മലക്കുകള്‍ വിശ്വാസവും തെറ്റിദ്ധാരണകളും
മുസ്തഫ നിലമ്പൂര്‍
വിശ്വാസ കാര്യങ്ങളില്‍ രണ്ടാമത്തേതാണ് മലക്കുകളിലുള്ള വിശ്വാസം. കോടിക്കണക്കിന് ജീവജാലങ്ങളില്‍ വിശുദ്ധരായ സൃഷ്ടികളാണ് മലക്കുകള്‍. മനുഷ്യരുടെ ദൃഷ്ടിക്ക് ഗോചരമല്ലാത്ത ആത്മീയ ജീവികളായ മലക്കുകളെ സംബന്ധിച്ച് അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും മുമ്പ് മുതലേ സമൂഹത്തില്‍ നിലനിന്നിരുന്നു. അവരെ ദേവിമാരും ദൈവപുത്രിമാരുമായി സങ്കല്‍പിച്ച് അവര്‍ക്ക് ആരാധനയും മറ്റും അര്‍പ്പിച്ചിരുന്നു. അതിനെ അല്ലാഹു ശക്തമായി വിരോധിച്ചു.
മലക്കുകളെ സംബന്ധിച്ച് അല്ലാഹുവും പ്രവാചകനും പറഞ്ഞതല്ലാതെ മറ്റൊന്നും നമുക്ക് അറിയുകയില്ല. അവര്‍ പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ പ്രകാശത്തിന്റെ വേഗതയും അതുല്യമായ ശക്തിയും അവര്‍ക്കുണ്ടാകും. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു” (35:1). മലക്കുകള്‍ക്ക് വ്യത്യസ്തങ്ങളായ എണ്ണത്തിലും രൂപത്തിലും ചിറകുകള്‍ ഉണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”മുഹമ്മദ് നബി(സ) ജിബ്രീലിനെ അദ്ദേഹത്തിന്റെ യഥാര്‍ഥ രൂപത്തില്‍ 600 ചിറകുകളോടു കൂടി കണ്ടു” (ബുഖാരി 3232, മുസ്ലിം 174). ”അപ്പോള്‍ ജിബ്രീലിന്റെ എല്ലാ ചിറകുകളും ചക്രവാളം മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ ചിറകുകളില്‍ നിന്ന് വിവിധ വര്‍ണങ്ങളുള്ള മുത്തുകളും മാണിക്യവും പൊഴിഞ്ഞു കൊണ്ടിരുന്നു.” (മുസ്‌നദ് അഹ്‌മദ് 6:294).
ഖുര്‍ആനിലെ 53:13, 81:23 വചനങ്ങളെ സംബന്ധിച്ച് മസ്‌റൂഖ്(റ) ആയിശ(റ)യോട് ചോദിച്ചു: അവര്‍ പറഞ്ഞു: ”ഇതേപ്പറ്റി റസൂലിനോട്(സ) ആദ്യമായി ചോദിച്ചത് ഞാനായിരുന്നു. അവിടുന്ന് പറഞ്ഞു: അത് ജിബ്‌രീലാണ്. അദ്ദേഹം സൃഷ്ടിക്കപ്പെട്ട രൂപത്തില്‍ ഈ രണ്ടു തവണകളിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല. ജിബ്‌രീല്‍ ആകാശത്തുനിന്ന് ഇറങ്ങി വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകാര വലുപ്പം ആകാശ ഭൂലോകങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു” (മുസ്ലിം 177). ബുഖാരി 4858 വചനത്തില്‍ ആകാശം മുഴുവന്‍ നിറഞ്ഞു നിന്ന പച്ച ചിറക് എന്നാണ് വിശേഷിപ്പിച്ചത്.
