1 Tuesday
July 2025
2025 July 1
1447 Mouharrem 5

മരട് പഠിപ്പിക്കുന്ന പാഠം  – ഫസലുര്‍റഹ്മാന്‍ എറണാകുളം

മരടിലെ ഫ്ലാറ്റ് പൊളിക്കലും അതിന്റെ ഒരുക്കങ്ങളുമെല്ലാം കേരളീയര്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്. കേരളീയരെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു അനുഭവം ആദ്യത്തെതായിരുന്നു. പതിനഞ്ചും ഇരുപതും നിലകളുള്ള വലിയ കെട്ടിടങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന കാഴ്ച സങ്കടകരമായിരുന്നെങ്കിലും ആളുകള്‍ കൗതുകത്തോടെ തന്നെയാണ് വീക്ഷിച്ചത്. വലിയ തരത്തിലുള്ള സാങ്കേതിക വിദ്യയാണതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അണുവിട വ്യത്യാസമില്ലാതെ നിര്‍ണയിച്ച സ്ഥലത്തു തന്നെ നിലംപതിപ്പിക്കാനായത് സാങ്കേതിക വിദ്യയൊരുക്കിയ സംഘത്തിന്റെ മികവ് തന്നെയായിരുന്നു.
ഫ്ലാറ്റ് പൊളിച്ചതിനെ തുടര്‍ന്ന് പരിസരങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയുണ്ട്. പല വീടുകളിലും പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. ഫ്ലാറ്റ് പൊളിക്കുന്ന വേളയില്‍ പലരും പൊടി ഭയന്ന് വീട് മൂടിക്കെട്ടിയിരിക്കുകയായിരുന്നു. മരട് പ്രദേശത്ത് മാത്രമല്ല, കാറ്റില്‍ പരിസരങ്ങളി ലും പൊടി രൂക്ഷമായിരിക്കുകയാണ്. തങ്ങള്‍ ചെയ്യാത്ത തെറ്റിനാണ് അവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സംഭവത്തിനു നാം സാക്ഷികളാകേണ്ടി വന്നത്? കോടതി വളരെ വാശിയോടെ ഇത് പൊളിക്കണമെന്ന് നിര്‍ദേശിച്ചത് എന്തിനായിരുന്നു എന്ന ചര്‍ച്ചയാണ് മരട് സംഭവത്തിനു പിന്നാലെ ഉയരേണ്ടത്. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട നിയമവശങ്ങളെ സംബന്ധിച്ച് കത്യമായ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇത് പാലിക്കാതെ ഉദ്യോഗസ്ഥ ലോബികള്‍ വരുത്തിയ വീഴ്ചയാണ് ഇതിലേക്കു നയിച്ചത്.
കേരള സര്‍ക്കാര്‍ നിര്‍മിച്ച ചട്ടങ്ങളിലൂടെയാണ് കെട്ടിട നിര്‍മാണത്തിലെ തീരദേശ നിയമപാലനം അടക്കമുള്ള കാര്യങ്ങള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ലഭിച്ചത്. ഭരണഘടനയുടെ 73,74 ഭേദഗതികളാണ് ത്രിതല പഞ്ചായത്ത് സംവിധാനവും നഗരസഭരണ സ്ഥാപനങ്ങളും ഇന്ത്യയില്‍ ഇന്നത്തെ രീതിയില്‍ സൃഷ്ടിച്ചത്.
ഭരണഘടന തന്നെ 11,12 പട്ടികകളിലാണ് സംസ്ഥാന സര്‍ക്കാറുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈമാറാവുന്ന വിഷയങ്ങള്‍ പറയുന്നത്. കുറച്ചുപേരുടെ കെട്ടിട നിര്‍മാണത്തിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ സമയവും ഊര്‍ജവും ചെലവഴിക്കുന്നത് ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അന്തസ്സത്തക്കെതിരാണ്. അതുകൊണ്ട് തീരദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകീകൃതമായ ഒരു വ്യവസ്ഥയ്ക്കു കീഴില്‍ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു. ഇതാണ് മരട് പഠിപ്പിക്കുന്ന പാഠം.
Back to Top