മരണം സാക്ഷി സത്യദൂതന്‍ തന്നെ തിരുനബി – വി എസ് എം
വിഗ്രഹപൂജയുടെ ഇരുളില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് അവരെ ഏകദൈവത്വത്തിന്റെ തനിമയിലേക്ക് വഴിനടത്താന്‍ ജീവിതം സമര്‍പ്പിച്ച ഇബ്‌റാഹീം പ്രവാചകന്റെ സന്ദേശം സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും മക്കയിലും മദീനയിലും അങ്ങിങ്ങായി നിലനില്‍ക്കുന്ന കാലം. ഹനീഫിയ്യ എന്ന നാമധേയത്തിലാണ് ആ വിശ്വാസധാര അറിയപ്പെട്ടിരുന്നത്. ഏകദൈവ വിശ്വാസത്തിന്റെ എക്കാലത്തെയും പ്രതീകമാവാന്‍ ഇബ്‌റാഹീം പടുത്തുയര്‍ത്തിയ വിശുദ്ധ കഅ്ബയില്‍ പോലും വിഗ്രഹമാലിന്യങ്ങള്‍ പ്രതിഷ്ഠിച്ചു വന്നിരുന്ന ജാഹിലിയ്യ യുഗത്തിലെ നേരിയ വെളിച്ചമായിരുന്നു ഹനീഫിയാക്കളെന്ന നുറുങ്ങുവെട്ടങ്ങള്‍. രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു അവരില്‍.
ഇബ്‌റാഹീമിന്റെ ഋജുമാനസ സമ്പൂര്‍ണ സമര്‍പ്പണ പാതയില്‍ (ഹനീഫന്‍ മുസ്‌ലിമന്‍) അതേപടി ചരിക്കാന്‍ ശ്രമിച്ചിരുന്ന ന്യൂനപക്ഷവും തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അതില്‍ കൂട്ടിച്ചേര്‍ത്ത് പേരില്‍ മാത്രം ഹനീഫിയത്ത് കൊണ്ടുനടന്നിരുന്ന ഭൂരിപക്ഷവും.
ഈ രണ്ടാം വിഭാഗത്തിലെ പ്രമുഖനും പണ്ഡിതനുമായിരുന്നു അബൂആമിര്‍ അംറുബ്‌നു സൈഫ്. ഔസ് ഗോത്രത്തിലെ പ്രധാനികളില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. ഹിജ്‌റ വഴി തിരുനബിയും സ്വഹാബിമാരും മദീനയിലെത്തിയ കാലം. ബദ്ധവൈരികളായിരുന്ന ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ ഇസ്‌ലാമിന്റെ സ്‌നേഹച്ചരടില്‍ കോര്‍ത്തിണക്കപ്പെട്ട് ദൂതരുടെ ഇടം വലം നിന്നു. വൈരവും വിദ്വേഷവും പഴങ്കഥയാക്കി അവരവിടെ പുതുജീവിതം തുടങ്ങി. മാതൃകാസമൂഹമായി അവര്‍ മെല്ലെ മെല്ലെ വളരുകയായിരുന്നു.
പ്രവാചകന്‍ ഇസ്മാഈലിന്റെ പരമ്പരയിലാണല്ലോ തിരുനബിയുടെ ജനനം. ഇബ്‌റാഹീമിന്റെ യഥാര്‍ഥ പാതയുടെ (മില്ലത്ത് ഇബ്‌റാഹീം) നേരവകാശിയായ ദൂതര്‍ പ്രബോധനം ചെയ്തതും മില്ലത്തു ഇബ്‌റാഹീം തന്നെയായിരുന്നു. എന്നാല്‍ ഹനീഫിയായ തന്നെ പരിഗണിക്കാതെയും ഹനീഫിയ്യത്തിന്റെ യഥാര്‍ഥ പിന്‍മുറ അവകാശപ്പെട്ടുമുള്ള ദൂതരുടെ നിലപാടില്‍ കടുത്ത നീരസവും അസ്‌ക്യതയുമുണ്ടായിരുന്നു അബൂആമിറിന്. ദൂതര്‍ മക്കയില്‍ നിന്നു പലായനം ചെയ്ത് മദീനയിലെത്തിയതാണെന്നതിനാല്‍ വിശേഷിച്ചും.
ദൂതരോട് അബൂആമിര്‍ അകമേ വെറുപ്പുമായി നടക്കവേ ഒരിക്കല്‍ ഇരുവരും നേരില്‍ കാണാനിടയായി. ആ അവസരം ശരിക്കും വിനിയോഗിച്ചു, അദ്ദേഹം. ”താങ്കള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് കൊണ്ടുവന്ന മതമേതാണ്?” -അസഹിഷ്ണുത മറയില്ലാതെ പ്രകടിപ്പിച്ചുകൊണ്ട് അബൂആമിര്‍ ചോദ്യമെറിഞ്ഞു.
”പ്രവാചകന്‍ ഇബ്‌റാഹീം പ്രബോധനം ചെയ്ത മതം” -അബൂആമിറിന്റെ ഉള്ള് വായിച്ചറിഞ്ഞുകൊണ്ട് തന്നെ ദൂതര്‍ മറുപടി നല്‍കി.
