22 Sunday
December 2024
2024 December 22
1446 Joumada II 20

മദീനാ ഹിജ്‌റയിലെ  വനിതാ സാന്നിധ്യം – സനീറ ഇതിഹാസ്

മുഹമ്മദ് നബി(സ) മക്കയില്‍ നിന്ന് പലായനം (ഹിജ്‌റാ) ചെയ്ത് മദീനയിലെത്തിയപ്പോള്‍ നജ്ജാര്‍ കുലത്തിലെ പെണ്‍കുട്ടികള്‍ പാടി: ”നഹ്‌നു ജവാരിന്‍ മിന്‍ ബനീന്‍ നജ്ജാര്‍, യാ ഹബ്ബധാ മുഹമ്മദുന്‍ മിന്‍ ജാര്‍” (നജ്ജാര്‍ വംശ പെണ്‍കൊടികള്‍ ഞങ്ങള്‍, മുഹമ്മദ്; എത്ര നല്ല അയല്‍ക്കാരന്‍)
ഹിജ്‌റായിലേക്കുള്ള വഴിത്തിരിവ്
മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനത്തിന് അവസരമൊരുക്കിയത് രണ്ടാം അഖബാ ഉടമ്പടിയാണ്. അതില്‍ പങ്കെടുത്ത എഴുപത്തി മൂന്നു പേരില്‍ രണ്ട് അന്‍സാരീ വനിതകളുമുണ്ടായിരുന്നു. ഒന്ന്: ഉമ്മു അമ്മാറ(റ) എന്ന അപര നാമത്തിലറിയപ്പെടുന്ന നുസൈബാ ബിന്‍ത് കഅ്ബ്(റ). രണ്ട്: ഉമ്മുമനീഅ്(റ) എന്ന വിളിപ്പേരുള്ള അസ്മാഅ് ബിന്‍ത് അംര്‍(റ). മുആദ് ബിന്‍ ജബലിന്റെ(റ) മാതൃസഹോദരീ പുത്രിയായ ഉമ്മുമനീഅ്(റ) തന്റെ ഭര്‍ത്താവ് ഖുദൈജ് ബിന്‍ സലാമയോടൊപ്പവും ഉമ്മു അമ്മാറ(റ) തന്റെ ഭര്‍ത്താവ് ഗുസയ്യാ ബിന്‍ അംറിനോടൊപ്പവുമാണ് രണ്ടാം അഖബാ സന്ധിയില്‍ പങ്കാളിയായത്.
ദാത്തുന്‍ നിത്വാഖൈന്‍
മുഹമ്മദ് നബി(സ)യുടെ പലായനത്തിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ പുരുഷന്മാരെപ്പോലെ അസ്മാഉം ആഇശ(റ)യും പങ്കുവഹിച്ചിട്ടുണ്ട്. നബി(സ)യും അബൂബക്കറും(റ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അബൂജഹ്ല്‍ ഉള്‍പ്പെടെ ഏതാനും ഖുറൈശീ പ്രമുഖര്‍ വന്ന് അബൂബക്കര്‍ എവിടെയെന്ന് മകള്‍ അസ്മാഇനോട് ആരാഞ്ഞു. പിതാവ് എവിടെയെന്ന് അറിയില്ലെന്ന് പറഞ്ഞ അസ്മാഇന്റെ കവിളില്‍ അബൂജഹ്ല്‍ കൈ പൊക്കിയടിച്ചു. ആ അടിയുടെ ആഘാതത്തില്‍ അവരുടെ കമ്മല്‍ തെറിച്ചുപോയി. അത്തരത്തില്‍ പീഡനമനുഭവിച്ചു അവര്‍.
ഹിജറാവേളയില്‍ അബൂബക്കര്‍(റ) തന്റെ കൈയിലുണ്ടായിരുന്ന അയ്യായിരം ദിര്‍ഹം കൈവശം കരുതിയിരുന്നു. തന്റെ പിതാവ് അബൂഖുഹാഫയുടെ കൂടെ അസ്മാഅ്(റ) ആണ് ഉണ്ടായിരുന്നത്. പലായന പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ശാരീരികമായും സാമ്പത്തികമായും പിന്തുണയ്ക്കുന്നതില്‍ മികച്ച മാതൃക സൃഷ്ടിക്കാന്‍ അസ്മാഇനായി. സൗര്‍ ഗുഹയിലേക്ക് യാത്രാസൗകര്യമൊരുക്കല്‍, ആഹാരമെത്തിക്കല്‍, പിതാവിന്റെ അഭാവത്തില്‍ വീട്ടുചെലവുകള്‍ക്ക് വഴികാണല്‍ എന്നിവയുടെ ചുമതലയേറ്റെടുത്തു.