മലക്കുകളുടെ ചിറകുകളുടെ വൈവിധ്യത അവരുടെ സ്ഥാനമഹത്വങ്ങളുടെ വൈവിധ്യതയാകാന്‍ സാധ്യതയുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. ”(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്‍ക്കുന്നവര്‍. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.” (37:164-166)
പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട അവര്‍ക്ക് അന്നപാനങ്ങളും ഇണചേരലും സന്താനങ്ങളും ഇല്ല. അവരില്‍ ആണും പെണ്ണും ഇല്ല.
വിവിധ സന്ദര്‍ഭങ്ങളില്‍ ജിബ്രീല്‍ അടക്കമുള്ള മലക്കുകള്‍ മനുഷ്യ രൂപത്തില്‍ നിയോഗിതരായിട്ടുണ്ട്. പ്രവാചകന്മാരുടെ അടുക്കല്‍ മാത്രമല്ല, മര്‍യമിന്റെ(അ) അടുക്കല്‍ ഇപ്രകാരം വന്നത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. നബിയുടെ സന്നിധിയില്‍ മനുഷ്യരൂപത്തില്‍ വന്നപ്പോള്‍ ചില സ്വഹാബികളും അദ്ദേഹത്തെ ദര്‍ശിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സുന്ദരനായ ദിഹിയതുല്‍ ഖല്‍ബിയുടെ(റ) രൂപത്തില്‍ അവര്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഉസാമത്തിബ്‌നു സൈദ്(റ) ഉദ്ധരിക്കുന്നു: ”നബി(സ)യുടെ അരികെ ഉമ്മുസലമ(റ) ഉള്ളപ്പോള്‍ ജിബ്രീല്‍(അ) അവിടെ വരികയും നബി(സ) യോട് സംസാരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം എഴുന്നേറ്റു പോയി. അപ്പോള്‍ നബി(സ) ഉമ്മുസലമ(റ)യോട് ചോദിച്ചു: അത് ആരാണ്? അവര്‍ പറഞ്ഞു: അത് ദിഹ്‌യ. പിന്നീട് ഉമ്മു സലമ(റ) പറഞ്ഞു: അല്ലാഹുവാണെ ജിബ്രീലിനെ സംബന്ധിച്ച് നബി(സ) ഖുതുബ നിര്‍വഹിക്കുന്നത് വരെ അത് ദിഹ്‌യയാണ് എന്നാണ് ഞാന്‍ കരുതിയത്.” (ബുഖാരി 3634, മുസ്ലിം 2451).
എന്നാല്‍ പ്രവാചകന്(സ) ശേഷം ഇപ്രകാരം മനുഷ്യരിലേക്ക് മലക്കുകള്‍ വരുമെന്ന് കരുതാന്‍ നിവൃത്തിയില്ല. ഉണ്ടെന്ന് ധരിച്ചാല്‍ പോലും മലക്കാണ് വന്നത് എന്ന് നമുക്ക് വിവരം ലഭിക്കുന്ന സ്രോതസ്സ് ഒന്നും ഇല്ല. അല്ലാഹുവിന്റെ പ്രത്യേക അനുമതി പ്രകാരം മാത്രമേ അവര്‍ക്ക് ആഗതമാകാന്‍ സാധിക്കൂ.
ഞങ്ങളുടെ അടുത്തേക്ക് കൂടുതലായി വരാത്തതെന്തേ എന്ന് നബി(സ) ചോദിച്ചപ്പോള്‍ ജിബ്രീല്‍ മറുപടി പറഞ്ഞതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”താങ്കളുടെ രക്ഷിതാവിന്റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.” (വി.ഖു 19:64) (ബുഖാരി 3218, തിര്‍മിദി 3158).
