മര്‍കസുദ്ദഅ്‌വയുടെ കമാന്‍ഡര്‍
കെ പി സകരിയ്യ
‘മാഷ്’ എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന കുഞ്ഞിക്കോയ മാസ്റ്റര്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ പിതാവും മര്‍കസുദ്ദഅ്‌വയുടെ രക്ഷിതാവുമായിരുന്നു. അബൂബക്കര്‍ കാരക്കുന്ന് ഐ എസ് എം പ്രസിഡന്റും മുസ്തഫ ഫാറൂഖി ജന. സെക്രട്ടറിയും ഞാന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായിരുന്ന കാലയളവിലായിരുന്നു മാഷ് ഓഫീസില്‍ ചുമതലയേല്‍ക്കുന്നത്. ശബാബിന്റെ പ്രചരണാര്‍ഥം നടത്തിയ ഫീല്‍ഡ്‌വര്‍ക്കില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ ചുമതല ഏറ്റെടുത്ത് മാഷ് നടത്തിയ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളാണ് മാഷിനെ മര്‍കസുദ്ദഅ്‌വയുടെ മാനേജര്‍ സ്ഥാനത്തേക്കെത്തിച്ചത്.
പിന്നീട് ഞാന്‍ ഐ എസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായ കാലത്ത് അദ്ദേഹം എന്റെ ഗുരുവും സഹായിയുമായി മാറി. പ്രതിസന്ധികളുടെ തീച്ചൂളയിലൂടെ കടന്നുപോയപ്പോഴൊക്കെ പ്രസ്ഥാനത്തിന്റെ സംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയും കമാന്‍ഡറുമായി അദ്ദേഹമുണ്ടായിരുന്നു. മര്‍കസുദ്ദഅ്‌വയിലെ ഓരോ ദിവസത്തേയും പ്രഭാതം തുടങ്ങുന്നത് മാഷിന്റെ ചലനത്തോടൊപ്പമായിരുന്നു. മറ്റു ജീവനക്കാരെല്ലാം എത്തുന്നതിന് മുമ്പെ ഒട്ടനേകം കൃത്യാന്തരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. ലോകത്തെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പെട്ട ഠവല ങശൃമരഹല ങീൃിശിഴ എന്ന പുസ്തകത്തില്‍ പ്രതിപാദിച്ച വിജയ വിസ്മയം പ്രായോഗികമായി കാണിച്ചു തന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ജന.സെക്രട്ടറിയായിരിക്കുമ്പോള്‍ ഞാന്‍ സുല്ലമുസ്സലാമില്‍ അധ്യാപകനാണ്. കോളജില്‍ പോകുന്നതിന് മുമ്പ് എഴുതി നല്‍കുന്ന ഓരോ കാര്യവും വൈകുന്നേരം ഓഫീസിലെത്തുമ്പോഴേക്കും ചിട്ടയോടെ പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. ഓഫീസിലുള്ള ജീവനക്കാര്‍ക്കും ഭാരവാഹികള്‍ക്കുമെല്ലാം അദ്ദേഹം സ്‌നേഹനിധിയായ കാരണവരായിരുന്നു. പ്രസ്ഥാനം നേരിട്ട സങ്കീര്‍ണമായ പ്രശ്‌ന സാഹചര്യങ്ങളെ തന്റെ നെഞ്ചുകാട്ടി പ്രതിരോധം തീര്‍ത്ത വന്‍മതിലായിരുന്നു. കൊട്ടപ്പുറം സംവാദത്തിന്റേയും സംഘടനാ പ്രശ്‌ന സാഹചര്യങ്ങളിലുണ്ടായ സംവാദ സന്ദര്‍ഭങ്ങള്‍ക്കും മുമ്പില്‍ നിന്ന് കരുത്ത് പകര്‍ന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ട അന്ന് മുതല്‍ വിടചൊല്ലുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴും ‘മര്‍കസുദ്ദഅ്‌വ’ എന്ന ആസ്ഥാന കേന്ദ്രം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എത്രമാത്രം ആഴത്തില്‍ ആണ്ടിറങ്ങിയിരുന്നുവെന്ന് ബോധ്യം വരുത്തുന്ന വാക്കുകളാണ് കേള്‍ക്കാന്‍ സാധിച്ചത്.