മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാനുള്ള പൊലീസ് രാജ്
ടി റിയാസ് മോന്‍
മലപ്പുറം ജില്ലയെ ദക്ഷിണേന്ത്യയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അടയാളപ്പെടുത്താനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തോട് സംഘ്പരിവാറിനുള്ള വെറുപ്പ് ചരിത്രപരമാണ്. എന്നാല്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം നടത്തുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പാണ്. നേതൃത്വം നല്കിയത് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ദാസ് ഐ പി എസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ എസ് പിയായ എസ് ശശിധരനും മലപ്പുറത്തെ ക്രിമിനില്‍ കേസുകളുടെ എണ്ണം കൂട്ടുന്നതില്‍ ജാഗരൂകനാണ്. കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, ഗുണ്ടാ അക്രമങ്ങള്‍ എന്നിവ താരതമ്യേനെ കുറവായ മലപ്പുറം ജില്ലയില്‍ ഓരോ പൊലീസ് സ്റ്റേഷനുകള്‍ക്കും ദിവസവും ക്വാട്ട നിശ്ചയിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത തലത്തില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി. ഇതേ തുടര്‍ന്ന് അനാവശ്യമായി പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ക്വാട്ട ലഭിച്ചതോടെ സിവില്‍ പോലീസ് ഓഫീസര്‍മാരെ ഓരോ ബസ്സ്റ്റോപ്പിലും നിയോഗിക്കേണ്ട അവസ്ഥയിലായി സ്റ്റേഷന്‍ സി ഐമാര്‍. അവര്‍ സ്വകാര്യ കാറുകളിലേക്കും, വാഹനങ്ങളിലേക്കും എത്തിനോക്കി ഫോട്ടോയെടുത്ത് ദിവസവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരമാവധി എഫ് ഐ ആറുകള്‍, പരമാവധി പ്രതികള്‍ എന്നതായി പൊലീസിന്റെ മുദ്രാവാക്യം.
ഈ ജോലി സമ്മര്‍ദം താങ്ങാനാവാതെ വന്നത് പൊലീസ് സ്റ്റേഷനുകളിലെ സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് എത്തുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അടിമയെ പോലെ പണിയെടുക്കേണ്ടി വന്ന സാധാ പൊലീസുകാരുടെ പ്രതിഷേധമാണ് പി വി അന്‍വര്‍ എം എല്‍ എയിലൂടെ പുറത്തു വന്നത്. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലാണ് പി വി അന്‍വര്‍ എം എല്‍ എ ജില്ലാ പോലീസ് മേധാവിമാര്‍ക്കെതിരെ പ്രസംഗിച്ചത്. അഥവാ മലപ്പുറം ജില്ലയിലെ അസ്വസ്ഥരായ, മാനസിക പീഡനം അനുഭവിക്കുന്ന പൊലീസുകാരാണ് പി വി അന്‍വറിന് വെളിപ്പെടുത്താന്‍ രേഖകളും വേദിയും ഒരുക്കി കൊടുത്തത്.
മണിക്കൂറുകളോളം പൊരിവെയിലത്ത് മൊബൈല്‍ ക്യാമറയും പിടിച്ച് നിന്ന് കേസ് എണ്ണം തികക്കേണ്ട ഗതികേടിലാണ് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍. എണ്ണം തികഞ്ഞില്ലെങ്കില്‍ മുകളില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായി. ഓരോ പൊലീസുകാരന്റെയും ആത്മാഭിമാനം നഷ്ടപ്പെടുന്ന അവസ്ഥയെത്തി. സത്യസന്ധമായി ജോലി നിര്‍വഹിക്കാനാവാത്ത അവസ്ഥയായി. കേസിന്റെ കടലാസ് പണികള്‍ പൊലീസ് സ്റ്റേഷനുകളിലും കേസുകളുടെ എണ്ണം കോടതികളിലും ജോലിഭാരം കൂട്ടി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം പൊലീസ് സ്റ്റേഷനുകളില്‍ ചെന്ന് സി ഐമാരെയും എസ് ഐമാരെയും ഭരിക്കുന്ന അവസ്ഥയായി.
ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് ആഭ്യന്തര വകുപ്പില്‍ മലപ്പുറം ജില്ലയില്‍ നടന്നിട്ടുള്ളത്. കള്ളക്കേസുകളുടെ എണ്ണം കൂടി. സംസ്ഥാന ആഭ്യന്തര വകുപ്പ് പോലീസ് സേനക്ക് സംഭവിച്ച ഈ അപചയത്തെ തിരിച്ചറിയുന്നതില്‍ രാഷ്ട്രീയമായി കൂടി പരാജയപ്പെട്ടു.
മാധ്യമങ്ങളും മലപ്പുറം ജില്ലയിലെ പൊതുസമൂഹവും പൊലീസിന്റെ പരാജയത്തെ കുറിച്ച് പരാതി പറഞ്ഞപ്പോഴെല്ലാം എസ് പി സുജിത് ദാസിന്റെ വക്താവായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിക്കാനാണ് ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റി പോലും തയ്യാറായത്. നടപ്പാക്കുന്നത് ഇടതുപക്ഷത്തിന്റെ അജണ്ടയാണോ സംഘ്പരിവാറിന്റെ അജണ്ടയാണോ എന്നറിയാതെ മലപ്പുറത്തെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. മലപ്പുറം ജില്ലയുടെ സത്പേര് ദേശീയതലത്തില്‍ തന്നെ കളങ്കപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പൊലീസ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.
പെരുകുന്ന
കേസുകള്‍
2019ല്‍ മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസുകളുടെ എണ്ണം 12642 ആണ്. 2021 ല്‍ സുജിത് ദാസ് ഐ പി എസ് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ 19045 ആയി വര്‍ധിച്ചു. 2022ല്‍ അത് 26959 ആയി വര്‍ധിച്ചു. 2023ല്‍ 40428 ആയി വര്‍ധിച്ചു. ഇതില്‍ അസ്വാഭാവികതയുണ്ട്. ഈ കേസുകളില്‍ മുക്കാല്‍ പങ്കും പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്നതാണ്. ആരും പരാതിക്കാരില്ലാത്ത കേസുകള്‍. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നതും, കുറ്റകൃത്യങ്ങള്‍ കുറയുന്നതും മികച്ച സിവില്‍ സമൂഹം രൂപപ്പെടുന്നതിന്റെ സൂചനയാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഒരു പ്രദേശത്തെ ദേശീയതലത്തില്‍ അവമതിക്കാനുള്ള ശ്രമമാണ് മലപ്പുറത്ത് ഉണ്ടായത്. മലപ്പുറം ജില്ല ക്രിമിനലുകളുടെയും കള്ളക്കടത്തുകാരുടെയും താവളമാണ് എന്ന് പ്രചരിപ്പിക്കേണ്ടത് സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ്. ആ അജണ്ടയാണ് പിണറായി വിജയന്റെ പൊലീസ് നടപ്പാക്കിയത്. എല്ലാ പ്രത്യയശാസ്ത്ര ബോധ്യങ്ങളും നഷ്ടപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യസ്ഥപ്പണിക്കാരായി മലപ്പുറം ജില്ലയിലെ ഇടതുപക്ഷം അധപതിച്ചതെങ്ങനെയെന്ന് അവര്‍ തന്നെ വിശദീകരിക്കണം. രാഷ്ട്രീയമായി സ്വയം തകര്‍ന്ന് ഫാസിസത്തിന് വളമാകാന്‍ തീരുമാനിച്ച രീതിയിലാണ് ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനം നടത്തിയാല്‍ പോലും കേസെടുക്കുകയാണ്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, സംഘര്‍ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറച്ചു വകുപ്പുകളും കൂടി ചേര്‍ത്തിട്ടുണ്ടാവും. പ്രതിപക്ഷ സംഘടനകള്‍ക്ക് മാത്രമല്ല, ഭരണാനുകൂല സംഘടനകള്‍ക്ക് പോലും പ്രകടനം നടത്താന്‍ പറ്റാത്ത സാഹചര്യം ജില്ലയിലെ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ഇതൊരു ജനാധിപത്യ സമൂഹത്തില്‍ ഉചിതമാണോ എന്ന് പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാറും, ഭരിക്കുന്ന പാര്‍ട്ടിയുമാണ്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അത് കുറയ്ക്കുക, ക്രമസമാധാനം ഉറപ്പ് വരുത്തുക തുടങ്ങിയ അടിസ്ഥാന ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി കഴിയുന്നത്ര എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുക എന്നതിലേക്ക് പൊലീസിന്റെ ഊന്നല്‍ മാറിയിട്ടുണ്ട്.
