മലപ്പുറം കത്തിക്കാന്‍ വിസര്‍ജ്യം തളിയ്ക്കുന്ന വിദ്വേഷ പരിവാരം – ഷെരീഫ് സാഗര്‍
2002-ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ ആസൂത്രണം ചെയ്തത് സംഘ്പരിവാര്‍ തന്നെയാണെന്ന വാദം ഇപ്പോഴും പ്രസക്തമാണ്. ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന്റെ നേതാക്കള്‍ ഈയിടെ ഇക്കാര്യം തറപ്പിച്ചു പറയുകയുണ്ടായി. നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി 2002 ഫെബ്രുവരി 27-നാണ് സബര്‍മതി എക്‌സ്പ്രസ്സിന്റെ എസ് 6 ബോഗി ആക്രമിക്കപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. 59 ഹിന്ദു തീര്‍ത്ഥാടകരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുവ്വായിരത്തിലേറെ മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടു.
ബി ജെ പി നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന സുരേഷ് മെഹ്തയുടെ വെളിപ്പെടുത്തലും ഇതിനോട് കൂട്ടിവായിക്കേണ്ട ഒന്നാണ്. ഗോധ്ര സംഭവം ആസൂത്രിതമാണെന്ന് നാനാവതി കമ്മിഷനും അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് യു സി ബാനര്‍ജി കമ്മിഷനും കണ്ടെത്തി. ബോഗിക്കുള്ളില്‍നിന്നാണ് തീ പിടിച്ചതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. കര്‍സേവകരെ ചുട്ടുകൊന്നത് സംഘ്പരിവാര്‍ തന്നെയാണെന്ന നിഗമനത്തിന് പലരും തെളിവുകള്‍ നിരത്തിയിട്ടുണ്ട്. നേതാക്കള്‍ ഒരു പരിക്കും കൂടാതെ തിരിച്ചെത്തിയതായിരുന്നു ഒരു സംശയം. കൊല്ലപ്പെട്ടതൊക്കെ സാധാരണ പ്രവര്‍ത്തകര്‍. ഇവര്‍ക്കൊപ്പം ഒരുമിച്ചു പോയ നേതാക്കള്‍ തിരിച്ചുവന്നത് മറ്റൊരു വണ്ടിയില്‍. പിറ്റേന്ന് പ്രഖ്യാപിക്കപ്പെട്ട വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ത്താലിനിടെ ഉണ്ടായ കൂട്ടക്കുരുതി മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നും അത്രയും സംഘടിതമായി അങ്ങനെയൊരു കലാപം നടക്കാന്‍ സാധ്യതയില്ലെന്നും ഈ ദിവസങ്ങളിലെ ഗുജറാത്തിനെ വിലയിരുത്തിയവര്‍ പറഞ്ഞിട്ടുണ്ട്. കലാപത്തിനുള്ള കാരണം മാത്രമായിരുന്നു ഗോദ്ര. കലാപവും കാരണവും സൃഷ്ടിച്ചത് ഒരേ കൂട്ടരാണെന്ന വാദം സംഘ്പരിവാറിന്റെ കാര്യത്തില്‍ സമ്മതിച്ചേ പറ്റൂ. വംശഹത്യക്കും കലാപത്തിനുമുള്ള കാരണങ്ങള്‍ തേടുന്നവരാണ് ഫാഷിസ്റ്റുകള്‍. ഒരു കാരണവും ഇല്ലെങ്കില്‍ അവര്‍ തന്നെ കാരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
നെയ്തല്ലൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സംഭവിച്ചത്
മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ കരേക്കാട് ധര്‍മ്മശാസ്താ ക്ഷേത്രം ഇക്കഴിഞ്ഞ ആഗസ്ത് 27നാണ് ആക്രമിക്കപ്പെട്ടത്. രാവിലെ പൂജാരി വന്നു നോക്കുമ്പോള്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തകര്‍ക്കുകയും പ്ലാസ്റ്റിക് കവറിലാക്കി മനുഷ്യ വിസര്‍ജ്യം ചുറ്റമ്പലത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഒരു ലഹള ആഗ്രഹിച്ച് കൃത്യമായി ആസൂത്രണം ചെയ്ത സംഭവമാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ബോദ്ധ്യപ്പെടുന്ന വിധമാണ് ആക്രമണം നടന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളുടെ അനുജന്‍ ഉള്‍പ്പെടെയുള്ളവരെയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാമകൃഷ്ണന്‍ എന്നൊരാളാണ് മുഖ്യപ്രതിയായി പിടിക്കപ്പെട്ടത്. ഹിന്ദു ഐക്യവേദിയുടെ ആളുകള്‍ സംഭവത്തിനു തൊട്ടുപിന്നാലെ നടത്തിയ പ്രകടനവും പോര്‍വിളികളും ആസൂത്രിതമാണോ എന്ന സംശയവുമുണ്ട്. വര്‍ഗ്ഗീയ ലഹള ലക്ഷ്യമിട്ടാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ് പ്രസ്താവിച്ചിരുന്നു.
