മനസ്സംതൃപ്തിയിലാണ് ജീവിതത്തിന്റെ ധന്യത- ഇബ്‌റാഹീമുബ്‌നു മുഹമ്മദ് അല്‍ഹഖീല്‍
ഐഹിക ജീവിതത്തിനുള്ള ഭൗതിക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മനുഷ്യരെല്ലാം സദാ വ്യാപൃതരാണ്. മനസ്സില്‍ മുളപൊട്ടുന്ന ആഗ്രഹങ്ങള്‍ ആവശ്യങ്ങളോ, അത്യാവശ്യങ്ങളോ ആയി പരിണമിക്കുകയും അത് സാക്ഷാത്കരിക്കാനായി സമയമേറെ ചെലവഴിക്കുകയും ചെയ്യുന്നവരാണ് നാം. ഇങ്ങനെയുള്ള ആവശ്യങ്ങളുടെ വൃത്തം വലുതാകുകയും ആഗ്രഹങ്ങള്‍ക്ക് അതിരില്ലാതാവുകയും ചെയ്യുന്നുവെന്നതാണ് സമൂഹത്തിന്റെ നിലവിലുള്ള അവസ്ഥ. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെട്ടിട്ടും ആകുലതകള്‍ ബാക്കിയായ അസംതൃപ്തരെയാണ് പൊതുവെ കാണപ്പെടുന്നത്. ഭൗതിക വിഭവങ്ങളുടെ സമൃദ്ധിയിലും പരിമിതികളെക്കുറിച്ച് ഇവര്‍ പരിഭവിക്കുന്നു. ലഭിച്ചതില്‍ സംതൃപ്തിയടയുന്നതിന് പകരം ലഭിക്കാതെ പോയതില്‍ ആവലാതിപ്പെടുന്നതിനാല്‍ മനശ്ശാന്തി ജീവിതത്തില്‍ നിന്ന് ഏറെ അകലെയുമാണ്. എന്നാല്‍ സമൃദ്ധിയുടെ സന്തോഷവേളകളിലും വറുതിയുടെ ദുരിതനാളുകളിലും സംതൃപ്തി പ്രദാനം ചെയ്യുന്ന ജീവിതവീക്ഷണം പിന്തുടരേണ്ടവര്‍ എന്ന നിലക്ക് വിശ്വാസികള്‍ ഇതിന്നപവാദമാവേണ്ടവര്‍ തന്നെയാണ്.
ഭൗതിക വിഭവങ്ങളുടെ സമൃദ്ധിയോ സമ്പന്നതയോ നമ്മെ സുഖലോലുപരാക്കിയേക്കും. അതിന്റെ പേരിലുള്ള ആത്മഹര്‍ഷവും പുളകംകൊള്ളലും മനസംതൃപ്തി നല്കിക്കൊള്ളണമെന്നില്ല. പ്രവാചകന്റെ(സ) തിരുമൊഴി ഈ വശത്തിന് അടിവരയിടുന്നു. ”ഭൗതിക വിഭവങ്ങളിലെ വര്‍ധനവല്ല ഐശ്വര്യം, മനസ്സംതൃപ്തിയാണ് ഐശ്വര്യം.” (ബുഖാരി, മുസ്‌ലിം)
ഭാഷാശാസ്ത്ര വിശാരദനായ ഇബ്‌നുല്‍ ഫാരിസ് സംതൃപ്തി എന്നര്‍ഥം ലഭിക്കുന്ന രിദ, ഖനാഅ് തുടങ്ങിയ പദങ്ങള്‍ക്ക് നല്കുന്ന വിവക്ഷ ഇപ്രകാരമാണ്: ഏതൊന്നിനെ മുന്‍നിര്‍ത്തിയാണോ നാം ഒരു കാര്യത്തെ തെരഞ്ഞെടുക്കുന്നത്, അതാണ് രിദ. കരസ്ഥമാക്കിയതില്‍ ആത്മനിര്‍വൃതികൊള്ളുക എന്ന ആശയം ഖനാഅ് എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നു. ആഗ്രഹത്തെ പരിമിതപ്പെടുത്തുക എന്നര്‍ഥം ലഭിക്കുന്ന സുഹ്ദ് എന്ന പദവും ഇതിനോട് ആശയസാമ്യതയുള്ളതാണ്. (മുഅ്ജമു മഖായിസു ലുഗത്ത് 33:5)
