക്കുന്ന ചെറുകല്ലുകളിലും മറ്റും തട്ടി പൊള്ളലേല്‍ക്കുന്നതോടൊപ്പം അതിന്റെ ചൂട് അയാളുടെ മൂര്‍ദ്ധാവിലേക്കരിച്ചു കയറി ശരീരത്തെ തളര്‍ത്തുകയും ചെയ്യുന്നു. ഇതുപോലെയാണ് റമദാനും. നോമ്പിന്റെ പകലില്‍ വിശന്നു വലഞ്ഞ് ദാഹാര്‍ത്തനായി കഴിയുന്ന നോമ്പുകാരന്റെ ഉള്ളില്‍ നിന്നും റമദാന്‍ പാപങ്ങളെ കരിച്ചുകളയുന്നു. അന്ധവിശ്വാസങ്ങള്‍ തഴച്ചു വളരുന്ന മനസ്സുകളില്‍ നിന്നും അവ വേരോടെ പിഴുതെടുത്ത് കരിച്ചുകളയാന്‍ ഖുര്‍ആനിനും കഴിയുന്നുണ്ട്. ഖുര്‍ആനും റമദാനും നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ ഒന്നു തന്നെയാകുന്നു. മനസ്സില്‍ ഖുര്‍ആന്‍ പെയ്തിറങ്ങാത്ത റമദാന്‍ ചേതനയറ്റ പട്ടിണിക്കാലമായി അവശേഷിക്കുമെന്നുകൂടി നാം ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.
സംരക്ഷണ കവചം
നോമ്പിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ ഉപയോഗിച്ച മൂന്നാമത്തെ പദമാകുന്നു തഖ്‌വ. തഖ്‌വ ആര്‍ജിക്കലാകുന്നു നോമ്പിന്റെ ലക്ഷ്യം (2:183). ഇതരരുടെ മുമ്പില്‍ ഭക്തി നടിച്ചുകൊണ്ട് തഖ്‌വ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കാണാം. എന്നാല്‍ നോമ്പ് ഭക്തി അഭിനയിക്കാന്‍ കഴിയുകയില്ലെന്ന് വിശ്വാസിയെ ബോധ്യപ്പെടുത്തുന്നു. സാങ്കല്പിക തഖ്‌വയ്ക്കു പകരം സാക്ഷാല്‍ തഖ്‌വയുടെ ലക്ഷണങ്ങള്‍ നോമ്പുകാലത്തും തുടര്‍ന്നും മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതു കൊണ്ടാണിത് സാധ്യമാകുന്നത്.
വിഖായ എന്ന പദത്തില്‍ നിന്നാവുന്നു തഖ്‌വ ഉടലെടുത്തത്. പ്രതിരോധിക്കുക, തടഞ്ഞുനിര്‍ത്തുക, കാത്തുസൂക്ഷിക്കുക എന്നീ അര്‍ഥ തലങ്ങളാണ് വിഖായ ഉള്‍ക്കൊള്ളുന്നത്. ചുറ്റുമതില്‍ വീടിന് വിഖായയാകുന്നു. പോലീസ് വാഹനത്തിന്റെ സംരക്ഷണ കവചം അതിന്റെ വിഖായയാണ്. പുറത്തുനിന്നുള്ള ശല്യങ്ങള്‍ പ്രതിരോധിച്ചുനിര്‍ത്തുന്നതുകൊണ്ടാണ് അവയെല്ലാം വിഖായയായി മാറുന്നത്. ഇതുപോലെ നോമ്പുകാരന്റെ ഈമാനിന് ക്ഷതമേല്പിക്കുന്ന ശല്യങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവ് നോമ്പിനുണ്ട്. വികാരം, വിചാരം, നാവ്, കണ്ണ്, കാത് എന്നിവയെ അത് നിയന്ത്രിക്കുന്നു. ഇവയിലൂടെ ദുഷിച്ചതൊന്നും കടന്നുവരാതിരിക്കാന്‍ വ്രതം നോമ്പുകാരനില്‍ ജാഗ്രത വളര്‍ത്തുന്നു. ഇത് പ്രവാചകന്‍ വിശദീകരിക്കുന്നതിങ്ങനെ വായിക്കാം: ”നോമ്പ് ഒരു പരിചയാകുന്നു. അതുകൊണ്ട് നോമ്പുകാരന്‍ ചീത്ത പ്രവര്‍ത്തിക്കരുത്. വിഡ്ഢിത്തം പ്രകടിപ്പിക്കുകയുമരുത്. വല്ലവനും ശണ്ഠകൂടുകയോ ശകാരിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് രണ്ടു പ്രാവശ്യം പറയട്ടെ. