23 Monday
December 2024
2024 December 23
1446 Joumada II 21

മരണത്തില്‍ ആഹ്ലാദിക്കുന്നുവോ?  മുഹമ്മദ് പേരാമ്പ്ര

മരണം ഒരു അനിവാര്യതയാണ്. അതില്‍ സന്തോഷിക്കാ ന്‍ ഇടമില്ല. ഒരാളുടെ മരണത്തിന്റെ ഭൗതികസ്വഭാവം കണക്കിലെടുത്ത് അയാളുടെ പരലോകത്തെ വിലയിരുത്താന്‍ കഴിയില്ല. ഇസ്‌ലാം എന്നത് ഒരു ആചാരത്തിന്റെ പേരല്ല. അതൊരു സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും പേരാണ്. കേരളത്തിലെ തീവ്ര സമസ്ത സലഫി വിഭാഗങ്ങള്‍ പലപ്പോഴും ‘ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്’ എന്ന നിലപാട് സ്വീകരിക്കുന്നവരാണ്. അപരനെ വിലയിരുത്തുമ്പോള്‍ പാടില്ലാത്ത വാക്കുകള്‍കൊണ്ട് അഭിസംബോധന ചെയ്യുക എന്നിടത്തില്‍നിന്നും അതാരംഭിക്കുന്നു. ഒരേ സംഘടനകള്‍ പിളര്‍ന്നാലും പലപ്പോഴും ഇരു വിഭാഗവും ഈ രീതിയില്‍ തന്നെയാകും കാര്യങ്ങളെ വിലയിരുത്തുക.
അവസാനമായി ഉണ്ടായ പ്രമുഖ മുജാഹിദ് പണ്ഡിതന്റെ ദാരുണ അന്ത്യത്തെ ചിലര്‍ ആഘോഷിച്ചുകൊണ്ടിരുന്നു. ഇതിനു മുമ്പും പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. അങ്ങിനെ പറയാനുള്ള തെളിവുകള്‍ പലരും നിരത്താറുണ്ട്. അറബി കിതാബുകളില്‍നിന്നും അത്തരം ഉദ്ധരിണികള്‍ അടര്‍ത്തിയെടുത്താണ് ഈ മോശം പ്രവണതക്ക് പ്രമാണം പറയുന്നത്. ഇസ്‌ലാമിന് വിരുദ്ധമായ പല വിശ്വാസവും ആചാരങ്ങളും പല സംഘങ്ങളും സ്വീകരിച്ചു വരുന്നു എന്ന് കരുതി അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്താണ് എന്ന് പറയാനുള്ള അവകാശം നമുക്കില്ല. പരസ്പരം കലഹിക്കുന്ന സംഘടനകള്‍ എല്ലാവരും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ അംഗീകരിക്കുന്നു. അവരുടെ നമസ്‌കാരം ഒരേപോലെയും ഒരേ സമയത്തും ഒരേരീതിയിലുമാണ്. അവരെല്ലാം തിരിയുന്നത് ഒരേ ദിശയിലേക്കാണ്. അവരുടെ പ്രമാണങ്ങള്‍ ഒന്നുതന്നെ. പ്രമാണങ്ങളുടെ വിശദീകരണത്തില്‍ അവര്‍ ഭിന്നിക്കുന്നു എന്നുമാത്രം. ഖുര്‍ആനിലെ ഒരു വചനവും കേരളത്തിലെ സുന്നീ വിഭാഗങ്ങളില്‍ ആരും ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഹദീസുകളുടെ കാര്യത്തില്‍ അഭിപ്രായ ഭിന്നത പണ്ടേ നില നില്‍ക്കുന്നു.
ഒരാളുടെ ദാരുണ മരണത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന അധമ മനസ്സ് എങ്ങിനെ ഇസ്‌ലാമിക സംഘടനകള്‍ക്ക് ഉണ്ടാകുന്നു എന്നത് പഠന വിഷയമാണ്. ആ അധമ മനസ്സ് കാണാതെ പോയാല്‍ അതൊരു ദുരന്തമാണ്. ഇസ്‌ലാമിനെ പരസ്യമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ കൈപിടിക്കുകയും ഇസ്‌ലാമിനുവേണ്ടി ജീവിക്കുന്നവരുടെ മരണത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന അവസ്ഥകൊണ്ട് നാം മനസ്സിലാക്കേണ്ട കാര്യം ‘ശത്രു അത്ര മാത്രം ഈ സമുദായത്തില്‍ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു’ എന്നാണ്. ശിര്‍ക്ക്, കുഫ്‌റ്, ബിദ്അത്ത് എന്നിവ നിര്‍ണയിക്കാനുള്ള മാര്‍ഗ രേഖകള്‍ ഇസ്‌ലാം നല്‍കുന്നു. പരസ്പ രം കാഫിറാക്കാന്‍ കാണിക്കുന്ന ഈ ആര്‍ജവം ശരിയായ കാഫിറിന് ഇസ്ലാം എത്തിക്കുന്ന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഒരു കണക്കില്‍ കേരള മുസ്ലിം സമൂഹത്തിനു ഭാരമാണ് പല സംഘടനകളും. മുസ്ലിംകളില്‍ തീവ്രവാദികളെ കണ്ടെത്താന്‍ പലരും ഭൂതക്കണ്ണാടി വെച്ച് നടക്കുന്ന കാലത്തു ശത്രുവിന് വാതില്‍ തുറന്നു കൊടുക്കാന്‍ മാത്രമേ ഇത്തരം പ്രവണതകള്‍ ഉപകരിക്കൂ.
തങ്ങള്‍ മനസ്സിലാക്കിയ പ്രമാണം കൊണ്ട് മാന്യമായി സംവദിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരിക തലത്തിലേക്ക് മുസ്‌ലിം സംഘടനകള്‍ ആദ്യം വളരണം. അന്യനെ ആദരിക്കാനും ബഹുമാനിക്കാനും കഴിയണം. അവിടെയാണ് നല്ല സംവാദം രൂപം കൊള്ളുന്നത്. ഒരാളുടെ ദാരുണ അന്ത്യത്തില്‍ സന്തോഷിക്കുന്ന മനസ്സ് ഇസ്ലാമിന് അന്യമാണ്.
Back to Top