അസംതൃപ്തി, അസൂയ, ആര്‍ത്തി തുടങ്ങി ദുസ്വഭാവങ്ങള്‍ മനസ്സിനെ കളങ്കപ്പെടുത്തുന്നത് എപ്പോഴാണ്? നമ്മുടെ ദൃഷ്ടി പായുന്നതും മനസ്സ് ആഗ്രഹിക്കുന്നതും നമുക്ക് കൈവന്നതിനേക്കാള്‍ മെച്ചപ്പെട്ട സുഖാനുഗ്രഹങ്ങളില്‍ കഴിഞ്ഞുകൂടുന്നവരുടെ ജീവിതത്തിന് നേരെയാവുമ്പോഴാണ്. മനസ്സംതൃപ്തി അനുഭവിക്കാനും നന്ദിബോധം വീണ്ടെടുക്കാനുമുള്ള വഴി അനുഗ്രഹ സ്മരണയാണെന്ന് ചുരുക്കം. നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കണം. മീതെയുള്ളവരിലേക്ക് നോക്കരുത്. നിങ്ങളിലുള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ അതാണ് ഏറ്റവും നല്ലതെന്ന നബി(സ)യുടെ ഉപദേശം ചിന്തനീയമാണ്.
ഭക്ഷണപാനീയങ്ങള്‍, വീട്, വസ്ത്രം, വാഹനം തുടങ്ങി ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളുടെ നിര്‍വഹണത്തിന് ഓരോരുത്തരുടെയും സാമ്പത്തികശേഷിയും സാഹചര്യവുമനുസരിച്ച് വേണ്ടത് നാം ഒരുക്കുന്നു. അതിലുപരി ഇതിന് ആഡംബരം, പൊങ്ങച്ചം, ആര്‍ഭാടം തുടങ്ങിയ അര്‍ഥങ്ങള്‍ കൈവരുമ്പോള്‍ അത് ധൂര്‍ത്തിലേക്കും അസംതൃപ്തിയിലേക്കുമുള്ള വഴി സുഗമമാക്കുന്നു. നമ്മുടെ വീടിന് പരിമിതികള്‍ എന്തുണ്ടെങ്കിലും നമുക്കത് വിശാലതയും സൗകര്യവും തോന്നണം. നഗ്നത മറയ്ക്കാനും ശരീരത്തിന് അലങ്കാരത്തിനുമാണ് വസ്ത്രങ്ങള്‍. ഫാഷന്‍ ഡിസൈനുകളിലോ വിലനിലവാരത്തിലുള്ള ഉടയാടകളിലോ മനസ്സംതൃപ്തി ലഭിച്ചുകൊള്ളണമെന്നില്ല. സുഭിക്ഷമായി ആഹരിക്കാനും വിഭവസമൃദ്ധമായി വിരുന്നൂട്ടാനും നമുക്ക് കഴിഞ്ഞില്ലെങ്കിലും നാം വിളമ്പുന്ന ഭക്ഷണത്തില്‍ ആത്മസംതൃപ്തിയടയാന്‍ കഴിയണം. വാഹനങ്ങളുടെ മോഡലുകള്‍ മാറുന്നതിനനുസരിച്ച് പുതിയത് നിരത്തിലിറക്കാതിരുന്നാല്‍ മോശക്കാരനാണെന്ന് ചിന്തിക്കുന്നവന്‍ സ്വയം ആലോചിക്കട്ടെ, വാഹനങ്ങള്‍ തനിക്ക് ആവശ്യമാണോ, അതല്ല ആര്‍ഭാടമോ, പൊങ്ങച്ചപ്രകടനമോ? ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ കൈവന്ന അനുഗ്രഹത്തെ നാം വിസ്മരിക്കരുത്. സര്‍വോപരി സാധ്യമായതില്‍ സംതൃപ്തിയടയാനും ദൈവികാനുഗ്രഹത്തെ തിരിച്ചറിയാനുമുള്ള മനസ്സ് പാകപ്പെടുകയാണ് വേണ്ടത്.
