മനുഷ്യത്വം ഉപേക്ഷിച്ച കാപാലികക്കൂട്ടം – പി കെ നിയാസ്
ഫലസ്തീനി തടവുകാരോട് ഇസ്‌റായേല്‍ അധികൃതര്‍ കാണിക്കുന്ന മനുഷ്യത്വഹീനമായ നടപടികള്‍ പലതവണ വാര്‍ത്തകളി ല്‍ ഇടംപിടിച്ചിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ അവസാനത്തേതാകാന്‍ ഇടയില്ലാത്ത കസ്റ്റഡി മരണ വാര്‍ത്ത മുപ്പത്തേഴുകാരനായ സാമി അബൂ ദിയാകിനെ ഇസ്‌റായേല്‍ അധികൃതര്‍ കൊന്നതാണ്. 2002 മുതല്‍ ജയിലില്‍ കഴിയുന്ന സാമിക്ക് അര്‍ബുദം ബാധിച്ചിട്ടും മതിയായ ചികില്‍സ നല്‍കി യില്ല. കാന്‍സര്‍ വ്യാപിച്ച് അവശനായതോടെ അദ്ദേഹത്തെ ഇസ്‌റായേലിലെ സൊറോക്ക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് അദ്ദേഹത്തിന്റെ കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി. ഇതേത്തുടര്‍ന്ന് യുവാവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി.തന്റെ മരണം ഉറപ്പായെന്നും ഉമ്മയുടെ കൈകളില്‍ തല ചായ്ച്ച് അന്ത്യശ്വാസം വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള സാമിയുടെ ആവശ്യം തള്ളുകയായിരുന്നു അധികൃതര്‍. പരോള്‍ ഉള്‍പ്പെടെ തടവുകാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ഫലസ്തീനികള്‍ക്ക് തുടര്‍ച്ചയായി നിഷേധിക്കുന്ന മനുഷ്യത്വരഹിതമായ ഇസ്‌റായേല്‍ നിലപാട് സാമിയുടെ കാര്യത്തില്‍ ഏറെ ക്രൂരമായിരുന്നു.മരണശയ്യയില്‍ കിടക്കുന്നയാളോട് കാണിക്കേണ്ട മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കേണ്ടത് മനുഷ്യത്വത്തിന്റെ കണികകള്‍ ഉള്ളവരോടാണല്ലോ. ഇസ്‌റായേല്‍ സൈനികരുടെ ചീറിപ്പാഞ്ഞുവരുന്ന ബുള്ളറ്റുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഉപ്പയുടെ പിന്നില്‍ മറഞ്ഞിരുന്ന പതിനൊന്നുകാരന്‍ മുഹമ്മ് അല്‍ ദുറയെ നിഷ്ഠൂരമായി കൊന്നവരില്‍നിന്ന് എന്ത് മനുഷ്യത്വമാണ് പ്രതീക്ഷിക്കേണ്ടത്? പൊന്നുമകനുനേരെ വെടിവെക്കരുതേയെന്ന് കേണപേക്ഷിച്ചിട്ടും ക്രൂരന്മാരായ സൈനികര്‍ ആ ബാലന്റെ ശരീരത്തില്‍ വെടിയുണ്ടകള്‍ കൊണ്ട് അമ്മാനമാടിയപ്പോള്‍ വിറങ്ങലിച്ചുപോയ ജമാല്‍ അല്‍ ദുറയെ നമുക്കെങ്ങനെ മറക്കാനാവും? അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പട്ടതായിരുന്നു ആ ഭീകര ചിത്രം. 2000 സെപ്റ്റംബര്‍ 30ന് രണ്ടാം ഇന്‍തിഫാദക്കാലത്ത് നടന്ന ആ നിഷ്ഠൂര സംഭവത്തില്‍ പ്രതികളായ ക്രൂരന്മാര്‍ 19 വര്‍ഷത്തിനുശേഷവും ശിക്ഷിക്കപ്പെട്ടിട്ടില്ല.1967നു ശേഷം 222 ഫലസ്തീനികള്‍ ഇസ്‌റായേല്‍ തടവറകളില്‍ മരണപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മാത്രം അഞ്ചു പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഇസ്‌റായേലിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെ എണ്ണം സയണിസറ്റ് ഭരണകൂടം പുറത്തുവിടാറില്ല. ഫലസ്തീന്‍ അധികൃതരുടെ കണക്കനുസരിച്ച് ഇവരുടെ സംഖ്യ 5,500ലേറെ വരും.