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയെ ചേളാരിയില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. തൊട്ടടുത്ത തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലാണ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ താനൂരിലാണ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു കൊന്നത്. ആ കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്‍ ഒ സി നല്കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ എന്‍ ഒ സി കിട്ടാതിരുന്നതിനാല്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ പ്രതികള്‍ ജാമ്യത്തിലിറങ്ങി. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് ആഭ്യന്തര വകുപ്പ് തന്നെയാണ് എന്നതിന്റെ തെളിവാണ് താമിര്‍ ജിഫ്രി കേസില്‍ സര്‍ക്കാറിന്റെ സമീപനങ്ങള്‍.
2023 ഏപ്രിലില്‍ എടവണ്ണ ചെമ്പക്കുത്ത് സ്വദേശി റിദാന്‍ ബാസില്‍ കൊല്ലപ്പെടുകയുണ്ടായി. നേരത്തെ കൊണ്ടോട്ടി പൊലീസ് വ്യാജ എം ഡി എം എ കേസില്‍ പെടുത്തി ജയിലിലടക്കപ്പെട്ട വ്യക്തിയാണ് റിദാന്‍ ബാസില്‍. ഈ കൊലപാതക കേസില്‍ അയാളുടെ ഭാര്യയെ പ്രതി ചേര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്. നേരത്തെ, റിദാന്‍ ബാസിലിനെ കൊണ്ടോട്ടിയിലേക്ക് വിളിച്ചു വരുത്തി വണ്ടിയില്‍ എം ഡി എം എ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരങ്ങള്‍. റിദാന്‍ ബാസിലിന്റെ കൊലക്കേസില്‍ ഭാര്യയെ പ്രതിചേര്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസം നിലമ്പൂരില്‍ കസ്റ്റഡിയില്‍ വെച്ച് പൊലീസ് പീഡിപ്പിച്ചു. നിലമ്പൂരിലും, കരിപ്പൂരിലും, താനൂരിലും ജില്ലാ പൊലീസ് മേധാവിയുടെ സംഘത്തിന്റെ പ്രത്യേക ഇടിമുറികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കുറച്ച് പൊലീസുകാര്‍ നിരപരാധികളെ പീഡിപ്പിച്ച് കുറ്റമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടതാണ്.
മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫിസിലെ തേക്ക്, മഹാഗണി മരങ്ങള്‍ എസ് പി തന്നെ മുറിച്ച് കടത്തി വീട്ടിലെ ഫര്‍ണിച്ചര്‍ നിര്‍മിച്ചു എന്ന ഗുരുതരമായ ആരോപണം പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ചിരിക്കുന്നു. അത് കേവലം ആരോപണമല്ല, യാഥാര്‍ഥ്യമാണ്. സ്വര്‍ണക്കടത്ത്, കഞ്ചാവ് കച്ചവടക്കാര്‍, മയക്ക് മരുന്നു ലോബി എന്നിവയുമായി മലപ്പുറം എസ് പിയായിരുന്ന, ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള സുജിത് ദാസിന് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് പുറമെയാണ് മോഷണപ്പരാതി. എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി വില നിശ്ചയിച്ചതാണ്. നിലവില്‍ അവിടെ മരത്തിന്റെ മണ്ണിനടിയിലെ വേര് മാത്രമാണുള്ളത്. സ്വാഭാവികമായും മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതാണ്. എസ് പി അറിയാതെ അവിടെ നിന്ന് ഒരു മരവും മുറിക്കാനാവില്ല. ഒന്നിലേറെ പരാതി ലഭിച്ചിട്ടും അതില്‍ കേസെടുക്കാത്തത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ഇതിനു പുറമെ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് അറസ്റ്റ് ചെയ്യേണ്ട കുറ്റകൃത്യങ്ങളാണ് അതെല്ലാം. സസ്പെന്‍ഷന്‍ അല്ല, അറസ്റ്റാണ് നിയമം. അതിന് ഉത്തരവിടാന്‍ ആഭ്യന്തര മന്ത്രി ആര്‍ജവം കാണിക്കണം.
ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഫാസിസ്റ്റുകള്‍ക്കും ക്രിമിനലുകള്‍ക്കും തണല്‍ വിരിച്ച സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സംഘ്പരിവാറിനെ പ്രതിരോധിക്കാനാണ് ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ട് നല്കിയതെന്ന് അവര്‍മറന്നുപോകരുത്.