സത്യവിശ്വാസവുംമനസ്സംതൃപ്തിയും
ഐഹികവിഭവങ്ങളുടെ വര്‍ണാഭമായ പകിട്ടില്‍ കണ്ണഞ്ചി മനംമയങ്ങി വീണുപോകാതിരിക്കാന്‍ മുറുകെ പിടിക്കേണ്ട ബലിഷ്ഠപാശമാണ് അല്ലാഹുവിലും പരലോകത്തിലുമുള്ള ദൃഢവിശ്വാസം. വശ്യമായ എന്തിനോടും വികാരാവേശത്തോടെ പാഞ്ഞടുക്കുന്ന പ്രകൃതമുള്ള മനസ്സിനെ വിവേകത്തിന്റെയും ധര്‍മബോധത്തിന്റെയും വരുതിയില്‍ നിര്‍ത്താനുള്ള ഉള്‍ക്കരുത്തിനെ വിശ്വാസം എന്ന് വിളിക്കാം. നന്മ തിന്മകള്‍ കുഴമറിഞ്ഞ സമൂഹത്തില്‍ നമ്മുടെ ഇഷ്ടങ്ങളെ പുനര്‍നിര്‍മിക്കാനും ഇതുകൊണ്ട് സാധ്യമാവുന്നു. ഭൗതികതയോടുള്ള ആസക്തിയകറ്റി ആഗ്രങ്ങളുടെ അനശ്വര സാക്ഷാത്ക്കാര വേദിയെക്കുറിച്ച് പ്രതീക്ഷ പകരുകയും ചെയ്യുന്നു. അനിര്‍വചനീയമായ ആത്മ സംതൃപ്തിയോടെയായിരിക്കണം വിശ്വാസിയുടെ ജീവിതത്തിന്റെ ശുഭപര്യവസാനം.
ഐഹിക ജീവിതത്തില്‍ ആത്മസംതൃപ്തിയോടെ ജീവിച്ച വിശ്വാസിക്ക് മാത്രമേ സംതൃപ്തമനസ്സോടെ ദൈവിക സവിധത്തിലേക്ക് തിരിച്ച് ചെല്ലാന്‍ സാധിക്കുകയുള്ളൂ. സുഖദു:ഖ സമ്മിശ്ര ജീവിതത്തില്‍ സദാ സംതൃപ്തനാവാന്‍ വിശ്വാസിക്ക് സാധിക്കുന്നത് എങ്ങനെയെന്ന് നാം ശങ്കിച്ചേക്കും. സുഖാനുഗ്രഹങ്ങളില്‍ നന്ദിബോധവും സംതൃപ്തിയും ബാക്കിവെക്കുന്നു. എന്നാല്‍ ദാരിദ്ര്യം, രോഗപീഡകള്‍, ആകസ്മിക വേര്‍പാടുകള്‍, കഷ്ടനഷ്ടങ്ങള്‍ തുടങ്ങി അഹിതകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് ക്ഷമ, വിട്ടുവീഴ്ച, പ്രതിഫലേച്ഛ, വിനയം, ദൈവസ്മരണ തുടങ്ങിയ സദ്‌സ്വഭാവങ്ങള്‍ക്ക് അര്‍ഥ വിശാലത ഉണ്ടാകുന്നത്. ഈ സദ്ഗുണ സമ്പന്നത വിശ്വാസിയെ ദൈവവിധിയില്‍ ആശ്വാസം കൊള്ളുന്നവനും സ്വര്‍ഗത്തെ പ്രതീക്ഷവെക്കുന്നവനുമാക്കി മാറ്റുന്നു. ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടുന്ന ആ സ്വര്‍ഗമെന്ന പ്രതിഫലേച്ഛയാണ് മനസ്സംതൃപ്തിയെ പ്രദാനം ചെയ്യുന്നത്. ആഗ്രഹങ്ങള്‍ അവസാനിക്കാത്ത ഈ ലോകത്ത് പ്രതിഷ്ഠയും സംതൃപ്തിയും നല്കാന്‍ പര്യാപ്തമായത് അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം മാത്രമാണെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്ന സൂക്തം ഇങ്ങനെ വായിക്കാം: ദൈവപ്രീതിക്കായി ജീവിതം സമര്‍പ്പിച്ചതിലൂടെ പൂര്‍ണ തൃപ്ത മനസ്സോടെ ദൈവ സന്നിധിയിലേക്ക് വിശ്വാസി മടങ്ങുന്നത്, സ്വര്‍ഗത്തെക്കുറിച്ചുള്ള സുവാര്‍ത്ത കേട്ടുകൊണ്ടാണ്. ഹേ, സമാധാനമടഞ്ഞ ആത്മാവേ, തൃപ്തിപ്പെട്ടുകൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്റെ രക്ഷിതാവിങ്കലേക്കു മടങ്ങിക്കൊള്ളുക- എന്നിട്ട് എന്റെ അടിമകളില്‍ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിക്കുക.” (അല്‍ഫജ്ര്‍ 27:30)