സുകൃതവാന്മാരുടെ ആത്മാവിനെ ഏറ്റെടുക്കുമ്പോള്‍ മലക്കുകള്‍ അവരോട് സലാം പറയും (16:32). ഒരിക്കല്‍ ജിബ്രീല്‍ നബിയോട് പറഞ്ഞു: ”ഖദീജ കറിയോ ഭക്ഷണമോ ആയി താങ്കളുടെ അടുത്തേക്ക് വരുന്നു. അവര്‍ വന്നാല്‍ അവരുടെ നാഥന്റെയും എന്റെയും സലാം അവരെ അറിയിച്ചാലും.” (ബുഖാരി 3820)
ഒരാള്‍ സഹോദരനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു അവന്റെ മലക്കിനെ അദ്ദേഹത്തിലേക്ക് നിയോഗിക്കും. അദ്ദേഹത്തിനോട് ചോദിക്കും: നീ നന്ദി ചെയ്യാന്‍ മാത്രമുള്ള എന്ത് ഉപകാരമാണ് അവന്‍ നിനക്ക് ചെയ്തത്? അയാള്‍ പറഞ്ഞു: ഇല്ല, അല്ലാഹുവിന്റെ പേരില്‍ ഞാന്‍ അവനെ സ്‌നേഹിച്ചു എന്ന് മാത്രം. അപ്പോള്‍ മലക്ക് പറഞ്ഞു: വിഷയം നിന്നിലേക്ക് അയക്കപ്പെട്ട ദൂതനാണ്. തീര്‍ച്ചയായും നീ അവനെ സ്‌നേഹിച്ചതില്‍ ഉപരി അല്ലാഹുവിനെയും സ്‌നേഹിച്ചിരിക്കുന്നു. (മുസ്ലിം 2567)
‘അല്ലാഹുവിന്റെ ഭവനത്തില്‍ ഖുര്‍ആന്‍ പഠനവും ദീനി വിജ്ഞാനവും ഉദ്ദേശിച്ച് ഒരുമിച്ചുകൂടിയവരുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയും അവര്‍ അവരെ വലയം ചെയ്യുകയും അവരിലേക്ക് അനുഗ്രഹം പൊതിയുകയും ചെയ്യുന്നതാണ്.’ (മുസ്ലിം 2567).
വിശ്വാസികളെ
സ്‌നേഹിക്കും
അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവനത് ജിബ്‌രീലിനോട് വിളിച്ചു പറയും. തീര്‍ച്ചയായും അല്ലാഹു അവനെ ഇഷ്ടപ്പെടുന്നു എന്ന്. അതിനാല്‍ നീയും അവനെ സ്‌നേഹിക്കുക. അങ്ങനെ ജിബ്രീല്‍ അദ്ദേഹത്തെ സ്‌നേഹിക്കും. ഉടനെ ജിബ്രീല്‍ ആകാശ ലോകത്തേക്ക് വിളിച്ച് അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു നിങ്ങളും ഇഷ്ടപ്പെടുക എന്ന് വിളിച്ചു പറയും. അപ്പോള്‍ ആകാശവാസികളും അവനെ സ്‌നേഹിക്കും. പിന്നീട് ഭൂമിയിലും അയാള്‍ക്ക് സ്വീകാര്യത ഉണ്ടാകും.
വിശ്വാസികള്‍ക്ക്
സഹായം
നിര്‍ണായകമായ സമയത്ത് പ്രവാചകന്മാരെയും വിശ്വാസികളെയും ശക്തിപ്പെടുത്താന്‍ മലക്കുകളെ അല്ലാഹു ഇറക്കിയിട്ടുണ്ട്. സൗര്‍ ഗുഹയില്‍ നബിയും അബൂബക്കറും ഇരുന്ന സന്ദര്‍ഭത്തെ ഓര്‍മിപ്പിച്ച് ഖുര്‍ആന്‍ പറയുന്നു: ”അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.” (9:40) ഈസാ നബിയെ ഇപ്രകാരം ശക്തിപ്പെടുത്തിയതായി ഖുര്‍ആനില്‍ (2:87, 253) കാണാം. രണാങ്കണങ്ങളില്‍ മലക്കുകള്‍ മുഖേന സഹായം നല്‍കിയത് ഖുര്‍ആന്‍ (3:125,8:9, 10, 12,13, 9:26) വ്യക്തമാക്കുന്നുണ്ട്.