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം! നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാകുന്നു. അല്ലാഹു പറയുന്നു: അവന്‍ അവന്റെ ഭക്ഷണവും പാനീയങ്ങളും വികാരങ്ങളും എനിക്കുവേണ്ടിയാണ് ഉപേക്ഷിച്ചത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെ അതിനു പ്രതിഫലം നല്‍കും. ഓരോ നന്മയ്ക്കും പത്തിരട്ടിയാണ് പ്രതിഫലം’ (ബുഖാരി)
നോമ്പ് പീഡനമല്ല
ആത്മീയ നിര്‍വൃതിക്കുവേണ്ടി ശാരീരിക പീഡനം മതമായി കാണുന്നവരുണ്ട്. വഹിക്കാന്‍ കഴിയാത്ത മരക്കുരിശുമേന്തി കിലോമീറ്ററുകളോളം നടന്ന് തളര്‍ന്നവശരായിക്കൊണ്ട് മല കയറുന്നവരുണ്ട്. അതവരുടെ മതത്തിന്റെ ഭാഗമാണെന്നവര്‍ വിശ്വസിക്കുന്നു. ദീര്‍ഘമായ ഒരു മാസക്കാലം ഭക്ഷണവും വെള്ളവുമുപേക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിക്കുന്നതും ശാരീരിക പീഡനത്തിലൂടെ ആത്മീയ നിര്‍വൃതി കൈവരിക്കാനാണെന്ന് ഇസ്്‌ലാം വിമര്‍ശകരുന്നയിക്കാറുണ്ട്. എന്നാല്‍ ഇസ്‌ലാം ശാരീരിക പീഡനത്തെ ഒരു തരത്തിലും മതമായി അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഒരിക്കല്‍ പ്രവാചകന്‍ മിമ്പറില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പള്ളിക്കു പുറത്ത് കൊടുംവെയിലില്‍, തലയിലൊന്നുമില്ലാതെ, ചെരിപ്പു ധരിക്കാതെ ഒരാള്‍ നില്‍ക്കുന്നത്? അദ്ദേഹം കണ്ടു. പ്രവാചകന്‍: ആരാണ് ആ നില്‍ക്കുന്നത്? സ്വഹാബികള്‍: അബൂഇസ്‌റാഈല്‍ ആകുന്നു. പ്രവാചകന്‍: എന്തിനാണയാള്‍ അവിടെ നില്‍ക്കുന്നത് പ്രവാചകരേ, അദ്ദേഹം ഇനിമേല്‍ തണല്‍ കൊള്ളുകയില്ലെന്നും നോമ്പനുഷ്ഠിക്കുമെന്നും ഇരിക്കുകയോ സംസാരിക്കുകയോ ചെയ്യുകയില്ലെന്നും നേര്‍ച്ച നേര്‍ന്നിരിക്കുന്നു. പ്രവാചകന്‍: അയാളോട് സംസാരിക്കാനും ഇരിക്കാനും തണലുപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ”(ബുഖാരി). നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ (ഒഴിവാക്കിയ നോമ്പുകളുടെ) എണ്ണം പൂര്‍ത്തീകരിക്കുക” എന്ന ഖുര്‍ആന്‍ വചനവും ചേര്‍ത്തുവായിച്ചാല്‍ നോമ്പ് ശരീരത്തെ പീഡിപ്പിക്കാന്‍ വേണ്ടിയല്ല നിശ്ചയിച്ചിരിക്കുന്നതെന്ന് ബോധ്യമാവും.