ഈ നശ്വരജീവിതത്തില്‍ ഒരിക്കലും ആഗ്രഹങ്ങളെല്ലാം ആര്‍ക്കും പൂര്‍ണമായി സാക്ഷാത്ക്കരിക്കപ്പെടുകയില്ല. അല്ലാഹു നല്കുന്നതിലും തടയുന്നതിലും തൃപ്തിപ്പെടുന്ന മനസ്സാണ് ശാന്തിയടഞ്ഞ ആത്മാവ്, അഥവാ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന സൗഭാഗ്യവാന്‍ എന്ന് ഇമാം മുജാഹിദ്(റ) ഈ ആയത്തിനെ വിശദീകരിക്കുന്നതായി കാണാം. ഇബ്‌നുതീമിയ(റ) രേഖപ്പെടുത്തിയതും ഇതിനോട് ചേര്‍ത്ത് നാം വായിക്കേണ്ടതാണ്: ”ഭൗതികതയോട് ആസക്തി വെടിഞ്ഞവനേ ആത്മസംതൃപ്തി അനുഭവിക്കാനാവൂ. പാരത്രിക ഭവനത്തില്‍ ഒട്ടും പ്രയോജപ്പെടാത്ത ആഗ്രഹങ്ങളെ വര്‍ജിക്കുന്നവനാണ് വിശ്വാസി. ആ ആഗ്രഹങ്ങള്‍ ദൈവകല്പന അനുസരിക്കുന്ന കാര്യത്തില്‍ വിഘാതം സൃഷ്ടിച്ചേക്കാം. അതല്ലെങ്കില്‍ അല്ലാഹുവിനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്‌തെന്നുവരില്ല. അവയെ വെടിയുന്നതാണ് നല്ലത്.” (മജ്മൂഉല്‍ ഫതാവാ 27:11)
ലാളിത്യവും മനസ്സംപ്തിയും
ജീവിത വിരക്തിയുടെയും ലാളിത്യത്തിന്റെയും മകുടോദാഹരണമായിരുന്നു നബി(സ)യുടെയും അനുചരരുടെയും ജീവിതം. റസൂലിന്റെ വീടുകളിലെ അടുപ്പുകളില്‍ തീ കത്താതെ മാസങ്ങളോളം കാരക്കയും വെള്ളവും അന്നമാക്കി എന്നത് അതിശയോക്തിക്ക് വേണ്ടി പറയുന്നതല്ല, ദുരിതജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ്. പച്ചിലകള്‍ മാത്രം ഭക്ഷിക്കേണ്ട ദുര്‍ഗതിയുണ്ടാവുകയും ഗ്രാമീണരുടെ പരുക്കന്‍ വസ്ത്രം ധരിച്ച്, പരുപരുത്ത പായയില്‍ കിടന്നതിനാല്‍ പാര്‍ശ്വഭാഗത്ത് പാടുണ്ടാവുകയും ചെയ്തിരുന്നുവെന്നത് ലാളിത്യം കൊണ്ട് ധന്യമായ ജീവിതത്തെ ഓര്‍മപ്പെടുത്തുന്നു. മദീനാ പള്ളിയുടെ പിന്‍ഭാഗത്ത് താമസിച്ചിരുന്ന, വിവിധ നാടുകളില്‍ നിന്ന് അഭയാര്‍ഥികളായി അവിടെയെത്തിയിരുന്ന പരമ ദരിദ്രരായ വിശ്വാസികള്‍ അഹ്‌ലുസ്സുഫ്ഫ എന്ന പേരിലറിയപ്പെടുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ, സ്വന്തം കിടപ്പാടമില്ലാതെ ദുരിതം പേറിയ ഇവരെ മുഹാജിറുകളും അന്‍സ്വാറുകളും സഹായിക്കാന്‍ സന്നദ്ധരായി. പട്ടിണിയുടെയും