മലപ്പുറം ജില്ലയെ ലക്ഷ്യമാക്കി നടക്കുന്ന ഇത്തരം നീക്കങ്ങള്‍ ഇതാദ്യമല്ല. പെരിന്തല്‍മണ്ണ തളി ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ കത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. മലപ്പുറം ഒരു കുട്ടിപ്പാക്കിസ്താനാണെന്ന് വരുത്തി തീര്‍ക്കുന്നതിന് ദേശവ്യാപകമായി സംഘ്പരിവാര്‍ ശ്രമങ്ങള്‍ നടത്താറുണ്ട്. ജില്ലയുടെ രൂപവത്ക്കരണ കാലം തൊട്ടേയുള്ള അസുഖമാണിത്. മലപ്പുറം ജില്ല ഒരിക്കല്‍പ്പോലും സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ പോലും ദേശീയ മാധ്യമങ്ങളില്‍ ഇരുന്ന് ഈ ജില്ലയെ അധിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ക്ഷേത്രം ആക്രമിക്കപ്പെട്ട വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ വാരി വിതറിയിട്ടുണ്ടാകും. എന്നാല്‍ അതിന്റെ ഫോളോഅപ്പ് വാര്‍ത്ത ആരും കണ്ടിട്ടുണ്ടാവില്ല. ജന്മഭൂമി, ജനം തുടങ്ങിയ ബി ജെ പി അനുകൂല ചാനലുകളും ഈ ഫോളോഅപ്പ് മറച്ചുപിടിക്കാന്‍ പരമാവധി പാടുപെടുന്ന കാഴ്ച ദയനീയമായിരുന്നു. എങ്ങനെയെങ്കിലും ഈ നാടൊന്ന് കത്തുന്നത് കണ്ടാല്‍ മതി എന്ന നിലപാടിലാണ് ഈ കാണിച്ചുകൂട്ടുന്നതൊക്കെ.