റമദാന്‍ സാമൂഹ്യ നിര്‍മിതിക്കു വേണ്ടി
ലോകത്ത് വ്യത്യസ്ത തരത്തിലുള്ള ഒട്ടേറെ സമൂഹങ്ങള്‍ ജീവിക്കുകയും മണ്‍മറയുകയും ചെയ്തിട്ടുണ്ട്. സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളാണ് സമൂഹങ്ങള്‍ക്കിടയിലെ വ്യത്യസ്തത നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ പ്രവാചകന്മാരുടെ കാലത്തും ഇസ്‌ലാം ഏകമുഖ സംസ്‌കാരമാണ് നിലനിര്‍ത്തിയത്. സാമൂഹ്യ നിര്‍മിതിക്കുവേണ്ടി മൂല്യങ്ങളെ അവലംബിച്ചതുകൊണ്ടാണ് ഇസ്‌ലാമിന്നതു സാധിച്ചെടുക്കാന്‍ കഴിഞ്ഞത്. യഥാര്‍ഥത്തില്‍ മൂല്യങ്ങളുടെ പുന:സൃഷ്ടിയാണ് ഓരോ റമദാനിലും നടക്കുന്നത്.
ഉത്തമ സമൂഹം ജനങ്ങള്‍ക്കുവേണ്ടിയുള്ളതാവണമെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു (3:110). നന്മയുടെ പക്ഷത്താണ് അത് നിലകൊള്ളുക. സമൂഹ നന്മയ്ക്കുവേണ്ടി വൈയക്തികമായി അനുഭവിക്കാന്‍ അനുവദനീയമായ പലതും കൈവെടിയാനാണ് റമദാന്‍ പരിശീലിപ്പിക്കുന്നത്. മാതൃകാ സമൂഹ നിര്‍മിതിക്ക് അനിവാര്യമായ ഒരു ഘടകമാണിത്. റമദാനില്‍ ഭോജനവും ലൈംഗിക ബന്ധവും അനുഭവിക്കുന്നതിലും നിരോധിക്കുന്നതിലും ഏര്‍പ്പെടുത്തിയിരിക്കുന്ന സമയക്രമീകരണത്തില്‍ നിന്നും ഇതു വ്യക്തമാകുന്നു. മുസ്‌ലിമിന് അനുവദിച്ച കാര്യങ്ങളാണിവ. എന്നാല്‍ റമദാനില്‍ മുസ്‌ലിം സമൂഹം മൊത്തത്തില്‍ പകല്‍ ഭക്ഷണം കഴിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. സമൂഹം വെച്ചുപുലര്‍ത്തുന്ന നന്മകളില്‍ വ്യക്തിസാന്നിധ്യം ഉറപ്പിച്ചുകൊണ്ട് സമൂഹ നിര്‍മിതിയില്‍ പങ്കാളികളാവണമെന്ന റമദാനിന്റെ ആഹ്വാനമാണിതെന്ന് വായിച്ചെടുക്കാന്‍ കഴിയും. പകലിലും ലൈംഗിക ബന്ധമാവാമെങ്കിലും മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന സമൂഹം ആ സമയമുപയോഗിക്കാറില്ല. രാത്രികാലവും സ്വകാര്യതയുമൊക്കെയാണ് അവലംബിക്കാറുള്ളത്. അത് കാത്തുസൂക്ഷിക്കണമെന്നു തന്നെയാണ് റമദാന്‍ പഠിപ്പിക്കുന്നതും. ആത്മ നിയന്ത്രണം പാലിക്കാനും സാമൂഹ്യ വികാരങ്ങള്‍ മാനിക്കാനും പൊതുവ്യവസ്ഥ പാലിക്കാനുമുള്ള തീക്ഷ്ണമായ പരിശീലനമാണ് റമദാന്‍ നല്‍കുന്നത്.