പരിവട്ടത്തിന്റെയും വിവരണാതീതമായ പരാധീനതയുടെയും നടുവില്‍ ജീവിതം ദുരിതക്കടലായി മാറിയപ്പോഴും ലാളിത്യവും ഭൗതികവിരക്തിയും അതിലൂടെ മനസ്സംതൃപ്തിയും നബി(സ)യുടെയും അനുചരരുടെയും ജീവിതത്തെ ധന്യമാക്കിയതായി നാം കാണുന്നു. പ്രയാസങ്ങള്‍ക്കിടയിലും പ്രതീക്ഷ വെക്കുന്നവരും ദാരിദ്ര്യങ്ങള്‍ക്കിടയിലും ധന്യതയനുഭവിക്കുന്നവരുമായിരുന് നു അവരെന്നതിന് കൂടുതല്‍ തെളിവുകള്‍ നിരത്തേണ്ടതില്ല. ഇമാം അഹ്മദ് പറയുന്നു: ”എന്റെ കൈവശമൊന്നുമില്ലാതെ പ്രഭാതത്തെ ഞാന്‍ വരവേല്ക്കുന്ന ദിനം എനിക്ക് ഏറ്റവും കൂടുതല്‍ സന്തുഷ്ടി നല്കുന്നു.”
ഉദാരതയും മനസ്സംതൃപ്തിയും
”നബിയേ വിശന്നിട്ട് വയ്യ, കഴിക്കാന്‍ വല്ലതും വേണം”- തിരുമേനിയുടെ സന്നിധിയില്‍ ഒരു ദരിദ്രന്റെ യാചനയുടെ ശബ്ദം. അതിഥിയെ ഭക്ഷിപ്പിക്കാന്‍ വല്ലതും വീട്ടിലുണ്ടോ എന്ന് തിരുമേനി ഭാര്യമാരോട് അന്വേഷിച്ചപ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞുങ്ങള്‍ക്കുള്ള അല്പ ഭക്ഷണം മാത്രമുണ്ടായിരുന്ന അന്‍സാരിയായ അബൂത്വല്‍ഹ(റ) വീട്ടിലെ അതിഥിയായി അദ്ദേഹത്തെ സ്വീകരിക്കുന്നു. കുഞ്ഞുങ്ങളെ ഉറക്കി, വിളക്കണച്ച്, അതിഥിയോടൊപ്പം കഴിക്കുന്നതുപോലെ നടിച്ച അന്‍സാരിയും ഭാര്യയും അദ്ദേഹത്തെ വിരുന്നൂട്ടുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉദാരതയുടെ ഉത്തമ ഉദാഹരണമായിത്തീര്‍ന്ന അന്‍സാറുകളെ അല്ലാഹു പുകഴ്ത്തുന്നുണ്ട് (59:9). മറ്റുള്ളവരുടെ ആവശ്യങ്ങളെ പരിഗണിക്കാനും പരിഹരിക്കാനുമുള്ള ഹൃദയ വിശാലതയാണ് നബി(സ) യെയും അനുചരരെയും ഉദാരമനസ്‌കരാക്കിയത്.
പരിഭവപ്പെടാന്‍ പരിമിതികളെമ്പാടുമുണ്ടായിട്ടും നബി(സ)യുടെ വ്യക്തിത്വത്തിന്റെ മഹത് ഭാവങ്ങളിലൊന്നായ ഔദാര്യത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാനാവും. പുഞ്ചിരി, സദുപദേശം, സഹനശീലം, ആര്‍ദ്രത, ദാനശീലം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ സമുന്നത തലങ്ങളായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ചോദിച്ചുവന്ന ഒരാള്‍ക്ക് രണ്ടു മലകള്‍ക്കിടയില്‍ മേയുന്ന ആടുകളെ മുഴുവന്‍ നല്കുകയുണ്ടായി (മുസ്‌ലിം, അഹ്മദ്). അത്യുദാരനായ അല്ലാഹുവില്‍ നിന്ന് സദാ ഔദാര്യത്തെ കാംക്ഷിക്കേണ്ട വിശ്വാസിയുടെ ജീവിതവും ധന്യമാവുന്നത് സമസൃഷ്ടികളോടുള്ള ഉദാരത കൊണ്ട് മനസ്സംതൃപ്തി അനുഭവിക്കുമ്പോഴാണ്.
