മനസ്സാക്ഷി എന്ന കാവല്‍ക്കാരന്‍
സി കെ റജീഷ്
ഒരു തീവണ്ടിയാത്ര. നല്ല തിരക്കുള്ള കമ്പാര്‍ട്ടുമെന്റ്. വലിയ ബാഗുമായിട്ടാണ് ഒരു യാത്രക്കാരന്‍ കയറിയത്. അയാള്‍ ഇരുന്ന സീറ്റിന്റെ വലത് ഭാഗത്തെ സീറ്റില്‍ ആ ബാഗ് വെച്ചു. അടുത്ത സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ നാല് യാത്രക്കാര്‍ കയറി. സീറ്റില്‍ വെച്ച ബാഗ് മുകളില്‍ വെച്ചാല്‍ അവരിലൊരാള്‍ക്ക് അവിടെ ഇരിക്കാം. പക്ഷെ, യാത്രക്കാരന്‍ തയ്യാറായില്ല. ‘ആ ബാഗിന്റെ ഉടമ മറ്റൊരാളാണ്. അയാള്‍ ഇപ്പോള്‍ വരും’ എന്ന് അവരോട് പറഞ്ഞു. വണ്ടി ഏറെ ദൂരം സഞ്ചരിച്ചു. ബാഗിന്റെ ‘ഉടമ’ എത്തിയില്ല. അവരിലൊരാള്‍ ആ ബാഗ് എടുത്ത് മുകളില്‍ വെച്ച് സീറ്റില്‍ ഇരുന്നു. ബാഗിന്റെ ‘യഥാര്‍ഥ ഉടമ’ക്ക് ഇറങ്ങാനായി. മുകളില്‍ വെച്ച ബാഗ് എടുക്കാന്‍ അയാള്‍ ശ്രമിച്ചു. ആളുകള്‍ തടഞ്ഞു: മറ്റൊരാളുടെ ബാഗ് നിങ്ങള്‍ എടുക്കുകയോ? കമ്പാര്‍ട്ടുമെന്റില്‍ ബഹളമായി. നിസ്സാര കാര്യത്തിനു വേണ്ടി ആ ബാഗിന്റെ ഉടമ താനല്ലെന്ന് കള്ളം പറഞ്ഞതാണ് ആ യാത്രക്കാരന് വിനയായത്.
ചില്ലറ കാര്യ ലാഭങ്ങള്‍ക്കായി കളവിനെ കൂട്ട് പിടിക്കുന്ന ചിലരുണ്ട്. ജനങ്ങളെ കബളിപ്പിച്ച് ചില സൗകര്യങ്ങളൊക്കെ സ്വന്തമാക്കാമെന്ന് വ്യാമോഹിക്കുന്നവര്‍. ഇത്തരക്കാര്‍ താമസം വിനാ സമൂഹമധ്യത്തില്‍ അപമാനിതരായിത്തീരും. ചിലരെ നമുക്ക് ഏറെ നാളത്തേക്ക് വഞ്ചിക്കാം. മറ്റു ചിലരെ കുറച്ച് കാലത്തേക്കും. എന്നാല്‍ എല്ലാവരെയും എക്കാലവും വഞ്ചിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
നമ്മുടെ വാക്കിലും ചെയ്തിയിലും കളവ് കലരാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. കളവ് കലരുമ്പോള്‍ വിശ്വാസ്യതക്കാണ് മങ്ങലേല്ക്കുന്നത്. വിശ്വാസ്യത കളഞ്ഞ് കുളിക്കുന്നതോടെ വ്യക്തിത്വത്തിന് വിലയിടിവ് സംഭവിക്കുന്നു. വെള്ളം കലങ്ങി മറിഞ്ഞാല്‍ പ്രതിബിംബം തെളിഞ്ഞുകാണില്ല. കണ്ണാടി മങ്ങിയാല്‍ മുഖത്തിനും മങ്ങലേല്‍ക്കും. കളവിനെ കൂട്ട് പിടിച്ചവര്‍ എപ്പോഴും സംശയത്തിന്റെ നിഴലിലായിരിക്കും. സത്യസന്ധത ശീലമാക്കിയവര്‍ സദാ ശാന്തരുമായിരിക്കും. അസത്യം അസ്ഥിരമാണ്. സത്യമാകട്ടെ സുസ്ഥിരവും സമാധാനദായകവുമാണ്. അതുകൊണ്ട് സത്യസന്ധത മുറുകെ പിടിക്കണമെന്നത് തിരുനബിയുടെ ഉപദേശമാണ്.