മലക്കുകളുടെ എണ്ണം
മലക്കുകളുടെ എണ്ണം നമുക്ക് കണക്കാക്കാന്‍ കഴിയില്ല. മനുഷ്യരെക്കാളും ജിന്നിനെക്കാളും എത്രയോ മടങ്ങ് കൂടുതലായി അവയുണ്ട് എന്നാണ് മനസ്സിലാകുന്നത്. ”നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല”. (74:31) ആകാശ ലോകത്തെ ബൈത്തുല്‍ മഅ്മൂര്‍ ഭവനത്തില്‍ ഒരു ദിവസം എഴുപതിനായിരം മലക്കുകള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കും. അവിടെ നിന്നു പുറത്തിറങ്ങിയ മലക്കുകള്‍ പിന്നെ ഒരിക്കലും അവിടേക്ക് തിരിച്ചുവരുന്നില്ല. ഇത് അന്ത്യനാള്‍ വരെ തുടര്‍ന്നുകൊണ്ടിരിക്കും എന്ന് നബി(സ) പറഞ്ഞു (ബുഖാരി 3207, മുസ്ലിം 162).
അന്ത്യനാളില്‍ മനുഷ്യരും ജിന്നുകളും ഒരുമിച്ചു കൂട്ടപ്പെട്ടതിനു ശേഷം ഒന്നാം ആകാശത്തെ മലക്കുകള്‍ ഇറങ്ങി വരും. ഈ മലക്കുകള്‍ മനുഷ്യരെക്കാളും ജിന്നുകളെക്കാളും അധികമായി ഉണ്ടാകും. അവര്‍ അവക്ക് ചുറ്റും വലയം ചെയ്തു നില്‍ക്കും. പിന്നീട് രണ്ടാം ആകാശത്ത് മലക്കുകള്‍ വരും. അവര്‍ മനുഷ്യരും ജിന്നുകളും ഒന്നാം ആകാശത്തെ മലക്കുകളും ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകും. ഇങ്ങനെ ഓരോ ആകാശവും തൊട്ടുമുമ്പ് ഇറക്കപ്പെട്ട മലക്കുകളെക്കാളും മനുഷ്യരെക്കാളും ജിന്നുകളെക്കാളും കൂടുതലായി ഉണ്ടാകും. ഏഴ് ആകാശങ്ങളില്‍ നിന്നു ഇത് തുടരും. അപ്പോള്‍ എത്രത്തോളം ഉണ്ടാകും മലക്കുകളുടെ സൈന്യങ്ങള്‍!
ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍, നരകത്തിന് 70,000 കടിഞ്ഞാണുകള്‍ ഉണ്ടെന്നും ഓരോ കടിഞ്ഞാണിലും 70,000 മലക്കുകളും വീതം ഉണ്ടായിരിക്കുമെന്നും വന്നിട്ടുണ്ട് (മുസ്ലിം 2842). അവരില്‍ സ്ത്രീയും പുരുഷനും ഇല്ല. എന്നാല്‍ അവിശ്വാസികള്‍ മലക്കുകളെ പുത്രിമാരായി വ്യാഖ്യാനിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അതിനെ കണിശമായി താക്കീത് ചെയ്യുന്നുണ്ട്. (26:57,43:19, 53:28)
മലക്കുകള്‍ ലജ്ജയുള്ളവരും സുന്ദരന്മാരുമാണെന്ന് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. യൂസുഫിന്റെ(അ) സൗന്ദര്യത്തെ സ്ത്രീകള്‍ മലക്കുകളോട് ഉപമിച്ചത് ഖുര്‍ആനില്‍ (12: 31) കാണാം. ഉസ്മാനെ(റ) കാണുമ്പോള്‍ മലക്കുകള്‍ ലജ്ജയിലാകാറുണ്ടായിരുന്നെന്ന് പ്രവാചകന്‍ പറഞ്ഞ ഒരു സംഭവം ഹദീസില്‍ വന്നിട്ടുണ്ട്.