മലപ്പുറം ഭീതി
എഴുന്നൂറിലധികം ജില്ലകളുണ്ട് ഇന്ത്യയില്‍. അതിലൊന്നു മാത്രമാണ് മലപ്പുറം. എന്നാല്‍ ഇന്ത്യയിലെ മറ്റൊരു ജില്ലയും മലപ്പുറത്തെപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടി ല്ല. കേരളത്തില്‍ത്തന്നെ മലപ്പുറത്തിനു ശേഷം പിന്നെയും നാലു ജില്ലകളുണ്ടായി. ഒരു വിവാദവും പടര്‍ന്നില്ല. രൂപവത്കരണ കാലം തൊട്ടേ മലപ്പുറം ദേശീയ തലത്തില്‍ ചര്‍ച്ചയാണ്. അമ്പതാണ്ടു തികഞ്ഞ ഇന്നും അതിനു മാറ്റമില്ല എന്നതു തന്നെയാണ് മലപ്പുറത്തിന്റെ പ്രാധാന്യവും. മലപ്പുറം ജില്ല വേണമെന്ന ആവശ്യം കേരളപ്പിറവിക്കു ശേഷം തന്നെ പൊന്തിവന്നിരുന്നു. എന്നാല്‍ അതൊരു സംഘടിത ശബ്ദമായി മാറിയില്ല. 1956-ല്‍ കേരളം പിറക്കുമ്പോള്‍ മലബാറില്‍ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലബാറിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മലപ്പുറം ജില്ല എന്ന ആശയം പിറവിയെടുത്തത്. ലീഗ് നേതാവ് ബാപ്പു കുരിക്കള്‍ എന്ന അഹമ്മദ് കുരിക്കള്‍ ആണ് ജില്ലക്കു വേണ്ടി അദ്ധ്വാനിച്ച ഒരാള്‍. 1960ല്‍ മങ്കടയില്‍നിന്നുള്ള മുസ്‌ലിംലീഗ് എം എല്‍ എ പി അബ്ദുല്‍മജീദ് ആണ് ആദ്യമായി ഈ ആശയം നിയമസഭയില്‍ അവതരിപ്പിച്ചത്.
തുടക്കം തൊട്ടേ ജില്ലാ രൂപവത്ക്കരണ ശ്രമങ്ങളെ ഞെക്കിക്കൊല്ലാന്‍ ശ്രമങ്ങളുണ്ടായി. അതിനിടെ 1965-ല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ പിരിച്ചു വിടപ്പെട്ടു. പിന്നെ രാഷ്ട്രപതി ഭരണമായി. ആയിടെയാണ് എ ഐ സി സി ദുര്‍ഗാപൂരില്‍ സമ്മേളനം ചേര്‍ന്നത്. വര്‍ഗ്ഗീയ കക്ഷികളുമായി ഇനി കൂട്ടുചേരില്ലെന്ന ആ സമ്മേളന പ്രമേയം കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. അതുവരെ ഒപ്പമുണ്ടായിരുന്ന മുസ്‌ലിംലീഗിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. ദുര്‍ഗാപൂരിന്റെ ദുര്‍ഗന്ധം എന്ന് മുസ്‌ലിംലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ ആ പ്രമേയത്തെ വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് ബന്ധം തകര്‍ന്നതോടെ മുസ്‌ലിംലീഗുമായി കൂട്ടുചേരാന്‍ സഖാവ് ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായി.
1967-ലെ തെരഞ്ഞെടുപ്പിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി അധികാരത്തില്‍ വന്നു. സഖ്യം ഉറപ്പിക്കുന്നതിന് മുസ്‌ലിംലീഗ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഏറനാട്, വള്ളുവനാട് പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു ജില്ലയുണ്ടാക്കുക എന്നതായിരുന്നു. ജില്ലാ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങി. ഒരു ജില്ല ഉണ്ടാകുന്നതിനെതിരെ ഇന്ത്യ അതുവരെ കാണാത്ത പ്രക്ഷോഭങ്ങളുണ്ടായി. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് സഖാവ് ഇ എം എസ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ 1313.14 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണവും 13,94,000 ജനസംഖ്യയുമുള്ള ജില്ല 1969 ജൂണ്‍ 16-നു പിറന്നു.