”ഞാന്‍ പിന്തുടരുന്നതും ഇബ്‌റാഹീമിന്റെ സരണി തന്നെയാണല്ലോ” -അബൂആമിര്‍ വിട്ടില്ല.
”അല്ല. താങ്കള്‍ നിലകൊള്ളുന്നത് ഇബ്‌റാഹീമീ മില്ലത്തിലല്ല.” -നബിയും വിട്ടുകൊടുത്തില്ല.
”ഇബ്‌റാഹീമീ മില്ലത്തിലില്ലാത്തവ അതില്‍ കൂട്ടിക്കലര്‍ത്തുകയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്.” -തര്‍ക്കം തുടര്‍ന്നുകൊണ്ട് അബൂആമിര്‍ ആരോപിച്ചു.
”സഹോദരാ, ഞാന്‍ പുതുതായൊന്നും കൊണ്ടുവന്നിട്ടില്ല. കാലാന്തരത്തില്‍ ക്ലാവുപിടിച്ച ഇബ്‌റാഹീമീ സരണിയെ ദൈവകല്പന പ്രകാരം വിമലവും വിശുദ്ധവുമാക്കുകയാണ് ഞാന്‍.” -തിരുനബി വ്യക്തമാക്കി.
”വ്യാജം പറയുന്നവനെ അല്ലാഹു ഏകാന്തനായി, പരസഹായമില്ലാത്തവനായി മരിപ്പിക്കട്ടെ.” -ശാപധ്വനിയോടെ അബൂആമിര്‍ പിറുപിറുത്തു.
”അതേ, അത്തരക്കാര്‍ക്കുള്ള ‘പ്രതിഫലം’ അല്ലാഹു അങ്ങനെ തന്നെ നല്‍കട്ടെ” എന്നായിരുന്നു ഇതിനുള്ള തിരുദൂതരുടെ പ്രതികരണം.
വര്‍ഷങ്ങള്‍ കടന്നുപോയി. അതിനിടെ അസഹിഷ്ണുത ഉള്ളിലെരിഞ്ഞ് പൊറുതിമുട്ടിയ അബൂആമിര്‍ മദീന വിട്ടു. മാതൃകാ മുസ്‌ലിം സമൂഹം അത്രമേല്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
ചെന്നെത്തിയതാകട്ടെ ഖുറൈശികളുടെ ഇടയില്‍ മക്കയിലും. എന്നാല്‍ വിജയശ്രീലാളിതനായി തന്റെ ജന്‍മഗേഹം തിരിച്ചുപിടിക്കാന്‍ തിരുനബിയും സഹചരരും ഇത്ര പെട്ടെന്ന് മക്കയിലെത്തുമെന്ന് അബൂആമിര്‍ കണക്കുകൂട്ടിയില്ല. എതിര്‍പ്പുകളില്ലാതെ മക്ക ഇസ്‌ലാമിന് വഴങ്ങുന്നത് ഞെട്ടലോടെയാണ് അയാളറിഞ്ഞത്. മനസ്സ് മാറാന്‍ വിമുഖത കാണിച്ച അബൂ ആമിറിന്റെ അടുത്ത ഉന്നം ത്വാഇഫായിരുന്നു.
അഭയം തേടിച്ചെന്ന നബി(സ) യെ നിഷ്‌കരുണം തിരിച്ചോടിച്ച സഖീഫിന്റെ മണ്ണ്. അവിടെയെത്തിയെങ്കിലും അധികകാലം അവിടെ നിവസിക്കാനുള്ള യോഗവും അയാള്‍ക്കില്ലായിരുന്നു. മക്ക ദൂതര്‍ക്ക് കീഴടങ്ങിയതിനു പിന്നാലെ ത്വാഇഫും പ്രവാചകന്റെ വരുതിയിലായി. നില്‍ക്കക്കള്ളി നഷ്ടപ്പെട്ട അബൂആമിര്‍ സിറിയയിലേക്കാണ് പിന്നീട് പലായനം ചെയ്തത്. ഒടുവില്‍ കുടുംബങ്ങളോ ഉടയവരോ ഇല്ലാതെ പ്രവാസിയായിത്തന്നെ കണ്ണടയ്ക്കാനായിരുന്നു നിര്‍ഭാഗ്യവാനായ അബൂആമിറിന്റെ വിധി; ദൂതര്‍ക്കെതിരെ ഉയര്‍ത്തിയ കടുത്ത വാക്കുകള്‍ തന്റെ കാര്യത്തില്‍ അറംപറ്റും വിധം.
ദൂതരുടേതാകട്ടെ, പത്‌നിമാരുടെയും ഉറ്റവരുടെയും നടുവില്‍, പ്രിയപങ്കാളി ആഇശയുടെ മടിയില്‍ തലവെച്ച്, വിശുദ്ധ ഖുര്‍ആന്‍ വചനം അവസാന ചുണ്ടനക്കമാക്കി സ്വസ്ഥവും ധന്യവുമായ സ്വര്‍ഗയാത്രയും. ഈ മരണം സാക്ഷി, പുണ്യനബി ഇബ്‌റാഹീമീ സരണിയുടെ യഥാര്‍ഥ പിന്‍മുറക്കാരന്‍ തന്നെ.