മനസ്സംതൃപ്തിയിലേക്കുള്ള വഴികള്‍
സമൂഹത്തിലെ ചിലരെങ്കിലും സദാ ആകുലതകളും ആവലാതികളുമായി കഴിയുന്നവരുണ്ട്. നേട്ടങ്ങളെക്കാള്‍ കോട്ടങ്ങളുടെ പട്ടിക നിരത്തുന്ന ഇവരുടെ മുഖം പ്രസന്നമാവുന്നതുതന്നെ അപൂര്‍വമാണ്. മനസ്സ് സന്തോഷിക്കാനും സംതൃപ്തിയടയാനുമുള്ള കാരണങ്ങളെ സൗകര്യപൂര്‍വം വിസ്മരിച്ച് അസ്വസ്ഥ ചിത്തരാവുന്നവനെ മനസ്സംതൃപ്തിയുടെ വഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒറ്റമൂലിയൊന്നുമില്ല. എങ്കിലും സദാ അനുഗ്രഹ സ്മരണയും നന്ദിബോധവും കാത്തുസൂക്ഷിക്കേണ്ട ജീവിതത്തില്‍ വഴികാട്ടിയാവുന്ന ദൈവിക മാര്‍ഗദര്‍ശനവും സച്ചരിതരുടെ ജീവിതപാതയും കാലദേശ ഭേദമന്യേ പ്രായോഗികവും പ്രസക്തവുമാണ്. അസംതൃപ്തിയുടെ അടിവേരറുത്ത് ജീവിതത്തില്‍ കൈവന്ന അനുഗൃഹീതാവസ്ഥയെ ഗുണാത്മകമായി വിനിയോഗിക്കാന്‍ ഗൗരവമര്‍ഹിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ആത്മവിചാരണ
നമ്മുടെ ജീവിതത്തിലെ പിന്നിട്ട നാള്‍വഴികളിലൂടെ നാമൊന്ന് സഞ്ചരിച്ചാല്‍, ഇപ്പോള്‍ കൈവന്ന ജീവിതത്തിന്റെ അനുഗൃഹീതാവസ്ഥയില്‍ നന്ദിയും ആത്മസംതൃപ്തിയുമുള്ളവനാകാന്‍ നമുക്ക് കഴിയും. നീ നിന്റെ റബ്ബിന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിക്കുക എന്ന് റസൂലിനോട്(സ) അല്ലാഹു കല്പിക്കുന്നതിന്റെ മുന്നോടിയായി നബി(സ)യുടെ ബാല്യകാലത്തെ ജീവിതാവസ്ഥകളിലേക്ക് ആത്മവിചാരം നടത്താന്‍ പറയുന്നതായി കാണാം. ദാരിദ്ര്യം, അനാഥത്വം, സന്മാര്‍ഗബോധമില്ലായ്മ തുടങ്ങിയ ഘട്ടങ്ങള്‍ക്കു ശേഷം ധന്യത, ആശ്രയത്വം, സന്മാര്‍ഗബോധം എന്നൊരവസ്ഥയിലേക്ക് നബി(സ)യുടെ ജീവിതം പരിവര്‍ത്തിക്കപ്പെട്ടതില്‍ സംതൃപ്തിയടയാനുള്ള ശിക്ഷണമാണ് ‘ദ്വുഹാ’ അധ്യായത്തില്‍ നാം വായിക്കുന്നത്. പ്രമുഖ താബിഅ് ആയ ഹസനുല്‍ ബസ്വരി ഖലീഫയായ ഉമറുബ്‌നുല്‍ അബ്ദുല്‍ അസീസിന്(റ) അയച്ച കത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: ഐഹിക ജീവിതം സ്വപ്‌നമാകുന്നു. പരലോകമാണ് യാഥാര്‍ഥ്യവും ഉണര്‍വുമുള്ള ലോകം. അതിനിടക്ക് മരണം കടന്നുവരും. നാം ദിവാസ്വപ്‌നത്തിലാണ്. ആത്മവിചാരണ ചെയ്തവനേ നേട്ടം കൊയ്യാനാവൂ. അതിന് സമയമില്ലാത്തവന്‍ പരാജിതനാണ്.”