ജില്ലക്കെതിരെ സമര സമിതിയുണ്ടായി. മലപ്പുറം ജില്ലാ വിരുദ്ധ സമിതി എന്നായിരുന്നു അതിന്റെ പേര്. 1969 ജൂണ്‍ രണ്ടു മുതല്‍ ഭാരതീയ ജനസംഘമാണ് (ബി ജെ പിയുടെ പഴയ രൂപം) സമരം തുടങ്ങിയത്. മലപ്പുറം വന്നാല്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകുമെന്നും മതപരിവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും കേരള ഗാന്ധി എന്നറിയപ്പെട്ട കെ കേളപ്പനും പ്രഖ്യാപിച്ചു. എല്ലാതരം ത്യാഗത്തിനും തയ്യാറായി പടക്കളത്തിലേക്കിറങ്ങാന്‍ ദേശസ്‌നേഹികളോട് ആഹ്വാനം ചെയ്താണ് അദ്ദേഹം തന്റെ മലപ്പുറത്തിനെതിരായ യുദ്ധകാഹളം മുഴക്കിയത്. കുട്ടിപ്പാക്കിസ്താന്‍, മാപ്പിളസ്താന്‍ എന്നിങ്ങനെയുള്ള ഓമനപ്പേരുകളും മലപ്പുറം ജില്ലക്ക് പതിച്ചു നല്‍കി. ജില്ല വന്നാല്‍ താനൂര്‍ കടപ്പുറത്ത് കറാച്ചിയില്‍നിന്ന് കപ്പലെത്തുമെന്ന് പ്രമുഖ ദേശീയ പത്രം മുഖപ്രസംഗമെഴുതി. താനൂരിലെ ഒരു ക്ഷേത്രത്തിനു മുകളില്‍ പാകിസ്താന്‍ പതാക കണ്ടതായി ഇതേ പത്രം അച്ചുനിരത്തി. കോണ്‍ഗ്രസ്സും ജനസംഘവും ശക്തമായ പ്രക്ഷോഭങ്ങളാണ് ജില്ലക്കെതിരെ നടത്തിയത്. മലപ്പുറം ഒരു മാപ്പിളസ്ഥാനാണെന്നു പറഞ്ഞ് ഒ രാജഗോപാല്‍ ഇന്ത്യയൊട്ടുക്കും സഞ്ചരിച്ച് കാമ്പയിന്‍ നടത്തി. സംഘര്‍ഷഭരിതമായ സമരത്തിന് ഡല്‍ഹിയില്‍നിന്നു പോലും ജനസംഘത്തിന്റെ പടയിറങ്ങി. ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ വഴിക്കടവില്‍നിന്നും ടി ഒ ബാവയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍നിന്നും മലപ്പുറത്തേക്ക് ജില്ലാ വിരുദ്ധ പദയാത്ര തന്നെ നടന്നു. കെ കരുണാകരന്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ടി വന്നു. സി പി എം നേതൃത്വത്തിലെ പലരും എതിരായിട്ടും റവന്യൂ മന്ത്രി കെ ആര്‍ ഗൗരി തീരുമാനത്തില്‍ ഉറച്ചുനിന്നു.
മലപ്പുറത്തിന് എന്തായിരുന്നു പ്രശ്‌നം? ജില്ല സംഭവിച്ചാല്‍ ഭൂരിപക്ഷം മുസ്‌ലിംകളായിപ്പോകും എന്നതായിരുന്നു പ്രധാന വേവലാതി. ഒരേയൊരു ജില്ലയില്‍ ഭൂരിപക്ഷം മുസ്‌ലിംകളായാല്‍ അതു വര്‍ഗ്ഗീയതയാണെന്നും മറ്റൊരു ജില്ലയിലും ആ പ്രശ്‌നമില്ലെന്നും വിലയിരുത്തിയവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയെ അമ്പതാണ്ടിന്റെ അതൃപ്പങ്ങള്‍ കൊണ്ട് മലപ്പുറം തോല്‍പിച്ചു. മലപ്പുറത്തെ അന്യവല്‍ക്കരിക്കാനും ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുമുള്ള സകല ഗൂഢാലോചനകളും പൊളിഞ്ഞു. മലപ്പുറം പേടിയെന്ന ബ്രാഹ്മണിക്കല്‍ ഹെജിമണിയെ സ്‌നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും ജീവിത മാതൃകകളിലൂടെ ജനം നേരിട്ടു.