റമദാനിന്റെ പിറവിയോടുകൂടി മുസ്‌ലിം സമൂഹം പാടെ മാറുവാനുള്ള കാരണവുമിതാണ്. നന്മയാണെല്ലായിടത്തും പൂത്തുലയുന്നത്. ദാനധര്‍മം പതിന്മടങ്ങ് വര്‍ധിക്കുന്നു. രോഗികളെ സന്ദര്‍ശിക്കല്‍, അനാഥകളെ പരിപാലിക്കല്‍, ആലംബഹീനര്‍ക്ക് അത്താണിയൊരുക്കല്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ റമദാന്‍ ഉദ്ദീപിപ്പിക്കുന്നു. മാതാപിതാക്കളെ സ്‌നേഹിക്കാനും കുടുംബന്ധം ചേര്‍ക്കാനും അകന്നവരെ അടുപ്പിക്കാനും റമദാന്‍ നിര്‍ബന്ധിക്കുന്നു. മതം പഠിപ്പിക്കുന്ന സാമൂഹ്യ നിര്‍മിതിയുടെ പാഠങ്ങളാണിതെല്ലാം.
ചൈതന്യത്തിന്റെ മാസം
ജോലികള്‍ നിര്‍ത്തിവെച്ച് യഥേഷ്ടം കിടന്നുറങ്ങി, പള്ളി മൂലയില്‍ വിശ്രമിച്ചുകൊണ്ട് ആലസ്യത്തോടുകൂടി റമദാനിനെ തള്ളിനീക്കുന്നവരുണ്ട്. സത്യത്തില്‍ റമദാന്‍ ആലസ്യത്തിന്റെ മാസമല്ല. ചൈതന്യത്തിന്റെ രാപ്പകലുകളാണത്. റമദാനിലാണ് പ്രവാചകന്‍ ബദര്‍യുദ്ധം നയിച്ചു മക്ക ജയിച്ചടക്കിയതും. നോമ്പിന്റെ പേരില്‍ മറ്റൊന്നും ആലോചിക്കാതെ അലസനായിരുന്നാല്‍ ഇതെങ്ങനെ സാധിക്കും? പ്രവാചകന്‍ നോമ്പുകാലത്ത് ദാനം ചെയ്യുന്ന കാര്യത്തില്‍ അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു (ബുഖാരി). റമദാനില്‍ നിഷ്‌ക്രിയനായിരുന്നുകൊണ്ട് മുന്‍ സമ്പാദ്യത്തില്‍ നിന്നെടുത്ത് ദാനം ചെയ്യുകയായിരുന്നില്ല അദ്ദേഹം. കാരണം അത്തരമൊരു സമ്പാദ്യപദ്ധതി അദ്ദേഹത്തിനില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും.
റമദാന്‍ വിശ്വാസിക്കു മാത്രം
റമദാനില്‍ വിശ്വാസമില്ലാത്തവര്‍ക്കും ഐഹികമായി റമദാനിന്റെ ചില നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെങ്കിലും യഥാര്‍ഥത്തില്‍ വിശ്വാസിക്കു മാത്രമേ അതുപകരിക്കുകയുള്ളൂ. പരലോകത്തേക്കുള്ള മുതല്‍ക്കൂട്ടൊരുക്കുവാന്‍ ലഭ്യമായ സുവര്‍ണാവസരമായി റമദാനിനെ സമീപിക്കുന്നവര്‍ക്ക് അത് വന്‍ ലാഭകരമായിരിക്കും. പ്രവാചകന്‍(സ) പറഞ്ഞു: ”റമദാന്‍ പോലെയുള്ള നല്ല ഒരു മാസം സത്യവിശ്വാസികള്‍ക്കുണ്ടാവുകയില്ല. റമദാന്‍ മാസം പോലൊരു ചീത്ത മാസം കപട വിശ്വാസികള്‍ക്കുമുണ്ടാവുകയില്ല”. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും”(ബുഖാരി). ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞതു കൊണ്ടു മാത്രം ഇതു ലഭ്യമാവുകയില്ല എന്നാകുന്നു പ്രവാചകന്‍ അറിയിക്കുന്നത്: ”അന്നപാനാദികളില്‍ നിന്നല്ല വ്രതം. നിശ്ചയമായും വ്യര്‍ഥ ഭാഷണത്തില്‍ നിന്നും വൃത്തികെട്ട പെരുമാറ്റത്തില്‍ നിന്നുമാണ് വ്രതം.” ഒരു  വിശ്വാസിക്ക് നോമ്പനുഷ്ഠിച്ച ദിനവും അനുഷ്ഠിക്കാത്ത ദിനവും ഒരുപോലെയാവുകയില്ല എന്നു പ്രവാചകന്‍ ഉണര്‍ത്തുന്നുണ്ട്. സ്വര്‍ഗ കവാടങ്ങള്‍ തുറക്കുകയും നരക കവാടങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്ന റമദാനില്‍ ‘നന്മയാഗ്രഹിക്കുന്നവരെ മുന്നോട്ട്, മുന്നോട്ട്. തിന്മയാഗ്രഹിക്കുന്നവരേ മതിയാക്കൂ” എന്ന് മലക്ക് വിളിച്ചു പറയുമെന്ന് പ്രവാചകന്‍(സ) അറിയിക്കുന്നു.
ഖുര്‍ആനില്‍ നിന്നും വെളിച്ചം കൊളുത്തിയെടുത്തുകൊണ്ട് റമദാനിനെ ധന്യമാക്കാന്‍ കഴിയാത്തവര്‍ക്ക് വന്‍ നഷ്ടമാവുന്നു. ഒരിക്കല്‍ പ്രവാചകന്‍ മിമ്പറില്‍ കയറി മൂന്നു പ്രാവശ്യം ആമീന്‍ പറഞ്ഞു: അദ്ദേഹത്തോട് അതിനെക്കുറിച്ച് അനുചരന്മാര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ജിബ്‌രീല്‍(അ) എന്റെ അടുക്കല്‍ വന്നു പറഞ്ഞു: ഒരാള്‍ക്ക് റമദാനില്‍ ജീവിക്കാനവസരം ലഭിച്ചിട്ടും അയാള്‍ക്ക് പാപമോചനം കരസ്ഥമാക്കാന്‍ സാധ്യമായില്ലെങ്കില്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ നിന്നുമകറ്റട്ടെ. അപ്പോള്‍ ഞാന്‍ ആമീന്‍ പറഞ്ഞതാണ്. (തിര്‍മിദി)
ഒരു വിശ്വാസി എന്തൊക്കെ പ്രവര്‍ത്തിച്ചു എന്നല്ല അല്ലാഹു പരീക്ഷിക്കുന്നത്. പ്രവര്‍ത്തിയുടെ ഗുണനിലവാരം എത്രയുണ്ടെന്നാണ് അല്ലാഹു വിലയിരുത്തുന്നത്. ”നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്നു പരീക്ഷിക്കുവാന്‍ വേണ്ടി” എന്ന  പ്രയോഗം ഖുര്‍ആനില്‍ മൂന്നിടത്ത് കാണാന്‍ കഴിയും. നന്മയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് റമദാനിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുവാന്‍ വിശ്വാസികള്‍ ഉണര്‍ന്നിരിക്കേണ്ടിയിരിക്കുന്നു.
Back to Top