മനുഷ്യരെല്ലാം ആത്മാഭിമാന ബോധമുള്ളവരാണ്. ആത്മാഭിമാന ബോധമുള്ളവരെയെല്ലാം ഉള്ളില്‍ നിന്ന് നയിക്കുന്ന ഒരു സുഹൃത്തുണ്ട്. മനസ്സാക്ഷി എന്ന ജാഗ്രതയുള്ള കാവല്‍ക്കാരനാണത്. വിശ്വസിക്കാവുന്ന വഴികാട്ടിയായി എപ്പോഴും മനസ്സാക്ഷി നമ്മോടൊപ്പമുണ്ടാവും. കപ്പിത്താന്റെ കാന്ത സൂചിപോലെ. ആ സൂചി കാണിക്കുന്ന വഴിയാണ് കപ്പലിന്റെ സഞ്ചാര ദിശ. അത് തെറ്റിപ്പോകുമ്പോഴാണ് അപകടത്തില്‍ ചെന്ന് ചാടുന്നത്. കളങ്കമില്ലാത്ത മനസ്സാക്ഷി കളവ് കലര്‍ത്താന്‍ നമ്മെ സമ്മതിക്കില്ല. അതിനെ അവഗണിച്ച് വഞ്ചന കാണിച്ചവന്‍ മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ തടവുകാരനായി കഴിയേണ്ടി വരും. കളങ്കമില്ലാത്ത മനസ്സാക്ഷി മന്ത്രിക്കുന്നതിനനുസരിച്ച് നീങ്ങിനോക്കൂ. സത്യസന്ധന്‍ എന്ന ആദരവ് സമൂഹം നമുക്ക് നല്കും.
നാമറിയാതെ കളവില്‍ കണ്ണി ചേര്‍ന്ന് പോയാലോ? സത്യസന്ധമായ കുറ്റസമ്മതമാണ് ശുദ്ധീകണത്തിന്റെ വഴി. ഗാന്ധിജിക്ക് പതിനഞ്ച് വയസ്സുള്ളപ്പോള്‍ ചെറിയ തുക അദ്ദേഹം മോഷ്ടിച്ചു. ഈ തെറ്റ് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ നോവിച്ചു. അച്ഛന്‍ വിവരമറിഞ്ഞാല്‍ ഏറെ വേദനിക്കുമെന്ന് ഗാന്ധിജിക്കറിയാം. എങ്കിലും ഇനി ഇത്് ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞയോടെ കുറ്റസമ്മതം നടത്തി. കുറ്റ സമ്മതം നടത്തിയ മകന്റെ കുറിപ്പ് അച്ഛന്‍ വായിച്ചു. കണ്ണീര്‍ പൊഴിച്ചു. അധികാരവും അര്‍ഹതയുമുള്ള ആളുടെ അടുത്ത് നിര്‍വ്യാജമായി നടത്തുന്ന കുറ്റസമ്മതമാണ് ഏറ്റവും ശുദ്ധമായ പ്രായശ്ചിത്തമെന്ന് ഗാന്ധിജി പറയുന്നുണ്ട്. ‘സത്യമേവ ജയതേ’ എന്നത് കുഞ്ഞുനാളിലേ ഇളം മനസ്സുകളില്‍ മുദ്രണം ചെയ്യേണ്ട മഹിതാശയമാണ്.