അജണ്ടകളെ തോല്‍പിക്കുന്നു
മലപ്പുറം ജില്ല വന്നാല്‍ ഹിന്ദുക്കള്‍ക്ക് രക്ഷയുണ്ടാകില്ല എന്നായിരുന്നു പ്രധാനപ്പെട്ട പ്രചാരണം. ദുഷ്ടലാക്കോടെയുള്ള ഈ പ്രചാരണങ്ങളെയെല്ലാം മലപ്പുറം മറികടന്നു. ഇന്നു കേരളത്തില്‍ ഏറ്റവും മികച്ച സൗഹൃദാന്തരീക്ഷമുള്ള ജില്ല മലപ്പുറം തന്നെയാണ്. ഈ അമ്പതാണ്ടിനിടെ മലപ്പുറത്ത് എവിടെയും ഒരു വര്‍ഗ്ഗീയ കലാപവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഒരു പാക് പതാകയും പാറിയില്ല. കറാച്ചിയില്‍നിന്ന് കപ്പലുകള്‍ വന്നില്ല. അതിരൂക്ഷമായ എതിര്‍പ്പുകളെ തികച്ചും സര്‍ഗ്ഗാത്മകമായി ഒരു ജനത നേരിട്ടു. അവര്‍ അതിജീവിച്ചു.
മലപ്പുറം ഇപ്പോള്‍ കേരളത്തിലെ ജില്ലകളില്‍ ഒരു ജില്ലയല്ല. പല കാര്യങ്ങളിലും ഒന്നാമത്തെ ജില്ലയാണ്. മലപ്പുറത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല എങ്കിലും അതെല്ലാം അവഗണിച്ച് ജില്ല കുതിപ്പ് തുടരുകയാണ്. കോഴിക്കോട്ടോ പാലക്കാട്ടോ ഉള്ള ഒരാള്‍ ഒരു കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍ മലപ്പുറം ജില്ലയുടെ സമീപ പ്രദേശത്തുകാരനാണ് എന്നുവരെ എഴുതുന്ന മാധ്യമങ്ങള്‍ ഇപ്പോഴുമുണ്ട്. ഒരിക്കല്‍പ്പോലും മലപ്പുറം ജില്ല കണ്ടിട്ടില്ലാത്ത പലരും ദേശീയ മാധ്യമങ്ങളില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിക്കാറുണ്ട്. അത്തരം അസുഖങ്ങളെ സ്‌നേഹത്തിന്റെ സമ്മാനങ്ങളുമായാണ് മലപ്പുറം എതിരിടുന്നത്. പുറത്തുകേട്ട കഥകളറിഞ്ഞ് പേടിച്ച് മലപ്പുറത്തെത്തിയ ഉദ്യോഗസ്ഥരില്‍ പലരും റിട്ടയര്‍മെന്റ് കഴിഞ്ഞിട്ടും ജില്ല വിട്ടു പോകാത്തതിന്റെ രഹസ്യം അവിടെയുള്ളവരുടെ സ്‌നേഹം തന്നെയാണ്. വെറുപ്പിനെ സ്‌നേഹം കൊണ്ട് മറികടന്നു മലപ്പുറം.
അടിസ്ഥാന സൗകര്യ വികസനം, സാക്ഷരത, ഡിജിറ്റല്‍ വിപ്ലവം എന്നിവയിലൂടെ മലപ്പുറം രാജ്യാന്തര ശ്രദ്ധ നേടി. പൊതു പരീക്ഷകളില്‍ മലപ്പുറത്തെ കുട്ടികള്‍ മിന്നുന്ന ജയം സ്വന്തമാക്കി. ഫുട്‌ബോള്‍ മുതല്‍ സാമുദായിക സൗഹാര്‍ദ്ദം വരെയുള്ള സകല കാര്യങ്ങളിലും ഇപ്പോള്‍ മലപ്പുറം മോഡല്‍ ഉണ്ട്. കരിവാരിത്തേക്കാന്‍ കഴിയാത്ത തരത്തില്‍ മലപ്പുറം ജില്ല അതിന്റെ പ്രൗഢി അടയാളപ്പെടുത്തിക്കഴിഞ്ഞു.