ഹിജറാ വേളയില്‍ മക്കയുടെ താഴ്ഭാഗത്തുള്ള സൗര്‍ ഗുഹയില്‍ മൂന്ന് ദിനങ്ങള്‍ തങ്ങിയ നബി(സ)ക്കും അബൂക്കറിനും(റ) ആവശ്യമായ ഭക്ഷണം വൈകുന്നേരങ്ങളില്‍ കൊണ്ടുപോയി കൊടുത്തത് അസ്മാഅ് ആയിരുന്നു. അതിനിടെ നബിയെപ്പറ്റിയുള്ള ജനസംസാരം കുറഞ്ഞപ്പോള്‍ മുന്‍കൂട്ടി പ്രതിഫലം നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഒരാള്‍ ഇരുവരുടെയും ഒട്ടകങ്ങളുമായി അവിടെയെത്തി. അസ്മാഅ്(റ) അവര്‍ക്കാവശ്യമായ ഭക്ഷണപ്പൊതിയുമായി വന്നു. ഭക്ഷണപ്പൊതി കെട്ടാന്‍ മറന്നിരുന്നു. രണ്ടു പേരും യാത്രയായപ്പോള്‍ അത് കെട്ടാനായി അവരുടെ കൈവശം ചൂടിക്കയര്‍ ഇല്ലായിരുന്നു. അവര്‍ ഉടന്‍ തന്റെ അരപ്പട്ട (നിത്വാഖ്) അരയില്‍ നിന്നഴിച്ചെടുത്ത് രണ്ടായി പകുത്ത് ഒന്നുകൊണ്ട് അര കെട്ടി ഭദ്രമാക്കി മറ്റേതു കൊണ്ട് ഭക്ഷണപ്പൊതിയും. ഇതിനാല്‍ അവര്‍ക്ക് ‘രണ്ട് അരപ്പട്ടയുടെ ഉടമസ്ഥ’ (ധാത്തുന്‍ നിത്വാഖൈന്‍) എന്ന് വിളിപ്പേര് വന്നു.
നജ്ജാര്‍ വംശത്തിലെ പെണ്‍കിടാങ്ങള്‍
മദീനയില്‍ നബിയെ സ്വീകരിക്കാന്‍ അന്‍സാരികളുടെ വന്‍ സ്ത്രീജനാവലിയുമുണ്ടായിരുന്നു. അദ്ദേഹത്തെ ശത്രുപക്ഷത്ത് നിന്ന് രക്ഷിച്ചെടുക്കാനായതിന്റെ സന്തോഷം അവരില്‍ ഓളം തള്ളി. ആ സന്ദര്‍ഭത്തില്‍ അവര്‍ ദഫ്ഫ് മുട്ടി ഗാനമാലപിച്ചുകൊണ്ടിരുന്നു.
ഉമ്മു അയ്യൂബില്‍ അന്‍സ്വാരിയ്യാ
മുഹമ്മദ് നബി(സ)യുടെ ഖസ്‌വാ ഒട്ടകം മുട്ടുകുത്തിയ മദീനത്തെ ഇരുനില ഭവനത്തിന്റെ ഉടമയാണ് അബൂഅയ്യൂബില്‍ അന്‍സ്വാരീ. അദ്ദേഹത്തിന്റെ പത്‌നിയാണ് ഉമ്മുഅയ്യൂബ്. ഇരുവരും ആതിഥേയരും നബി(സ) അവരുടെ അതിഥിയുമായിരുന്നു. അവരുടെ വീട്ടിലെ ഒന്നാം നിലയില്‍ നബി താമസിക്കണമെന്ന് അവരാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നബിയെ സന്ദര്‍ശിക്കാന്‍ വരുന്നവരുടെ സൗകര്യം പരിഗണിച്ച് താഴെ നബിയും ഒന്നാംനിലയില്‍ അബൂഅയ്യൂബും ഉമ്മു അയ്യൂബും താമസിച്ചു.
ഹിന്ദ് ബിന്‍ത് അബീഉമയ്യാ
ഉമ്മുസലമാ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന ഹിന്ദിനെ തന്റെ ഭര്‍ത്താവ് അബൂസലമാ ബിന്‍ അബ്ദില്‍ അസദിനോടൊപ്പം ഹിജ്‌റ പോവാന്‍ മക്കാ നിവാസികള്‍ അനുവദിച്ചില്ല. മാസങ്ങള്‍ക്ക് ശേഷം മദീനയിലെ തന്റെ പ്രിയതമന്റെ അടുത്തെത്താന്‍ ഒട്ടകപ്പുറത്തേറി ഒറ്റക്ക് പുറപ്പെട്ടു. അബൂസലമയുടെ മരണശേഷം ഉമ്മു സലമയെ പില്‍ക്കാലത്ത് നബി(സ) വിവാഹം ചെയ്യുകയും അവര്‍ ഉമ്മുല്‍ മുഅ്മിനീന്‍ പദവിയിലെത്തുകയും ചെയ്തു. ഈ ചരിത്രസത്യങ്ങള്‍ ഇബിനു കസീറിന്റെ അല്‍ബിദായ വന്നിഹായയിലും ഇബിനു ഹിശാമിന്റെ സീറായിലും പരാമര്‍ശിച്ചിട്ടുണ്ട്.
Back to Top