ക്ഷേത്രം ലക്ഷ്യമിടുന്നത്
ആദ്യമല്ല
2011 ഡിസംബറില്‍ മൊറയൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് തീയിട്ട സംഭവം. 2017 ജനുവരി 20ന് വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവം. 2017 മെയ് 26ന് പൂക്കോട്ടും പാടത്തെ ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണം. 2002 ഒക്ടോബര്‍ 2ന് താനാളൂര്‍ ശ്രീ നരസിംഹ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിച്ചത്. പെരിന്തല്‍മണ്ണ കുറുവ പഞ്ചായത്തിലെ പഴമള്ളൂര്‍ ശ്രീ കോഴിയൂര്‍ ക്ഷേത്രത്തിലുണ്ടായ ബോംബ് സ്‌ഫോടനം. 2001ല്‍ ഇതേ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കെട്ടിയുണ്ടാക്കിയ പ്ലോട്ടുകള്‍ കത്തിച്ചു കളഞ്ഞത്. മഞ്ചേരി നറുകര ക്ഷേത്രത്തിനു സമീപം കണ്ടെത്തിയ ബോംബ്. ഇങ്ങനെ എണ്ണിപ്പറയാന്‍ നിന്നാല്‍ ഒരുപാട് സംഭവങ്ങള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. കലാപം ലക്ഷ്യമിട്ടുള്ള ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് വ്യക്തമാകുന്നതോടെ കേസ് തേഞ്ഞുമാഞ്ഞ് പോവുകയോ പ്രതി മാനസിക രോഗി ആവുകയോ ചെയ്യുന്നതാണ് പതിവ്. അല്ലെങ്കില്‍ അയാള്‍ മദ്യലഹരിയില്‍ ചെയ്തുപോയത് എന്നായിരിക്കും വിശദീകരണം. എന്‍ ഐ എ വരില്ല. അന്വേഷണ പരമ്പരകളില്ല. യു എ പി എ ചുമത്തില്ല. ഇതൊക്കെയും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതുപോലെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പ്രചാരണം അതിന്റെ രൂപവത്ക്കരണം തൊട്ട് ഉള്ളതാണെന്ന് പറഞ്ഞുവല്ലോ. റമദാന്‍ മാസത്തില്‍ ഉച്ചക്കഞ്ഞി കിട്ടുന്നില്ലെന്നും തുണിക്കടകളില്‍ മണ്ഡലകാലത്ത് കറുത്ത തുണി കിട്ടാനില്ലെന്നും അമുസ്്‌ലിംകള്‍ക്ക് ഭൂമി വാങ്ങാന്‍ പറ്റുന്നില്ലെന്നും സ്ഥാപനങ്ങളില്‍ ജോലി കിട്ടുന്നില്ലെന്നുമൊക്കെ നിരന്തര നുണകള്‍ ധാരാളമായി വന്നു. ഏറ്റവുമൊടുവില്‍ കെ ആര്‍ ഇന്ദിര എന്ന ആകാശവാണി ജീവനക്കാരിയുടെ വിദ്വേഷ പ്രസ്താവനയും മലപ്പുറം ജില്ല ലക്ഷ്യമിട്ടായിരുന്നു. പ്രസവിക്കാതിരിക്കാന്‍ താത്താമാര്‍ക്ക് പൈപ്പ് വെള്ളത്തിലൂടെ ഗര്‍ഭനിരോധന മരുന്ന് കൊടുക്കണമെന്ന ആ കമന്റ് വലിയ ഒച്ചപ്പാടുണ്ടാക്കി. കമ്യൂണിസ്റ്റുകാരെ ഹോളോകാസ്റ്റ് ചെയ്യണമെന്നത് ഉള്‍പ്പെടെ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്ന ഇവരുടെ വാക്കുകള്‍ നേരത്തെയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തവണ അതിരൂക്ഷമായ എതിര്‍പ്പു നേരിടേണ്ടി വന്നു. പൊലീസ് കേസെടുത്തു. പക്ഷേ ഇതുവരെയും അവരെ പിടികൂടിയിട്ടില്ല എന്നു മാത്രമല്ല, കേസ് കൊടുത്തയാളെ സ്‌പെഷ്യല്‍ ബ്രാഞ്ച് ശല്യപ്പെടുത്തുന്നതായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ജനസംഖ്യ പെരുകി ഭൂരിപക്ഷത്തിന് ഭീഷണിയാകുന്നു എന്ന പതിറ്റാണ്ടുകള്‍ നീണ്ട സംഘ്പരിവാര്‍ ഫാഷിസത്തിന്റെ വര്‍ത്തമാനം പച്ചയ്ക്ക് പറഞ്ഞു എന്നതാണ് ഇന്ദിര ചെയ്ത അപരാധം. ഇതൊക്കെ ശരിയാണെന്നു കരുതി മിണ്ടാതിരിക്കുന്ന അപരാധികള്‍ വേറെയുമുണ്ട്. ഹിറ്റ്‌ലറിനുമുണ്ടായിരുന്നു ഇങ്ങനെയൊരു കണക്കു പുസ്തകം. ജൂതന്മാര്‍ പെറ്റുപെരുകി രാജ്യത്തെ വിഭവങ്ങള്‍ക്ക് ഭീഷണിയാകുന്നു എന്ന് അയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
1915ല്‍ നാസികിലെ ഹിന്ദു സമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ ഇത്തരത്തില്‍ ഒരു പ്രവചനം നടത്തിയിരുന്നു. ഒരു നൂറ്റാണ്ടു കഴിഞ്ഞാല്‍ ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകും എന്നായിരുന്നു ആ പ്രവചനം. മുസ്്‌ലിം ജനസംഖ്യ പെരുകുന്നു എന്നതായിരുന്നു ന്യായം. ആ ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യയിലെ മുസ്്‌ലിംകള്‍ 14.2 ശതമാനമായി തുടരുകയാണ്. ഈ ആചാര്യന്റെ പിന്മുറക്കാരാണ് ഇപ്പോഴും ന്യൂനപക്ഷം ഭൂരിപക്ഷമാകുമെന്ന് പേടിപ്പിച്ച് ഭൂരിപക്ഷത്തെ സംഘടിപ്പിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 13.8 കോടിയാണ്. ഒരു മുസ്‌ലിം സ്ത്രീ നൂറു മക്കളെ പെറ്റാലും ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ അടുത്തെങ്ങും സാധിക്കില്ല എന്ന് അറിയാഞ്ഞിട്ടല്ല ഈ പ്രചാരണം.
ഓരോ ഹിന്ദു സ്ത്രീയും നാലു മക്കളെ പ്രസവിക്കണമെന്ന് സാക്ഷി മഹാരാജും കുറഞ്ഞത് പത്തെണ്ണത്തെ പ്രസവിക്കണമെന്ന് സാധ്വി പ്രാചിയും പ്രസംഗിക്കുന്നത് മുസ്്‌ലിം ജനസംഖ്യ പെരുകുന്നു എന്ന ന്യായം പറഞ്ഞാണ്. രണ്ടിലധികം കുട്ടികളുള്ള മുസ്‌ലിംകളെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് പ്രസംഗിച്ചത് പ്രവീണ്‍ തൊഗാഡിയ ആണ്. ആ ആഗ്രഹം ഉള്ളിലൊതുക്കിയ ലക്ഷങ്ങളില്‍ ഒരുവളാണ് ഇന്ദിര. അവരത് തുറന്നുപറഞ്ഞു എന്ന വ്യത്യാസമേ ഉള്ളൂ. ആള്‍ക്കൂട്ട കൊലയും വംശീയ ഉന്മൂലനവും നടത്തി മുസ്‌ലിം ജനസംഖ്യ കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണകൂടത്തെക്കൊണ്ട് ഔദ്യോഗിക വന്ധ്യംകരണം സാധിക്കുമോ എന്ന ഗവേഷണത്തിലാണ് സംഘ്പരിവാര്‍. ന്യൂനപക്ഷത്തെ ഇങ്ങനെ പേടിക്കുന്ന ഒരു ‘പരിവാര്‍ ഭൂരിപക്ഷം’ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.